കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസിൽ നിർണായ മൊഴി. പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാർ അന്വേഷണ സംഘത്തിന് മൊഴി നൽകി.
കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് കരിങ്കൊടിയുമായിട്ടാണെന്നും മൊഴിയിൽ പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെ മന്ത്രിയുടെ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അഞ്ച് കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്.
Tags : murder attempt veena george police case kannur ksu