കോഴിക്കോട്: സദ്ദാമിനെ പിടികൂടാന്‍ അമേരിക്കന്‍ സേന കരയിലും ആകാശത്തും കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന സമയത്ത് പുലിയെ മടയിലെത്തി നേരിട്ടു കണ്ട് കാര്യം സാധിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു അന്തരിച്ച കെ.പി. ഉണ്ണിക്കൃഷ്ണന്.
കുവൈറ്റിനെ ഇറാക്ക് ഭരണാധികാരി സദ്ദാം ഹുസൈന് ആക്രമിച്ചപ്പോള്‍ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളില്‍ തീക്കനലാണ് വീണത്. ഏറ്റവുമധികം പ്രവാസികളുള്ള മണ്ഡലമായ വടകരയില്‍നിന്നുള്ള ലോക്സഭാംഗമായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്. ഉണ്ണികൃഷ്ണന് പ്രധാനമന്ത്രി വി.പി. സിംഗിനെ നേരില്‍ക്കണ്ട് അടിയന്തര നടപടി ആവശ്യപ്പെട്ടു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനു താത്പര്യമില്ലെങ്കില്‍ പിന്നെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉണ്ണികൃഷ്ണന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഒടുവില്‍ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ചുമതല കെ.പി. ഉണ്ണിക്കൃഷ്ണനെ ഏല്‍പ്പിച്ചു.
അദ്ദേഹം ബാഗ്ദാദിലേക്കു പുറപ്പെട്ടു. ബാഗ്ദാദില്‍നിന്ന് മൂന്നു ഹെലികോപ്ടറുകള്‍ മാറിക്കയറി സദ്ദാമിന്റെ ഒളിത്താവളത്തിലെത്തി.
മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. ജോര്‍ദാന്‍ വഴി ഇന്ത്യക്കാരെ സുരക്ഷിതമായി കൊണ്ടുവരുന്നതിന് സദ്ദാം അനുമതി മൂളി.
Tags : KP Unnikrishnan Sadam Hussain US force Indian Polititian