Kerala
വയനാട്: കൽപ്പറ്റയിൽ 16 വയസുകാരനെ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിലായത്.
വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനെ കാരനെ ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുഖത്തും തലയ്ക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. പിന്നാലെയാണ് തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് എടുത്തത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പതു പേർ. ഏറ്റവമൊടുവിലെ ഇരയാണ് ശനിയാഴ്ച ഉച്ചയോടെ കടുവ പിടിച്ച പുൽപ്പള്ളി ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ 65 കാരൻ കൂമൻ.
കാപ്പിസെറ്റ് ചെട്ടിമറ്റത്തിനു സമീപം പുഴയോരത്തുനിന്നാണ് കടുവ കൂമനെ പിടികൂടി വനത്തിലേക്ക് വലിച്ചിഴച്ചത്. ഈ വർഷം ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ കൊല്ലപ്പെട്ടിരുന്നു. കാപ്പി വിളവെടുപ്പിന് പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 45 കാരിയായ രാധ ആക്രമണത്തിനിരയായത്.
2024ൽ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിപ്പറന്പിൽ പ്രജീഷ്(36) എന്നിവരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ചികിത്സയിലിരിക്കേ പിറ്റേന്നായിരുന്നു മരണം. ഡിസംബർ ഒമ്പതിന് പകൽ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.
2015 ഫെബ്രുവരിയിൽ വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട നൂൽപ്പുഴ പുത്തൂർകൊല്ലിയിൽ 62കാരൻ ഭാസ്കരനെ കടുവ കൊലപ്പെടുത്തിയിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ വനത്തിൽ വിറകിനു പോയപ്പോഴാണ് ഭാസ്കരനെ കടുവ പിടിച്ചത്.
അതേവർഷം ജൂണിൽ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ബാബുരാജിനു ദുര്യോഗം. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽപ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് അക്കൊല്ലം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമൻ. വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തിൽ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58) കടുവ പിടിച്ചത്. വീടിനടുത്ത് വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ജഡയൻ. കാര്യന്പാതി ബസൻവൻകൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര. 2020 ജൂണ്‍ 17നാണ് ശിവകുമാർ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ വനത്തിൽ പോയതായിരുന്നു ശിവകുമാർ.
അടുത്തിടെ പനമരത്തിനു സമീപം പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. രണ്ടു ദിവസം നാട്ടുകാരെയും വനം-പോലീസ് സേനാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ കടുവ സ്വയം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൂമന്റെ മക്കൾക്ക് വനംവകുപ്പിൽ താത്കാലിക നിയമനം
പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ മാടപ്പള്ളി കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്റെ മകൻ രവിക്കും മകൾ ഗീതയ്ക്കും വനംവകുപ്പിൽ താത്കാലിക നിയമനം നൽകും.
വണ്ടിക്കടവ് വനം ഓഫീസിൽ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വനം-വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ നൽകിയതാണ് ഈ ഉറപ്പ്. രണ്ടു മക്കളാണ് കൂമന്. കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കുമെന്നും 10 ലക്ഷം രൂപകൂടി ലഭ്യമാക്കാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂമന്റെ മരണത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, അമൽ ജോയി, മണി പാമ്പനാൽ, സി.പി. വിൻസന്റ്, പി.എ. മുഹമ്മദ്, കെ.ഡി. ഷാജിദാസ്, ബിന്ദു പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. കടുവയെ ജനവാസമേഖലയിൽനിന്നു മാറ്റാൻ നടപടി സ്വീകരിച്ചതായി വരുൺ പറഞ്ഞു.
Kerala
കൽപറ്റ: വയനാട് കൽപറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപറ്റ നഗരസഭയിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ. ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റുകൾ കണ്ടെടുത്തത്.
വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് പതിനഞ്ചോളം ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസും നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്.
ഇതേതുടർന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് കിറ്റുകൾ എത്തിച്ചതെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീട്ടിലെ ആവശ്യങ്ങൾക്കായി എത്തിച്ചതാണ് ഭക്ഷ്യ കിറ്റുകളെന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ വാദം.
Kerala
കല്പറ്റ: അയൽവാസികളായ വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയില്‍ ടി.കെ. തോമസ് ആണ് പിടിയിലായത്. പറമ്പില്‍ കോഴി കയറിയെന്ന് ആരോപിച്ചാണ് തോമസ് ദന്പതികളെ ആക്രമിച്ചത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ലാൻസി തോമസ്- അമ്മിണി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇരുമ്പ് വടികൊണ്ട് മർദിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു.
അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. ലാൻസി തോമസിന്റെ രണ്ട് കൈകളുടെയും എല്ലുകൾക്ക് പൊട്ടലുണ്ട്. ആക്രമണത്തിന് ശേഷം പ്രതി തോമസ് ഒളിവിൽ പോയിരുന്നു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ കൽപറ്റയിൽ നിന്നാണ് തോമസ് പിടിയിലായത്. ഇയാൾ നേരത്തെ മറ്റൊരാളെ ഹെൽമെറ്റുകൊണ്ട് അടിച്ച കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: യുപി നോയിഡ സ്വദേശിനിയിൽ നിന്ന് പണം തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് പിടിയിലായി. വൈത്തിരി ചുണ്ടേല്‍ കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു (27)ആണ് പിടിയിലായത്.
ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രാജ്യത്തെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ പ്രതിയെന്ന് സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.
നോയിഡ സ്വദേശിനിയിൽ നിന്ന് 401,117 രൂപയാണ് തട്ടിയെടുത്തത്. 2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതി നേരത്തെയും തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്.
പോലീസുകാരുള്‍പ്പെട്ട വൈത്തിരി കുഴല്‍പണ കേസിലും വിഷ്ണു പ്രതിയാണ്. കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായിരിക്കുന്നത്.
Kerala
കല്‍പ്പറ്റ: തൊണ്ടര്‍നാട് പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മറ്റൊരു പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഒന്‍പത് വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.
പോക്സോ കേസിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്ന കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബുവിന് ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
മാർച്ച് മുതൽ ജൂലൈ വരെ ബാബു പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കേസെടുത്ത തൊണ്ടർനാട് പോലീസ് ആണ് അന്വേഷണം പൂർത്തിയാക്കി അതിവേഗ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
District News
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ കോട്ടത്തറ ഒഴികെ ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് നേതാക്കളായ പി. ഗഗാറിൻ, എം. മധു, മഹിത മൂർത്തി, പി.കെ. അനിൽകുമാർ, കെ. സുഗതൻ, ഷാജി ചെറിയാൻ, എം. സെയ്ത്, കെ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
16 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിൽ ആകെ. ഇതിൽ 12 എണ്ണത്തിൽ സിപിഎമ്മും രണ്ട് സീറ്റിൽ സിപിഐയും ഒന്നുവീതം ഡിവിഷനുകളിൽ ആർജെഡിയും എൻസിപി-എസും മത്സരിക്കും.
കെ. സതി(പടിഞ്ഞാറത്തറ-പട്ടികവർഗ സ്ത്രീ), നിഷമോൾ(കുപ്പാടിത്തറ-വനിത), ഇ.കെ. രേണുക(വെങ്ങപ്പള്ളി-വനിത), പി.എം. സന്തോഷ്കുമാർ(മടക്കിമല-ജനറൽ), സി.എം. സുമേഷ്(മുട്ടിൽ-ജനറൽ), ബീന മാത്യു(വാഴവറ്റ-വനിത), ടി.എസ്. ബിന്ദു(അരപ്പറ്റ-വനിത), സജിത്ത്(മൂപ്പൈനാട്-പട്ടികജാതി), അബ്ദുറഹ്മാൻ(ചൂരൽമല-ജനറൽ), മേരിക്കുട്ടി(ചാരിറ്റി-വനിത), എം.വി. വിജേഷ്(വൈത്തിരി-ജനറൽ) എന്നിവരാണ് സിപിഎം സ്ഥാനാർഥികൾ. കോട്ടത്തറയിലെ (വനിത) സ്ഥാനാർഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.
ജയിംസ് ചാക്കോ(തൃക്കൈപ്പറ്റ-ജനറൽ), സീമ വേണുഗോപാൽ(തരിയോട്-വനിത) എന്നിവരാണ് സിപിഐ സ്ഥാനാർഥികൾ. എൻസിപി-എസിലെ സി.എം. ശിവരാമൻ പൊഴുതനയിൽ(ജനറൽ) ജനവിധി തേടും. ആർജെഡിയിലെ അജ്മൽ സാജിത്(മേപ്പാടി-ജനറൽ) മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ദുർഭരണത്തിനെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
District News
കൽപ്പറ്റ: നഗരസഭാ ചെയർമാനായി കോണ്‍ഗ്രസിലെ പി. വിനോദ്കുമാർ ചുമതലയേറ്റു. ഇതേകക്ഷിയിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലായിരുന്നു ഇന്നലെ ചെയർമാൻ പദവിയിലേക്ക് തെരഞ്ഞെടുപ്പ്.
എൽഡിഎഫ് കൗണ്‍സിലർമാർ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ വിനോദ്കുമാറിന്റെ പേര് ടി.ജെ. ഐസക് നിർദേശിച്ചു. മുസ്ലിം ലീഗിലെ കെയെംതൊടി മുജീബ് പിൻതാങ്ങി. എൽഡിഎഫ് കൗണ്‍സിലർമാരുടെ അഭാവത്തിൽ വോട്ടെടുപ്പ് നടന്നില്ല.
28 അംഗ കൗണ്‍സിലിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിന് 13 യും അംഗങ്ങളാണ് ഉള്ളത്. മുനിസിപ്പൽ ഭരണസമിതിയുടെ കാലാവധി അവസാനിക്കിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് മടിയൂർ ഡിവിഷനിൽനിന്നുള്ള വിനോദ്കുമാർ ചെയർമാനായത്. ചെയർമാൻ എന്ന നിലയിൽ നഗരസഭയുടെ പുരോഗതി മുൻനിർത്തി പ്രവർത്തിക്കുമെന്ന് വിനോദ്കുമാർ പറഞ്ഞു.
District News
കൽപ്പറ്റ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് നടക്കും. കോണ്‍ഗ്രസിലെ പി. വിനോദ് കുമാറായിരിക്കും യുഡിഎഫ് സ്ഥാനാർഥി. മടിയൂർ ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് വിനോദ്കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
എൽഡിഎഫ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച
ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഡിസിസി പ്രസിഡന്റായി എഐസിസി നിയോഗിച്ചതിനു പിന്നാലെയായിരുന്നു ഐസക്കിന്റെ രാജി. 28 ഡിവിഷനുകളുള്ള നഗരസഭയിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനു ഒന്‍പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. മുസ്ലിം ലീഗിലെ ഓടന്പത്ത് സരോജിനിയാണ് മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍. ആക്ടിംഗ് ചെയർപേഴ്സണായി പ്രവർത്തിച്ചുവരികയാണ് ഇവർ.
2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മുസ്ലിം ലീഗിലെ കെയെംതൊടി മുജീബും കോണ്‍ഗ്രസിലെ കെ. അജിതയുമാണ് യഥാക്രമം നഗരസഭയുടെ ചെയർമാനും വൈസ് ചെയർപേഴ്സണുമായത്. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ 2024 ജനുവരിയിൽ രാജിവച്ച മുറയ്ക്കാണ് ഐസക്കും സരോജിനിയും പദവികളിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണ് നഗരസഭയുടെ സാരഥ്യത്തിൽ പുതിയ ആൾ എത്തുന്നത്.
District News
കൽപ്പറ്റ: നഗരസഭയെ അതിദാരിദ്യ്രമുക്തമായി ആക്ടിംഗ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ അതിദാരിദ്യ്രമുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിനു പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് നഗരസഭയിൽ പ്രഖ്യാപനം.
ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കേയെംതൊടി മുജീബ്, അഡ്വ.എ.പി. മുസ്തഫ, പി. രാജാറാണി, സി.കെ. ശിവരാമൻ, സെക്രട്ടറി അലി അഷ്ഹർ, ടിഇഒ രജനികാന്ത്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ കെ. ശകുന്തള, കൗണ്‍സിലർ എസ്. ശ്യാമള, സിഡിഎസ് സിഇഒ ബിന്ദു എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11ന് നടത്തും. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം അടുത്ത ദിവസം ചേരും. ഡിസിസി പ്രസിഡന്റായി പാർട്ടി നേതൃത്വം നിയമിച്ചതിനു പിന്നാലെയാണ് ഐസക് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മടിയൂർ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാർ നഗരസഭയുടെ അടുത്ത അധ്യക്ഷനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകർ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പിൽനിന്നു എൽഡിഎഫ് വിട്ടുനിൽക്കുമെന്നും അഭ്യൂഹമുണ്ട്. 28 കൗണ്‍സിലർമാരാണ് നഗരസഭയിൽ. യുഡിഎഫിനു 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനു ഒന്‍പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്.
ഇത്തവണ നഗരസഭാ ഭരണത്തിന്റെ തുടക്കത്തിൽ മുസ്ലിം ലീഗിലെ കെയെംതൊടി മുജീബ് ആയിരുന്നു ചെയർമാൻ. വൈസ് ചെയർപേഴ്സണ്‍ കോണ്‍ഗ്രസിലെ കെ. അജിതയും. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ രാജിവച്ച മുറയ്ക്കാണ് ഐസക് ചെയർമാനും ലീഗിലെ സരോജിനി ഓടന്പത്ത് വൈസ് ചെയർപേഴ്സണുമായത്. സരോജിനി നിലവിൽ ആക്ടിംഗ് ചെയർപേഴ്സനാണ്.
മരവയൽ ഡിവിഷനിൽനിന്നള്ള കൗണ്‍സിലറാണ് ഇവർ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യാനിരിക്കേ പുതിയ ചെയർമാന് കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പദവിയിൽ തുടരാൻ കഴിയുക.