District News
കാഞ്ഞിരപ്പള്ളി: വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയം ഉമ്മൻ അഞ്ചിലിപ്പയിൽ പ്രചാരണം നടത്തി. ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ കേരള കോൺഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ കല്ലറ സന്ദർശിച്ച് പ്രാർഥിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസും ഒപ്പമുണ്ടായിരുന്നു. ആനിക്കാട്, പള്ളിക്കത്തോട്, നെടുംകുന്നം, മണിമല, വെള്ളാവൂർ, കങ്ങഴ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് ഇന്നലെ രാവിലെ കൂത്രപ്പള്ളി, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പ്രചാരണം നടത്തുകയും വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊൻകുന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം സി.കെ. ശശിധരൻ നിർവഹിച്ചു.
എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ വിവിധ പഞ്ചായത്തുകളിലെ ആരാധനാലയങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു. രാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളിയിലെ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തുകയും ഘടകകക്ഷിയായ ട്വന്റി-20 ഭാരവാഹികളുടെ യോഗത്തിലും പങ്കെടുത്തു. കറുകച്ചാൽ, വാഴൂർ, കങ്ങഴ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ പങ്കെടുത്ത് വോട്ടഭ്യർഥന നടത്തി.
എൽഡിഎഫ് കൺവൻഷൻ
പൊൻകുന്നം: കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സി.ജി. ജ്യോതിരാജ് അധ്യക്ഷത
വഹിച്ചു.
നേതാക്കളായ വി.ജി. ലാൽ, കെ.ജെ. തോമസ്, സി.കെ. ശശിധരൻ, എ.എം. മാത്യു ആനിത്തോട്ടം, ഗിരീഷ് എസ്. നായർ, മോഹന് ചെന്നംകുളം, ടി.സി. മാത്തുക്കുട്ടി, ഷമിം അഹമ്മദ്, ബി. സുരേഷ് കുമാർ, ബി. ആനന്ദക്കുട്ടൻ, എം.എ. ഷാജി, സുമേഷ് ആൻഡ്രൂസ്, എം.ടി. കുര്യൻ, പി.എ. താഹ, ജോസ് മടക്കക്കുഴി, ഔസേപ്പച്ചൻ ഓടയ്ക്കൽ, ബെന്നി മാത്യു, കെ.എച്ച്. റസാക്ക്, ഹരി താമരശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (എബിഎസ്) സ്കൂൾ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഡിഗ്രി പ്രോഗ്രാമായി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (ബിബിഎ ഹോണേഴ്സ്) നുള്ള അഡ്മിഷൻ ആരംഭിച്ചു.
നാലു വർഷം നീളുന്ന ഈ ഡിഗ്രി പൂർണമായും റെസിഡൻഷ്യൽ ആണ്. ഐഐഎം, ഐഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രവൃത്തി പരിചയം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിക്കുന്നത്.
പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന കോഴ്സിൽ മാനേജ്മെന്റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, എഐ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതോടൊപ്പം വർഷം തോറുമുള്ള ഇന്റേൺഷിപ്പ് വഴി പഠിക്കുന്നവ പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐമ്മിന്റെയും ലോകത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതികളുടെ ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആധുനിക അധ്യാപന രീതികളും പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുടെ മെന്ററിംഗും ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്മന്റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ്, ഭാരതത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ, തുടങ്ങിയവ ഈ കോഴ്സിന്റെ സവിശേഷതകളാണ്. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നൂറു ശതമാനം പ്ലേസ്മെന്റും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് ലഭ്യമാകുന്നു.
ഐഐഎം, ഐഐടി, തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ് കോഴ്സ് ഡയറക്ടറായും ഫാ. പയസ് കൊച്ചുപറമ്പിൽ കോഴ്സ് കോഓർഡിനേറ്ററായും ചാർജെടുത്തു. വിശദമായ വിവരങ്ങൾക്കും അഡ്മിഷനും - www.amaljyothi.ac.in, [email protected]. പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോഴ്സ് ഡയറക്ടർ - ബിബിഎ ഹോണേഴ്സ് ഡോ. തോമസ് ജോസഫ്, കോഴ്സ് കോഓർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.
Kerala
കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല് എംപി. ഇന്ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന് കാര്ണിവല് - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്ത്താനുള്ള ഉത്തരവാദിത്വം സര്ക്കാരുകള്ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്ക്കാരിനുണ്ടാകണം.
കാര്ഷികവൃത്തിയിലേര്പ്പെടുന്നവര് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്കേണ്ടത്. നിരവധിയായ കര്ഷക പ്രശ്നങ്ങളില് കര്ഷകരുടെ ആത്മാഭിമാനം ഉയര്ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള് ഇന്ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
District News
കോട്ടയം: ക്രിസ്മസ് ബംപര് ലോട്ടറി ഒന്നാം സമ്മാനം 20 കോടി കാഞ്ഞിരപ്പള്ളിയില് അടിച്ചുവെന്നു കേട്ടപ്പോള് പലരും പറഞ്ഞു വെറും പടക്കമാണ്. സംഗതി പടക്കമല്ല, ഒറിജിനല് ഗുണ്ടുതന്നെയാണെന്ന് ഉറപ്പിച്ചതോടെ ഭാഗ്യസമ്മാന ലോട്ടറിക്കടയുടെ മുന്നില് ജനം തിക്കിത്തിരക്കി. ബംപര് അടിച്ച ഭാഗ്യവാനെ കാണുന്ന അതേവിസ്മയത്തോടെയാണ് ഒന്നു-രണ്ടു കോടി കൈയില് വന്നു വീഴുന്ന ലോട്ടറി കടക്കാരനെയും ജനം നോക്കിക്കണ്ടത്. അടിച്ചവന് എത്ര കൈയില് കിട്ടും? വിറ്റ നിങ്ങൾക്ക് എത്ര തടയും? എന്നൊക്കെയാണ് പലര്ക്കും അറിയേണ്ടിയിരുന്നത്.
ലോട്ടറി അടിച്ചാല് അടിച്ചവര്ക്കും വിറ്റവര്ക്കും കിട്ടുന്നത് ഇത്തരത്തിലാണ്: ഇന്നലെ അടിച്ച 20 കോടി ഒന്നാം സമ്മാനത്തില് നികുതികള് പിടിച്ചശേഷം ഏകദേശം 10.3 കോടി രൂപയാണ് ജേതാവിന് ബാധ്യതയൊഴിച്ചു ലഭിക്കുക. 10 ശതമാനമാണ് ലോട്ടറിയുടെ ഏജന്റ് കമ്മീഷന്. അതായത് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ഏജന്റ് കമ്മീഷനായി ലഭിക്കും.
ലോട്ടറി വരുമാനം ആദായ നികുതി നിയമം 115 ബിബി സെക്ഷന് അനുസരിച്ച് മറ്റു സ്രോതസുകളില്നിന്നുള്ള വരുമാനമായാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന മുഴുവന് തുകയ്ക്കും 30 ശതമാനം ആദായ നികുതി നല്കണം. സെസും, സര്ചാര്ജും വേറെയും നല്കേണ്ടി വരും. വാര്ഷികവരുമാനം (ഇപ്പോള് കിട്ടുന്ന സമ്മാനം ഉള്പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില് നികുതിയുടെ 10 ശതമാനം കൂടി സര്ചാര്ജായി ഈടാക്കും.
വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില് സര്ചാര്ജ് 15 ശതമാനം തുകയാണ്. സമ്മാനം ലഭിക്കുന്നവര്ക്ക് ചെക്കായോ, ഡ്രാഫ്റ്റായോ അതുമല്ലെങ്കില് അക്കൗണ്ടിലേക്ക് നേരിട്ടോ പണം ട്രാന്സ്ഫര് ചെയ്തു നല്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള് ബാധകമായ നികുതി ഈടാക്കിയേ പണം നല്കൂ. സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിനും സമ്മാനത്തുകയുടെ 10 ശതമാനം കമ്മീഷന് ലഭിക്കും.
ലോട്ടറിയടിച്ച ടിക്കറ്റുമായി ആരും വന്നില്ലെങ്കില് ആ തുക സര്ക്കാര് ട്രഷറിയിലേക്കു പോകും. തുക പണമായി ട്രഷറിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ലോട്ടറിയടിച്ചാല് ഒരു മാസത്തിനുള്ളില് ടിക്കറ്റിന്റെ പിറകുവശത്ത് പേരും, മേല്വിലാസവുമെഴുതി ഒപ്പിട്ട് ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒരു മാസം കഴിഞ്ഞാണ് ഹാജരാക്കുന്നതെങ്കില് സുരക്ഷാ പരിശോധനകളുണ്ടാകും. രണ്ടുമാസം കഴിഞ്ഞാണ് വരുന്നതെങ്കില് ഡെപ്യൂട്ടി ഡയറക്ടര് നേരിട്ട് അന്വേഷിച്ച് റിപ്പോര്ട്ട് ചെയ്താലേ പണം കിട്ടുകയുള്ളൂ. മൂന്നുമാസം കഴിഞ്ഞാല് പണം ലഭിക്കില്ല
District News
കാഞ്ഞിരപ്പള്ളി: അങ്ങനെ ലോട്ടറിയുടെ 20 കോടി ക്ലബ്ബിൽ കാഞ്ഞിരപ്പള്ളിയുമെത്തി. ക്രിസ്മസ് - പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമാണ് കാഞ്ഞിരപ്പള്ളിയെ തേടിയെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ക്രിസ്മസ് - പുതുവത്സര ബംബറിന്റെ നറുക്കടുപ്പ് നടത്തിയത്.
2.15ഓടെ ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിനാണെന്ന് സൂചനകൾ വന്നു തുടങ്ങി. ഇതോടെ ലോട്ടറിക്കടകൾക്ക് മുന്നിലേക്കും കൈയിലുള്ള ലോട്ടറി പരിശോധിക്കാനും കാഞ്ഞിരപ്പള്ളിക്കാർ വന്നുതുടങ്ങി. ചങ്കിടിപ്പോടെയാണ് പലരും തങ്ങളുടെ കൈയിലുള്ള ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ചത്.
ഒടുവിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൈനാർ പള്ളിക്ക് സമീപമുള്ള ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂലക്കി സെന്ററിൽനിന്ന് വിറ്റ ലോട്ടറിയാണ് സമ്മാനാർഹമായതെന്ന വിവരം പുറത്തുവന്നു. ഇതോടെ ലക്കി സെന്ററിലേക്ക് ഭാഗ്യവാനെ തിരക്കിയുള്ള ആളുകളുടെ തിരക്കായി. പക്ഷേ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് സുദീഖിന് അറിയില്ലായിരുന്നു.
എന്നാൽ, കാഞ്ഞിരപ്പള്ളിക്കാരനാണ് ഭാഗ്യവാനെന്ന് സുദീഖ് തറപ്പിച്ച് പറഞ്ഞു. ദിലീപിന്റെ മീശമാധവൻ സിനിമയിലെ "ചേക്കുവിട്ടുപോയിട്ടില്ല' എന്ന ഡയലോഗ് പറഞ്ഞാണ് സുദീഖ് ഇക്കാര്യം ഉറപ്പിക്കുന്നത്. ഇതിനിടെ കടയിലേക്ക് ഓടിയെത്തിയവർക്ക് ലഡു വിതരണം ചെയ്യാനും സുദീഖ് മറന്നില്ല.
ആയിരക്കണക്കിന് ആളുകൾ ടിക്കറ്റ് എടുത്ത് സമ്മാനം കിട്ടാതെ സങ്കടപ്പെടുന്പോഴും കാഞ്ഞിരപ്പള്ളിയിലെ മറഞ്ഞിരിക്കുന്ന ഭാഗ്യശാലിയെ കണ്ടെത്താൻ ആളുകൾ മുന്നിലുണ്ടായിരുന്നു. ഇതിനിടെ മൂന്നു ദിവസം ബാങ്ക് അവധിയായതിനാൽ ഇതിനു ശേഷമേ ഭാഗ്യശാലി പുറത്തുവരൂ എന്ന അഭ്യൂഹങ്ങളും പരന്നു.
District News
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷന്ലീഗ് നേതൃത്വം നല്കുന്ന നിലയ്ക്കല് തീർഥാടനം നാളെ നടക്കും.
രാവിലെ 10ന് തുലാപ്പള്ളി മാര്ത്തോമാശ്ലീഹാ തീർഥാടനകേന്ദ്രത്തില്നിന്ന് എരുമേലി ഫൊറോന ഇടവകകള് ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല് കൊണ്ടുവരും. തുടര്ന്ന് ആങ്ങമൂഴി പാലത്തിങ്കല്നിന്ന് നിലയ്ക്കല് എക്യുമെനിക്കല് പള്ളിയിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തും. 11ന് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര് നിലയ്ക്കല് എക്യുമെനിക്കല് പള്ളിയിൽ വിശുദ്ധ കുര്ബാന അര്പ്പിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് തീർഥാടന സന്ദേശം നല്കും. തുടര്ന്ന് തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും.
രൂപത വികാരി ജനറാള്മാര്, വൈദികര്, കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്ലീഗ് എക്സിക്യൂട്ടീവ് അംഗങ്ങള്, രൂപത ഭാരവാഹികള്, രൂപതയിലെ 145 ഇടവകകളില്നിന്ന് ഏഴാം ക്ലാസില് പഠിക്കുന്ന കുട്ടികള്, മതാധ്യാപകര്, മിഷന്ലീഗ് ഭാരവാഹികള് എന്നിവര് തീർഥാടനത്തില് പങ്കെടുക്കും
Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിംഗിൽ ആരംഭിച്ച സെന്റർ ഫോർ റിസേർച്ച് ഇന്നവേഷൻ ആൻഡ് കൺസൾട്ടൻസിയുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് നിർവഹിച്ചു.
അക്കാദമിക് രംഗത്തെ അറിവും വ്യവസായ മേഖലയിലെ ആവശ്യങ്ങളും തമ്മിൽ ക്രോഡീകരിച്ച് ഗവേഷണാധിഷ്ഠിത പരിഹാരങ്ങൾ കൺസൾട്ടൻസി മുഖേന നൽകുകയാണ് സിആർഐസിയുടെ പ്രധാന ലക്ഷ്യം.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോളജ് ഡയറക്ടർ റവ. ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, ക്രിക് ചീഫ് ഇനോവേഷൻ ഓഫീസർ ഡോ. ടോം സണ്ണി, ഫുഡ് ടെക്നോളജി വിഭാഗം തലവൻ ഡോ. സണ്ണിച്ചൻ വി. ജോർജ് എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ വോട്ടെണ്ണലില് പിഴവ് സംഭവിച്ചതായി പരാതി. ഇതു സംബന്ധിച്ച് എല്ഡിഎഫ് സ്ഥാനാര്ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 -ാം വാർഡിലെ ഒന്നാം ബൂത്തിലെ വോട്ട് വീണ്ടും എണ്ണി.
ഇതോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. പോളിംഗ് സമയത്ത് ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായിരുന്നു. തുടർന്ന് മറ്റൊരു മെഷീൻ ഉപയോഗിച്ചാണ് വോട്ടിംഗ് പൂർത്തീകരിച്ചത്. എന്നാൽ കൗണ്ടിംഗ് സമയത്ത് ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്.
ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 22 വോട്ടുമാണ് ലഭിച്ചത്. എന്നാൽ ചൊവ്വാഴ്ച രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി.നാരായണന് 47 വോട്ടുകളും ലഭിച്ചു.
ഇതോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച 295 വോട്ടിന്റെ ഭൂരിപക്ഷം 135 ആയി കുറഞ്ഞു. ഇതുപോലെ വെള്ളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി ജില്ലാ കളക്ടർക്ക് പരാതി നൽകി.