ബമാകോ: ചാവേർ ആക്രമണത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാര കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ കമാരയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അൽഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് സ്ഫോടനം നടത്തിയത്.
ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടന്നിരുന്നു. കാറ്റിക്ക്, കിഡാൽ, ഗാവോ എന്നിവിടങ്ങളിലും ഒരേസമയം ആക്രമണങ്ങളുണ്ടായി. 2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Tags : mali defense minister killed car bombing