Kerala
കൊച്ചി: കേന്ദ്രസര്ക്കാര് നടപ്പാക്കിയ ഇന്ഡസ്ട്രിയല് റിലേഷന്സ് നിയമം, സാമൂഹ്യ സുരക്ഷാ നിയമം, വ്യവസായ സുരക്ഷാ നിയമം, വേതന നിര്ണയ നിയമം എന്നിവ തൊഴിലാളിവിരുദ്ധ പ്രത്യാഘാതങ്ങള് സൃഷ്ടിക്കുമെന്നും അതു ലഘൂകരിക്കാന് സംസ്ഥാനസര്ക്കാര് സമാന്തര നിയമങ്ങള് കൊണ്ടുവരണമെന്നും എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാന് തോമസ് പത്രസമ്മേളനത്തില് പറഞ്ഞു.
ഇതുസംബന്ധിച്ച സാധ്യതകളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി ‘ലേബര് കോഡുകള്, പ്രത്യാഘാതങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില് ജൂലൈ അഞ്ചിന് എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില് സെമിനാര് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചാരണമാണെന്ന് എം.എ. ബേബി പറഞ്ഞു.
തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എം.എ. ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യമിട്ടുള്ള സത്യവിരുദ്ധ പ്രചാരണം ബംഗാളിൽ അമിത്ഷാ നടത്തിയതെന്നും ബേബി പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന് മുൻപ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണുണ്ടായത്. ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെന്റിലെ കാര്യങ്ങളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.
National
ലക്നോ: വിവാഹിതനായ പുരുഷൻ, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.
ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
സദാചാരവും നിയമവും രണ്ടാണെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധത്തിൽ ആയതിനാൽ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്നു പോലീസിനോടു നിർദേശിച്ച കോടതി, പങ്കാളികൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടാകരുതെന്നു സ്ത്രീയുടെ കുടുംബത്തോടു നിർദേശിക്കുകയും ചെയ്തു. പങ്കാളികളുടെ വീട്ടിൽ പോവുകയോ അവരെ ഇലക്ട്രോണിക് മാധ്യമം മുഖേനയോ മൂന്നാംകക്ഷി വഴിയോ ബന്ധപ്പെടാനോ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റീസുമാരായ ജെ.ജെ. മുനീറിന്റെയും തരുൺ സക്സേനയുടെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കാൻ ഏപ്രിൽ എട്ടിലേക്കു മാറ്റി.
Kerala
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
Leader Page
അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ പരിധിയിൽ അന്തസോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു എന്ന സുപ്രീംകോടതിയുടെ നിലപാട് വീണ്ടും ശക്തമായി ഉച്ചരിക്കുന്ന വിധിയാണ് ഹരീഷ് റാണ കേസിൽ വന്നത്. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കോടതിതന്നെ മുമ്പ് നൽകിയിരുന്നെങ്കിലും അവ പ്രായോഗികമായി നടപ്പിലാക്കിയ ആദ്യ പ്രധാന വിധികളിലൊന്നായി ഇതിനെ കാണാം.
‘യൂത്തനേസ്യ’ (euthanasia) എന്ന ഇംഗ്ലീഷ് പദം സാധാരണയായി ‘ദയാവധം’ എന്നാണു മലയാളത്തിൽ ഭാഷാന്തരം ചെയ്ത് ഉപയോഗിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ eu (നല്ലത്), thanatos (മരണം) എന്നീ വാക്കുകളിൽനിന്നാണ് ഇതിന്റെ ഉദ്ഭവം. എന്നാൽ, മനുഷ്യജീവിതത്തിന്റെ അവസാനഘട്ടവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ നിയമപരവും നൈതികവുമായ വ്യത്യാസങ്ങൾ ഉള്ളതിനാൽ, ജീവൻ നേരിട്ട് അവസാനിപ്പിക്കുന്ന സജീവ ദയാവധവും (active euthanasia) ചികിത്സ പിൻവലിക്കുന്ന നിഷ്ക്രിയ ദയാവധവും (passive euthanasia) തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ഇന്ത്യൻ നിയമത്തിൽ അനുവദിച്ചിരിക്കുന്നത് രണ്ടാമത്തേതാണ്.
കോടതിയുടെ മുമ്പിലുണ്ടായിരുന്ന പ്രധാന ചോദ്യങ്ങൾ
ഹരീഷ് റാണയുടെ കേസിൽ സുപ്രീംകോടതിക്ക് പരിഗണിക്കേണ്ടിവന്നത് ചില നിർണായക നിയമചോദ്യങ്ങളായിരുന്നു. ക്ലിനിക്കൽ സഹായത്തോടെ നൽകുന്ന പോഷണവും ജലവും പിൻവലിക്കാവുന്ന വൈദ്യചികിത്സയായി പരിഗണിക്കാമോ എന്നതാണ് പ്രധാന ചോദ്യമായി ഉയർന്നത്. രോഗിയുടെ വയറ്റിലേക്ക് ശസ്ത്രക്രിയ വഴി സ്ഥാപിച്ചിരിക്കുന്ന പെർക്യൂട്ടേനിയസ് എൻഡോസ്കോപിക് ഗാസ്ട്രോസ്റ്റമി ട്യൂബ് വഴിയാണ് പോഷണം നൽകിയിരുന്നത്. അതുകൊണ്ട്, ഈ നടപടിയെ സാധാരണ പരിചരണമായി കണക്കാക്കണമോ, അതോ ഒരു വൈദ്യചികിത്സയായി കാണണമോ എന്ന് കോടതി പരിശോധിച്ചു.
രണ്ടാമതായി പരിഗണിച്ചത്, രോഗിക്ക് സ്വന്തം തീരുമാനം അറിയിക്കാനാവാത്ത സാഹചര്യത്തിൽ എന്താണ് ‘രോഗിയുടെ ഏറ്റവും നല്ല താത്പര്യം’ എന്നതായിരുന്നു. അതായത്, വെജിറ്റേറ്റീവ് അവസ്ഥയിൽ കഴിയുന്ന രോഗിക്ക് ചികിത്സ തുടരുന്നത് യഥാർഥത്തിൽ ഗുണകരമാണോ, അതോ രോഗിക്ക് ക്ലേശകരമാകുന്ന വിധത്തിൽ ജൈവജീവിതം നീട്ടിക്കൊണ്ടുപോകൽ മാത്രമാണോ അത് എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്.
മൂന്നാമതായി, 2018ലെ ‘കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിധിയിൽ സുപ്രീംകോടതി രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കണം എന്നതും കോടതി പരിശോധിച്ചു. പ്രത്യേകിച്ച്, ഈ തത്വങ്ങളെ അടിസ്ഥാനമാക്കി വൈദ്യചികിത്സ പിൻവലിക്കണോ എന്നതും.
കോടതിയുടെ നിർണയം
സുപ്രീംകോടതിയുടെ 2018ലെ വിധിയുടെ അടിസ്ഥാനത്തിൽ നിഷ്ക്രിയ ദയാവധത്തിനായി 2024ൽ റാണയുടെ പിതാവ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപേക്ഷ തള്ളുകയാണുണ്ടായത്. 2024 ഓഗസ്റ്റിൽ സുപ്രീംകോടതിയും സമാന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ചികിത്സയ്ക്കുള്ള സഹായം നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, 2025ൽ ഹരീഷ് റാണയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായ സാഹചര്യത്തിൽ വീണ്ടും അദ്ദേഹത്തിന്റെ പിതാവ് കോടതിയെ സമീപിക്കുകയും തത്ഫലമായി ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ വൈദ്യസമിതികളോട് കോടതി നിർദേശിക്കുകയും ചെയ്തു. രോഗിയുടെ ആരോഗ്യം പൂർണമായും തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്നും ചികിത്സ തുടരുന്നതു ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നില്ലെന്നും, ജൈവ നിലനിൽപ്പ് മാത്രമാണു നീട്ടുന്നതെന്നും വൈദ്യസംഘങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ, ചികിത്സ തുടരുന്നത് രോഗിയുടെ മികച്ച താത്പര്യത്തിനൊത്തതല്ല എന്ന നിഗമനത്തിലെത്തിയാണ് കോടതി ചികിത്സ പിൻവലിക്കാൻ അനുമതി നൽകിയത്.
ട്യൂബിലൂടെ നൽകുന്ന ക്ലിനിക്കൽ പോഷണം സാധാരണമായി ഭക്ഷണം നൽകുന്ന പ്രക്രിയ എന്നതിനേക്കാൾ സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ ഇടപെടലുകൾ ഉൾക്കൊള്ളുന്ന അസാധാരണ ചികിത്സാപദ്ധതിയുടെ ഭാഗമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. ശസ്ത്രക്രിയ, മെഡിക്കൽ മേൽനോട്ടം, പ്രത്യേക ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. അത്തരത്തിലുള്ള ചികിത്സകൾ രോഗിക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിൽ അവ പിൻവലിക്കുന്നതു നിയമപരമായി അനുവദനീയമാണ്.
2018ലെ വിധിയുടെ പ്രായോഗിക ആവിഷ്കാരം
2011ലെ അരുണ ഷാൻബാഗ് കേസിലെ വിധിയിൽ കർശനമായ നിബന്ധനകളോടെ നിഷ്ക്രിയ ദയാവധം അനുവദിക്കാമെന്ന് കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ 2018 കേസിൽ ഭരണഘടനാ ബെഞ്ച് ഈ വിഷയത്തെ കൂടുതൽ വ്യക്തതയോടെ വ്യാഖ്യാനിക്കുകയുണ്ടായി. 2018ലെ വിധിയിൽ, ചികിത്സ പിൻവലിച്ചുകൊണ്ടുള്ള നിഷ്ക്രിയ ദയാവധത്തെ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉൾപ്പെടുന്ന മനുഷ്യാന്തസിന്റെ അവകാശവുമായി ബന്ധപ്പെടുത്തിയിരുന്നു. അതേസമയം, ജീവൻ നേരിട്ട് അവസാനിപ്പിക്കുന്ന സജീവ ദയാവധം ഇന്ത്യൻ നിയമത്തിൽ ഇപ്പോഴും അനുവദനീയമല്ലെന്ന് കോടതി വീണ്ടും ഓർമിപ്പിച്ചു. ഈ വിധിയുടെ പ്രായോഗിക ആവിഷ്കാരം എന്ന നിലയിലാണ് സുപ്രീംകോടതിയുടെ പുതിയ വിധി പ്രസക്തമായിരിക്കുന്നത്.
മനുഷ്യാന്തസും കോടതിവിധിയും
കോടതി ഈ വിഷയത്തെ വൈദ്യശാസ്ത്രപരമായ കാര്യമായി മാത്രമല്ല, മനുഷ്യാന്തസിന്റെ പ്രശ്നമായും പരിഗണിച്ചു. രോഗിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത സാഹചര്യത്തിൽ, നിർബന്ധിതമായ ചികിത്സ തുടർന്നുകൊണ്ട് വെറും ജൈവ നിലനിൽപ്പ് നീട്ടുന്നത് മനുഷ്യാന്തസിനോട് പൊരുത്തപ്പെടുന്നതല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ ചികിത്സ പിൻവലിക്കുന്നത് ജീവിതത്തെ ഉപേക്ഷിക്കലായല്ല, അനിവാര്യമായ മരണത്തെ മനുഷ്യാന്തസോടെ സ്വീകരിക്കാൻ അനുവദിക്കുന്ന നടപടി എന്ന നിലയിലാണ് കോടതി കാണുന്നത്.
കോർപറേറ്റ് ആശുപത്രികളുടെ ധാർമികത
വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണ മേഖലയും വളരെയധികം പുരോഗമിച്ച കാലമാണിത്. കോർപറേറ്റ് ആശുപത്രികളും അത്യന്തം ചെലവേറിയ ചികിത്സാ സംവിധാനങ്ങളും ചില ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ധാർമികശാസ്ത്രം ചികിത്സയെ സാധാരണമെന്നും അസാധാരണമെന്നും തരംതിരിക്കുന്നു. അസാധാരണ ചികിത്സാവിധികൾ ചിലപ്പോഴെങ്കിലും ലാഭേച്ഛയോടെയാണ് എന്ന വിമർശനങ്ങൾ ധാരാളമുണ്ട്. അനുപാതരഹിതവും രോഗിക്ക് ഫലം ചെയ്യാത്തതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമായ അസാധാരണ ചികിത്സകൾ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നതാണ് വൈദ്യ നൈതികശാസ്ത്രത്തിന്റെ പൊതു സിദ്ധാന്തം.
നിയമനിർമാണത്തിനുള്ള ആവശ്യകത
ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമം ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം കോടതി വീണ്ടും ചൂണ്ടിക്കാട്ടി. മുമ്പ് നിയമ കമ്മീഷൻ നൽകിയ റിപ്പോർട്ടുകളും ഈ വിഷയത്തിൽ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിനാൽ, ഇത്തരത്തിലുള്ള കേസുകൾക്കായി വ്യക്തവും ഏകീകൃതവുമായ നിയമരൂപരേഖ പാർലമെന്റ് നിർദേശിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കത്തോലിക്ക സഭയുടെ നിലപാട്
മനുഷ്യജീവിതത്തിന്റെ മൂല്യവും മനുഷ്യാന്തസും സംബന്ധിച്ച കത്തോലിക്ക സഭയുടെ പഠനം സ്ഥിരവും സുവ്യക്തവുമാണ്. ‘സഭ ആധുനിക ലോകത്തിൽ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ കൊലപാതകം, വംശഹത്യ, ഗർഭഛിദ്രം, ആത്മഹത്യ എന്നിവ പോലെതന്നെ ദയാവധവും മനുഷ്യജീവനെതിരേയുള്ളതും മനുഷ്യാന്തസിനെ നശിപ്പിക്കുന്നതുമായ അതിക്രമമാണെന്നും അതുകൊണ്ട് സ്രഷ്ടാവിനും മനുഷ്യവംശത്തിനും എതിരേയുള്ള ഗൗരവമുള്ള തെറ്റാണെന്നും പഠിപ്പിക്കുന്നു (പ്രമാണരേഖ, ഖണ്ഡിക 28).
അനുപാതരഹിതമായ ചികിത്സാമാർഗങ്ങൾ
എങ്കിലും, വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ മനുഷ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ പുതിയ നൈതികചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് സഭ അംഗീകരിക്കുന്നു. ഇതിനെക്കുറിച്ച് വിശ്വാസ തിരുസംഘം 1980ൽ പ്രസിദ്ധീകരിച്ച ‘ദയാവധം സംബന്ധിച്ച പ്രഖ്യാപനം’ എന്ന രേഖയിൽ അവസാന ഭാഗത്ത് ചികിത്സയുടെ ഉപയോഗ
Leader Page
കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈയിടെ വന്ന റിപ്പോർട്ട് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ പോക്സോ കേസുകളിൽ 2017നും 2022നും ഇടയിൽ 94 ശതമാനം വർധനയുണ്ടായെന്നാണ് ‘ദ ചൈൽഡ് ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടി’ന്റെ കണക്ക്. കൂടാതെ, നിർമിതബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ 2023-24 വർഷത്തിനിടെ 1,325 ശതമാനമാണു വർധനയെന്ന ഞെട്ടിക്കുന്ന കണക്കും അവർ പുറത്തുവിടുന്നു.
കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്നു സംരക്ഷിക്കുന്നതിനായി 2012ൽ നിലവിൽ വന്ന പോക്സോ നിയമത്തിന്റെ ഒരു ദശാബ്ദത്തിലേറെയുള്ള പ്രവർത്തനത്തിൽ സുപ്രധാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും നിയമത്തിലെ ശിശുസൗഹൃദ വ്യവസ്ഥകൾ ശരിയായി നടപ്പാക്കിയാൽ മികച്ച ഫലങ്ങൾ കൈവരിക്കാനാകുന്നതാണ്. 2014 മുതൽ 2024 വരെയുള്ള കാലയളവിലെ വിശദമായ കണക്കുകൾ പ്രകാരം ഇന്ത്യയിലാകമാനവും കേരളത്തിലും പോക്സോ കേസുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർഷാവർഷം വർധനയുണ്ടാകുന്നത് സാമൂഹിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണ്.
ദേശീയതലത്തിൽ പ്രതിവർഷം 47,000-ത്തിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. കേരളം ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഈ സങ്കീർണമായ സാമൂഹിക പ്രശ്നത്തിന്റെ യഥാർഥ അളവുകളും നിലവിലെ സഹായസംവിധാനങ്ങളുടെ ഫലപ്രാപ്തിയും വിശകലനം ചെയ്യുന്നത് അതീവ പ്രധാനമാണ്.
ശിശുസൗഹൃദ നീതിന്യായ വ്യവസ്ഥയുടെ ആവശ്യകത
പോക്സോ നിയമത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വശം, അതു കുട്ടികൾക്ക് സൗഹൃദപരമായ നീതിന്യായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വിപുലമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു എന്നതാണ്. പോക്സോ ആക്ട് സെക്ഷൻ 28 അനുസരിച്ച് പോക്സോ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ കോടതികൾ സാധാരണ കോടതികളിൽനിന്ന് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സെക്ഷൻ 33(4) പ്രകാരം കുട്ടിയുടെ വിശ്വസ്തരായ കുടുംബാംഗങ്ങൾ, രക്ഷിതാക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ കോടതിയിൽ സന്നിഹിതരാകാൻ അനുവദിക്കുന്നു. ഇത് കുട്ടിയുടെ മാനസിക സ്വസ്ഥതയ്ക്ക് അത്യന്താപേക്ഷിതമാണ്.
പോക്സോ നിയമത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, അതു ലിംഗ നിഷ്പക്ഷമായ സമീപനം സ്വീകരിക്കുന്നു എന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ നഷ്ടപരിഹാരവും സംരക്ഷണവും ലഭ്യമാണ്. പോക്സോ നിയമാവലി 2020ലെ നിയമം 9 പ്രകാരം സവിശേഷ കോടതികൾക്ക് ഉചിതമായ കേസുകളിൽ സ്വന്തമായോ കുട്ടിയുടെ പേരിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലോ എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം ഏതു ഘട്ടത്തിലും കുട്ടിയുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇടക്കാല നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.
പ്രായോഗിക നടത്തിപ്പ്
കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ വെറും കടലാസിൽ മാത്രം ഒതുങ്ങിനിൽക്കാതെ പ്രായോഗികമായി നടപ്പാക്കണം. ഇതിനായി കോടതികൾ, പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. കോടതികളിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വർണാഭമായ ചിത്രങ്ങൾ, സുഖകരമായ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കണം. വിചാരണമുറികൾ, കുട്ടികൾക്കു ഭയം തോന്നാത്ത വിധത്തിൽ രൂപകല്പന ചെയ്യണം. കോടതിയിലെ എല്ലാ ഉദ്യോഗസ്ഥരും കുട്ടികളുമായി ഇടപെടുന്നതിൽ പരിശീലനം നേടിയിരിക്കണം.
ന്യായാധിപന്മാർ, വക്കീലുമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി അതിനനുസരിച്ച് പെരുമാറണം. കുട്ടികളുമായി സംസാരിക്കുമ്പോൾ ലളിതവും മനസിലാക്കാൻ എളുപ്പമുള്ളതുമായ ഭാഷ ഉപയോഗിക്കണം. സങ്കീർണമായ നിയമപദങ്ങൾ ഒഴിവാക്കി കുട്ടികൾക്കു മനസിലാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം.
വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നത് കുട്ടികളുടെ മാനസികസമ്മർദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കുട്ടികൾക്കു പരിചിതമായ അന്തരീക്ഷത്തിൽനിന്നുതന്നെ സാക്ഷ്യം നൽകാൻ കഴിയുമ്പോൾ അവരുടെ ആത്മവിശ്വാസം വർധിക്കുകയും സത്യസന്ധമായ മൊഴി നൽകാൻ കഴിയുകയും ചെയ്യുന്നു. ഇതിനായി എല്ലാ ജില്ലകളിലും ആധുനിക വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ ഏർപ്പാടാക്കണം.
മാനസികാരോഗ്യ സേവനങ്ങളുടെ പ്രാധാന്യം
പോക്സോ കേസുകളിലെ ഇരകളായ കുട്ടികൾക്ക് മാനസികാരോഗ്യ സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികൾ ഗുരുതരമായ മാനസികാഘാതം അനുഭവിക്കുന്നു. ഇത് അവരുടെ വ്യക്തിത്വ വികാസത്തെയും ഭാവിജീവിതത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ തന്നെ ഈ കുട്ടികൾക്കു പ്രൊഫഷണൽ കൗൺസലിംഗ് സേവനങ്ങൾ ലഭ്യമാക്കണം.
ശിശു മനോരോഗ വിദഗ്ധർ, സോഷ്യൽ വർക്കർമാർ എന്നിവരുടെ സേവനം എല്ലാ ജില്ലകളിലും ഫലപ്രദമായി നടപ്പാക്കണം. ഈ പ്രൊഫഷണലുകൾ കുട്ടികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നേടിയിരിക്കണം. കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തി അതിനനുസരിച്ച് ചികിത്സാപദ്ധതി തയാറാക്കണം. കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് ആവശ്യമാണ്; കാരണം, അവരും ഈ സംഭവത്താൽ ബാധിക്കപ്പെടുന്നു.
കട്ടികളുടെ പുനരധിവാസത്തിനു ദീർഘകാല പദ്ധതികൾ ആവശ്യമാണ്. അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് പ്രത്യേക സഹായം നൽകണം. അധ്യാപകരെയും സഹപാഠികളെയും കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം.
District News
കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.
നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.
Leader Page
കർഷകർ സ്വന്തം കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മാതൃകാ നിയമം പുറത്തിറക്കി. കൃഷിഭൂമികളിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കാനും മരം മുറിച്ചുമാറ്റൽ പ്രക്രിയ ലളിതമാക്കാനുമാണ് മാതൃകാ നിയമമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ വർഷം ഏപ്രിൽ 24നും മേയ് 19നും സംസ്ഥാനങ്ങളുമായി രണ്ടു വട്ടം വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷമാണ് മരംമുറിക്കൽ മാതൃകാ നിയമം കേന്ദ്രം പുറത്തിറക്കിയത്. കൃഷിഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് മാതൃകാ നിയമം അംഗീകരിച്ച് വിജ്ഞാപനമിറക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.
ലക്ഷ്യങ്ങൾ
വനത്തിനു പുറത്ത് വൃക്ഷാവരണം വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കൃഷിഭൂമിയിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കണം. ഇതിനുവേണ്ടി കൃഷിഭൂമിയിൽനിന്നു മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം. കാർഷിക വനവത്കരണത്തിലൂടെ മണ്ണിന്റെ ഫലപുഷ്ഠി വർധിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, മണ്ണിൽ വെള്ളം പിടിച്ചുനിർത്തുക തുടങ്ങിയവയും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്.
ഇന്ത്യ, തടി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശികമായി ലഭിക്കുന്ന തടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമസംവിധാനം സഹായിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പറയുന്നു. മരം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ തടി വിതരണം മെച്ചപ്പെടുത്തുക, കർഷകർക്ക് പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. എന്നാൽ, കാർഷിക വനവത്കരണം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷകരെ സങ്കീർണമായ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുക്കുന്നതും ഉദ്യോഗസ്ഥ-ലൈസൻസ് രാജ് തിരികെ കൊണ്ടുവരുന്നതുമാണ്.
കർഷകർക്ക് അധികഭാരം
കൃഷിഭൂമിയിലെ മരം വെട്ടണമെങ്കിൽ കൈക്കൂലി നൽകേണ്ട സ്ഥിതിയുണ്ടായേക്കും. മരം നടുന്നതു മുതൽ മുറിക്കുന്നതു വരെയുള്ള നീണ്ട വർഷങ്ങളിൽ ഓരോ ഘട്ടത്തിലും വനം, റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണത്തിനും കർശന പരിശോധനയ്ക്കും കർഷകർ വിധേയരാകും. വാണിജ്യാടിസ്ഥാനത്തിൽ വനവത്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻകിടക്കാർക്ക് ബാധകമായ ചട്ടങ്ങൾ പുതിയ മാതൃകാ നിയമത്തിലൂടെ പാവപ്പെട്ട ചെറുകിട കർഷകരുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്ര വനംവകുപ്പ്.
മരമെന്നതിന്റെ നിർവചനത്തിൽ പന വർഗങ്ങളും മരക്കുറ്റിയും കുറ്റിവൃക്ഷങ്ങളുമെല്ലാം ഉൾപ്പെടും. മരം വെട്ടിമാറ്റുന്നതും മരത്തിന് വളയമിടുന്നതും കത്തിച്ചു നശിപ്പിക്കുന്നതും വേരോടെ പിഴുതു മാറ്റുന്നതും രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതുമെല്ലാം മരംവെട്ടലിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടി അധിഷ്ഠിത വ്യവസായങ്ങൾക്കുവേണ്ടി 2016ൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന തല കമ്മിറ്റിക്കാണ് സംസ്ഥാനത്ത് മാതൃകാ നിയമം നടപ്പാക്കാനുള്ള അധികാരം. കമ്മിറ്റിയിൽ നിലവിലുള്ള അംഗങ്ങൾക്കു പുറമെ റവന്യു, കൃഷി വകുപ്പു പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താനാണ് മാതൃകാ നിയമത്തിലെ നിർദേശം. ഫലത്തിൽ, തടി അടിസ്ഥാനമാക്കിയുള്ള വൻകിട വ്യവസായങ്ങൾക്ക് ബാധകമായ അതേ നിയന്ത്രണ സംവിധാനം കൃഷിഭൂമിയിൽ വൃക്ഷങ്ങൾ നടുന്ന ചെറുകിട കർഷകർക്കും ബാധകമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് കർഷകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതും അവരെ ഒരു വിധത്തിലും സഹായിക്കാത്തതുമാണ്.
കർശന നിബന്ധനകൾ
മാതൃകാ നിയമപ്രകാരം പറമ്പിൽ മരം വളർത്തുന്ന കർഷകൻ നാഷണൽ ടിംബർ മാനേജ്മെന്റ് പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യണം. ആദ്യമായാണ് കർഷകൻ മരം നടുന്നത് ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന കർശന നിബന്ധന കേന്ദ്രം ഏർപ്പെടുത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു, ഓരോ ഇനത്തിലും പെട്ട എത്ര മരങ്ങൾ നട്ടു, നട്ട മാസവും വർഷവും, തൈയുടെ ശരാശരി ഉയരം തുടങ്ങിയ വിവരങ്ങൾ ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തൈ നടുമ്പോൾ മാത്രമല്ല, മരം വളർന്നുവരുന്ന ഓരോ ഘട്ടത്തിലും വിശദാംശങ്ങൾ ഈ പോർട്ടലിൽ ചേർത്തുകൊണ്ടേയിരിക്കണം.
ഇതുവരെയില്ലാത്ത കഠിന നിബന്ധനകളാണ് മാതൃകാ നിയമത്തിൽ എഴുതി ചേർത്തിരിക്കുന്നത്. ഇതിലൂടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വനം വകുപ്പിന്റെ നിരീക്ഷണത്തിന് കർഷകർ വിധേയരാകും. രജിസ്റ്റർ ചെയ്യാതെ മരങ്ങൾ മുറിക്കാനാവില്ലെന്ന സ്ഥിതിയുണ്ടാകും. ഇതിനു പുറമെ ദൃശ്യപരമായ തിരിച്ചറിയലിനുവേണ്ടി കർഷകർ നിർബന്ധമായും മരത്തിന്റെ ജിയോടാഗ് ചെയ്ത കെഎൽഎം ഫയലുകളും ചിത്രങ്ങളും പോർട്ടലിൽ നൽകണം. ഈ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ വനം, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ കൃഷി ഭൂമി പരിശോധിക്കും. പറമ്പിൽ മരം നട്ടു എന്ന ഒറ്റക്കാരണത്താൽ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് കർഷകർ നിരന്തരം ഉത്തരം പറയേണ്ടി വരും.
പരിശോധനയ്ക്കും പെർമിറ്റിനും വേരിഫൈയിംഗ് ഏജൻസി
പരിശോധനാ ഏജൻസി (വേരിഫയിംഗ് ഏജൻസി) എന്ന പേരിൽ മരം മുറിക്കാനുള്ള കർഷകരുടെ അപേക്ഷകൾ വിലയിരുത്താൻ ഒരു പുതിയ ഏജൻസിക്ക് കൂടി മാതൃകാ നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനതല സമിതിയാണ് ഈ ഏജൻസിയെ എംപാനൽ ചെയ്യുന്നത്. ഇത് സർക്കാർ ഏജൻസിയോ സ്വകാര്യ ഏജൻസിയോ ആകാം. ഈ മേഖലയിൽ വൈദഗ്ധ്യമുണ്ടായിരിക്കണമെന്നു മാത്രം. കൃഷിക്കാരുടെ പുരയിടം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഈ ഏജൻസി ഓഡിറ്റർമാരെ നിയമിക്കും. ഓഡിറ്റർമാർ പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന് ശേഷം മാത്രമേ കർഷകന് മരം മുറിക്കാനുള്ള പെർമിറ്റ് ലഭിക്കുകയുള്ളൂ.
പെർമിറ്റ് നൽകുന്നതും പരിശോധനാ ഏജൻസിയാണ്. എത്ര മരം വെട്ടാമെന്നും ഏതളവിൽ വെട്ടാമെന്നും തീരുമാനമെടുക്കുന്നത് വേരിഫൈയിംഗ് ഏജൻസിയാണ്. കർഷകന് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാനാവില്ല. ഡിഎഫ്ഒയുടെ നിയന്ത്രണത്തിലാണ് പരിശോധനാ ഏജൻസിയുടെ പ്രവർത്തനം. അഴിമതിക്കും കർഷകദ്രോഹത്തിനും ലൈസൻസ് രാജിനും വഴിതെളിക്കുന്നതാണ് മരംവെട്ട് പെർമിറ്റിന് പുതിയ ഏജൻസിയെ നിയമിക്കാനുള്ള വ്യവസ്ഥ.
പത്തിൽ താഴെ മരങ്ങളാണ് മുറിക്കുന്നതെങ്കിൽ പരിശോധനാ ഏജൻസിയുടെ അംഗീകാരം വേണ്ട. നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് കർഷകൻ ഓൺലൈനായി അപേക്ഷ നൽകണം. മരത്തിന്റെ ചിത്രവും ചുറ്റളവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാനുള്ള പെർമിറ്റ് പോർട്ടലിൽനിന്ന് സ്വമേധയാ ഓൺലൈനായി കർഷകർക്ക് ലഭിക്കും. മരം മുറിച്ചതിനു ശേഷം മരക്കുറ്റികളുടെ ചിത്രങ്ങൾ കർഷകർ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്യണം.
അപ്പീലിന് വ്യവസ്ഥയില്ല
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ തയാറാക്കിയതാണ് മാതൃകാ മരംവെട്ടൽ നിയമം. കേന്ദ്രം റദ്ദാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾപോലെ ഇതിലും കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ഹരിതഗൃഹ വാതക വിസർജനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളും നേടുന്നതിന് കേന്ദ്രസർക്കാരിന് വനത്തിന് പുറത്തുള്ള വൃക്ഷാവരണം 2030ന് മുമ്പ് വൻതോതിൽ വർധിപ്പിക്കണം. കൃഷിഭൂമിയിൽ നടുന്ന ഓരോ മരത്തിന്റെയും കണക്ക് ദേശീയ ടിംബർ മാനേജ്മെന്റ് രജിസ്ട്രിയിൽ ചേർക്കുന്നത് ഇതുസംബന്ധിച്ച ദേശീയ കണക്കുകൾ തയാറാക്കാൻ കേന്ദ്ര വനംവകുപ്പിന് സഹായകമാകും.
നിയമത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ വളരെ വിശാലവും ആകർഷകവുമാണ്. എന്നാൽ, കൃഷിഭൂമിയിൽ മരം നട്ടുപിടിപ്പിക്കുന്ന കർഷകന് സർക്കാർ ഒരു സാമ്പത്തിക സഹായവും ചെയ്യുന്നില്ല. പരാതികളുണ്ടെങ്കിൽ കർഷകന് അപ്പീൽ സമർപ്പിക്കാനും വ്യവസ്ഥയില്ല. ഏതു മരം വെട്ടാമെന്നും എത്ര അളവിൽ വെട്ടാമെന്നുമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം ചോദ്യം ചെയ്യാതെ കർഷകൻ അംഗീകരിക്കേണ്ടിവരും. മാതൃകാ മരംവെട്ടൽ നിയമം സങ്കീർണമായ നടപടിക്രമങ്ങളിൽ കർഷകരെ കുരുക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അഴിമതിക്കും ഭീഷണികൾക്കും കർഷകൻ വഴങ്ങേണ്ടിവരും. നട്ടുവളർത്തുന്ന മരം യഥേഷ്ടം മുറിച്ചുമാറ്റാൻ കർഷകന് സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് നടപ്പാക്കേണ്ടത്.
(കേരള കാർഷിക സർവകലാശാലാ മുൻ പ്രഫസറാണ് ലേഖകൻ)