Kerala
കാസർഗോഡ്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത്(42) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് പ്രതി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ വീടും സ്ഥലവും വിറ്റ തുകയിൽ നിന്നും പ്രതി പണം തട്ടിയെടുത്തതായും, കൂടാതെ പുതുതായി വാങ്ങിയ പരാതിക്കാരിയുടെ വീടും സ്ഥലവും പണയം വച്ചും ഇയാൾ പണം വാങ്ങിയതായും പരാതിയുണ്ട്.
വിവാഹിതനായ ശ്രീജിത്ത് നേരത്തെയും ഇത്തരത്തിൽ സ്ത്രീകളിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആശുപത്രിയില്‍ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോര്‍ പമ്പ് സെറ്റുകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് ആറംഗ സംഘം പലപ്പോഴായി മോഷ്ടിച്ചത്.
പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടിബി ആശുപത്രിക്കടുത്തുള്ള ഷഹദ് (24), മുക്കാടി സ്വദേശി നാസില്‍ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍, മോട്ടോര്‍ പമ്പ് സെറ്റ്, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, ബാറ്ററികള്‍, തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്.
ആശുപത്രിയിൽ സിസിടിവി സ്ഥാപിച്ചതോടെയാണ് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് തുണിക്കടയുടെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മണക്കാട് ആറ്റുകാൽ കട്ടക്കൽ വീട്ടിൽ സൂരജ്(21), ആറ്റുകാൽ വയൽവീട്ടിൽ ധ്രുവൻ(25) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നത്. പിടിയിലായ പ്രതികൾ ഇരുവരും ചേർന്ന് കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി തുണികൾ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തുകയായിരുന്നു.
കടയ്ക്കുള്ളിൽ കവർച്ച നടത്തുകയായിരുന്ന പ്രതികളെ കണ്ട ഉടമ ബഹളം വച്ചു. ഇതുകേട്ട് നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൂന്തുറ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശേരി കോരങ്ങാട് സ്വദേശി മിഥിലാജ് ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
രണ്ട് ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്ന ഏകദേശം 2,000 പാക്കറ്റ് ഹാൻസാണ് പോലീസ് പിടിച്ചെടുത്തത്. കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നിരോധിത പുകയില ഉത്പന്നങ്ങൾ നഗരത്തിൽ വിതരണം ചെയ്യാൻ എത്തിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി രാധാകൃഷ്ണൻ (55) ആണ് പിടിയിലായത്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടി.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് ആണ് ഇയാളെ മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. 11 ഓളം കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
ജനങ്ങളെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുക, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. ഇയാൾക്കെതിരെ മുൻപും കാപ്പ ചുമത്തിയിരുന്നു. 2025 മെയ് 30ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു.
2026 ഫെബ്രുവരിയിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ആളുടെ മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു. ജയിലിൽ കിടക്കവെയാണ് ഇയാൾക്കെതിരെ വീണ്ടും ശക്തമായ കാപ്പ നിയമപ്രകാരമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.
Kerala
പുനലൂർ: പുനലൂർ പോലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകർത്ത പ്രതിയെ അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി വിജോയ് ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ എസ്എച്ച്ഒ സന്തോഷ് കുമാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഷൈജുവിന്റെ വിവരങ്ങൾ അന്വേഷിക്കാനാണ് സന്തോഷ് കുമാർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.
കസ്റ്റഡിയിലുള്ള ഷൈജുവിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനിലേക്ക് കയറിവന്നത്. വിജോയ് മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇയാൾ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പോലീസ് പറയുന്നു.
ഇതിനിടെ വിജോയ്യെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർ ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊല്ലം: കൊല്ലത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാൻ (32)ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 7.120 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കരുനാഗപ്പള്ളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് ഷാൻ പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത എംഡിഎംഎ.
ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. ഇയാൾ നേരത്തെയും ലഹരി ഇടപാട് കേസുകളിൽ പ്രതിയായിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ വന്‍ ലഹരി വേട്ട. 64 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് പരപ്പന്‍പൊയില്‍ സ്വദേശി സനീഷ് കുമാർ ആണ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ.
കര്‍ണാടകയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു സനീഷ്. കോട്ടക്കുന്ന് വച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റിനുള്ളിലെ ലഹരി പാക്കറ്റ് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
National
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൽപറ്റ: വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. 17 കാരനാണ് പിടിയിലായത്. മേയ് 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമയാണ് കൊല്ലപ്പെട്ടത്.
പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: പോത്തൻകോട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബീമാപള്ളി സ്വദേശിയായ അനീഷ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അക്രമസംഭവം നടന്നത്.
ബേക്കറിക്ക് സമീപമെത്തിയ അനീഷ് കടയിൽ ഉണ്ടായിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് വാഹനം അറ്റകുറ്റപ്പണി നടത്താൻ പുറത്തേക്ക് കൊണ്ടുപോയി. ഇത് ബേക്കറി ഉടമ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ അനീഷ് ബേക്കറി ഉടമയെ അസഭ്യം വിളിച്ച് മടങ്ങിപ്പോയി.
തുടർന്ന് മറ്റൊരു കത്തിയുമായി തിരിച്ചെത്തി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി വീശി കടയിലും പരിസരത്തും പരിഭ്രാന്തി പരത്തിയ യുവാവിന്റെ ആക്രമണത്തിൽ കടയുടമയ്ക്ക് തലയിലും ഇടത് കൈയ്ക്കും പരിക്കേറ്റു. പിന്നാലെ കടയിലുണ്ടായിരുന്നവർ ചേർന്ന് അനീഷിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
Kerala
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിമഠം കോളനിയിൽ വാവാച്ചി എന്ന സനൽകുമാർ (23) ആണ് പിടിയിലായത്. പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചെന്ന് പോലീസ് വിശദമാക്കുന്നത്.
ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. തിരുവനന്തപുരം സിറ്റി-റൂറൽ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനൽകുമാർ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: പാലക്കാട് ജില്ലാ ജയിലിനുള്ളിൽ വച്ച് അഭിഭാഷകയ്ക്ക് മർദനമേറ്റതായി പരാതി. ജാമ്യം കിട്ടിയ കക്ഷിയെ ജയിലിൽ നിന്നിറക്കാൻ എത്തിയ അഭിഭാഷക മായ മയൂരിക്ക് ആണ് മർദനമേറ്റതായി പരാതിയുള്ളത്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിലെ സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന കേസിൽ ജാമ്യം നേടിയ ശ്രുതിയെ പുറത്തിറക്കാനാണ് മായ ജയിലിലെത്തിയത്. ഈ സമയം ശ്രുതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ജയിൽ വളപ്പിൽ ഉണ്ടായിരുന്നു.
ശ്രുതി വീട്ടിലേക്ക് മടങ്ങിവരണമെന്ന് അമ്മ ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് നിരസിച്ചതോടെ കൈയാങ്കളിയായി. തടയാൻ ചെന്ന അഭിഭാഷകയെ മർദിച്ചു എന്നാണ് പരാതി. സന്ദർശകർക്ക് പ്രവേശിക്കാനുള്ള സമയം പിന്നിട്ടിട്ടും നിയമവിരുദ്ധമായി ജയിൽ വളപ്പിനുള്ളിൽ കയറി മർദിച്ചുവെന്നും ജയിൽ അധികൃതർ നോക്കി നിന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മലമ്പുഴ പോലീസ് കേസെടുത്തു.
Kerala
കൊച്ചി: ആലുവ ചൊവ്വര പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി റസിദുൾ ഹഖ് (22) ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ജൂൺ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സുക്ഷിച്ചിരുന്ന ഉരുളി, തൂക്കുവിളക്ക്, ചിലമ്പ് , ചെമ്പ് കുടം തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ രാത്രി നടന്ന നാടകീയ രംഗങ്ങൾക്കൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ കേസെടുത്തിട്ടുണ്ട്.
കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ ചികിത്സ തേടിയിരുന്നു.
ഇരുവരെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കും. സുഗതന്റെയും സഹോദരന്റെയും മർദനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം. നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് മർദനം. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മർദനമേറ്റത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.
മർദിച്ചവർക്കെതിരെയും മർദനമേറ്റ വര്‍ഗീസ് മാത്യുവിനെതിരെയും പോലീസ് കേസെടുത്തതായാണ് വിവരം. പോലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് പൂനൂരില്‍ മധ്യവയസ്കന് വെട്ടേറ്റതായി പരാതി. പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിന് ആണ് ആക്രമണമുണ്ടായത്. മജീദിന്റെ പരിചയക്കാരൻ പ്രസാദ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രസാദ് ആക്രമിച്ചെന്നാണ് മജീദിന്റെ ആരോപണം. ആക്രമണത്തിൽ അബ്ദുൾ മജീദിന്റെ കൈമുട്ടിന് മുകളിലായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രശ്നങ്ങള്‍ ഒത്തുതീർപ്പാക്കാൻ പെരിങ്ങളം വയലിലേക്ക് പ്രതി മജീദിനെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും മദ്യപിച്ചു. പിന്നാലെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് മജീദിന്റെ ആരോപണം.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19), ആലുമുക്ക് തടത്തരികത്തു വീട്ടിൽ അനന്ദു (19)എന്നിവരാണ് പിടിയിലായത്.
മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണങ്ങളിലാണ് പ്രതികളെ പിടികൂടിയത്. അനസ് നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ജൂൺ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മേയ് മൂന്നിന് തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് അനന്ദുവിന്റെ അറസ്റ്റ്. ഇരു കേസുകളിലും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ചേർപ്പ്: തൃശൂർ ചേർപ്പിൽ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവാവും സുഹൃത്തും പിടിയിൽ. ചേർപ്പ് തണ്ടാശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഇരുവരും അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.
കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് അഗതിമന്ദിരത്തിലെത്തിയത്. ഇയാളുടെ ഭാര്യ നിലവിൽ ഷിബുവിന്റെ വീട്ടിലാണ് താമസം. ഷിബുവിന്റെ നിർദേശപ്രകാരം വിഷ്ണു ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഷിബുവിന്റെ ഭാര്യയെ കൊലപ്പെടുത്താൻ വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട നാട്ടുകാർ സംശയം തോന്നി വിവരം പോലീസിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തുവന്നത്.
ഷിബുവിന്റെ പേരിൽ ഭാര്യ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. കണ്ണൂര്‍ തലശേരി തിരുവങ്കാട് ഗീതം നിവാസില്‍ റോഷന് (46) ആണ് പിടിയിലായത്. മെയ് 30ന് പുലര്‍ച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാഴക്കുന്ന് സ്വദേശിയായ വയോധിക പള്ളിയിൽ പോകുന്നതിനിടെ വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയിലെ ഒരു പവന് വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി കവർച്ച നടത്തിയത്. തുടർന്ന് വയോധികയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒറ്റപ്പാലം സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഫേസ്ബുക്കിലൂടെ ആയിരുന്നു അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.
സമൂഹത്തിൽ ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Kerala
മങ്കട: പോലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി മങ്കടയില്‍ പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞ് ഡ്രൈവറെ പിടികൂടി. മാനന്തവാടി വിമല നഗര്‍ സ്വദേശി പൊന്നാട്ടില്‍ ഡോണിഷ്(38) ആണ് പിടിയിലായത്.
ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഡോണിഷ് ആക്രമാസക്തനായി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെ സെല്ലില്‍ ഉണ്ടായിരുന്ന സിസിടിവി ഇയാള്‍ അടിച്ചു തകര്‍ത്തു. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് അബ്ദുള്‍ സത്താറിന് പരിക്കേറ്റു.
തുടര്‍ന്ന് ഡോണിഷിനെ മങ്കട ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ മറ്റു പോലീസുകാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഡോണിഷ് ഓടിച്ച ലോറി തട്ടിയതിനെത്തുടര്‍ന്ന് സ്ത്രീകളടക്കം നിരവധി പേര് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടുണ്ട്.
ഇയാള്‍ ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് സ്റ്റേഷനിലെ സിസിടിവി തകര്‍ത്തതിനും പോലീസുകാരെ ആക്രമിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
Kerala
കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസിന് മുന്നിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. രാജേന്ദ്രൻ എന്ന വയോധികൻ ആയിരുന്നു കൊല്ലപ്പെട്ടത്.
മേയ് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട് വാൽപാറയിൽനിന്നാണ് പ്രതിയെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
പിടിയിലായ വിജു സീരിയൽ കില്ലർ ആണോയെന്നു പോലീസ് സംശയിക്കുന്നു. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഏപ്രിലിൽ കൊല്ലപ്പെട്ട വയോധികനും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്.
രണ്ടു കേസുകളിലെയും സമാനതകളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റേ കേസിലും വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം.
കന്റോൺമെന്റ് എസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത് ആണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് സിഐമാരും ഏഴ് എസ്ഐമാരും ഉൾപ്പെടെ 30 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Kerala
കാസർഗോഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ പോലീസിന്റേതാണ് നടപടി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രതികൾ ചിത്രം പ്രചരിപ്പിച്ചത്.
ഈസ്റ്റ് എളേരി എന്ന വാട്സ്ആപ് കൂട്ടായ്മയിലാണ് പ്രതികൾ ചിത്രം പങ്കുവച്ചത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ബലി പെരുന്നാൾ ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അർഷാദ് എന്നിവരാണ് പിടിയിലായത്.
ഗതാഗത തടസമുണ്ടാക്കിയതിനാണ് പോലീസ് നടപടി. പെരുന്നാൾ തലേന്ന് അർധരാത്രി കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. എംപിസി ആശുപത്രിക്ക് മുന്നിൽ ദേശീയപാതയിലായിരുന്നു യുവാക്കളുടെ അതിരുവിട്ട പെരുന്നാൾ ആഘോഷം.
സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ തട്ടിക്കയറുകയായിരുന്നു. ഒരു പ്രതി ഒളിവിൽ തുടരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. തിരുനെല്ലായി സ്വദേശി രവീന്ദ്രൻ ആണ് പിടിയിലായത്. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മേയ് 28ന് ആയിരുന്നു സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വച്ച് പണം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ ബിനുവിനെ വിളിച്ചു വരുത്തിയത്. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.
ബിനുവിന് 15 ലക്ഷം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പ്രതികളുടെ ധാരണ. സമ്മാനതുക ആവശ്യപ്പെട്ടായിരുന്നു മർദനം. ബിനുവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
മെയ് 30ന് തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ബിനുവിനെ നാട്ടുകാർ ചേർന്നാണ് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികൾ ബിനുവിന്റെ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.
Kerala
തൃശൂർ: തിരുവില്വാമലയിൽ കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മിൽസ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തിലായിരുന്നു കവർച്ച നടന്നത്.
പിടിയിലായ പ്രതി സൂര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നതായി പരാതിയുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
മൂന്നര പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ഉഷാകുമാരി നല്കിയ പരാതിയെ തുടര്‍ന്ന് പാറശാല പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷിജോയ്യുടെ സുഹൃത്ത് ജെന്സൻ ആണ് പിടിയിലായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ ഗുണ്ടകളുടെ ആക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. തെങ്കാശിയിലെ നെട്ടൂർ ഗ്രാമത്തിലായിരുന്നു ആദ്യ ആക്രമമണം. മുഖംമൂടിധാരികളായ ഒന്‍പതംഗ സംഘം വടിവാൾകൊണ്ട് ആളുകളെ ആക്രമിക്കുകയായിരുന്നു.
ആറു പേർക്കു പരിക്കേറ്റു. ഇതേതരത്തിലുള്ള ആക്രമണത്തിൽ തിരുനെൽവേലി ജില്ലയിൽ ഒരാൾക്കു പരിക്കേറ്റു. ആക്രമണശേഷം രക്ഷപ്പെട്ട ഗുണ്ടകൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ദളിത് വിഭാഗത്തിനു നേർക്കുണ്ടായ ആക്രമണത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു.
Kerala
കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിൻ ആണ് പിടിയിലായത്.
കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ഇയാള്‍ യുവതിയെ കാണാനെത്തി. വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിധിൻ ഭയന്നു. പിന്നാലെ കാറിൽവച്ച് തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്.
പ്രണയം നടിച്ച് പെൺകുട്ടിക്ക് ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയുള്ളത്. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
എന്നാൽ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുന്നംകുളം കല്ലായിക്കുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച ചാവക്കാട് നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉണ്ണികൃഷ്ണൻ നേരത്തെ ദേവസ്വത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. ഇയാള്‍ കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അരിയന്നൂര്‍ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പ്രതി 10 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിന് പിന്നാലെ പ്രതി കൊടൈക്കനാലിലേക്ക് കടന്നിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പിടിയിലാകുമെന്ന് കണ്ട് പ്രതി എട്ട് പവൻ സ്വർണവും മാപ്പപേക്ഷയും പരാതിക്കാരന്റെ വീട്ടിൽ കൊണ്ടിട്ടിരുന്നു. എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊല്ലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കാവനാട് സ്വദേശി ശശി, പ്രവീൺ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.
കൊട്ടാരക്കര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ശശിയും പ്രവീണും ബൈക്ക് മോഷണം അടക്കം നിരവധി കവർച്ചാ കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഏകദേശം 14 ഓളം കേസുകളിൽ ഇരുവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
ആലപ്പുഴ: നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ജനാലയിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിലാണ് സംഭവം.
കടുത്ത വയറുവേദനയെ തുടർന്നാണ് 19കാരി ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല.
തുടർന്ന് വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പിന്നാലെ പെൺകുട്ടി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തിൽ വീയപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോതമംഗലം: ഭാരത് ലജ്ന ഹൗസിംഗ് കോപറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, ടി.ടി. ജേക്കബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2021ൽ ജോലിയിരിക്കെ സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു. പണം മാറ്റിയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിന്റെ പരാതി.
സോണിയ സെബാസ്റ്റ്യൻ നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Kerala
കൊച്ചി: കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സും സുഹൃത്തുമാണ് പിടിയിലായത്.
തമിഴ്നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. മേയ് 24ന് രാവിലെ 8.30 ഓടെയാണ് സംഭവം.
സുധ ശങ്കർ ആയിരുന്നു വയോധികയെ പരിചരിച്ച് വന്നിരുന്നത്. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് നിന്ന് രാസലഹരിയുമായി യുവാവ് പിടിയിൽ. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പില് ടി.കെ.ഹൗസില്‍ സാജിദ് ജമാല്‍ അഹമ്മദ് (27) ആണ് പിടിയിലായത്.
ഒരു വർഷത്തിനിടെ നാലാം തവണയാണ് ഇയാൾ സമാന കുറ്റത്തിന് പിടിയിലാകുന്നത്. വിൽപനയ്ക്കായി എത്തിച്ച 37.170 ഗ്രാം എംഡിഎംഎയും ഇത് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4,630 രൂപയും പോലീസ് കണ്ടെടുത്തു.
സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോര്‍മെട്രീസ് എന്ന ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലര്, ജര്മന്ഷെപ്പേര്ഡ് തുടങ്ങിയ നായകളെ പ്രതി വളർത്തിയിരുന്നതായി പോലീസ് പറയുന്നു.
സാജിദ് സ്ഥിരം മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ബംഗളൂരുവിൽ മൊത്തവില്‍പ്പനക്കാരില്‍ നിന്നും എംഡിഎംഎ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.
Kerala
തൃശൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ തമിഴ്നാട് തിരുട്ട് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങൾ പിടിയിൽ. പടിഞ്ഞാറേ കോട്ടയിൽ അടിയാട്ട് ലൈനിലുള്ള വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്.
തിരുനെൽവേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. തൃശൂർ പോലീസ് തമിഴ്നാട്ടിൽ നിന്നും സാഹസികമായാണ് പ്രതികളെ പിടികൂടിയത്. മേയ് ആറിന് ആയിരുന്നു സംഭവം.
ആറ് പവൻ സ്വർണാഭരണങ്ങളും വെള്ളിയുരുപ്പടികളും ഓട്ടുപാത്രങ്ങളും ഉൾപ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കൊള്ളയടിച്ചത്. പട്ടാപ്പകൽ നടന്ന വൻ കവർച്ചയ്ക്ക് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ സൂചനകൾ ശേഖരിച്ചാണ് പോലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതികളെ പിടികൂടിയത്.
Kerala
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിനിരയായത്.
മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടായിരുന്നു ആക്രമണം. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി.
മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിൻമാറാത്തതിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുവതിയുടെ ആൺസുഹൃത്തിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
യുവതിയെ മർദിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മാതാപിതാക്കളുമാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പുനലൂർ വെഞ്ചേമ്പ് പുത്തൻവീട്ടിൽ ശാന്തൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമ്പം പള്ളിവാസൽ രമേശ് പാണ്ഡ്യൻ (44) ആണ് പിടിയിലായത്.
ആക്രി വിൽപന നടത്തിയിരുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രശാന്തനെ രമേശ് പാണ്ഡ്യൻ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ തല്ലിയ സംഭവത്തിൽ നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും.
സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക.
Kerala
കൊല്ലം: പുനലൂരിൽ വടംവലി സംഘത്തെ അന്വേഷിച്ചെത്തിയവർ നാട്ടുകാരായ നാലുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പുനലൂർ തോളിക്കോട്ട് ആണ് സംഭവം. തോളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വഴിയരികിൽ സംസാരിച്ചിരിക്കുകയായിരുന്നു ആക്രമണത്തിൽ പരിക്കേറ്റവർ. കാറിലെത്തിയ അപരിചിതരായ യുവാക്കൾ മൊബൈലിൽ സ്ഥലവാസിയായ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാളുടെ വീടന്വേഷിച്ചു.
വടംവലിക്കായി ബുക്ക് ചെയ്യാൻ വന്നതാണെന്നായിരുന്നു കാറിലെത്തിയവർ പറഞ്ഞത്. സംസാരത്തിനിടെ തർക്കമുണ്ടാവുകയും തർക്കം ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. നാലുപേരെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച ശേഷം അജ്ഞാത സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തങ്കച്ചൻ, അഖിൽ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
കാസർഗോഡ്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.
സുഫൈദയുടെ ഭർത്താവ് ആദിൽ ആണ് അറസ്റ്റിലായത്. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആയിരുന്നു ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെയും പ്രതി ചേർത്തെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Kerala
ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒതുക്കുങ്ങലിലെ എം.കെ. ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്താണ് സംഭവം.
ഉടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്ത് മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്ത് കടന്ന മോഷ്ടാവ് 5000 രൂപയും കവർന്ന് സ്ഥലംവിടുകയായിരുന്നു.
കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് സിസി ക്യാമറ കണ്ടതോടെ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
National
ചെട്ട്യാര്‍മാട്: മലപ്പുറത്ത് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദീനാണ് മര്‍ദനമേറ്റത്. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വേങ്ങരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന ബൈക്കിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിരുന്നു.
ഇതേ തുടർന്ന് അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ റിയാസുദീനെ മർദിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റിയാസുദീനെ വീണ്ടും മർദിക്കുകയായിരുന്നു.
തുടർന്ന് പോലീസെത്തിയാണ് മർദിച്ചവരെ പിന്തിരിപ്പിച്ചത്. റിയാസുദീൻ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Kerala
പാലക്കാട്: ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മൈലുംപുറത്താണ് സംഭവം. മൈലുംപുറം സ്വദേശിനി പത്മജയ്ക്കും നാല് ബന്ധുക്കൾക്കുമാണ് കുത്തേറ്റത്.
സംഭവത്തിൽ പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്മജ സ്വന്തം വീട്ടിലേയ്ക്ക് പോയതിൽ പ്രകോപിതനായ അനിൽ കുമാർ ആക്രമിക്കുകയായിരുന്നു. സംഭവസമയം പത്മജ വീടിനകത്തായിരുന്നു.
ആയുധവുമായെത്തിയ അനിൽ കുമാർ ആദ്യം പത്മജയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതുകണ്ട സഹോദരൻ സച്ചിൻ തടയാൻ ശ്രമിച്ചു. തുടർന്നാണ് ഇയാൾക്ക് കുത്തേറ്റത്. തടയാൻ ശ്രമിച്ച ബന്ധുക്കളായ മോഹനകുമാറിനും വിഷ്ണുജിത്തിനും ആക്രമണത്തിൽ പരിക്കേറ്റു.
ഇതേ തുടർന്ന് പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെയും സച്ചിന്റെയും പരിക്കുകൾ ഗുരുതരമല്ല. അനിൽകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
പന്തളം: കാറിൽ രഹസ്യ അറ നിർമിച്ച് എംഡിഎംഎ കടത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് ലഹരി ഇടപാടിന് പണം നൽകിയിരുന്ന യുവതി പിടിയിൽ. പന്തളം കടക്കാട് സ്വദേശി ഷെബീന ഖാൻ ആണ് പിടിയിലായത്.
കാറിന്റെ ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ പിടിയിലായ മുഹമ്മദ് ഷാന്റെ ഭാര്യയാണ് ഷെബീന ഖാൻ. ഷെബീനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം നൽകിയിരുന്നത്.
മേയ് 15ന് ആണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎയുമായി അടൂർ പറക്കോട് സ്വദേശി ഷംനാദും മുഹമ്മദ് ഷാനും പിടിയിലാകുകയായിരുന്നു. ഡീസൽ ടാങ്കിന് മുകളിലായി നിർമിച്ച രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയത്. ചില്ലറ വിൽപ്പനക്കാർക്ക് നൽകി ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളിൽ ഷംനാദ് മുൻപ് കാപ്പാ കേസിൽ ഉൾപ്പെട്ടയാളാണ്.
Kerala
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എസ്ഐ അന്‍വറിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ടൗണില്‍ ആയിരുന്നു സംഭവം.
പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഛത്തിസ്ഗഡ് സ്വദേശികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ടൗണിൽ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് മുന്നിലും ഇവർ തമ്മിലടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. പോലീസ് സംഘത്തെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഏറെ ശ്രമകരമായാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഛത്തിസ്ഗഡ് സ്വദേശികളായ അലീഷ് തോപ്പര്, അങ്കിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: യുവതിയെ ലഹരി നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വർണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന് വീട്ടില്‍ കുട്ടിച്ചാത്തന് എന്ന ഫിജോ (40) ആണ് പിടിയിലായത്. 2025 ഡിസംബര്‍ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടക വീട് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്ന് രാത്രിയോടെ റിസോര്‍ട്ടിലെത്തിച്ചു. ഗ്രീന്‍ സൈറ്റ് എന്ന റിസോര്‍ട്ടിലായിരുന്നു യുവതിയെ എത്തിച്ചത്.
എംഡിഎംഎ കലര്‍ത്തിയ വെള്ളം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് സ്വർണമാലയും വളകളും കൈക്കലാക്കുകയായിരുന്നു.
കേസില്‍ മൂന്ന് പേരെ നേര്ത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഫിജോ കൂടപ്പുഴയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാൾ കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി പോഋലീസ് സ്റ്റേഷനുകളിലായി ഒമ്പത് കവര്‍ച്ചാ കേസുകളും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്കായി അന്വേഷണം. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്ക് നേരെയാണ് ആക്രമണം.
പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വാക്കത്തി കൊണ്ടുള്ള വെട്ടിൽ ഷിജിയുടെ തലയ്ക്ക് പരിക്കേറ്റു. സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷിജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിജു മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്.
അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദനമെന്ന് പരാതി. മർദനത്തിൽ ടാക്സി ഡ്രൈവറും തിരുമല സ്വദേശിയുമായ ശ്രീഹരിക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു ക്രൂര മർദനം. KL 22 Q 2763 നമ്പറിലുള്ള നീല കാറിലെത്തിയ വ്യക്തിയാണ് ശ്രീഹരിയെ ആക്രമിച്ചത്.
ശ്രീഹരിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തൊണ്ടിമുതലായ ഥാർ ജീപ്പ് കത്തിച്ച പ്രതികൾ പിടിയിൽ. അപകടത്തിൽ മരിച്ച അംബികയുടെ സഹോദരിയുടെ മകനും സുഹൃത്തുമാണ് തൊണ്ടിമുതൽ കത്തിച്ച സംഭവത്തിൽ പിടിയിലായത്.
ഇരുവരും സ്വകാര്യ ബസ് കണ്ടക്ടർമാരാണ്. ജനുവരി മൂന്നിന് ആയിരുന്നു ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചിട്ട ശേഷം ഥാർ ജീപ്പ് നിർത്താതെ പോയത്. അപകടശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാരാണ് പിന്തുടർന്ന് തടഞ്ഞുനിർത്തിയത്.
വാഹനം ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ദമ്പതികളുടെ മരണത്തിന് പിന്നാലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് ഉൾപ്പെടെയുള്ള പോലീസ് വീഴ്ചകളിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് തൊണ്ടിമുതലായി പിടിച്ചിട്ട ജീപ്പ് കത്തിയ നിലയിൽ കണ്ടെത്തിയത്.
ഇതോടെ പോലീസിനെതിരെയുള്ള പ്രതിഷേധം രൂക്ഷമായി. സംഭവത്തിന് പിന്നാലെ എസ്എച്ച്ഒ ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വാഹനം കത്തിച്ച പ്രതികളെ പോലീസ് പിടികൂടുന്നത്.