കൊച്ചി: കൊച്ചി നഗരത്തിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കണ്ടെത്തി പോലീസ്. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പോലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പോലീസ് അറിയിച്ചു.