Sports
കാസാബ്ലാങ്ക: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിൽ കടന്ന് മാലി. ശനിയാഴ്ച നടന്ന പ്രീക്വാർട്ടറിൽ ടൂണീഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിലാണ് മാലി ക്വാർട്ടറിലെത്തിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മാലിക്ക് വേണ്ടി ലസൈൻ സിനായോക്കോയും ടുണീഷ്യക്ക് വേണ്ടി ഫിറാസ് ചൗവറ്റും ആണ് ഗോൾ നേടിയത്.
ഷൂട്ടൗട്ടിൽ മാലി മൂന്ന് ഗോൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ടുണീഷ്യക്ക് രണ്ട് ഗോൾ മാത്രമാണ് നേടാനായത്. ഇതോടെ മാലി മത്സരം സ്വന്തമാക്കുകയായിരുന്നു. ഈ മാസം ഒമ്പതിന് നടക്കുന്ന ക്വാർട്ടറിൽ മാലി സെനെഗലിനെ നേരിടും.
International
ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും അമേരിക്കൻ പൗരന്മാർക്ക് സന്പൂർണ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വ്യത്യസ്ത പ്രസ്താവനകളിൽ അറിയിച്ചു. നേരത്തേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ രണ്ടു രാജ്യങ്ങൾക്കും പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു.
പകരത്തിനു പകരം എന്ന നിലയിലാണ് നടപടിയെന്ന് ബുർക്കിനാ ഫാസോ വിദേശകാര്യമന്ത്രി കരമാക്കോ ഷോൺ മെരി ട്രാവോർ വിശദീകരിച്ചു. പരസ്പരബഹുമാനവും തുല്യതയുമാണ് ആഗ്രഹിക്കുന്നതെന്ന് മാലി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജർ രാജ്യവും അമേരിക്കൻ പൗരന്മാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു. മാലി, ബുർക്കിനാ ഫാസോ, നൈജർ രാജ്യങ്ങളിൽ പട്ടാള ഭരണകൂടങ്ങളാണ് നിലവിലുള്ളത്. അയൽരാജ്യങ്ങളുമായും പശ്ചാത്യ ശക്തികളുമായും ബന്ധം വഷളായ മൂന്നു രാജ്യങ്ങളും തമ്മിൽ സഖ്യത്തിലാണ്.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്നാണു നിലവിൽ വരുന്നത്. പ്രവേശനവിലക്കു നേരിടുന്ന രാജ്യങ്ങളുടെ പട്ടിക അടുത്തിടെ വിപുലപ്പെടുത്തുകയായിരുന്നു.
ദക്ഷിണ സുഡാൻ, സിറിയ, പലസ്തീൻ അഥോറിറ്റി പാസ്പോർട്ടുള്ളവർ എന്നിവർക്കും അമേരിക്കയിൽ പൂർണ പ്രവേശനവിലക്കുണ്ടാകും. നൈജീരിയ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി 15 രാജ്യങ്ങൾക്ക് ഭാഗിക പ്രവേശന വിലക്കും ഇന്നു നിലവിൽ വരും.
International
ബാമക്കോ: ഇസ്ലാമിക ഭീകരരുടെ ഉപരോധത്തിൽ ഇന്ധനക്ഷാമം നേരിടുന്ന മാലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ ഒന്പതുവരെ അടച്ചിടാൻ പട്ടാള ഭരണകൂടം തീരുമാനിച്ചു.
ഇന്ധനക്ഷാമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി വകുപ്പു മന്ത്രി അമദൗ സവാനെ ചൂണ്ടിക്കാട്ടി.
നവംബർ പത്തിനെങ്കിലും ക്ലാസ് തുടങ്ങാൻ ഊർജിതശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽക്വയ്ദ ബന്ധമുള്ള ഭീകര സംഘങ്ങളാണ് മാലിയിലെ റോഡുകൾ ഉപരോധിച്ച് ഇന്ധനക്ഷാമം ഉണ്ടാക്കുന്നത്. ഇന്ധനവുമായി വരുന്ന ട്രക്കുകൾ ആക്രമിക്കുന്നുമുണ്ട്. സമുദ്രാതിർത്തിയില്ലാത്ത മാലിയിൽ അയൽരാജ്യങ്ങളായ സെനഗലിൽനിന്നും ഐവറി കോസ്റ്റിൽനിന്നും റോഡ് മുഖാന്തിരമാണ് ഇന്ധനമെത്തുന്നത്.ആഴ്ചകളായി തുടരുന്ന ഇന്ധനക്ഷാമം നേരിടാൻ മാലിയിലെ പട്ടാള ഭരണകൂടം വിഷമിക്കുന്നതായാണു റിപ്പോർട്ട്.
ഇന്ധനക്ഷാമം അമേരിക്കൻ എംബസിയുടെ പ്രവർത്തനത്തെയും ബാധിച്ചു.
എംബസിക്കു വേണ്ടുന്ന വൈദ്യുതി ലഭിക്കുന്നില്ല. ഇതേത്തുടർന്ന് അവശ്യയിതര വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അമേരിക്കയിലേക്കു മടക്കിയയച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനത്തിനു മാലി സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരരുടെ തട്ടിക്കൊണ്ടു പോകലിൽ ഇന്ത്യ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ജൂലൈ ഒന്നിനു മാലിയിൽ അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ രാജ്യത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴാണു തട്ടിക്കൊണ്ടുപോകലും നടന്നത്. ഡയമണ്ട് സിമന്റ് ഫാക്ടറിക്കു സമീപം ആയുധധാരികളായ ഒരു കൂട്ടം സംഘടിതമായ ആക്രമണം നടത്തി ബലമായാണ് ഇന്ത്യൻ പൗരരെ തട്ടിക്കൊണ്ടുപോയതെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
മാലിയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായും നിയമനിർവഹണ ഏജൻസികളുമായും ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
സൈനികഭരണത്തിലുള്ള പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലി അൽ ഖ്വയ്ദയിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റിൽനിന്നും തുടർച്ചയായി ആക്രമണങ്ങൾ നേരിടുന്നുണ്ട്. ജിഹാദി അക്രമങ്ങൾക്കു പുറമേ വിഘടനവാദവും ഉയർന്ന കുറ്റകൃത്യങ്ങളും മാലി നേരിടുന്ന പ്രശ്നങ്ങളാണ്.