ബാമക്കോ: ജിഹാദി ആക്രമണം നേരിടുന്ന മാലിയിൽനിന്ന് പൗരന്മാർ ഒഴിഞ്ഞുപോകണമെന്ന് വിവിധ രാജ്യങ്ങൾ നിർദേശിച്ചു. മാലിയിലുള്ളവർ സുരക്ഷിത താവളങ്ങളിൽ അഭയം തേടണമെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും ഇന്ത്യയും യുഎസും നിർദേശിച്ചു.
ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോടു മാലി വിടാൻ നിർദേശിച്ചു. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ റോഡിലൂടെ യാത്ര പാടില്ലെന്നും നിർദേശത്തിൽ പറയുന്നു. മാലിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ സ്വന്തം നിലയ്ക്കു സുരക്ഷാ ക്രമീകരണങ്ങൾ നടത്തണം.
അൽക്വയ്ദ ബന്ധമുള്ള ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ (ജെഎൻഐഎം), തുവാറഗ് വിഘടനവാദികളുടെ അസ്വദ് ലിബറേഷൻ ഫ്രണ്ട് (എഫ്എൽഎ) എന്നീ ഗ്രൂപ്പുകളാണ് ശനിയാഴ്ച ആക്രമണം ആരംഭിച്ചത്.
മാലി ഭരിക്കുന്ന പട്ടാള ഭരണകൂടത്തിലെ പ്രതിരോധമന്ത്രി സാദിയോ കാമറ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മാലിയിൽ സുരക്ഷ പ്രദാനം ചെയ്യുന്ന റഷ്യൻ സേനയിലെ ആഫ്രിക്കാ കോർ സൈനികർ പല സ്ഥലങ്ങളിൽനിന്നും പിൻവാങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
തലസ്ഥാനമായ ബാമക്കോയുടെയും സമീപത്തുള്ള കാതി മേഖലയുടെയും നിയന്ത്രണം തിരിച്ചുപിടിച്ചെന്നാണ് മാലി സൈന്യം അവകാശപ്പെടുന്നത്.
Tags : Foreign nationals Mali evacuated