ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, റാം മനോഹർ ലോഹ്യ, വി.കെ. കൃഷ്ണമേനോൻ, രാജീവ് ഗാന്ധി, വി.പി. സിംഗ് തുടങ്ങിയവരുടെ കാലഘട്ടങ്ങളിൽ ദേശീയതലത്തിൽ സംഭവബഹുലമായ രാഷ്ട്രീയജീവിതം നയിച്ച അതികായനാണ് ഇന്നലെ വിടവാങ്ങിയ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും വി.പി. സിംഗ് മന്ത്രിസഭയിലെ കരുത്തനുമായിരുന്ന അദ്ദേഹം ഉജ്വല പാർലമെന്റേറിയനുമായിരുന്നു.
1980കളിലും 1990കളിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമാണിമാരിൽ ഒരാൾ. കേരള, ദേശീയ രാഷ്ട്രീയത്തിൽ ചരിത്രം തിരുത്തിക്കുറിച്ച ഉണ്ണികൃഷ്ണന്റെ വിയോഗം ഒരു ചരിത്ര അധ്യായത്തിന്റെ അവസാനമായാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ ഉറച്ച സോഷ്യലിസ്റ്റ് ശബ്ദങ്ങളിൽ ഒരാളായ ഉണ്ണികൃഷ്ണൻ മലബാറിൽനിന്നുള്ള ഇതിഹാസ വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിൽ ജനിച്ച ഉണ്ണികൃഷ്ണൻ, ചെറുപ്പത്തിൽത്തന്നെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമായിരുന്നു അദ്ദേഹം. മദ്രാസ് ക്രിസ്ത്യൻ കോളജിലും പിന്നീട് മദ്രാസ് ലോ കോളജിലും പഠിച്ചു. കോളജ് പഠനകാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, രാഷ്ട്രീയനേതാവ്, പാർലമെന്റേറിയൻ, ഭരണാധികാരി തുടങ്ങി നിരവധി റോളുകളിൽ തിളങ്ങിയ ഉണ്ണികൃഷ്ണൻ, വി.കെ. കൃഷ്ണമേനോനു ശേഷം ഡൽഹിയിലെ പ്രബലനായ മലയാളിയായിരുന്നു. ഇന്ത്യയിലെ പ്രമുഖ നേതാക്കളുമായി അദ്ദേഹം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. 1950കളുടെ തുടക്കത്തിൽ മുംബൈയിലെ ബ്ലിറ്റ്സിൽ പത്രപ്രവർത്തകനായാണ് ഉണ്ണികൃഷ്ണന്റെ പൊതുജീവിത തുടക്കം. മുംബൈയിൽ താമസിച്ചിരുന്ന കാലത്ത് സോഷ്യലിസ്റ്റ് ധാരയിൽനിന്നു കോണ്‍ഗ്രസിലേക്കു മാറി. 1959ൽ എഐസിസി അംഗമായതോടെ ഡൽഹിയിലേക്കു താമസം മാറി. ഇതോടെയാണ് ഇന്ദിരാഗാന്ധിയുടെ അടുത്ത വിശ്വസ്തനായത്. ഇന്ദിരാഗാന്ധിയുടെ ഉറച്ച പിന്തുണക്കാരനായിരുന്നെങ്കിലും അടിയന്തരാവസ്ഥയ്ക്കുശേഷം സഞ്ജയ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം അവരുമായി വേർപിരിഞ്ഞു. ഇന്ദിരയുടെ അടുപ്പക്കാരനിൽനിന്ന് ഇന്ദിരാവിരുദ്ധരുടെ പാളയത്തിലേക്കുള്ള ഉണ്ണികൃഷ്ണന്റെ മാറ്റം സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ലായിരുന്നു എന്ന് അദ്ദേഹം പിന്നീട് ലേഖകനോടു പറഞ്ഞത് ഓർമിക്കുന്നു.
വായനയും എഴുത്തും ഇഷ്ടപ്പെട്ടിരുന്ന ഉണ്ണികൃഷ്ണൻ, മുന്‍പ് ബ്ലിറ്റ്സിലെ പരിചയം വച്ച് ഡൽഹിയിൽ ഒരിടവേള വീതം ശങ്കേഴ്സ് വീക്ക്ലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ ലേഖകനായും പ്രവർത്തിച്ചു. ദീപികയോട് എല്ലാക്കാലത്തും സ്നേഹപൂർവമായ ബന്ധം ഉണ്ണികൃഷ്ണൻ പുലർത്തിയിരുന്നു. 2012 മേയ് 15ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ദീപികയുടെ ശതോത്തര രജതജൂബിലി ആഘോഷത്തിൽ അദ്ദേഹം മുഴുസമയവും പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും പരിവർത്തനാത്മകമായ ദശകങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമായിരുന്നു ഉണ്ണികൃഷ്ണന്റേത്. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും കേന്ദ്രത്തിൽ കോണ്‍ഗ്രസ്-ബിജെപി ഇതര ബദൽ മുന്നണി രൂപീകരിക്കുന്നതിനുള്ള ആദ്യകാല ശ്രമങ്ങളിൽ ഉണ്ണികൃഷ്ണൻ സജീവമായിരുന്നു. വി.പി. സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതിലും കേന്ദ്രഭരണം പിടിക്കാനായി വിവിധ പാർട്ടികളെ ഒരുമിച്ചു കൊണ്ടുവരുന്നതിലും അദ്ദേഹം നിർണായക പങ്കു വഹിച്ചു. 1989ൽ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ഷിപ്പിംഗ്, ടെലികമ്യൂണിക്കേഷൻസ് എന്നീ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായി.
1990ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽനിന്ന് ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ഇവരിലേറെയും മലയാളികളായിരുന്നു. കേന്ദ്രമന്ത്രിസഭ എതിർപ്പു പ്രകടിപ്പിച്ചിട്ടും, അന്നത്തെ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഒളിത്താവളത്തിലേക്കു പോയി പ്രവാസികളുടെ തിരിച്ചുവരവു വിജയകരമായി ചർച്ച ചെയ്തു. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ദേശീയ തലസ്ഥാനത്തെ ബൗദ്ധിക സാന്നിധ്യമായിരുന്നപ്പോഴും കേരളത്തിനും മലയാളികൾക്കുംവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം മറന്നില്ല. 1971 മുതൽ 1996 വരെ തുടർച്ചയായ 25 വർഷക്കാലം വടകരയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. ‘വടകരയുടെ കിരീടം വയ്ക്കാത്ത രാജാവ്’ ആറു തവണയാണു ലോക്സഭാംഗമായി ജയിച്ചുകയറിയത്. വലതുപക്ഷത്തായിരുന്നപ്പോഴും ഇടതുപക്ഷത്തായിരുന്നപ്പോഴും അദ്ദേഹം വടകരക്കാരുടെ പ്രിയങ്കരനായിരുന്നു. വടകരക്കാരുടെ ‘ഉണ്ണിയേട്ടൻ’ മൂന്നു രാഷ്്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു.
1971, 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ തുടർച്ചയായി ആറു തവണ വടകരയിൽനിന്നു വിജയക്കൊടി പാറിച്ചു. വടക്കൻ കേരളത്തിലെ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധം അടിവരയിടുന്നതായിരുന്നു ഈ നേട്ടം.
ഇന്ദിരയോടുള്ള അടുപ്പംകൊണ്ടാണ് 1971ൽ അദ്ദേഹം ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റിൽ വടകരയിൽ സ്ഥാനാർഥിയായത്. എ.കെ. ആന്റണി അടക്കമുള്ള യുവതുർക്കികളുടെ എതിർപ്പ് അവഗണിച്ചാണ് ഉണ്ണികൃഷ്ണന്റെ പേര് ഇന്ദിര എഴുതിച്ചേർത്തത്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ലീലാ ദാമോദര മേനോനുവേണ്ടി വടകരയിൽ ചുവരെഴുത്തുകൾ നടത്തിയ ശേഷമായിരുന്നു ഉണ്ണികൃഷ്ണനെ വടകരയിലെ സ്ഥാനാർഥിയാക്കിയത്. ഡൽഹിയിൽനിന്നു കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന ആരോപണമൊന്നും പക്ഷേ ഏശിയില്ല. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ എതിർപ്പിനിടയിലും വൻ ഭൂരിപക്ഷത്തോടെയാണ് ഉണ്ണികൃഷ്ണൻ ജയിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ ജനത തരംഗത്തിൽ രാജ്യത്താകെ കോണ്‍ഗ്രസിനു വൻ തിരിച്ചടിയുണ്ടായപ്പോഴും വടകരയിൽ ഉണ്ണികൃഷ്ണനു കാലിടറിയില്ല. പ്രമുഖനായ അരങ്ങിൽ ശ്രീധരനെയാണ് അന്നു തോൽപിച്ചത്. 1980ൽ മുല്ലപ്പള്ളി രാമചന്ദ്രനെയും പരാജയപ്പെടുത്തി. 1991ലെ വിവാദ ‘കോലീബി’ സഖ്യത്തെയും അദ്ദേഹം തോൽപിച്ചു.
ആദ്യ രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റിൽ ജയിച്ച ഉണ്ണികൃഷ്ണൻ, 1978ൽ കോണ്‍ഗ്രസ് വിട്ടു. 1980ൽ കോണ്‍ഗ്രസ് യുവിലേക്കും 1984ൽ കോണ്‍ഗ്രസ് എസിലേക്കും മാറിയെങ്കിലും വടകരയിലെ വോട്ടർമാർ കൈവിട്ടില്ല. നാലു തവണ ഇടതുപക്ഷ പിന്തുണയിലാണ് ജയിച്ചത്. 1981-84 കാലയളവിൽ, പാർലമെന്റിൽ കോണ്‍ഗ്രസ് (സെക്കുലർ) നേതാവായിരുന്നു അദ്ദേഹം. ഇന്ദിരയുടെ അടിയന്തരാവസ്ഥയുടെയും രാജീവ് ഗാന്ധിയുടെ ബോഫോഴ്സ് പീരങ്കി ഇടപാടിന്റെയും വിമർശകനായിരുന്നു.
1995ൽ ഉണ്ണികൃഷ്ണൻ കോണ്‍ഗ്രസിലേക്കു മടങ്ങി. 1996ൽ സിപിഎമ്മിലെ ഒ. ഭരതനോട് ആദ്യവും അവസാനവുമായി തോറ്റു. അതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. പിന്നീടു തന്റെ താവളം ഡൽഹിയിലേക്കു മാറ്റി. ഇക്കാലത്ത് ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സായംസന്ധ്യകളിലെ സുഹൃത്ബന്ധങ്ങൾ ഊഷ്മളമായി തുടർന്നു. ആരോഗ്യകാരണങ്ങൾ അടക്കമുള്ളവ കണക്കിലെടുത്താണു കോഴിക്കോട് പന്നിയങ്കരയിലെ തറവാട്ടുവീടായ പത്മാലയത്തിലേക്കു താമസം മാറിയത്.
ഭാര്യ അമൃതയും രണ്ടു പെണ്മക്കളും ഒപ്പമുണ്ടായിരുന്നു. കുറച്ചുനാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.