കൽപ്പറ്റ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് നടക്കും. കോണ്‍ഗ്രസിലെ പി. വിനോദ് കുമാറായിരിക്കും യുഡിഎഫ് സ്ഥാനാർഥി. മടിയൂർ ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് വിനോദ്കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
എൽഡിഎഫ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച
ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഡിസിസി പ്രസിഡന്റായി എഐസിസി നിയോഗിച്ചതിനു പിന്നാലെയായിരുന്നു ഐസക്കിന്റെ രാജി. 28 ഡിവിഷനുകളുള്ള നഗരസഭയിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനു ഒന്‍പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. മുസ്ലിം ലീഗിലെ ഓടന്പത്ത് സരോജിനിയാണ് മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍. ആക്ടിംഗ് ചെയർപേഴ്സണായി പ്രവർത്തിച്ചുവരികയാണ് ഇവർ.
2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മുസ്ലിം ലീഗിലെ കെയെംതൊടി മുജീബും കോണ്‍ഗ്രസിലെ കെ. അജിതയുമാണ് യഥാക്രമം നഗരസഭയുടെ ചെയർമാനും വൈസ് ചെയർപേഴ്സണുമായത്. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ 2024 ജനുവരിയിൽ രാജിവച്ച മുറയ്ക്കാണ് ഐസക്കും സരോജിനിയും പദവികളിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണ് നഗരസഭയുടെ സാരഥ്യത്തിൽ പുതിയ ആൾ എത്തുന്നത്.
Tags : Kalpetta Local News Wayanad Nattuvishesham