Leader Page
ഇടവകയിലെ വീടുകളെ പത്തോ ഇരുപതോ മുപ്പതോ മറ്റോ വീതം വീടുകളുടെ അടുപ്പവും സൗകര്യവും അനുസരിച്ചു തിരിക്കുക. ഓരോ ഗണത്തിനും ഒന്നാം സെറ്റ്, രണ്ടാം സെറ്റ് എന്നിങ്ങനെ തുടര്‍ച്ചയായി എണ്ണമിടണം ഓരോ സെറ്റിലുമുള്ള വീടുകളില്‍നിന്നു ഭക്തന്മാരും സ്ഥിരോത്സാഹികളും കത്തോലിക്കാ കാര്യങ്ങളില്‍ താത്പര്യമുള്ളവരുമായ അഞ്ചോ എട്ടോ പേരെ പ്രവര്ത്തകന്മാരായി തെരഞ്ഞെടുക്കണം. ഇവരാണ് അതതു സെറ്റില്‍പ്പെട്ട വീടുകളുടെ പൊതുനന്മയ്ക്കുവേണ്ടിയും പ്രത്യേക ആത്മീയ ഉന്നതിക്കായും വേണ്ടതു പ്രവര്‍ത്തിക്കേണ്ടവര്‍.
എറണാകുളം അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ 1941 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ വാക്കുകളാണിത്. ഇടവകയുടെയും സഭയുടെയും വളർച്ചയിൽ ഗാർഹികസഭയായ കുടുംബങ്ങളുടെ ആത്മീയ കൂട്ടായ്മയും വളർച്ചയും എത്രത്തോളം പ്രാധാനപ്പെട്ടതെന്ന്, എട്ടര പതിറ്റാണ്ടു മുമ്പേയുള്ള ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ വാക്കുകൾ.
മാർ അഗസ്റ്റിൻ കണ്ടത്തിൽ ദിവംഗതനായിട്ട് ഇന്ന് 70 വർഷം. നാലു വര്‍ഷം അപ്പസ്തോലിക് വികാരിയായും 33 വര്‍ഷം മെത്രാപ്പോലീത്തയായുമുൾപ്പെടെ 37 വര്‍ഷം എറണാകുളം അതിരൂപതയെയും സീറോമലബാർ സഭയെയും നയിച്ച സുകൃതസമ്പന്നമായ ഇടയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രഥമ മെത്രാപ്പോലീത്ത
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ. 1874 ഓഗസ്റ്റ് 25ന് വൈക്കത്തിനടുത്ത് ചെമ്പ് ഗ്രാമത്തില്‍ ജനിച്ച മാര്‍ കണ്ടത്തില്‍ 1901 ഡിസംബർ 21ന് കാൻഡി പേപ്പൽ സെമിനാരിയിൽ പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം വികാരിയാത്തിന്റെ അന്നത്തെ അപ്പസ്തോലിക് വികാരി മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ സഹായിയായി (കോ- അദ്യുക്തോർ) നിയോഗമേൽക്കുമ്പോൾ മാർ കണ്ടത്തിലിനു വയസ് 37.
1919ല്‍ മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ നിര്യാണം. വികാരിയാത്തിന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതോടെ എറണാകുളത്തെ അതിരൂപതയായി ഉയര്‍ത്തി. മാർ കണ്ടത്തില്‍ ആദ്യത്തെ മെത്രാപ്പോലീത്തയായി.
1956 ജനുവരി പത്തിന് 81-ാം വയസിലാണു മാർ കണ്ടത്തിലിന്റെ നിര്യാണം. എറണാകുളം അതിരൂപതയെ ഏറ്റവും ദീര്‍ഘകാലം നയിച്ച ഇടയനെന്ന ഖ്യാതി മാർ കണ്ടത്തിലിന്റെ പേരിൽ കുറിക്കപ്പെട്ടു.
അതിരൂപതയുടെ ശില്പി
“എറണാകുളം അതിരൂപതയുടെ യഥാർഥ ശില്പി”- കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ തന്റെ മുൻഗാമിയായ മാർ അഗസ്റ്റിൻ കണ്ടത്തിലിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. 30 പേരടങ്ങുന്ന വേദപ്രചാരസംഘം സ്ഥാപിച്ച് അവരെ ഇടവകകളിലേക്ക് അയച്ചത് അന്നു സുവിശേഷവത്കരണത്തിന്റെ നവമാതൃകയായി. ഇടയലേഖനങ്ങളും അതിരൂപതയുടെ പ്രവർത്തനങ്ങളും ആളുകളിലേക്കെത്തിക്കാൻ എറണാകുളം മിസം ആരംഭിച്ചു.
ശ്രദ്ധേയം ഈ തുടക്കങ്ങൾ
പ്രബുദ്ധമായ വിശ്വാസിസമൂഹത്തിന്റെ രൂപീകരണം സ്വപ്നം കണ്ട മാർ കണ്ടത്തിൽ മലബാര്‍ മെയില്‍, സത്യദീപം, അമ്മ മാസിക, കുടുംബദീപം എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
എറണാകുളം ലിസി, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രികൾ, മൂവാറ്റുപുഴ നിര്‍മല കോളജ് എന്നിവ മാർ കണ്ടത്തിലിന്റെ സാരഥ്യത്തിൽ പിറവിയെടുത്ത ശ്രദ്ധേയ സ്ഥാപനങ്ങളാണ്. 30 സ്കൂളുകള്‍, മൂന്നു കോളജുകൾ, 71 മഠങ്ങള്‍, 61 പള്ളികള്‍, 30 കുരിശുപള്ളികള്‍... മാർ കണ്ടത്തിലിന്റെ നേതൃമികവിൽ തുടക്കമിട്ട നന്മകൾ ഇനിയുമൊട്ടേറെ.
സന്യസ്തർക്കു പ്രചോദനം
അതിരൂപതയിൽ സന്യസ്തരുടെ സേവനം പ്രധാനമാണെന്ന ദർശനമായിരുന്നു മാർ കണ്ടത്തിലിന് ഉണ്ടായിരുന്നത്. പുതിയ സന്യാസമൂഹങ്ങൾ ആരംഭിക്കുന്നതിനും മാർ കണ്ടത്തിൽ പ്രോത്സാഹനം നൽകി. രണ്ടു സന്യാസസഭകളുടെ സ്ഥാപകനെന്ന നിലയിൽക്കൂടി മാർ അഗസ്റ്റിൻ കണ്ടത്തിൽ ഇന്നു സഭാചരിത്രത്തിന്റെ ഭാഗമാണ്. മൂക്കന്നൂർ കേന്ദ്രമാക്കി 1931ല്‍ ആരംഭിച്ച കോൺഗ്രിഗേഷൻ ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ (സിഎസ്ടി ബ്രദേഴ്സ്), എടക്കുന്ന് പാദുവാപുരത്ത് ആരംഭിച്ച നസ്രത്ത് സഹോദരികളുടെ സമൂഹം (സിഎസ്എൻ) എന്നിവയുടെ സ്ഥാപകൻ മാർ കണ്ടത്തിലാണ്.
എറണാകുളത്തു വേരുകൾ പാകപ്പെട്ട അഗതികളുടെ സഹോദരികളുടെ സഭ, ക്ലാരസഭ, ആരാധനാസഭ, മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ), അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) എന്നിവ ആരംഭിച്ചതും മാർ കണ്ടത്തിൽ മെത്രാപ്പോലീത്തയായിരുന്ന കാലഘട്ടത്തിലാണ്.
ദൈവാശ്രയബോധത്തിൽ
നിന്നില്‍ ഞാന്‍ ശരണംവച്ചു- എന്നതായിരുന്നു മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അജപലന-ഇടയജീവിതത്തിന്റെ ആപ്തവാക്യം. തികഞ്ഞ ദൈവാശ്രയബോധത്തിൽ അടിയുറച്ചതായിരുന്നു ആ ഇടയശുശ്രൂഷ.
Business
ഇന്ത്യൻ പരസ്യകലയ്ക്ക് സ്വന്തമായൊരു ശൈലിയും രൂപവും സമ്മാനിച്ച വ്യക്തിയെയാണ് പീയൂഷ് പാണ്ഡെയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. 70കാരനായ പീയുഷ് പാണ്ഡെ ഇന്നലെയാണ് അന്തരിച്ചത്.
ഭാരതീയ ജനതാ പാർട്ടിയുടെ "അബ് കി ബാർ, മോദി സർക്കാർ’, കാഡ്ബറിയുടെ "കുച്ച് ഖാസ് ഹേ’, ഏഷ്യൻ പെയിന്റ്സിന്റെ "ഹർ ഘർ കുച്ച് കെഹ്താ ഹേ’ തുടങ്ങിയ പരസ്യ പ്രചാരണങ്ങൾക്ക് പിന്നിലെ സർഗാത്മക ശക്തിയായിരുന്നു പാണ്ഡെ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഉപഭോക്താക്കളെക്കുറിച്ചുള്ള ധാരണയോടെ, പാണ്ഡെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില പ്രചാരണങ്ങൾ തയാറാക്കി, നിരവധി ബ്രാൻഡുകളെ ഇന്ത്യയിൽ മുഴുവൻ പരിചിതമാക്കി മാറ്റി. തനി നാടൻ നർമബോധവും കഥപറയാനുള്ള സ്വാഭാവികമായ കഴിവും അദ്ദേഹത്തിന്റെ പരസ്യങ്ങളെ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാക്കി. പരസ്യങ്ങൾ അദ്ദേഹത്തിന് ഇന്ത്യൻ പരസ്യങ്ങളുടെ പിതാവ് എന്ന പേര് നൽകി.
നാലു പതിറ്റാണ്ടിലേറെയായി ഒഗിൽവി ഇന്ത്യയെന്ന പരസ്യ ഏജൻസിയുടെ ഭാഗമായിരുന്ന പാണ്ഡെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പരസ്യനിർമാതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയിൽ അമർന്നിരുന്ന കാലത്താണ് ഇന്ത്യൻ ശൈലിയിലുള്ള പരസ്യങ്ങളുമായി പാണ്ഡെയുടെ രംഗപ്രവേശം. ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതും ഇന്ത്യൻ പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നതുമായ പരസ്യങ്ങൾ തീർത്ത പാണ്ഡെ പരസ്യ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു.
ജയ്പുരിലാണ് പാണ്ഡെ ജനിച്ചത്. 1982ൽ 27-ാം വയസിൽ ഒഗിൽവിൽനിന്നു വിളി വരും മുന്‍പ് ടീ ടേസ്റ്റിംഗിലും നിർമാണ രംഗത്തും പ്രവർത്തിച്ചു. ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. ക്രിക്കറ്റിൽ രഞ്ജി ട്രോഫി ലെവലിൽ വരെയെത്തിയിരുന്നു.
സാധാരണ ജനങ്ങളുടെ ഭാഷയിൽ സംസാരിച്ച് അദ്ദേഹം പരസ്യ രംഗത്തെ അടിമുടി മാറ്റി. അദ്ദേഹം തയാറാക്കിയ പരസ്യങ്ങൾ ഇന്ത്യക്കാരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായി മാറി. ജനങ്ങൾ എല്ലാക്കാലത്തും ഓർത്തുവയ്ക്കുന്ന നിരവധി പരസ്യങ്ങൾ പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തിൽ പുറത്തിറങ്ങി.
ശ്രദ്ധേയമായ പരസ്യങ്ങൾ
ദേശീയോദ്ഗ്രഥന ഗാനം - മിലേ സുർ മേരാ തുംഹാര
ദേശീയോദ്ഗ്രഥനത്തെയും വൈവിധ്യത്തിൽ ഏകത്വത്തെയും പ്രോത്സാഹിപ്പിച്ചായിരുന്നു ഈ കാന്പെയ്ൻ. ഇന്ത്യയുടെ മനോഹരമായ പശ്ചാത്തലങ്ങളിൽ, വിവിധ പ്രദേശങ്ങൾ, മതങ്ങൾ, ഭാഷകൾ എന്നിവയിൽ നിന്നുള്ള പ്രമുഖരായ ഇന്ത്യൻ വ്യക്തികൾ ഒരുമിച്ച് പാടുന്നത് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ എങ്ങനെ ഒത്തുചേരാമെന്ന് കാണിക്കുന്നതിനായി സംഗീതം, ദൃശ്യങ്ങൾ, സബ്ടൈറ്റിലുകൾ എന്നിവ ഇതിൽ സംയോജിപ്പിച്ചിരുന്നു, ഇത് തലമുറകൾക്ക് ഒരു ദേശസ്നേഹ ഗാനമാക്കി മാറ്റി.
കാഡ്ബെറി ഡെയറി മിൽക്ക്- കുച്ച് ഖാസ് ഹേ
കാഡ്ബെറി ചോക്ലേറ്റ് പങ്കുവച്ചുകൊണ്ടുള്ള സന്തോഷവും ആഹ്ലാദവും ചെറിയ ആഘോഷങ്ങളുടെ വിഷയമാക്കിയാണ് ഈ പരസ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുടുംബാംഗങ്ങളും ദന്പതികളും സുഹൃത്തുക്കളും ചോക്ലേറ്റ് കൈമാറുന്നതും ഇതു കാണിച്ചുതന്നു. കാഡ്ബെറിയുടെ പരസ്യത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് വിജയാഹ്ലാദത്തിൽ ക്രിക്കറ്റ് മൈതാനത്ത് നൃത്തം ചെയ്യുന്ന കാഡ്ബെറി ഗേൾ ആയിരുന്നു.
ഫെവിക്കോൾ- ഫെവികോൾ കാ ജോഡ് ഹെ ടൂട്ടേഗ നഹി
ഫെവിക്കോൾ പശയുടെ ശക്തമായ ബന്ധനശേഷി ഈ പരസ്യങ്ങൾ ഉയർത്തിക്കാട്ടി. നർമത്തിൽ ചാലിച്ച അതിശയോക്തി കലർന്ന പരസ്യങ്ങളായിരുന്നു ഇതിലൂടെ അവതരിപ്പിച്ചത്. വീടിനു മുകളിൽനിന്നു താഴേക്കു വീണിട്ടും പൊട്ടാത്ത കോഴി മുട്ടയുടെ പരസ്യം ശ്രദ്ധേയമായി. കൂടാതെ തിങ്ങി നിറഞ്ഞ ബസിനു മുകളിലിരുന്ന് യാത്ര ചെയ്യുന്ന ആൾക്കാരുടെ പരസ്യവും.
ഏഷ്യൻ പെയിന്റ്സ്- ഹർ ഖർ കുച്ച് കെഹ്താ ഹേ
ഓരോ വീടിന്റെയും വ്യക്തിത്വത്തെയും ഓർമകളെയും പെയിന്റ് പ്രതിഫലിപ്പിക്കുന്നു എന്ന ആശയമാണ് ഇതിൽ കാണിച്ചത്. ഈ പരസ്യങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുന്ന, വീടുകൾ പുതുക്കിപ്പണിയുന്ന, പുതിയ ഓർമകൾ സൃഷ്ടിക്കുന്ന കുടുംബങ്ങളെ ചിത്രീകരിച്ചു.
പോളിയോ നിർമാർജന കാംപയിൻ-ദോ ബൂന്ദ് സിന്ദഗി കെ
പോളിയോയ്ക്കെതിരേ കുട്ടികൾക്കു വാക്സിൻ നല്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പരസ്യത്തിന്റെ ലക്ഷ്യം. ഈ പരസ്യത്തിലേക്ക് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജാക്കി ഷറോഫ്, ഐശ്വര്യ റായി എന്നിവരെ അഭിനയിപ്പിച്ചു.
2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം-അബ് കി ബാർ, മോദി സർക്കാർ’ബിജെപിയുടെ ഈ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
വോഡഫോണ്‍-സൂസൂ
ഐപിഎൽ സീസണിൽ വോഡഫോണിന്റെ മൊബൈൽ, ഡാറ്റ സേവനങ്ങളെ വളരെ രസകരവും വിചിത്രവുമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ഈ പരസ്യം. സാധാരണകാര്യങ്ങൾ തമാശയും അതിശയോക്തിയും കലർന്ന രീതിയിൽ ചെയ്യുന്ന വലിയ തലകളും വെള്ള മുട്ടയുടെ ആകൃതിയിലുള്ള ശരീരവുമുള്ള കഥാപാത്രങ്ങളെയാണ് (സൂസൂ) പരസ്യത്തിൽ അവതരിപ്പിച്ചത്.
ഫെവിക്വിക്കിന്റെ 'തോഡോ നഹീം, ജോഡോ', പോഡ്സിന്റെ "ഗൂഗ്ലി വൂഗ്ലി വൂഷ്', ഹച്ചിന്റെ പരസ്യത്തിലെ പഗ്ഗ് നായ എന്നിവയും പാണ്ഡെയുടെ അവതരണങ്ങളായിരുന്നു.