കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തിരികെ നേടാന്‍ സുപ്രീംകോടതിയിൽ കണ്ണുംനട്ട് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനുയായികളും.
നന്ദിഗ്രാം, രജിനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായുണ്ടായ തിരിച്ചടികളില്‍ ആടിയുലഞ്ഞ തൃണമൂല്‍ നേതൃത്വം അവസാന ആശ്രയമെന്ന നിലയിൽ സുപ്രീംകോടതി നടപടികളെ ഉറ്റുനോക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയാണ് തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് മമത ബാനർജി വിഭാഗത്തെയും എതിർപക്ഷമായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘത്തെയും വിലക്കി തെരഞ്ഞെടുപ്പു കമ്മിഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനു പിന്നാലെ വെള്ളിയാഴ്ച നന്ദിഗ്രാമിലെ തൃണമൂൽ സ്ഥാനാർഥി മത്സരരംഗത്തുനിന്നു പിന്മാറിയത് മമതയ്ക്ക് ഇരട്ടപ്രഹരമായിരുന്നു. നന്ദിഗ്രാമിലെ സ്ഥാനാര്‍ഥി സഞ്ചിത പ്രധാന് ദേ വെള്ളിയാഴ്ചയാണ് മത്സരരംഗത്തുനിന്നു പിന്മാറിയത്.
ഇന്നലെ രജിനഗറിലെ സ്ഥാനാർഥിയും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് തിരികെയെത്തിയത് മമത വിഭാഗത്തിനു നേരിയ ആശ്വാസമായി. രജിനഗറിൽ മമത പ്രഖ്യാപിച്ച റബിയുള്‍ ആലം ചൗധരിയാണ് പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുശേഷം നിലപാട് മാറ്റിയത്.
ഔദ്യോഗിക ചിഹ്നമില്ലാത്ത അവസ്ഥയിലാണ് തൃണമൂൽ കോൺഗ്രസ്. ഇതു മാത്രമല്ല പ്രവര്‍ത്തകര്‍ വിവിധ രീതികളില്‍, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. പൊലിസിന്റെ കടുത്ത സമ്മര്‍ദം കാരണം മത്സരരംഗത്ത് തുടരാന്‍ കഴിയില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നും റബിയുൾ പറഞ്ഞിരുന്നു.
ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന് പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ 2007ലെ കൊലപാതകക്കേസില്‍ മിലന് പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കോൺഗ്രസ് മാത്രമല്ല, മമത വിഭാഗവും വെട്ടിലാകുകയായിരുന്നു. അടുത്തമാസം ആറിനാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.
നേരത്തേ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനു മമത ശ്രമിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും മമതയ്ക്കു നിഷേധിക്കപ്പെടുമെന്ന വിലയിരുത്തലിൽ സഖ്യത്തിന് കോൺഗ്രസ് തയാറായിരുന്നില്ല.