National
ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗത്തിലെ 15 വയസുകാരൻ വെടിയേറ്റ് മരിച്ചു. തമേയി സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് മരിച്ചത്.
തമെംഗ്ലോംഗ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് വിഫെൻബൗവിന് വെടിയേറ്റത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു.
National
ഇംഫാൽ: മണിപ്പുരിലെ കാംഗ്പോക്പി ജില്ലയിൽ സുരക്ഷാ സേന ഏഴു പേരെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് കുക്കികളുടെ പ്രതിഷേധം.
പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും സർക്കാർ വാഹനങ്ങൾക്കു നേരേ കല്ലെറിയുകയും ചെയ്തു. മോട്ബംഗിലും സമീപപ്രദേശങ്ങളിലും അർധരാത്രിവരെ പ്രതിഷേധങ്ങൾ തുടർന്നു.
ഖോലനിൽനിന്നുള്ള ഏഴു ഗ്രാമീണരെ കാരണങ്ങളൊന്നുമില്ലാതെയാണ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതെന്നു പ്രതിഷേധക്കാർ പറയുന്നു. ജില്ലയിലെ നാഗ ഭൂരിപക്ഷ പ്രദേശമായ ചവാംഗ്കിനിംഗിന് സമീപം സ്ഥിതിചെയ്യുന്ന ഖോലൻ ഗ്രാമത്തിനു നേർക്ക് അടുത്തിടെ സായുധ ആക്രമണം നടന്നിരുന്നു.
പ്രതിഷേധക്കാർക്ക് നേരേ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഇംഫാൽ-ദിമാപുർ ദേശീയപാതയിൽ വലിയ കുഴികളെടുത്ത് ഗതാഗതം തടസപ്പെടുത്തി. പ്രക്ഷോഭത്തിനിടെ ഏതാനും പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ഇംഫാൽ: മണിപ്പുരിലെ കാംഗ്പോക്പി ജില്ലയിൽ തീവ്രവാദികൾ രണ്ടു വീടുകൾ കത്തിച്ചു.
മലമേഖലയിലെ ചവാംഗ്കിനിംഗ് നാഗാ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
താമംഗ്ലോംഗ് ജില്ലയിൽ രണ്ടു കുക്കി സ്ത്രീകൾ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു സംഭവം. തുടർന്ന് പ്രദേശത്തെത്തിയ സിആർപിഎഫ് സംഘവുമായി തീവ്രവാദികൾ ഏറ്റുമുട്ടി.
വെളുപ്പിന് 4.30 വരെ വെടിവയ്പ് നീണ്ടു. കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധമാണുണ്ടായത്.
National
ഇംഫാൽ: മണിപ്പുരിലെ തമെംഗ്ലോംഗ് ജില്ലയിൽ സായുധസംഘം കുക്കി വിഭാഗക്കാരായ രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു.
ഒരു ഫാംഹൗസ് തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഉൾഗ്രാമത്തിലെ വയലിനുസമീപം വിറക് ശേഖരിക്കാൻപോയ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.
ചോങ്ക സിറ്റ്ലൗ (60) കിംബോയ് സിംഗ്സൺ (30) എന്നിവരാണു മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്.
National
ഇംഫാൽ: മണിപ്പുരിലെ കുക്കി ഗ്രാമങ്ങളിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു. താമെംഗ്ലോംഗ്, നോനി ജില്ലകളിലായിരുന്നു ആക്രമണം
താമെംഗ്ലോംഗ് ജില്ലയിലായിരുന്നു ആദ്യ ആക്രമണം. ടോളൻ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലോടെ ലിംഗൻഗായി സിംഗ്സിതും ഭർത്താവ് സെയ്നേയി സിംഗ്സിതും ആണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുഞ്ഞിനു പരിക്കേറ്റു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് സെയ്നേയി മരിച്ചത്.
ആക്രമണത്തിനു പിന്നാലെ കൂടുതൽ സുരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി.
നോനി ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. ലോംഗ്പി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ജൂലി ഗംഗ്തേ എന്ന സ്ത്രീയും ആർ. ഗംഗ്തേ എന്ന പുരുഷനുമാണു കൊല്ലപ്പെട്ടത്.
അതേസമയം, മണിപ്പുരില്‍ രണ്ടിടത്ത് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലുള്ള ചാന്ദെല് ജില്ലയില്‍ ആസാം റൈഫിള്‍സാണ് വന്‍ ആയുധശേഖരം പിടിച്ചെടുത്തത്. ചുരാചന്ദ്പുര്‍ ജില്ലയില്‍ മണിപ്പുര്‍ പോലീസ് ആയുധങ്ങള്‍ പിടികൂടി. മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: വീടിനു സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘംചേർന്ന് മർദിച്ചുകൊന്നു. മണിപ്പുർ സ്വദേശി സി. വിക്രം സിംഗ് (54) ആണ് മരിച്ചത്. കിലോകരി ഗ്രാമത്തിലെ ഫ്ളാറ്റിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
വിക്രം സിംഗിനു മർദനമേറ്റതായി ഡൽഹി സണ്‍ലൈറ്റ് കോളനി പൊലിസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും തുടർന്ന് പൊലിസ് അന്വേഷണം നടത്തുകയുമായിരുന്നു.
വീടിന് പുറത്ത് ആറ് യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സിംഗ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഗുരുതര പരിക്കേറ്റ സിംഗിനെ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ തലയിൽ വെടിയേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ലാംലായി പൊലിസ് സ്റ്റേഷൻ പരിധിയിലെ കംഗ്ല അൻഗോം ലൈയ്ച്ചിംഗ് റോഡിലാണു മൃതദേഹം കണ്ടെത്തിയത്.
പ്രഭാത സവാരിക്കാർ വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിലാണു സുരക്ഷാസേന എത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലിസ് വക്താവ് അറിയിച്ചു.
National
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-കാംസൺ, സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട്-ജെൻചുയി എന്നീ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജംഗൈലിംഗ് ഗോൺമെയ് (37) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റൊരു വ്യക്തിയെ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
2023 മേയ് മുതൽ മെയ്തികളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ വംശീയ കലാപത്തെത്തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും 58,800-ലധികം ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
National
കാംഗ്പോക്പി: മണിപ്പുരിലെ കാംഗ്പോക്പി ജില്ലയിൽ നാഗാ വിഭാഗത്തിന്റെ ഗ്രാമത്തിനു നേർക്ക് ആക്രമണം. ഒന്‍പതു വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കി.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ ലിയാംഗ്മായി നാഗാ ഗ്രാമത്തിലായിരുന്നു ആക്രമണം. സായുധ സംഘം വെടിവയ്പ് നടത്തിയശേഷം വീടുകൾ കത്തിക്കുകയായിരുന്നു. സമീപഗ്രാമങ്ങളിലുള്ളവരെത്തി തീ അണയ്ക്കാൻ സഹായിച്ചു.
കുക്കി വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം.
ഒരു ക്രൈസ്തവ ദേവാലയവും പത്തു വീടുകളും അക്രമികൾ കത്തിച്ചെന്ന് ലിയാംഗ്മായി നാഗാ കൗൺസിൽ അറിയിച്ചു. പ്രദേശത്തു കൂടുതൽ സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.
National
ഇംഫാൽ: മണിപ്പുരിലെ മലയോര ജില്ലയായ നോനിയിൽ വെടിവയ്പിൽ ഗ്രാമത്തിന്റെ കാവലിനു നിയോഗിച്ചിരുന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയുണ്ടായ സംഭവത്തിൽ മറ്റൊരു കാവൽക്കാരനും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
നോനിയിലെ നാഗ ഭൂരിപക്ഷമേഖലയായ ബിറ്റിയാംഗിൽ പരിശോധനയ്ക്കിടെ സിആർപിഎഫ് സംഘത്തിനു നേരേ ഗോത്രവിഭാഗങ്ങൾ വെടിയുതിർത്തതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നുള്ള വെടിവയ്പിലാണ് വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സിആർപിഎഫിന്റെ പരിശോധനയെ ഗ്രാമവാസികൾ എതിർത്തിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രസംഘടനകളുടെ കൂട്ടായ്മ പ്രതിഷേധത്തിലാണ്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ പൂർണമായും അടച്ചു.
2023 ൽ വംശീയസംഘർഷം ഉടലെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും വിവിധ ഗോത്രവിഭാഗക്കാർ സുരക്ഷയ്ക്കായി വില്ലേജ് ഗാർഡുകളെ നിയോഗിച്ചിരുന്നു.
National
ഇംഫാൽ: കക്ചിംഗ്, ഇംഫാൽ ജില്ലകളിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചുവന്ന നാലു ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനയായ സൊറേപയിലെ രണ്ട് അംഗങ്ങൾ സുഗ്നു പോലീസ് സ്റ്റേഷൻ പരിധിയിലെ നുൻഗു ലംഖായിൽനിന്നാണ് പിടിയിലായത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ 21 വയസുകാരനെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൾപാർപ്പില്ലാത്ത വീട്ടിൽനിന്നും കംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലംഗ്ദുമിൽനിന്നാണ് പിടികൂടിയത്. മൂന്നുവർഷം മുന്‍പുണ്ടായ കലാപത്തിൽ 260 പേർക്ക് ജീവൻ നഷ്ടമായി. ആയിരങ്ങൾ പലായനം ചെയ്തു.
തപാല്‍ ബാഗുകള്‍ കത്തിച്ചു
ഇംഫാല്‍: മണിപ്പുരിലെ ഉഖ്രുല്‍ ജില്ലയില്‍ തപാല്‍ വകുപ്പിന്റെ 35 തപാല്‍ ബാഗുകള്‍ ഒരു സംഘം ആളുകള്‍ തീവച്ച് നശിപ്പിച്ചു. തിങ്കളാഴ്ച യായിംഗ്ഗാംപോക്പിക്കും ലിറ്റന്‍ റോഡിനും ഇടയിലുള്ള പ്രദേശത്തുവച്ചാണ് സംഭവം.
ഉഖ്രുലിലേക്കുള്ള 30 തപാല്‍ ബാഗുകളും സോംദാലിലേക്കുള്ള നാലെണ്ണവും കാംജോങ്ങിലേക്കുള്ള ഒരെണ്ണവുമാണ് കത്തിച്ചത്. എടിഎം കാര്‍ഡുകള്‍, പാസ്പോര്ട്ടുകള്, കത്തുകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നതെന്ന് ഉഖ്രുല്‍ സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റര്‍ വുങ്പ്രീപാം റിമായി പറഞ്ഞു.
National
ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് മണിപ്പൂരിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിനു പിന്നാലെയാണ് മണിപ്പൂരിലും അവധി പ്രഖ്യാപിച്ചത്.
മേഘാലയയിലും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മണിപ്പുരിലെ സേനാപതി നഗരത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്.
ആസാം റൈഫിൾസും നാഗാ ആർമിയുടെ ഹുത്റോംഗ് ബ്രിഗേഡും തമ്മിൽ ഒക്ലോംഗ് ഗ്രാമ പരിധിയിലുള്ള ക്യാമ്പിൽ ഏറ്റുമുട്ടലുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതാണ് സംഘർഷത്തിനു കാരണമായത്.
രാത്രി ഒൻപതിനുശേഷമാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ടൗണിലെ ട്രാഫിക് പോയിന്റിൽ ഒത്തുകൂടാൻ സന്ദേശങ്ങൾ പരന്നതായി പോലീസ് പറഞ്ഞു. തുടർന്ന് വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടുകയും, ഒക്ലോംഗ് പ്രദേശത്ത് നിന്ന് ആസാം റൈഫിൾസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവരുടെ ക്യാമ്പിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.
പ്രതിഷേധത്തിനിടെ ക്യാമ്പിന്റെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാറും സമീപത്തുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രവും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു.
ആസാം റൈഫിൾസ് ഒക്ലോംഗിൽ നിന്ന് പിന്മാറിയെന്ന വാർത്ത വന്നതോടെയാണ് ജനക്കൂട്ടം ശാന്തമാകാൻ തുടങ്ങിയത്. എന്നാൽ, മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു ട്രക്ക് പ്രതിഷേധക്കാർ മറിച്ചിടുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ മെയ്തെയ് വിഭാഗക്കാരുടെ വീടുകൾ കുക്കി വിഭാഗക്കാർ കൂട്ടത്തോടെ എത്തി തീവച്ചു നശിപ്പിച്ചു.
2023ൽ സംഘർഷം തുടങ്ങിയ സമയത്ത് ആളുകൾ ഒഴിഞ്ഞുപോയിരുന്ന നാലു വീടുകളാണ് കാന്തോ സബാൽ മേഖലയിൽ അഗ്നിക്കിരയായത്. കാങ്പോക്പിയിൽനിന്നാണ് അറുനൂറോളം കുക്കികൾ പ്രദേശത്തേക്ക് ഇരച്ചുകയറിയത്.
ഇതിനിടെ മെയ്തെയ് വിഭാഗക്കാർ സംഘടിച്ച് പ്രദേശത്തേക്ക് എത്തിയെങ്കിലും സുരക്ഷാസേന ഇവരെ തടഞ്ഞതോടെ വലിയ സംഘർഷം ഒഴിവാകുകയായിരുന്നു.
ആകാശത്തേക്ക് വെടിയുതിർത്താണ് സുരക്ഷാസേന ആളുകളെ പിരിച്ചുവിട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
ഇംഫാൽ: മണിപ്പുരിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് ആസാം റൈഫിൾസ് സൈനികർക്കു വീരമൃത്യു. ഉഖ്റുൾ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ആക്രമണം.
നുംഗ്ഷാംഗ് ഖോംഗ് മേഖലയിൽ ആസാം റൈഫിൾസ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് തീവ്രവാദികൾ വെടിവയ്പ് നടത്തുകയായിരുന്നു. നിരവധി സൈനികർക്കു പരിക്കേറ്റു.
വാറന്റ് ഓഫീസറും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 40-ാം ആസാം റൈഫിൾസ് ബറ്റാലിയനിലെ അംഗങ്ങൾ സംഗ്ഷാക്കിലെ ആസ്ഥാനത്തേക്കു മടങ്ങവേയായിരുന്നു ആക്രമണം.
സംഭവത്തെ മണിപ്പുർ ആഭ്യന്തരമന്ത്രി ഗോവിന്ദാസ് കോൻതൗജം അപലപിച്ചു. സുരക്ഷാസേനയ്ക്കു നേർക്ക് ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
പ്രദേശത്ത് കൂടുതൽ സുരക്ഷാ സൈനികരെ വിന്യസിച്ചു. ആക്രമണസമയത്ത് സമീപത്തെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ ചോദ്യംചെയ്യലിനായി സുരക്ഷാസേന കസ്റ്റഡിയിലെടുത്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
National
ഇംഫാൽ: തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ ആറ് നാഗ പൗരന്മാർക്കു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നാഗ വിഭാഗക്കാരുടെ പ്രതിഷേധം.
ഓൾ നാഗ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പുരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഡ്യൂലാലാൻഡിലെ തംഗ്ഖുൽ ബാപ്റ്റിസ്റ്റ് പള്ളിയിൽനിന്നും തുടങ്ങി നാലുകിലോമീറ്റർ അകലെയുള്ള ഇംഫാൽ വെസ്റ്റിലെ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് പ്രതിഷേധ റാലി സമാപിച്ചത്.
Leader Page
"മണിപ്പുരിലെ സാഹചര്യം കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ ദുരിതപൂർണമായ അവസ്ഥ സമുദായ നേതാക്കളോ, മത നേതാക്കളോ, രാഷ്ട്രീയ നേതാക്കളോ അല്ല അനുഭവിക്കുന്നത്; മറിച്ച് ഇവിടത്തെ ഓരോ മനുഷ്യനുമാണ് അത് നേരിടുന്നത്. ഇത് ഇത്രയധികം നീണ്ടുപോകുന്നു എന്നത് തന്നെയാണ് ഏറ്റവും ദുഃഖകരം.’’
മണിപ്പുരിന്റെ ദുരവസ്ഥയെക്കുറിച്ച് ഇംഫാൽ ആർച്ച്ബിഷപ് ഡോ. ലിനസ് നെലി പറയുന്നു.
ഇതൊരു വംശീയ പ്രതിസന്ധിയായി കാണപ്പെടുമ്പോഴും, വംശീയത മാത്രമല്ല യഥാർഥ കാരണം. ഒട്ടനവധി ചരിത്രപരമായ കാരണങ്ങളും ജനങ്ങളുടെ പരാധീനതകളും വികസനമില്ലായ്മയും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവും പ്രാദേശിക നേതാക്കളുടെ ഇടപെടലുകൾ ഉണ്ടാകാത്തതുമൊക്കെയുണ്ട്- അദ്ദേഹം വ്യക്തമാക്കുന്നു.
ഡോ. ലിനസ് നെലിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
ഞങ്ങൾ അങ്ങേയറ്റം ദുഃഖിതരാണ്; പ്രകാശത്തിന്റെ ഒരു കിരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ നിർഭാഗ്യവശാൽ അങ്ങനെയൊരു നേരിയ പ്രതീക്ഷയോ ആശ്വാസമോ നൽകുന്നതായ ഒരു പരിഹാരമാർഗവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
? കത്തോലിക്കാ സഭയ്ക്ക് ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുന്നത്.
മണിപ്പുരിലുള്ള ഹിന്ദു, സനമഹി, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ, മുസ്ലിംകൾ തുടങ്ങിയ നിരവധി സമുദായങ്ങൾക്കിടയിൽ കത്തോലിക്കാ സഭ എന്നത് വളരെ ചെറിയൊരു കൂട്ടായ്മയാണ്.അതേസമയം വളരെ സജീവവും ദൃശ്യവുമായ സാന്നിധ്യവുമാണ്. ആ നിലയ്ക്ക്, സാന്നിധ്യംകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും സമാധാനം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും, ഒരു സഭ എന്ന നിലയിൽ ഞങ്ങൾ നൽകിയ ഏറ്റവും വലിയ സംഭാവന മാനവീയമായ ഇടപെടലുകളാണ്.
വിഭാഗീയതകൾക്കതീതമായി ഞങ്ങൾ ഒട്ടേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്റർ ഫെയ്ത്ത് ഫോറവുമായി ചേർന്ന് സമാധാനത്തിനായി ഒന്നിച്ച് ശബ്ദമുയർത്തുന്നു.
? പരസ്പരം പോരടിക്കുന്ന സമുദായങ്ങളിലെല്ലാം സഭാംഗങ്ങളുണ്ട്. സമാധാനം സ്ഥാപിക്കുന്നതിനായി അവർ വഴി നമുക്ക് എന്തൊക്കെ
സംഭാവനകൾ നൽകാൻ സാധിക്കും.
അത് വളരെ വ്യക്തമായ കാര്യമാണ്. കത്തോലിക്കാ സഭ എപ്പോഴും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതിനെ മറ്റുള്ളവർ വലിയ കാര്യമായാണ് കാണുന്നത്. വ്യത്യസ്ത ഇടവകകളിലും വംശീയ വിഭാഗങ്ങളിലും ഉള്ള നമ്മുടെ വൈദികരെയും സന്യസ്തരെയും മാറ്റി നിയമിച്ചുകൊണ്ട് ഞങ്ങൾ ഈ ഐക്യം വളർത്തുന്നുണ്ട്. വിശുദ്ധ കുർബാനകൾ ഒരുമിച്ച് ആഘോഷിക്കുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും എവിടെയൊക്കെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ വേർതിരിവുകളില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു.
? ജീവന്റെ പവിത്രതയെ മാനിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോൾ നേരിടുന്ന പ്രധാന തടസങ്ങൾ എന്തൊക്കെയാണ്.
സമുദായങ്ങൾ തമ്മിലുള്ള വിശ്വാസക്കുറവ് തന്നെയാണ് പ്രധാന തടസം. ജനക്കൂട്ടത്തിന്റെ കോപത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കുന്നില്ല. ആയുധങ്ങൾ കൈയിലേന്തിയ, സ്വന്തം കമാൻഡർമാരുടെയും നേതാക്കളുടെയും മാത്രം വാക്ക് കേൾക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും.
? ഇത്രയും ഭിന്നിച്ചു നിൽക്കുന്ന ഒരു ചുറ്റുപാടിൽ സമുദായ പ്രതിനിധികളെ എപ്രകാരം ഒരു മേശയ്ക്ക് ചുറ്റുമിരുത്താൻ കഴിയും.
ചർച്ചകളുടെ മേശയിലേക്ക് എല്ലാവരെയും കൊണ്ടുവരിക എന്നത് അനിവാര്യമായ കാര്യമാണ്. അതിന് സമയമെടുക്കും, അത് ബുദ്ധിമുട്ടായിരിക്കാം, പക്ഷേ അതൊരിക്കലും അസാധ്യമല്ല. നീതി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അർഹമായ നീതി നടപ്പിലാക്കിക്കഴിഞ്ഞാൽ ജനങ്ങൾക്ക് തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചുവെന്ന ആശ്വാസമുണ്ടാകും.
? മണിപ്പുരിന്റെ പശ്ചാത്തലത്തിൽ ‘വീണ്ടെടുക്കൽ നീതി’ പ്രായോഗികമാകും.
വീണ്ടെടുക്കൽ നീതിക്ക് പല തലങ്ങളുണ്ട്. സ്വത്തുക്കളും ജീവിതവും അവകാശങ്ങളും നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകുക എന്നതാണ് ഒരു വശം. അത് ആത്മീയവും ഭൗതികവുമായ തലത്തിലും വിഭവങ്ങളുടെ പങ്കുവയ്ക്കലിലും ഒക്കെ വരാം. എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ, അതിന് സാധ്യമായതും ന്യായമായതുമായ പരിഹാരം കണ്ടെത്തണം. ഇത് നിരീക്ഷിക്കാനും ഉറപ്പുനൽകാനും ശക്തമായ ഔദ്യോഗിക സംവിധാനം ആവശ്യമാണ്. ഭാവിയിൽ നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന പ്രതീക്ഷയാണ് വളർത്തിയെടുക്കേണ്ടത്.
? മണിപ്പുരിൽ ഒരു സമുദായവും തങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരാണെന്ന് ചിന്തിക്കാതിരിക്കാൻ എന്തൊക്കെ രാഷ്ട്രീയ-ഭരണപരിഷ്കാരങ്ങളാണ് അടിയന്തിരമായി വേണ്ടത്.
മണിപ്പുരിനെ സംബന്ധിച്ചിടത്തോളം ‘ഭൂമി’ എന്നത് വളരെ നിർണായകമായ പ്രശ്നമാണ്. ഭൂമിയുടെ പങ്കുവയ്ക്കലും കൈവശം വയ്ക്കലുമെല്ലാം ഇവിടെ വലിയ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. മലയോര മേഖലയിലെ ഗോത്രവർഗക്കാരുണ്ട്, താഴ്വരയിലെ മെയ്തേയി വിഭാഗക്കാരുമുണ്ട്. മെയ്തേയികൾ ഗോത്രവർഗ പദവിയിലുള്ളവരല്ല. സംസ്ഥാനത്തെ ആകെ ഭൂമിയുടെ പത്ത് ശതമാനമാണ് അവരുടെ കൈവശമുള്ളത്. ബാക്കി തൊണ്ണൂറ് ശതമാനം ഗോത്രവർഗക്കാരുടെ ഭൂമിയാണ്.
അതുകൊണ്ട് ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ സർക്കാർ വിഭവങ്ങളും അവസരങ്ങളും ഏതെങ്കിലും ഒരു വിഭാഗം കൂടുതലായി കൈക്കലാക്കുന്നുണ്ടോ, ആർക്കെങ്കിലും അത് നിഷേധിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.
National
ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ തീവ്രവാദികൾ രണ്ടു പേരെ വെടിവച്ചു കൊന്നു. 30 വീടുകൾ കത്തിച്ചു. കാംഗ്പോക്പി ജില്ലയിൽ ആറു നാഗാ വിഭാഗക്കാരുടെ മൃതദേഹം കണ്ടെടുത്തതിനു തൊട്ടടുത്ത ദിവസമാണ് ആക്രമണമുണ്ടായത്.
ഇന്നലെ വെളുപ്പിന് 4.55ന് കുൽടുഹ് കുക്കി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മ്യാൻമർ അതിർത്തിയിലാണ് ഗ്രാമം. കുൽടുഹ് ചർച്ച് ഹെഡ് ഡീക്കനും യൂത്ത് ഡിപ്പാർട്ട്മെന്റ് ചെയർമാനും ആണ് കൊല്ലപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് ഡോ. ലാംടിൻതാംഗ് അറിയിച്ചു. ആക്രമണത്തെ കുക്കി ബാപ്റ്റിസ്റ്റ് കൺവൻഷൻ അപലപിച്ചു. സുരക്ഷാസേന ഗ്രാമത്തിലെത്തിയെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു മാസമായി കാണാതായ ആറു നാഗാ വിഭാഗക്കാരുടെ മൃതദേഹങ്ങളാണ് കുക്കി ഭൂരിപക്ഷ മേഖലയിൽ ബുധനാഴ്ച കണ്ടെത്തിയത്. മേയ് ഒന്‍പതിന് മൂന്നു കുക്കി ക്രൈസ്തവ സഭാ നേതാക്കളെ കൊലപ്പെടുത്തിയതോടെയാണ് കുക്കി-നാഗാ സംഘർഷം ആരംഭിച്ചത്.
ഇതേത്തുടർന്ന് ഇരു വിഭാഗവും എതിർചേരിയിൽപ്പെട്ടവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി. തുടർന്ന് നടന്ന ചർച്ചയിൽ ഇരു വിഭാഗത്തിലെയും 14 പേരെ വീതം ഇരു വിഭാഗവും വിട്ടയച്ചിരുന്നു. എന്നാൽ, നാഗാ വിഭാഗത്തിൽപ്പെട്ട ആറു പേരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
National
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ്. കാങ്പോക്പിയിൽ സായുധസംഘം ബന്ദികളാക്കിയ നാഗ വിഭാഗക്കാരുടേതാണ് മൃതദേഹങ്ങളെന്നു സംശയിക്കുന്നു.
സേനാപതി ജില്ലയിൽനിന്ന് കഴിഞ്ഞമാസം സായുധസംഘം തട്ടിക്കൊണ്ടുപോയ 14 കുക്കി വിഭാഗക്കാരെ മോചിപ്പിച്ചതിന്റെ തൊട്ടടുത്തദിവസമാണ് ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുക്കികളെ മോചിപ്പിച്ചതിനു പിന്നാലെ നാഗബന്ദികളെ മോചിപ്പിക്കണമെന്നു നാഗാലാൻഡ്, മേഘാലയ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞമാസം 13 ന് ലീലോൺ വൈപെയിൽനിന്ന് ബന്ദിയാക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സംശയം.
National
ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗക്കാർ ബന്ദികളാക്കിയ 14 കുക്കികളുടെ മോചനം വൈകുന്നു.
ബന്ദികളുടെ മോചനത്തിന് തീരുമാനമായിരുന്നുവെങ്കിലും നാഗ സംഘടനയിലെ യുവനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രണ്ടു മണിക്ക് ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്ന് യുണൈറ്റഡ് നാഗ കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞമാസം 13 നാണ് കുക്കികളെ സായുധസംഘം ബന്ദികളാക്കിയത്.
മോചനത്തിനായി നാഗ സംഘടനകളുടമായി നിരവധി തവണ ചർച്ചകൾ നടന്നിരുന്നു.
National
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ അഞ്ച് കുടിലുകൾ സായുധസംഘം തീവച്ചുനശിപ്പിച്ചു.
കുക്കി ഭൂരിപക്ഷമേഖലയായ ഖരം വൈഫേയിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
സുരക്ഷാസേന എത്തിയതോടെയാണ് സായുധസംഘം പ്രദേശത്തുനിന്നും മാറിയത്.
മറ്റൊരു വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചു.
National
ഇംഫാൽ: സായുധസംഘം നാഗാവിഭാഗക്കാരായ ആറുപേരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ്. ആറംഗ യുണൈറ്റഡ് നാഗാ കൗൺസിലിൽ (യുഎൻസി) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രസിഡന്റ് എൻജി ലോർഹോയുടെ നേതൃത്വത്തിലുള്ള യുഎൻസി സംഘവും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉപമുഖ്യമന്ത്രി ലോസി ദിഖോ, ആഭ്യന്തര മന്ത്രി ഗോവിന്ദസ് കൊന്തൂജം എന്നിവർക്കുപുറമേ നാഗ എംഎൽഎമാരും പങ്കെടുത്തു. കാംഗ്പോക്പിയിലെ കോൺസഖുലിൽനിന്നു തട്ടിക്കൊണ്ടുപോയ ആറ് ഗ്രാമീണരെ കണ്ടെത്തുന്നതിനുള്ള ശ്രമം ശക്തമാക്കണമെന്ന് യുഎൻസി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് കേസ് എൻഐഎയ്ക്കു കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.
National
ഇംഫാൽ: മണിപ്പുരിൽ സായുധസംഘം അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയ ആളുകളെ മോചിപ്പിക്കുന്നതിനു ശ്രമം തുടരുന്നു.
മണിപ്പുർ സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സാമൂഹ്യസംഘടനകളുമാണു മോചനത്തിനു ശ്രമിക്കുന്നത്. കാങ്പോക്പി, സേനാപതി ജില്ലകളിൽ ബന്ദിയാക്കപ്പെട്ട 38 പേരിൽ 31 പേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വിട്ടയച്ചിരുന്നു.
അവശേഷിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് ലഭ്യമായിട്ടില്ല. തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ വെടിയേറ്റുമരിച്ചതിനെത്തുടർന്നാണ് വിവിധഭാഗങ്ങളിൽനിന്നായി ആളുകളെ ബന്ദികളാക്കിയത്.
National
ഇംഫാൽ: മണിപ്പുരിൽ സായുധസംഘങ്ങളുടെ പിടിയിലായിരുന്ന ബന്ദികളിൽ 31 പേരെ വിട്ടയച്ചു. ആറുപേർ ഇപ്പോഴും സായുധസംഘങ്ങളുടെ പിടിയിൽ തുടരുന്നതായാണ് നിഗമനം.
കാങ്പോക്പി, സേനാപതി ജില്ലകളിൽനിന്ന് ബുധനാഴ്ചയാണ് കുക്കി,നാഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ ബന്ദികളാക്കിയത്. മോചിതരായവരില്‍ ഡോൺബോസ്കോ സഭാംഗങ്ങളായ രണ്ടുപേരും നാഗ വിഭാഗക്കാരായ പന്ത്രണ്ട് സ്ത്രീകളും ഉണ്ട്.
മക്ഹാന് ഗ്രാമത്തില്‍ ഇവരെ മോചിപ്പിക്കുകയായിരുന്നു. സേനാപതി ജില്ലയില്‍നിന്ന് ബിന്ദിയാക്കപ്പെട്ട കുക്കി വിഭാഗക്കാരായ നാല് പുരുഷന്മാരെ സായുധസംഘം സുരക്ഷാസേനയ്ക്കു കൈമാറുകയായിരുന്നു. ഏതാനും സ്ത്രീകളെയും മോചിപ്പിച്ചു.
വിവിധ സംഘടനകളുടെ ശക്തമായ സമ്മർദത്തെത്തുടർന്ന് ഇന്നലെ മാത്രം 28 പേരെ മോചിപ്പിച്ചു. മുഴുവൻ ആളുകളെയും സുരക്ഷിതമായി മോചിപ്പിക്കണമെന്ന് സംഘടകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം തീവ്രവാദികളുടെ വെടിയേറ്റു തഡോ ബാപിസ്റ്റ് അംഗങ്ങളായ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മേഖലയിൽ സംഘർഷം ശക്തമായത്.
പ്രതിഷേധം ശക്തമായതിനൊപ്പം പല ഗ്രാമങ്ങളിലും സംഘർഷം രൂക്ഷമായി. ഇതോടെയാണ് വിവിധ ഗോത്രവിഭാഗക്കാർ എതിർ വിഭാഗങ്ങളെ ബന്ദികളാക്കിയത്.
National
ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ സായുധ തീവ്രവാദികൾ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾക്കു തീയിട്ടു. പ്രദേശവാസികൾ പലായനം ചെയ്തു. ഇന്നലെ വെളുപ്പിന് നാലിന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലായിരുന്നു ആക്രമണം.
നാംലീ, വാംഗ്ലീ, ചോരോ എന്നീ നാഗാ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രദേശവാസികൾ തൊട്ടടുത്ത വനത്തിലേക്കു പലായനം ചെയ്തു. ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനിടെ ഒരു വയോധികയ്ക്കു പരിക്കേറ്റു.
ആസാം റൈഫിൾസ് ഉൾപ്പെടെയുള്ള സുരക്ഷാസേന പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മ്യാൻമർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി നാഷണൽ ആർമി (ബർമ), പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് എൽ. കീഷിംഗ് എംഎൽഎ ആരോപിച്ചു.
നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎയാണ് കീഷിംഗ്. മേഖലയിൽ മണിപ്പുർ പോലീസിന്റെ സാന്നിധ്യമില്ലായിരുന്നുവെന്നും ഗ്രാമീണരെ സംരക്ഷിക്കുന്നതിൽ ആസാം റൈഫിൾസ് പരാജയപ്പെട്ടുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.
National
ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുരിൽ കഴിഞ്ഞ ഏപ്രിലിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
കുറ്റകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം അറസ്റ്റ്ചെയ്യണമെന്ന ആവശ്യത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു.
ഇതേത്തുടർന്ന് അഞ്ചുവയസുകാരന്റെയും ആറുമാസം മാത്രം പ്രായമുള്ള സഹോദരിയുടെയും മൃതദേഹങ്ങൾ 25 ദിവസമായി ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുട്ടികൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനാവലിയാണ് ജന്മനാട്ടിൽ കാത്തുന്നത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങണമെന്ന് കഴിഞ്ഞമാസം അവസാനം മുഖ്യമന്ത്രി വെ.ഖേംചന്ദ് ബന്ധുക്കളോട് അഭ്യർഥിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിരുന്നു.
ബിഷ്ണുപൂരിലെ ട്രോംഗ്ലോബിയിൽ കഴിഞ്ഞമാസം ഏഴിനാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ബോംബ് ആക്രമണം ഉണ്ടായത്. മണിപ്പൂർ താഴ്വരയിലെ അഞ്ച് ജില്ലകളിൽ ഇതേത്തുടർന്ന് വ്യാപകപ്രതിഷേധം അരങ്ങേറിയിരുന്നു. അന്വേഷണം പിന്നീട് എൻഐഎയ്ക്കു കൈമാറുകയും ചെയ്തു.
National
ഇംഫാൽ: മണിപ്പുരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതയിലേക്കു നടന്ന പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. സമരക്കാരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധം അക്രമത്തിനു വഴിമാറി.
പ്രതിഷേധക്കാർക്കു നേരേ പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.ഇതിനിടെ, മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ചയ്ക്കു പ്രതിഷേധക്കാരിൽ ഏതാനുംപേർക്ക് അനുമതി നൽകി. ഇവർ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.
മെയ്തി സംഘടനയായ കൊകോമിയുടെ (കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു കുട്ടികളുടേതുൾപ്പെടെ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഈമാസം ഏഴിനുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും കൊലയ്ക്ക് ഇരയായി.
വെള്ളിയാഴ്ച ഉക്റുൽ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർകൂടി കൊല്ലപ്പെട്ടു.
National
ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൽ ജില്ലയിൽ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ഗോത്ര വിഭാഗക്കാരാണ് ഏറ്റുമുട്ടിയത്. മുല്ലം ഗ്രാമത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മുല്ലം ഗ്രാമത്തിൽ സായുധ തീവ്രവാദികൾ തമ്മിൽ വെടിവയ്പുണ്ടായി. ഏതാനും വീടുകൾ തീവ്രവാദികൾ കത്തിച്ചു. രണ്ടു വില്ലേജ് വോളന്റിയർമാർ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകൾ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ സിനാകെയ്തേയി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 29 വയസുള്ള യുവാവ് കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാഗാ വിഭാഗം ആരോപിച്ചു.
National
ഇംഫാൽ: ഈ മാസം നടന്ന രണ്ടു വ്യത്യസ്ത വംശീയാക്രമണങ്ങളിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചതിനെത്തുടർന്ന് മണിപ്പുരിൽ പ്രതിഷേധം കനക്കുന്നു.
വിവിധ സംഘടനകളുടെ സന്പൂർണ അടച്ചിടൽ ആഹ്വാനം മെയ്തേയ് ഭൂരിപക്ഷമേഖലയായ താഴ്വര ജില്ലകളിലും കുക്കി ഭൂരിപക്ഷപ്രദേശമായ ഉന്നതിയിലും ജനജീവിതം ഒരുപോലെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരകേന്ദ്രങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.
മെയ്തേയ് വിഭാഗം കൂടുതലായുള്ള അഞ്ച് താഴ്വര ജില്ലകളിലും, ഉഖ്രുൽ, സേനാപതി ജില്ലകളിലെ നാഗാ ജനവാസ മേഖലകളിലും പൊതുഗതാഗതം നിലച്ചു.
ഉറിപോക്ക്, നാഗരം തുടങ്ങി ഇംഫാൽ താഴ്വരയിൽ കൊലപാതകങ്ങൾക്കെതിരേ കുത്തിയിരിപ്പ് സമരം നടന്നു. ബിഷ്ണുപുരിലെ ട്രോംഗ്ലോബിയിൽ കഴിഞ്ഞ ഏഴാം തീയതി നടന്ന ബോംബ് ആക്രമണത്തിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കൂട്ടികളാണ് കൊല്ലപ്പെട്ടത്.
അഞ്ചു വയസുള്ള ആൺകുട്ടിയുടെയും ആറു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെയും ജീവനെടുത്ത ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കു പരിക്കേൽക്കുകയും ചെയ്തു. കുക്കി ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
ഞായറാഴ്ച വാഹനവ്യൂഹത്തിനു നേരേയുണ്ടായ വെടിവയ്പിൽ വിരമിച്ച സൈനികൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതിന്റെ പേരിൽ ഐക്യ നാഗ കൗൺസിലും മൂന്നു ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലിതാനിലെ ടിഎം കാസോം ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. വെടിവയ്പിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. ഇംഫാലിൽ ആശുപത്രിയിൽ കഴിയുന്ന അച്ഛനെ സന്ദർശിച്ചശേഷം ജന്മനാട്ടിലേക്കു മടങ്ങിയ തഷാർ സ്വദേശിയായ മുൻ സൈനികനും ഖരസോം സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.
പൂർണ സ്തംഭനം: മെയ്തേയ്, കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിൽ പ്രതിഷേധം ശക്തമാണ്.
ബാധിക്കപ്പെട്ട ജില്ലകൾ: അഞ്ച് താഴ്വര ജില്ലകൾക്ക് പുറമെ ഉഖ്രുൽ, സേനാപതി ജില്ലകളിലും ജനം തെരുവിലിറങ്ങി.
പൊതുജീവിതം സ്തംഭിച്ചു:വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവ പൂർണമായി നിലച്ചു. ഇംഫാൽ താഴ്വരയിൽ കുത്തിയിരിപ്പ് സമരങ്ങൾ അരങ്ങേറുന്നു
യുണൈറ്റഡ് നാഗാ കൗൺസിൽ: നാഗാ വംശജർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നു ദിവസത്തെ പണിമുടക്കിന് ആഹ്വാനം.
National
ഇംഫാൽ: മണിപ്പുരിൽ വീണ്ടും ചോരപ്പുഴ ഒഴുക്കി വംശീയാക്രമണം. ആളുകൾക്ക് യാത്രചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള വാഹനവ്യൂഹത്തിനു നേരേ ഉക്രുൽ ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ മുൻ സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയായിരുന്നു.
ലിതാനിലെ ടിഎം കാസോം ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആക്രമണം. ഇംഫാലിൽ നിന്ന് ഉക്രുലിലേക്കുള്ള യാത്രാവാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ഒരു കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ആളിന്റെ നെറ്റിയിലാണ് വെടിയേറ്റത്. ഇയാൾ തൽക്ഷണം മരിച്ചു. വെടിയേറ്റ മറ്റൊരാളും ഏതാനും സമയത്തിനുള്ളിൽ മരണത്തിനു കീഴടങ്ങി. തഷാർ സ്വദേശിയായ മുൻ സൈനിക ഉദ്യോഗസ്ഥനും ഖരസോം സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.
മൂന്നു കാറുകളുടെ ചില്ലുകൾ ഉൾപ്പെടെ ആക്രമണത്തിൽ തകർന്നു. സ്ത്രീകളും കുട്ടികളും പ്രായമേറിയ ആളുകളും യാത്രക്കാരിൽ ഉണ്ടായിരുന്നു.സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതായി മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗ് അറിയിച്ചു.
അക്രമികളെ കണ്ടെത്താൻ സുരക്ഷാസേന തിരച്ചിൽ തുടങ്ങി. പ്രാഥമികനടപടികളുടെ ഭാഗമായി ലിതാൻ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തുമുഖ്യമന്ത്രി അറിയിച്ചു.ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന് കുക്കി സോ കൗൺസിൽ പറഞ്ഞു.
അതേസമയം ആക്രമണത്തിനു പിന്നിൽ കുക്കികളാണെന്ന് നാഗ സംഘടനകൾ ആരോപിച്ചു. സ്നിപ്പറുകൾ ഉൾപ്പെടെ ആക്രമണത്തിന് ഉപയോഗിച്ചു. സുരക്ഷാഭടന്മാർ പിന്തിരിഞ്ഞതിനു പിന്നാലെയാണ് ആക്രമണമെന്നും അവർ ആരോപിച്ചു.
National
ന്യൂഡൽഹി: കലാപസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന മണിപ്പുരിൽ ഗവർണറുടെ ഓഫീസിനും സേന ആസ്ഥാനത്തിനും ഉൾപ്പെടെ തീവച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തകർത്ത് കേന്ദ്രസർക്കാർ.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ബിഷ്ണുപുരിൽ ഉണ്ടായ സ്ഫോടനമാണു സംസ്ഥാനത്തെ വീണ്ടും കലാപാന്തരീക്ഷത്തിൽ എത്തിച്ചത്.
സ്ഫോടനത്തിൽ അഞ്ചുവയസുള്ള ബാലനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം വ്യാജ വാർത്തകളുമായി ഒട്ടേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ തലപൊക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്താക്കി. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അവർ വിശദീകരിച്ചു.
അതേസമയം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്.
National
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബാക്രമണത്തിൽ രണ്ട് മെയ്തെയ് കുട്ടികൾ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അജ്ഞാതരെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
മണിപ്പൂർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ഒരു വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് വയസുകാരനും ആറ് മാസം പ്രായമുള്ള സഹോദരിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
നിലവിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തിവരികയാണ്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ കൊലപാതകത്തെത്തുടർന്ന് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങൾ സംയമനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസുമായി സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
National
ഇംഫാൽ: റോക്കറ്റ് ആക്രമണത്തിൽ മണിപ്പൂർ ബിഷ്ണുപൂർ ജില്ലയിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമ്മയ്ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ട്രോംഗ്ലാവോബി അവാംഗ് ലെയ്കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
കുട്ടികളുടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ഒരു പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ച് തകർത്തു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പ്രതിഷേധക്കാർ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പുലർച്ചെ നടന്ന സംഘർഷത്തിൽ 19 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് സംഭവത്തെ മനുഷ്യത്വ വിരുദ്ധമായ ക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ സമാധാനം നിലനിർത്താനായി ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചു.
National
ഇംഫാല്‍: മണിപ്പുരില്‍ കുക്കികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിഷ്ണുപുര്‍ ജില്ലയില്‍ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം ഉണ്ടായത്. ബോംബ് ആളുകള്‍ താമസിക്കുന്ന മോയിറാംഗ് ട്രോംഗ്ളവോബിയിലെ വീട്ടില്‍ പതിച്ച് ആറ് മാസം പ്രായവും അഞ്ച് വയസ് പ്രായവുമുള്ള കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
National
ഇംഫാൽ: മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
National
ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിന് അറുതി വരുത്താനുള്ള നിർണായക നീക്കവുമായി പുതിയ മുഖ്യമന്ത്രി രംഗത്തെത്തി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുക്കി-സോ വിഭാഗത്തിലെ നേതാക്കൾ ചർച്ചകൾക്കായി തയ്യാറായതാണ് റിപ്പോർട്ട്.
മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി കുക്കി-സോ വിഭാഗങ്ങൾക്ക് നേരെ സമാധാന ചർച്ചകൾക്ക് സന്നദ്ധതയറിയിച്ചതോടെയാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിട്ടുവീഴ്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായാണ് കുക്കി-സോ നേതാക്കൾ പ്രതികരിച്ചത്.
മുൻപ് ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇവർ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി ഉന്നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. മണിപ്പൂരിലെ ഈ പുതിയ നീക്കങ്ങൾക്ക് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ട്. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിന് കേന്ദ്ര ഏജൻസികളും സഹകരിക്കുന്നുണ്ട്.
ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് ഒടുവിൽ 2026 ഫെബ്രുവരി 4-നാണ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ചുമതലയേറ്റത്. മണിപ്പൂരിലെ വംശീയ കലാപത്തെത്തുടർന്ന് എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ഇംഫാല്‍/ഗോഹട്ടി: മണിപ്പൂരിൽ ജനതയിൽ അശാന്തി വിതച്ച് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്. ഉക്രുല്‍ ജില്ലയിൽ കുക്കികളും നാഗ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ.
വ്യാഴാഴ്ച ഉച്ചയോടെ വെടിവയ്പു തുടങ്ങിയതായി ഉക്രുൽ സിനാകൈതേയ് നിവാസികൾ പറഞ്ഞു. 3:20 ഓടെ വിവിധയിടങ്ങളിൽ കുക്കികൾ വെടിവച്ചുവെന്ന് ഗ്രാമത്തലവന് ആരോപിച്ചു. തങ്ഖുല്‍ നാഗയിലുണ്ടായിരുന്ന സുരക്ഷാ ഭടന്മാര് പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മണിക്കൂറോളം ഇരുഭാഗവും ആക്രമിച്ചു. ഇന്നലെ രാവിലെവരെ ഇടവിട്ട് വെടിവയ്പുണ്ടായി. ആളുകൾ വീടുകളില്‍ തുടരുകയാണ്.
ആൾനാശമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകൾ ആശങ്കയുടെ നിഴലിലായിട്ടുണ്ട്.അതേസമയം പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.
National
ഇംഫാൽ: മണിപ്പൂരിലെ നോനിയിൽ ബോംബ് സ്ഫോടനത്തിൽ നാലുവയസുകാരന് ദാരുണാന്ത്യം.
നോനി ഖൗപുമിലെ താവോലിംഗ്പുംഗിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ കുട്ടിയുടെ അച്ഛനു പരിക്കേറ്റു. വീടിനു പുറത്തെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
National
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.
20 നാഗാ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സംഘർഷം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
National
ഇംഫാൽ: നാഗാ പൗരന്മാരെ മറ്റൊരു സമുദായത്തിൽപ്പെട്ട ഗ്രാമീണർ തടഞ്ഞുവച്ചതിനെത്തുടർന്ന് മണിപ്പുരിലെ ഉക്രുൽ ജില്ല സംഘർഷഭരിതം.
ഉക്രുൽ-ഇംഫാൽ പാതയിലൂടെ സഞ്ചരിച്ച നാഗ വിഭാഗക്കാരെയാണ് പോലീസ് സ്റ്റേഷനുസമീപമുള്ള ഷാംഗ്കായിൽ തടഞ്ഞുവച്ചത്.
National
ഇംഫാൽ: മണിപ്പുർ നിയമസഭാ സമ്മേളനത്തിൽ കുക്കി വിഭാഗത്തിലെ ആറ് എംഎൽഎമാർ ഓൺലൈനായി പങ്കെടുത്തു. സംസ്ഥാനത്തെ ക്രമസമാധാനം സാധാരണ നിലയിലെത്തുന്നു എന്നതിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് പ്രതികരിച്ചു.
മെയ്തെയ്-കുക്കി വിഭാഗക്കാർ തമ്മിൽ 2023 മേയ് മുതൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ പ്രത്യേക ഭരണസംവിധാനം വേണമെന്ന് പത്ത് കുക്കി എംഎൽഎമാർ ആവശ്യപ്പെടുകയായിരുന്നു. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാരുമായി സഹകരിക്കാൻ അവർ വിസമ്മതിക്കുകയും ചെയ്തു.
ഇതിൽ ആറ് പേരാണ് സഭാ നടപടികളുമായി സഹകരിച്ചത്. കലാപത്തിൽ പരിക്കേറ്റ വാംഗ്സാഗിൻ വാൽറ്റെ എന്ന എംഎൽഎ കഴിഞ്ഞമാസം മരണമടയുകയും ചെയ്തു.
National
ന്യൂഡൽഹി: മണിപ്പുരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നാഗ ഭൂരിപക്ഷ ജില്ലയായ ഉക്രുളിലെ സ്കൂളിൽനിന്ന് 51 കുക്കി വിദ്യാർഥികളെ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
ഉക്രുൾ രാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽനിന്നാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കുക്കി ഭൂരിപക്ഷ ജില്ലയായ കാംഗ്പോക്പിയിലേക്കു മാറ്റിയത്. 51 വിദ്യാർഥികളിൽ 20 പേർ പെണ്‍കുട്ടികളാണ്. ഈ കുട്ടികളുടെ പരീക്ഷാകേന്ദ്രങ്ങളും കാംഗ്പോക്പി ജെഎൻവിയിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു നടന്ന ആക്രമണത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകന്പടിയോടെയാണു വിദ്യാർഥികളെ കുക്കി മേഖലയിലേക്കു മാറ്റിയത്. അക്രമങ്ങളിൽ ചില വിദ്യാർഥികൾക്കുകൂടി പങ്കുണ്ടെന്ന് നാഗകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തെറ്റായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുക്കി വിദ്യാർഥികളെ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിച്ചത്.
National
ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.
സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു.
National
ഇംഫാൽ: അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കി.
തിങ്കളാഴ്ച രാത്രി ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾ അയൽ ജില്ലയായ കാംഗ്പോക്പിയിലേക്ക് പലായനം ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിച്ചതായി അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമത്തിലുള്ളവർ നാഗാ വിഭാഗത്തിൽപ്പെട്ട ഒരാളെ ആക്രമിച്ചിരുന്നു. തുടർന്നാണ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അവിശ്വസനീയമായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
National
ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൾ ജില്ലയിൽ കുക്കി-നാഗാ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. അക്രമികൾ നിരവധി വീടുകൾ കത്തിച്ചു. ലിറ്റാൻ സരേയ്ഖോംഗ് ഗ്രാമത്തിലായിരുന്നു സംഭവം. അക്രമികൾ ആകാശത്തേക്കു പല റൗണ്ട് വെടിവച്ചതിനെത്തുടർന്ന് ഗ്രാമവാസികൾ സമീപത്തെ കാംഗ്പോക്പി ജില്ലയിലേക്കു രക്ഷപ്പെട്ടു.
ടാംഗ്ഖുൽ നാഗാ വിഭാഗക്കാരും മറ്റിടങ്ങളിലേക്കു രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ടാംഗ്ഖുൽ നാഗാ വിഭാഗത്തിലെ ഒരാളെ എട്ടു പേർ ചേർന്ന് ലിറ്റൻ ഗ്രാമത്തിൽവച്ച് മർദിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. മർദനത്തിരയായ ആളുടെ സഹായിയും ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവനും ചേർന്ന് ഞായറാഴ്ച പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, സമാധാനയോഗം ചേർന്നില്ല. തുടർന്ന് സികിബംഗ് ഗ്രാമക്കാരായ ഒരു സംഘം ആളുകൾ ലിറ്റൻ സരേയ്ഖോംഗ് ഗ്രാമത്തലവന്റെ വീട് ആക്രമിച്ചു. അക്രമികൾ പല റൗണ്ട് ആകാശത്തേക്കു വെടിയുതിർക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ലിറ്റൻ സരേയ്ഖോംഗിൽ നാഗാ വിഭാഗക്കാരുടെ വീടുകൾ കുക്കി തീവ്രവാദികൾ അഗ്നിക്കിരയാക്കി. സമീപത്തുള്ള കുക്കി വിഭാഗത്തിന്റെ ഏതാനും വീടുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞും ലിറ്റൻ സരേയ്ഖോംഗിൽ അക്രമികൾ വീടുകൾ കത്തിച്ചു.
മണിപ്പുരിലെ ഏറ്റവും വലിയ നാഗാ ഗോത്രവിഭാഗമാണ് ടാംഗ്ഖുൽ. സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും 21 വീടുകൾ അഗ്നിക്കിരയായെന്നും മണിപ്പുർ മന്ത്രി ഗോവിന്ദാസ് കോന്തൗജം പറഞ്ഞു. ഉപമുഖ്യമന്ത്രി എൽ. ദിഖോയുടെ നേതൃത്വത്തിലുള്ള സംഘം ലിറ്റനിൽ യോഗം ചേർന്നു. നാഗാ സംഘടനാ പ്രതിനിധികളും കുക്കി എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ അക്രമാസക്തമായതോടെ ജാഗ്രതയിലാണ് സുരക്ഷാസേന.
വ്യാഴാഴ്ച ചുരചന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിനാണ് വഴിവച്ചത്. ഇതോടെ മണിപ്പുരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. ചുരാചന്ദ്പൂരിൽ വ്യാഴാഴ്ച വൈകുന്നേരം പോലീസിനുനേരെ കല്ലേറുണ്ടായി. വാഹനഗതാഗതം തടഞ്ഞു. റോഡിൽ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു.
ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. സാഹചര്യങ്ങൾ സങ്കീർണമായതോടെ കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
പുതിയ സർക്കാരിൽനിന്ന് ഉപമുഖ്യമന്ത്രിയടക്കം കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധത്തിനാണ് വിവിധ സംഘടനകളുടെ ആഹ്വാനം.
Leader Page
രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ഒരു വർഷത്തോളം തുടരേണ്ടിവന്ന ശേഷമാണ് മണിപ്പുരിൽ വീണ്ടും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽവന്നത്. യുമാൻ ഖേംചന്ദ് സിംഗ് സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ, കേന്ദ്രസർക്കാരിന്റെ നിർണായക ഇടപെടലും സംസ്ഥാനത്തിനുള്ളിലെ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഒരുമിച്ച് പ്രകടമായ ഒരു നിർണായക വഴിത്തിരിവാണ് സംഭവിച്ചത്. ഈ നീക്കം 2027ലെ നിയമസഭാ തെരഞ്ഞെടുപ്പു മുൻനിർത്തി രാഷ്ട്രീയമായി നിർണായകമാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്, പ്രത്യേകിച്ച് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മണിപ്പുരിലെ രണ്ട് സീറ്റുകളും കോൺഗ്രസിനോട് നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ.
ഡൽഹിയിൽ നടന്ന അടച്ചിട്ട കൂടിക്കാഴ്ചകളുടെയും പാർട്ടി നേതൃത്വത്തിന്റെ സൂക്ഷ്മമായ തന്ത്രങ്ങളുടെയും ഫലമായാണ് ഖേംചന്ദിനെ മുഖ്യമന്ത്രിയായി ഉയർത്തിയത്. കേന്ദ്രനിരീക്ഷകനെ നിയോഗിച്ച്, ബിജെപി എംഎൽഎമാരെയും സഖ്യകക്ഷികളെയും വേർതിരിച്ച് കണ്ട്, തുടർന്ന് നിയമസഭാ കക്ഷി നേതാവിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുന്ന രീതിയിൽ നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ നിരീക്ഷകർ ‘സൂക്ഷ്മമായി തയാറാക്കിയ തിരക്കഥ’ എന്നുപോലും വിശേഷിപ്പിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് തന്നെ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളോടെയായിരുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചു. കാംഗ്പോക്പി മണ്ഡലത്തിൽ നിന്നുള്ള നേംച കിപ്ഗെനും മാവോ മണ്ഡലത്തിലെ ലോസീ ഡിഖോയും. ഇതോടെ കുക്കി-സോയും നാഗയും എന്നിങ്ങനെ രണ്ട് പ്രധാന ഗോത്രസമൂഹങ്ങളുടെ പ്രതിനിധ്യം മന്ത്രിസഭയുടെ മുകളിൽതന്നെ പ്രത്യക്ഷമായി. 2023 മേയിൽ തുടങ്ങിയ കലാപങ്ങൾക്ക് ശേഷം ആദ്യമായാണ് കുക്കി-സോ സമൂഹത്തിൽനിന്നുള്ള എംഎൽഎമാർ ഇംഫാലിലെ രാജ്ഭവനിൽ എത്തിയത് എന്നതും ഈ ചടങ്ങിന് രാഷ്ട്രീയമായ വലിയ അർഥം നൽകി.
ബിരേന്റെ ഒഴിവാക്കൽ
എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഘടകം മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ പൂർണമായ ഒഴിവാക്കലാണ്. മണിപ്പുരിലെ ഭരണനേതൃത്വത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ബിരേൻ, സംസ്ഥാനത്തെ കലാപസാഹചര്യങ്ങൾ കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി കടുത്ത വിമർശനം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തെ കുറിച്ച് പാർട്ടിക്കുള്ളിലും പുറത്തും അഭിപ്രായഭിന്നതകൾ ഉയർന്നിരുന്നു. പുതിയ മന്ത്രിസഭ രൂപീകരണത്തിൽ ബിരേനെ മുഖ്യമന്ത്രിയാക്കാതിരിക്കുകയും മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതോടെ, ബിജെപി ഒരു വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു: പഴയ ഭരണരീതിയോട് അകലം പാലിച്ച്, ‘പുതിയ തുടക്കം’ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ബിരേന്റെ ഒഴിവാക്കൽ പാർട്ടിക്കുള്ളിൽ തന്നെ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അദ്ദേഹത്തിന് സംസ്ഥാനത്ത് ഇപ്പോഴും സ്വാധീനമുള്ള അനുയായികളും രാഷ്ട്രീയ അടിത്തറയും ഉണ്ടെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ പുറത്തുനിർത്തുന്നത് പാർട്ടിയിലെ ആഭ്യന്തര സമവാക്യങ്ങളെ ബാധിക്കുമോ എന്ന ആശങ്കകളും ഉയരുന്നു. ചില വിഭാഗങ്ങൾ ഇത് സംഘർഷബാധിതമായ കാലഘട്ടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാനുള്ള ശ്രമമെന്നു കാണുമ്പോൾ, മറ്റുചിലർ ഇത് സമൂഹങ്ങൾക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള നീക്കമെന്നാണ് വ്യാഖ്യാനിക്കുന്നത്. പ്രത്യേകിച്ച് കുക്കി-സോ സമൂഹവുമായി ബന്ധപ്പെട്ട് ബിരേന്റെ കാലത്തെ ഭരണനടപടികൾ കടുത്ത വിമർശനങ്ങൾക്കിടയാക്കിയ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ഒഴിവാക്കൽ പുതിയ സർക്കാരിന് കുറച്ചെങ്കിലും രാഷ്ട്രീയ ആശ്വാസം നൽകുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്.
പ്രതീക്ഷ വാനോളം
അതേസമയം, സർക്കാർ തിരിച്ചുവന്നതോടെ ജനങ്ങളുടെ പ്രതീക്ഷകൾ വൻതോതിലാണ്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസം, അടച്ചിട്ട ദേശീയപാതകൾ തുറക്കൽ, എല്ലാ പ്രദേശങ്ങളിലേക്കും സ്വതന്ത്ര യാത്ര ഉറപ്പാക്കൽ, ഗ്രാമങ്ങളിലേക്കുള്ള സുരക്ഷ പുനഃസ്ഥാപിക്കൽ എന്നിവയാണ് മുൻനിരയിൽ നിൽക്കുന്ന ആവശ്യങ്ങൾ. മുൻകാലത്ത് പ്രഖ്യാപിച്ച സമയപരിധികൾ പലതും പാലിക്കപ്പെടാതിരുന്നതോടെ ജനങ്ങളിൽ സംശയവും നിരാശയും വർധിച്ചിട്ടുണ്ട്. ‘ബഫർ സോണുകൾ’ എന്ന ആശയം സംബന്ധിച്ച് സർക്കാർതലത്തിൽനിന്ന് വരുന്ന വിശദീകരണങ്ങളും താഴെത്തട്ടിലുള്ള അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ സംശയം കൂടുതൽ ശക്തമാക്കുന്നു.
സുരക്ഷാ സാഹചര്യങ്ങൾ ദേശീയതലത്തിലെ രാഷ്ട്രീയ ചർച്ചകളുമായി ചേർന്നുകിടക്കുന്നു. മ്യാൻമറിൽ നിന്നുള്ള കുടിയേറ്റം സംഘർഷങ്ങൾക്ക് ഒരു ഘടകമാണെന്ന കേന്ദ്രമന്ത്രിമാരുടെ പരാമർശങ്ങൾ അതിർത്തി നിയന്ത്രണം, പൗരത്വ പരിശോധന, നിയമനടപടികൾ തുടങ്ങിയ വിഷയങ്ങൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പ്രതികരണം ഇതുവരെ ഭാഗികമാണെന്നും, സമഗ്രമായ രാഷ്ട്രീയ-ഭരണപരമായ പരിഹാരങ്ങൾ രൂപപ്പെട്ടിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ‘സ്വതന്ത്ര ഗതാഗതം’ ഉറപ്പാക്കുമെന്ന പഴയ പ്രഖ്യാപനങ്ങൾ ഇപ്പോഴും പൂർണമായി നടപ്പായിട്ടില്ലെന്ന ആരോപണങ്ങളും തുടരുന്നു.
2027 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ, മെയ്തെയ് സമൂഹത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും വീണ്ടും രാഷ്ട്രീയ അജണ്ടയുടെ കേന്ദ്രത്തിലേക്ക് എത്തുകയാണ്. 2013ൽതന്നെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പഠനങ്ങൾ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതായും പിന്നീട് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതായും വിമർശനങ്ങൾ ഉണ്ട്. 2023ലെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം കൂടുതൽ വികാരഭരിതമായി മാറിയിരുന്നു. ഇപ്പോൾ വിവിധ സംഘടനകൾ ‘No ST, No Vote’ പോലുള്ള മുദ്രാവാക്യങ്ങളുമായി രാഷ്ട്രീയ പാർട്ടികളിൽ സമ്മർദം ചെലുത്താൻ തയാറെടുക്കുകയാണ്. അനുകൂലകർ അന്തിമ തീരുമാനാധികാരം പാർലമെന്റിനാണെന്ന് വാദിക്കുമ്പോൾ, മറ്റ് ഗോത്രസമൂഹങ്ങൾ അവരുടെ നിലവിലെ ആനുകൂല്യങ്ങൾ കുറയുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നു. ഇതോടെ ഈ വിഷയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ ധ്രുവീകരണ ഘടകമായി മാറാനുള്ള സാധ്യതയുണ്ട്.
‘പുതിയ മുഖം’ ഫലിക്കുമോ?
ഈ എല്ലാ ഘടകങ്ങളും ചേർന്നാണ് മണിപ്പുരിലെ പുതിയ സർക്കാരിന്റെ യഥാർഥ പരീക്ഷണം ആരംഭിക്കുന്നത്. ഖേംചന്ദിന്റെ ഉയർച്ചയും സമൂഹസമതുലിതത്വം സൂചിപ്പിക്കുന്ന മന്ത്രിസഭയും ബിരേൻ സിംഗിനെ പുറത്തു നിർത്തിയുള്ള ‘പുതിയ മുഖം’ എന്ന രാഷ്ട്രീയ സന്ദേശവും കേന്ദ്രത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തന്ത്രപരമായ കണക്കുകൂട്ടലുകളെ വ്യക്തമാക്കുന്നു. എന്നാൽ ഭരണത്തിന്റെ വിജയമോ പരാജയമോ തീരുമാനിക്കപ്പെടുക പ്രതീകാത്മക നീക്കങ്ങളിലൂടെയല്ല, മറിച്ച് അടിസ്ഥാനജീവിതം മാറ്റുന്ന നടപടികളിലൂടെ തന്നെയായിരിക്കും-സുരക്ഷ പുനഃസ്ഥാപിക്കപ്പെടുന്നുണ്ടോ, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നുണ്ടോ, റോഡുകൾ തുറക്കപ്പെടുന്നുണ്ടോ, സമൂഹങ്ങൾക്കിടയിൽ വിശ്വാസം വീണ്ടെടുക്കപ്പെടുന്നുണ്ടോ എന്നതിലൂടെയാണ്.
സ്ഥിരതയിലേക്കോ?
രാഷ്ട്രപതി ഭരണത്തിൽനിന്ന് പ്രതിനിധി ഭരണത്തിലേക്കുള്ള ഈ മാറ്റം മണിപ്പുരിന് സ്ഥിരതയിലേക്കുള്ള ഒരു തുടക്കമാകുമോ, അല്ലെങ്കിൽ വെറും രാഷ്ട്രീയ പുനഃക്രമീകരണം മാത്രമായിരിക്കുമോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. മുൻ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ഒഴിവാക്കൽ പഴയ ഭരണത്തിന്റെ അധ്യായത്തിന് ഒരു ഇടവേളയാണെന്ന് സൂചിപ്പിച്ചേക്കാമെങ്കിലും അതിലൂടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര വെല്ലുവിളികളും പുതിയ ഭരണത്തിന് മുന്നിലെ രാഷ്ട്രീയ സമ്മർദങ്ങളും ഒരേസമയം ഉയർന്നുവരുന്നു. വരാനിരിക്കുന്ന മാസങ്ങളാണ് ഈ സർക്കാരിന് ജനവിശ്വാസം വീണ്ടെടുക്കാനും സംസ്ഥാനത്തെ ദീർഘകാലമായി അലട്ടുന്ന രാഷ്ട്രീയ-സാമൂഹിക സംഘർഷങ്ങൾക്ക് സ്ഥിരപരിഹാരത്തിന്റെ ദിശയിലേക്ക് നീങ്ങാനും കഴിയുമോ എന്ന് തീരുമാനിക്കുക. പുതിയ സർക്കാർ രൂപീകരണം നാഗാ സമൂഹം സ്വാഗതം ചെയ്യുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, സർക്കാരിൽ ചേരുന്നതോ അതുമായി സഹകരിക്കുന്നതോ ചെയ്യുന്ന കുക്കി എംഎൽഎമാർക്കെതിരേ കുക്കി സംഘടനകൾ ശക്തമായ ആക്രമണങ്ങൾ ആരംഭിക്കാനുള്ള സാധ്യതയും വ്യക്തമാകുന്നു. ഇതിനകംതന്നെ നേംച കിപ്ഗെനെതിരേ അവർ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
(ലേഖകൻ എംജി, കാസർഗോഡ് സെൻട്രൽ, ക്വാസുലു നറ്റാൽ, ഐഐടി മദ്രാസ് എന്നിവയുള്‍പ്പെടെയുള്ള സർവകലാശാലകളിൽ പ്രഫസറായിരുന്നു)
National
ഇംഫാൽ: മണിപ്പൂരിൽ കലാപകാരികളെ അമർച്ച ചെയ്യാൻ അയോധനകലയായ തായ്ക്വാണ്ടോയിൽ ബ്ലാക്ബെൽറ്റ് നേടിയിട്ടുള്ള പുതിയ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിനു കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
ബിജെപി ടിക്കറ്റിൽ രണ്ടുതവണ നിയമസഭയിലെത്തി, സ്പീക്കർ, മന്ത്രിസഭാംഗം എന്ന നിലകളിൽ അനുഭവസന്പത്തുള്ള 62കാരനായ ഖേംചന്ദ് തായ്ക്വാണ്ടോയിൽ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുണ്ട്. തായ്ക്വോണ്ട ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ വൈസ്പ്രസിഡന്റ് ആണെന്നുമാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തായ്ക്വാണ്ടോയുടെ പ്രചാരണത്തിന് ഏറെ സംഭാവനകൾ ചെയ്തയാളുമാണ്.
ആർഎസ്എസിന്റെ സജീവപ്രവർത്തകനായാണു പൊതുരംഗത്ത് എത്തുന്നത്. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലും. 2013ലാണ് ബിജെപിയിലെത്തുന്നത്. 2017ൽ ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി.
ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സർക്കാരിൽ സ്പീക്കറായും പ്രവർത്തിച്ചു. 2022ൽ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിലും പങ്കാളിയായി. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ഭവന, നഗര വികസനം, ഗ്രാമീണവികസനം, പഞ്ചായത്തീരാജ്, വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. 2025ൽ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുംവരെ ഭരണത്തിൽ തുടർന്നു.
ഇംഫാൽ വെസ്റ്റിലെ സിംഗ്ജമൈ യുംനാം ലെയ്കയിലാണു ജനനം. 1978ൽ ഇംഫാലിലെ രാം ലാൽ പോൾ ഹൈസ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കി. ജോയ്ബാല യുമ്നാം ആണ് ഭാര്യ. മക്കൾ: കെൽവിൻ, കാഥറിൻ.
National
ഇംഫാൽ: രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെ തുടർന്ന് മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിച്ച് ബിജെപി. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
ബിജെപി എംഎൽഎ നെംച്ച കിപ്ഗെനും എൻപിഎഫിന്റെ ലോസി ദിക്കോയും ഉപമുഖ്യമന്ത്രിമാരായും ഗോവിന്ദദാസ് ആഭ്യന്ത്രമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിംഗ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ഇംഫാൽ: മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും. ആദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പാർട്ടി തെരഞ്ഞെടുത്തു.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
National
ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഒരുവർഷം പൂർത്തിയാകുന്ന ഈ മാസം 13നു മുന്‍പ് മണിപ്പുരിൽ വീണ്ടും ജനകീയ സർക്കാർ അധികാരത്തിലെത്തിയേക്കും.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരുമായി ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അതിവേഗ നീക്കം.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രനിരീക്ഷകനായി ദേശീയ സെക്രട്ടറി തരുൺ ചുഗിനെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സ്പീക്കര്‍ സത്യബ്രത സിംഗ്, മുന്‍മന്ത്രി വൈ. ഖേംചന്ദ് സിംഗ്, ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ തലസ്ഥാനത്ത് എത്തിയത്.
60 അംഗ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. കലാപം രൂക്ഷമായതിനെത്തുടർന്ന് നിയമസഭ മരവിപ്പിക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമൊഴിഞ്ഞത്. ഫെബ്രുവരി 13ന് ആറുമാസത്തേക്ക് ആദ്യം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മെയ്തേയ്, കുക്കി വിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുമായി ബിജെപി കേന്ദ്രനേതൃത്വം പലതവണ ചര്‍ച്ച നടത്തിയിരുന്നു. സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എമാരെയും കണ്ടു. കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ സർക്കാരിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതായിരുന്നു സർക്കാർ രൂപീകരണത്തിന് ഇതുവരെയുണ്ടായിരുന്ന പ്രധാനതടസം.
National
ഇംഫാല്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുന്നതിനിടെ, കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്തേയ് യുവാവിനെ ആയുധധാരികള്‍ വെടിവച്ചു കൊന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ നഥ്ജാംഗ് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമാണ് അതിഭീകരമായ ഈ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലാംബം റിഷികാന്ത സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേപ്പാളിലാണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ഒരു മാസമായി യുവാവ് ചുരാചന്ദ്പൂരിലെ ഗ്രാമത്തില്‍ കുക്കി വംശജയായ ഭാര്യ ചിംഗു ഹാവോക്കിപ്പിനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ അവിടെയുള്ള കാര്യം കുക്കി ഗ്രാമവാസികള്‍ക്കും അധികൃതര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം പുറത്തുനിന്ന് ഗ്രാമത്തിലെത്തിയ ചില ആയുധധാരികള്‍ ഇയാളെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു.
പുറത്തുവന്ന വീഡിയോയില്‍, യുവാവ് നിലത്തിരുന്നു കൈകൂപ്പി അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നതായി ചുരാചന്ദ്പൂര്‍ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധധാരികളായ അക്രമികളാണ് ഇതിനു പിന്നിലെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇതുവരെ ആരും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
National
ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിക്കു നീതി ലഭ്യമാക്കണമെന്ന് കുക്കി സംഘടനകൾ. മെയ്തെയ്കളുടെ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിനും കൂട്ടമാനഭംഗത്തിനും രണ്ടു വർഷം മുന്‍പ് ഇരയായ ഇരുപതുകാരി കഴിഞ്ഞദിവസം മരിക്കാനിടയായതിൽ കുക്കി ജനത രോഷത്തിലാണ്. മെയ്തെയ്കളുടെ ഭരണത്തിൽ സുരക്ഷിതരല്ലെന്നും കുക്കി ഭൂരിപക്ഷ മേഖലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം വേണമെന്നും കുക്കി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.
കലാപം തുടങ്ങിയ 2023 മേയിൽ മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നു മെയ്തെയ്കൾ തട്ടിക്കൊണ്ടുപോയ 20 വയസുള്ള കുക്കി പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടർന്നുള്ള രോഗാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയത്. ഇംഫാലിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അന്നു പെണ്‍കുട്ടി. പീഡനത്തിന്റെ മാനസികവും ശാരീരികവുമായ പരിക്കുകളിൽനിന്നു പെണ്‍കുട്ടിക്ക് മുക്തി നേടാനായില്ല. വിഷാദരോഗത്തിന് അടിമയായിരുന്നു. ചുരാചന്ദ്പുരിലെ വീട്ടിൽ ചികിത്സയിലിരിക്കെയാണ് യുവതി കഴിഞ്ഞ 11ന് മരിച്ചത്.
ഇംഫാലിലെ ന്യൂ ചെക്കോണിലുള്ള എടിഎമ്മിനു മുന്നിൽനിന്നു മെയ്തെയ്കളായ നാലുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 2023 മേയ് 15ന് വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബലമായി കാറിൽ കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് ഉപദ്രവിച്ചശേഷം ഒരു കുന്നിൻമുകളിൽ കൊണ്ടുപോയാണു കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതര പരിക്കുകളോടെയാണ് പെണ്‍കുട്ടി അക്രമികളിൽനിന്നു രക്ഷപ്പെട്ടത്. കുക്കി സംഘടനകൾ മുൻകൈയെടുത്ത് ആസാം, നാഗാലാൻഡ്, മണിപ്പുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഗർഭാശയ ഫൈബ്രോസിസ് ഉൾപ്പെടെയുള്ള സങ്കീർണതകൾക്കു ചികിത്സ നൽകി.
യുവതിയുടെ മാനഭംഗക്കേസ് ഗോഹട്ടിയിലെ പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്. പ്രതികൾക്കെതിരേ ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുമില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഗുരുതര കേസായിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹ്യസംഘടനകളുടെ ആവർത്തിച്ചുള്ള അഭ്യർഥനകളും ഉണ്ടായിരുന്നിട്ടും കുറ്റവാളികൾക്കെതിരേ അർഥവത്തായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡൽഹിയിലെ കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (കെഎസ്് ഒ) ആരോപിച്ചു. മരിച്ച യുവതിയോടുള്ള ആദരസൂചകമായി വിവിധ കുക്കി സംഘടനകളുടെ ആഭിമുഖ്യത്തിൽ ചുരാചന്ദ്പുരിൽ ശനിയാഴ്ച വൈകുന്നേരം മെഴുകുതിരിയാത്ര നടത്തി.
കുക്കി സോ ജനതയെ ലക്ഷ്യംവച്ച ക്രൂരമായ ആക്രമണങ്ങളുടെ വേദനാജനകമായ മറ്റൊരു സാക്ഷ്യമാണ് യുവതിയുടെ മരണമെന്ന് തദ്ദേശീയ കുക്കി ഗോത്രനേതാക്കളുടെ ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. കുക്കി ആദിവാസിഗോത്രങ്ങളുടെ സുരക്ഷയ്ക്കും അന്തസിനും നിലനില്പിനുമായി പ്രത്യേക ഭരണകൂടം ആവശ്യപ്പെടുകയല്ലാതെ കുക്കി സോ ജനതയ്ക്ക് ഇപ്പോൾ മറ്റു മാർഗമില്ലെന്ന് ഐടിഎൽഎഫ് പറഞ്ഞു.
മൂന്നു പതിറ്റാണ്ടായി ഇംഫാലിൽ താമസിച്ചിരുന്ന കുക്കി കുടുംബത്തിലെ അംഗമായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. മെയ്തെയ്കളും സർക്കാരും ചേർന്നു പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്നീട് ഇംഫാലിൽനിന്ന് നാടുകടത്തുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയെ ഒരു വർഷത്തോളം കാംഗ്പോക്പിയിലെ ഒരു വസതിയിൽ കുക്കികൾ സംരക്ഷിച്ചു. ചുരാചന്ദ്പുർ ജില്ലയിലെ സിംഗാട്ടിലേക്ക് പിന്നീടാണു താമസം മാറ്റിയത്.
National
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ 20 വയസുകാരി മരിച്ചു. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന യുവതി.
2023 മെയ് മാസത്തിലായിരുന്നു സംഭവം. മണിപ്പൂരിൽ കലാപത്തിനിടെ നിരവധി പെൺകുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെൺകുട്ടികൾ അപമാനിതരായി ആൾക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇംഫാലിൽ നടന്ന മറ്റൊരു സംഭവത്തിലാണ് 20 വയസുകാരിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്.
അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്.
പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല. ശരീരത്തിൽ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു.
പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.
National
ന്യൂഡൽഹി: മണിപ്പുരിൽ പുതിയ സർക്കാർ രൂപവത്കരണത്തിനായി മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ ചർച്ച തുടങ്ങി. ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാരും ഇന്നും നാളെയുമായി ഡൽഹിയിലെത്തും. എന്നാൽ ഇരുവിഭാഗവും ഡൽഹിയിൽ ഒരുമിച്ചു ചർച്ച ഉണ്ടായേക്കില്ല.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കാമെന്ന് രേഖാമൂലം ഉറപ്പുലഭിച്ചാൽ മണിപ്പുരിലെ മന്ത്രിസഭാ രൂപീകരണത്തോടു സഹകരിക്കാമെന്ന് കുക്കി എംഎൽഎമാർ അറിയിച്ചു.
രണ്ടേമുക്കാൽ വർഷമായി തുടരുന്ന സംഘർഷത്തിന് അവസാനം കാണാൻ ആഗ്രഹമുണ്ടെങ്കിലും ഉപാധികളോടെ മാത്രമേ ചർച്ചകളിൽ സഹകരിക്കാനാകൂ എന്ന് കാംഗ്പോക്പിയിൽനിന്നുള്ള കുക്കി നേതാവും മുൻമന്ത്രിയുമായ ഹക്കോലത്ത് കിപ്ഗെൻ എംഎൽഎ പറഞ്ഞു. സമാധാനശ്രമങ്ങളോടു വിമുഖതയില്ല. എന്നാൽ, കുക്കി സോ ഗോത്രജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹിയിലുള്ള കിപ്ഗെൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരണത്തിനുള്ള വഴികളാണു ബിജെപി കേന്ദ്ര നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുന്നതെന്ന് മെയ്തെയ് എംഎൽഎമാർ അറിയിച്ചു.
ബിരേൻ സിംഗും ശാരദാദേവിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തുന്ന ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
National
ന്യൂഡൽഹി: മണിപ്പുരിലെ കുക്കി- സോ ഗോത്രവിഭാഗങ്ങൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുന്നതിന് രേഖാമൂലം ഉറപ്പു കിട്ടിയശേഷമേ പുതിയ സർക്കാർ രൂപീകരണത്തോടു സഹകരിക്കുകയുള്ളൂവെന്ന് ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുരിലും മോറെയിലും തെംഗ്നോപാലിലുമടക്കം ഇന്നലെ നടന്ന റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുക്കി എംഎൽഎമാരും ഗോത്രസംഘടനകളായ കുക്കി സോ കൗണ്‍സിലും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം നേതാക്കളും വീട്ടമ്മമാരും പങ്കെടുത്ത റാലിയിൽ പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമുയർത്തി പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി.
ജില്ലാ ആസ്ഥാനമായ ചുരാചന്ദ്പുർ നഗരത്തിൽ നാലു കിലോമീറ്റർ നീണ്ട ശക്തിപ്രകടനമാണ് കുക്കികൾ നടത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനുമുന്പായി കുക്കികൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശമെന്ന ആവശ്യം കേന്ദ്രം നിറവേറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗോ ഹട്ടിയിൽ ചൊവ്വാഴ്ച നടന്ന കുക്കി ഗോത്രനേതാക്കളുടെയും എംഎൽഎ മാരുടെയും യോഗം പാസാക്കി. വ്യക്തമായ ഉറപ്പുകൾ നൽകുന്നതുവരെ പുതിയ സർക്കാർ രൂപവത്കരണ പ്രക്രിയയിൽനിന്നു വിട്ടുനിൽക്കാനും നേതൃയോഗം തീരുമാനിച്ചു.
കുക്കി-സോ നേതാക്കളും കേന്ദ്രസർക്കാരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ ഒപ്പിട്ട ഗ്രൂപ്പുകളും യോഗത്തിൽ പങ്കെടുത്തു. മെയ്തെയ് ഭൂരിപക്ഷ ബിജെപി സർക്കാരിൽനിന്നു സംരക്ഷണം കിട്ടില്ലെന്ന് ഉറപ്പായതിനാൽ കുക്കികൾക്കായി പ്രത്യേക സ്വയംഭരണ പ്രദേശം വേണമെന്നു ബിജെപിക്കാരായ ഏഴു പേർ ഉൾപ്പെടെ പത്ത് കുക്കി-സോ എംഎൽഎമാർ 2023 മേയ് 12ന് ആദ്യമായി ആവശ്യപ്പെട്ടിരുന്നു.
2023 മേയ് മൂന്നിന് മണിപ്പുരിൽ വംശീയ കലാപം തുടങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു കുക്കി എംഎൽഎമാർ ഒപ്പുവച്ച പ്രസ്താവനയുണ്ടായത്. തലസ്ഥാനമായ ഇംഫാലിൽ പിന്നീട് നടന്ന നിയമസഭാസമ്മേളനങ്ങൾ പത്തുപേരും ബഹിഷ്കരിച്ചു.2024 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ പുതിയ സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ഡിസംബർ 30ന് കുക്കി ഗോത്രനേതാക്കൾ വ്യക്തമാക്കിയിരുന്നു.
നിയമനിർമാണ സഭയുള്ള കേന്ദ്രഭരണ പ്രദേശത്തിനായുള്ള ആവശ്യം ഔദ്യോഗികമായി സമർപ്പിച്ചശേഷം മണിപ്പുർ സർക്കാരിൽ ചേരുന്നതിൽ യുക്തിയില്ലെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രത്യേക കേന്ദ്രഭരണ പ്രദേശം മാത്രമാണ് മണിപ്പുരിലെ അശാന്തിക്കുള്ള രാഷ്ട്രീയപരിഹാരമെന്ന് കുക്കി ഗോത്രവിഭാഗങ്ങൾ കരുതുന്നു.
National
ന്യൂഡൽഹി: നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണപ്രദേശം അടക്കമുള്ള കാര്യങ്ങളിൽ ഉടൻ കേന്ദ്രസർക്കാർ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കുക്കി- സോ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നു ബഹുജനറാലി നടക്കും. കുക്കി-സോ ഗോത്രക്കാർക്കു മേധാവിത്തമുള്ള ജില്ലകളിൽ നടക്കുന്ന റാലിയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കുക്കി സംഘടനകളുടെ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ മെയ്തെയ്കളുടെ നിയന്ത്രണത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേന്ദ്രനീക്കം ശക്തമായ പശ്ചാത്തലത്തിലാണ് കുക്കികളുടെ ഐക്യദാർഢ്യ ശക്തിപ്രകടനം. രാഷ്ട്രീയ പരിഹാരം വേഗത്തിലാക്കുന്നതിനായി നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ കുക്കി-സോ കൗണ്‍സിൽ മുഴുവൻ ഗോത്രജനങ്ങളോടും ആഹ്വാനം ചെയ്തു. ചുരാചന്ദ്പുരിലെ റാലി ഗോത്ര നേതാക്കളുടെ ഫോറമാണു സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യത്തിന്റെ അടയാളമായി ജില്ലയിലെ എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിടാൻ സംഘാടകർ അഭ്യർഥിച്ചു.
പുനരധിവാസം ഉൾപ്പെടെയുള്ളവ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരടക്കം മെയ്തെയ്കൾ തലസ്ഥാനമായ ഇംഫാലിൽ തിങ്കളാഴ്ച നടത്തിയ റാലിക്കു പിന്നാലെയാണ് കുക്കികളുടെ ബഹുജനറാലി. മെയ്തെയ്കളുടെ മണിപ്പുർ ഇന്റഗ്രിറ്റി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും (കൊക്കോമി) കുടിയിറക്കപ്പെട്ടവരുടെയും പ്രതിനിധികൾ ലോക്ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു ചർച്ച നടത്തിയിരുന്നു.
2023 മേയ് മൂന്നിന് തുടങ്ങിയ കലാപത്തിലെ ഭയാനകവും ക്രൂരവുമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുക്കി-സോ ജനതയ്ക്കായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം വേണമെന്ന് കുക്കി ഗോത്ര കൗണ്‍സിൽ ആവശ്യപ്പെട്ടു. ഒരേ ഭരണ ക്രമീകരണത്തിനു കീഴിൽ സംസ്ഥാനത്തു തുടരുക അസാധ്യമാണ്. അതിനാൽ ഔപചാരികമായും ജനാധിപത്യപരമായും പ്രത്യേക സ്വയംഭരണപ്രദേശമോ കേന്ദ്രഭരണ പ്രദേശമോ വേണമെന്ന് കുക്കി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ഊർജിതം
ബിജെപിക്കാരടക്കം പത്തു കുക്കി എംഎൽഎമാരിൽ ചിലരെ കൂടെക്കൂട്ടി മണിപ്പുരിൽ സർക്കാർ രൂപീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശമം ശക്തമാക്കി. ആസാമിലെ ഗോഹട്ടിയിൽ ഇതുസംബന്ധിച്ച് ഏതാനും കുക്കി എംഎൽഎമാരുമായി കേന്ദ്രപ്രതിനിധികൾ ഇന്നലെ ചർച്ച നടത്തിയതായി മെയ്തെയ്കൾ അവകാശപ്പെട്ടു. ഓപ്പറേഷൻ ഓഫ് സസ്പെൻഷൻ കരാറിൽ ഒപ്പുവച്ച കുക്കി എംഎൽഎമാരെ വശത്താക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.
പുതിയ മണിപ്പുർ സർക്കാരിൽ കുക്കി-സോ എംഎൽഎമാർ ചേർന്നാൽ അരാജകത്വം സംഭവിക്കാമെന്ന് കുക്കി-സോ ഗോത്ര സംഘടനകളുടെ കൂട്ടായ്മയായ കുക്കി- സോ കൗണ്‍സിൽ തലവൻ ഹെൻലിയാന്താംഗ് താംഗ്ലെറ്റ് മുന്നറിയിപ്പ് നൽകി. പ്രത്യേക ഭരണത്തിനായി പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയത് പത്തു കുക്കി-സോ എംഎൽഎമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തു കുക്കി എംഎൽഎമാരിൽ ഏഴു പേർ ബിജെപിക്കാരാണ്.
National
ന്യൂഡൽഹി: മണിപ്പുരിൽ വംശീയ കലാപത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ ആറ് പ്രതികൾക്കെതിരേ കുറ്റം ചുമത്തി ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതി.
മൂന്ന് സ്ത്രീകളിൽ രണ്ട് പേരെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ ബന്ധുക്കളെ കൊല്ലുകയും ചെയ്തത് ഉൾപ്പെടെ 15 കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
കേസിലെ വിചാരണ ഈ മാസം 16ന് ആരംഭിക്കുമെന്നും അന്നേ ദിവസം ആറ് പ്രതികളും നേരിട്ട് ഹാജരാകണമെന്നും പ്രത്യേക ജഡ്ജി ഛത്ര ഭുകാൻ ഗോഗോയ് നിർദേശിച്ചു.
സാക്ഷി മൊഴികളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിൽ എല്ലാപ്രതികൾക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 മേയ് നാലിനാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
National
ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അശാന്തി. മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിലുണ്ടായ മൂന്നു ബോംബ് സ്ഫോടനങ്ങളിൽ സ്ത്രീയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് മെയ്തെയ്കൾ പലയിടത്തും സുരക്ഷാസേനകളുമായി ഏറ്റുമുട്ടി. മെയ്തെയ് സംഘടനകൾ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബിഷ്ണുപുരിനും കുക്കി ഭൂരിപക്ഷജില്ലയായ ചുരാചന്ദ്പുരിനും മധ്യേയുള്ള ബഫർ സോണിലുള്ള ടോർബംഗിൽ ഇന്നലെയുണ്ടായ വെടിവയ്പിലും ഏതാനും പേർക്ക് പരിക്കേറ്റു.
ടോർബംഗിൽ കുക്കി തീവ്രവാദികളാണു വിവേചനരഹിതമായി വെടിവച്ചതെന്ന് മണിപ്പുർ പോലീസ് പ്രസ്താവനയിൽ അവകാശപ്പെട്ടു. കണ്ടെത്തിയ ഐഇഡി ബോംബ് പോലീസ് നിർവീര്യമാക്കി.
ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിനെത്തുടർന്ന് പ്രദേശത്തും പരിസരത്തും സുരക്ഷ ശക്തമാക്കി.കൂടുതൽ അന്വേഷണത്തിനായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് എക്സിൽ അറിയിച്ചു.
രാഷ്ട്രപതിഭരണത്തിലുള്ള മണിപ്പുരിൽ കലാപം തുടങ്ങി രണ്ടേമുക്കാൽ വർഷം കഴിഞ്ഞിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിനു ക്ഷീണമായി.
വെടിവയ്പിനെത്തുടർന്ന് സുരക്ഷാസേന നടത്തിയ റെയ്ഡുകളിൽ പ്രാദേശികമായി നിർമിച്ച ആറ് ലോംഗ്, മീഡിയം റേഞ്ച് ഇംപ്രൊവൈസ്ഡ് പീരങ്കികൾ (മണിപ്പുരിൽ പന്പികൾ എന്നാണ് ഇവയുടെ പേര്), മൂന്നു കിലോഗ്രാം ഭാരമുള്ള ഐഇഡി ബോംബ്, സിംഗിൾ ബാരൽ തോക്ക്, വെടിയുണ്ടകളുടെ 17 ഒഴിഞ്ഞ കേസുകൾ തുടങ്ങിയവ കണ്ടെടുത്തു.
ബിഷ്ണുപുർ ജില്ലയിലെ സൈറ്റോണ്‍ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിലും 200 മീറ്റർ അകലെ മറ്റൊരിടത്തുമുണ്ടായ ബോംബ് സ്ഫോടനങ്ങളിലാണ് രണ്ടു പേർക്കു പരിക്കേറ്റത്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 55 കിലോമീറ്റർ അകലെയാണ് സൈറ്റോണ്‍ ഗ്രാമം.
കലാപത്തെത്തുടർന്ന് രണ്ടേമുക്കാൽ വർഷത്തോളമായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന മെയ്തെയ് കുടുംബത്തിന്റെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആണ് ഇന്നലെ രാവിലെ അഞ്ചിനു പൊട്ടിത്തെറിച്ചത്. 70 വയസുള്ള സലാം മണി സിംഗ് എന്നയാളുടേതാണു വീട്. പിന്നാലെ ഒരു മണിക്കൂറിനുശേഷം 200 മീറ്റർ അകലെ വീണ്ടും ബോംബ് പൊട്ടി. ഈ സ്ഫോടനത്തിലാണ് സ്ത്രീക്കും പുരുഷനും പരിക്കേറ്റത്.
സൈന്യവും പോലീസും നിഷ്ക്രിയമാണെന്ന് ആരോപിച്ചാണു മെയ്തെയ്കൾ ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതേസമയം, കലാപത്തെത്തുടർന്ന് ഒഴിഞ്ഞുപോയ മെയ്തെയ്കൾ മാത്രം പോലീസ് സഹായത്തോടെ മടങ്ങിയെത്തി വീടുകൾ പുനർനിർമിക്കാൻ ആംരഭിച്ചതാണ് കുക്കികളെ പ്രകോപിപ്പിച്ചത്.
ആയിരണക്കണക്കിന് കുക്കി കുടുംബങ്ങൾ ഭവനരഹിതരായി തുടരുന്പോഴാണ് മെയ്തെയ്കളെ മാത്രം പോലീസ് സഹായിക്കുന്നതെന്ന് കുക്കികൾ ആരോപിച്ചു. 2023 മേയ് മൂന്നിനു കലാപം തുടങ്ങിയ മണിപ്പുരിൽ 2025 ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണമാണ്.