കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ ആദ്യഘട്ട താമസം ജൂൺ ആദ്യവാരം ആരംഭിച്ചേക്കും. ഗുണഭോക്തൃ പട്ടികയിലുള്ള 178 കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് മാറുന്നത്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടകവീടുകളിൽ കഴിയുന്ന ഇവർ ഒരേദിവസം ടൗൺഷിപ്പിൽ താമസം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആകെ സജ്ജമായ വീടുകളിൽ 123 എണ്ണത്തിന്റെ കൈമാറ്റം ഇതിനകം പൂർത്തിയായി. അവശേഷിക്കുന്ന 55 വീടുകൾ കൂടി അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി കൈമാറുന്നതോടെ എല്ലാ കുടുംബങ്ങളും ഒന്നിച്ച് താമസം തുടങ്ങും. കിഫ്കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വീടുകൾ കൈമാറിയത്.
എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുത്ത 64.4075 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവെച്ചാണ് സർക്കാർ ഈ ഭൂമി ഏറ്റെടുത്തത്. ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും വീടുമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് ഇവിടെ നിർമിക്കുന്നത്.
ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം 2026 മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. വീടുകൾ പൂർണമായും വാസയോഗ്യമാകുന്നതിന് മുൻപ് ഉദ്ഘാടനം നടത്തിയതും ചില വീടുകളുടെ ടെറസിൽ വിള്ളലുകൾ കണ്ടെത്തിയതും നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇവ പരിഹരിച്ചാണ് ഇപ്പോൾ വീടുകൾ കൈമാറുന്നത്.
2025 മാർച്ച് 27ന് തറക്കല്ലിട്ട ഭവനപദ്ധതി ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ ദുരന്തബാധിതർക്ക് കൈമാറാൻ കഴിയുന്നത് പുനരധിവാസ പ്രവർത്തനങ്ങളിലെ വലിയൊരു നാഴികക്കല്ലാണ്. ജൂൺ ആദ്യവാരത്തോടെ ടൗൺഷിപ്പ് പൂർണമായും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Wayanad Township Kalpetta June Latest News