Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പിലാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനം. വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡിംഗിന് തീരുമാനമായിരിക്കുന്നത്.
പീക്ക് അവറിൽ വാഹന ചാർജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധനയെക്കൾ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകുന്നേപം ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായത് എന്നാണ് മനസിലാകുന്നതെന്ന് ഉന്നത തലയോഗത്തിൽ വിലയിരുത്തലുണ്ടായി.
District News
ചങ്ങനാശേരി: ലോഡ് ഷെഡിംഗ് എന്ന പേരുപറയാന് വൈദ്യുതി മന്ത്രി വൈമനസ്യപ്പെടുമ്പോള് രാത്രികാലങ്ങളില് ജില്ലയിൽ പലയിടത്തും മൂന്നുതവണവരെ അപ്രഖ്യാപിത പവര്കട്ടെന്ന് ഉപയോക്താക്കള്. പതിനഞ്ച്, ഇരുപത് മിനിറ്റുകള്വീതമാണ് രാത്രികാലങ്ങളില് വൈദ്യുതി മുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ജില്ലയുടെ വിവിധ ഭാഗങ്ങളില് മാറിമാറി വൈദ്യുതി നിലയ്ക്കുന്നുണ്ട്. എന്നാല് ഇത് സമ്മതിക്കാന് ബുദ്ധിമുട്ടുള്ളതിനാലാണ് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി ഇന്നലെയും ആവര്ത്തിച്ചത്.
ഉഷ്ണത രംഗത്തെ തുടര്ന്ന് ആളുകള് കൂടുതല് വൈദ്യുതി ഉപയോഗം നടത്തുന്ന രാത്രി പത്തിനും 12.30നുമിടയിലാണ് കുറച്ചുദിവസങ്ങളായി വൈദ്യുതി നിശ്ചലമാകുന്നത്. ഫാനുകളും എസിയും വ്യാപകമായി പ്രവര്ത്തിക്കുന്ന സമയമാണിത്. ഫാനുകളും മറ്റും ഓഫായി ചൂടിൽ പൊള്ളി ആളുകള് ഉണരുമ്പോഴാണ് വൈദ്യുതി നിലച്ചതാണെന്നറിയുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ഇങ്ങനെ വൈദ്യുതി ബന്ധം നിലയ്ക്കുന്നുണ്ടെന്ന് കെഎസ്ഇബി ജീവനക്കാരും സമ്മതിക്കുന്നുണ്ട്.
ദിനംപ്രതി 6033 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള സംവിധാനമേ സംസ്ഥാനത്തുള്ളൂ. കഴിഞ്ഞദിവസങ്ങളില് ഉപഭോഗം 6195 വരെ എത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഇതിനാല് ലോഡ് കൂടുന്ന സ്ഥലങ്ങളിലെ ഫീഡറുകള് ഓട്ടോമാറ്റിക്കായി ഓഫാകുന്നതിനുള്ള ക്രമീകരണം കളമശേരിയിലെ വൈദ്യുതി വിതരണ കേന്ദ്രത്തില് ഏര്പ്പെടുത്തിയിരിക്കുന്നതായാണ് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടുന്നത്. ഇപ്രകാരം കളമശേരിയില്നിന്നുതന്നെ കേരളത്തിലെ ഓരോ ഫീഡറും പത്ത്, പതിനഞ്ച് മിനിറ്റുവീതം ഓഫാകും. മന്ത്രിയുടെ ഭാഷയില് ഇത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് അല്ല. മറിച്ച് സ്വാഭാവിക നിയന്ത്രണം മാത്രം.
എല്ഡിഎഫ് സര്ക്കാരിന്റെ പത്തുവര്ഷത്തെ ഭരണകാലത്ത് ലോഡ് ഷെഡിംഗും പവര്കട്ടുമില്ലായിരുന്നു എന്നു വരുത്തിത്തീര്ക്കാനാണ് വൈദ്യുതി രംഗത്ത് സ്വാഭാവിക നിയന്ത്രണം എന്ന പദപ്രയോഗമെന്നാണ് കെഎസ്ഇബിയിലെ യുഡിഎഫ് അനുകൂല സംഘടനകള് അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്ന്ന അവസ്ഥയിലാണെന്നും ഇങ്ങനെപോയാല് പവര്കട്ട് അനിവാര്യമാകുമെന്നും വൈദ്യുതി വകുപ്പ് ഡിസ്ട്രിബ്യൂഷന് വിഭാഗത്തിലെ ഉയര്ന്ന ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള് നിസഹായരായി നോക്കി നില്ക്കുന്നത്.
ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല് സൈബര് പോരാളികള് വരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്കട്ട് ഇല്ലാത്ത കേരളമെന്ന് സതീശൻ ചോദിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്ന്നാല് യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കൊടുംചൂടിനിടെ രാത്രികാലങ്ങളില് ഉള്പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗും വൈദ്യുതി നിയന്ത്രണവും ഏര്പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതി ലക്ഷ്യമിട്ട് സര്ക്കാരിലെയും വൈദ്യുതി ബോര്ഡിലെയും റെഗുലേറ്ററി കമ്മീഷനിലെയും ഉന്നതര് നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്.
ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര് ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സര്ക്കാര് റദ്ദാക്കിയതെന്ന് സതീശൻ പറഞ്ഞു.
Kerala
കൊല്ലം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്.
ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന.
Kerala
പാലക്കാട്: വൈദ്യുതി ഉപയോഗം വീണ്ടും റിക്കാർഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിംഗോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16 മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നു കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബി അണക്കെട്ടുകളിൽ 35 ശതമാനം വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2017 നുശേഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യം.