Kerala
തിരുവനന്തപുരം: കോവളത്ത് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. വെള്ളാർ കൈതവിള വീട്ടിൽ ജിത്തുലാൽ (26) ആണ് പിടിയിലായത്. മുട്ടക്കാട് സ്വദേശി രാജേഷിന്റെ വീട്ടിൽ കയറിയാണ് ജിത്തു ആക്രമണം നടത്തിയത്. ആക്രമണത്തിൽ രാജേഷ്, പിതാവ് പൊടിയൻ, സുഹൃത്ത് വൈഷ്ണവ് എന്നിവർക്ക് വെട്ടേറ്റു.
ചെണ്ടമേളത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുതിയ സംഘത്തെ ഏർപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. കോവളം, തിരുവല്ലം സ്റ്റേഷനുകളിലെ 12-ഓളം കേസുകളിൽ പ്രതിയും തിരുവല്ലം സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയുമാണ് ജിത്തുലാൽ. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.
Kerala
ആലപ്പുഴ: കടമായി വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
മുതുകുളം ചെമ്പകപ്പള്ളിയിൽ വീട്ടിൽ ബിനു കോശിയെയാണ് (50) ഹരിപ്പാട് പോലീസ് പിടികൂടിയത്. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കുന്നത്ത് സങ്കേതത്തിൽ സജിക്ക് (46) നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബിനു കോശിയുടെ കുടുംബാംഗങ്ങൾ സജിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ ബിനു കോശി കത്തിയുപയോഗിച്ച് സജിയുടെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ സജി ചികിത്സയിലാണ്. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസിൽ നിർണായ മൊഴി. പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാർ അന്വേഷണ സംഘത്തിന് മൊഴി നൽകി.
കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായിട്ടാണെന്നും മൊഴിയിൽ പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെ മന്ത്രിയുടെ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അഞ്ച് കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്.
Kerala
കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.
കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയെ അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതി മുഹമ്മദ് ഖാനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പരാതിക്കാരിയായ പെരുങ്കുളം സ്വദേശിനിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലങ്ങളായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കാതായെന്നാണ് യുവതിയുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ രണ്ടുപേരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു.
ബാഗില്‍ നിന്ന് കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പോലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്പ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ കളത്തിവീട് ജിഷ്ണുവിനെയാണ് (27) മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരോട് പറഞ്ഞു എന്ന വിരോധത്തിൽ 68 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ജിഷ്ണു അറസ്റ്റിലായത്. കഴിഞ്ഞ 29-ന് രാത്രി 10 മണിയോടെ മാരാരിക്കുളം കാരിക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ഗംഗാ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായത്. വയോധികനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിന്തുടരുകയും 30-ാം തീയതി അമ്പലപ്പുഴയിൽ വെച്ച് പിടികൂടുകയുമായിരുന്നു.
ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിന് താഴെ ആഴത്തിലുള്ള രണ്ട് മുറിവുകളും വലത് തോളിന് മുകളിൽ ഒരു മുറിവും കൈവിരലുകൾക്ക് പരിക്കുമുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹം.
പിടിയിലായ ജിഷ്ണു മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൊല്ലം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ നിലവിൽ വാറണ്ട് നിലവിലുണ്ട്.
Kerala
കൊച്ചി: ആലുവയിലെ മുപ്പത്തടത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ ഉന്നതിയിൽ അമൽ ജോണി (29) എന്നിവരാണ് അറസ്റ്റിലായത്.
ബിനാനിപുരം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയാണ് സംഭവം. പ്രതികൾ മുൻവൈരാഗ്യം മൂലം യുവാവിനെ മൊബൈൽ ഫോണിലൂടെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.
യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്. ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം കടവന്ത്രയിൽ പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് പുലർച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്.
റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകശ്രമം.
സംഭവത്തിൽ കൊച്ചി സ്വദേശി ആന്റപ്പനെ പോലീസ് പിടികൂടി. പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മംഗലപുരം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ അൻസറിനെ (26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മംഗലപുരം സ്വദേശി ബിജുവിനെയാണ് ദീപാവലി ദിവസം അൻസർ അടങ്ങുന്ന അഞ്ചംഗ സംഘം വീട്ടിൽ കയറി വെട്ടിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ദീപാവലി ദിവസം ബിജു വീടിന്റെ മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവും ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, വെട്ടുകത്തി കൊണ്ട് ബിജുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.
ഒളിവിൽ പോയ അൻസറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അൻസറിന്റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതികളായ കംറാൻ, സമീർ, ജിഷ്ണു എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഇവരും നിരവധി കേസുകളിൽ പ്രതികളാണ്. കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങി സ്റ്റേഷനുകളിൽ 22 കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൻസർ. വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: അരക്കിണര്‍ സ്വദേശിയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മാറാട് ബീച്ച് സ്വദേശി പ്രജോഷ്(39) ആണ് അറസ്റ്റിലായത്. അരക്കിണര്‍ സ്വദേശി ചാക്കേരിക്കാട് പറമ്പില്‍ മുഹമ്മദ് റംഷാദിനെയാണ് പ്രജോഷ് മര്‍ദിച്ചത്.
ബേപ്പുർ പോലീസാണ് പ്രജോഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റംഷാദും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പട്ടിക ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
റംഷാദുമായുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാറാട് ഭാഗത്ത് നിന്നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാന്‍ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം. പുഴക്കരയിലിരുന്നു മീന്‍ പിടിക്കുകയായിരുന്നു ചെറായി സ്വദേശി കുഞ്ഞാലി (70 ) യെയാണ് പ്രതി പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.
മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് വിവരം. അബ്ദുസല്‍മാന്റെ പിടിയിൽ നിന്ന് രക്ഷപെട്ട കുഞ്ഞാലി പിന്നീട് പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേസിലെ പ്രതി അബ്ദുസല്‍മാനെ പോലീസ് പിടികൂടിയത്.
District News
കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസ് അന്വേഷിച്ച ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2024 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന കാര്യം പുറത്തറിയുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്.