Kerala
ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സൂചന. നെടുങ്കണ്ടം പച്ചടിയില്‍ ആണ് സംഭവം. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെയാണ് ഒരു മാസം മുമ്പ് കാണാതായത്.
ഇവരെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയതായാണ് പോലീസിനു സൂചന ലഭിച്ചത്. ഇവിടെ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി.
മേരിക്കുട്ടിയുടെ മകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജിയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. ഇതോടെയാണ് പോലീസിന് സംശയം ജനിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്ത് കുഴിച്ച് പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റേതെന്നു സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയും ആര്‍ഡിഒയും ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്വക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തിയ ശേഷം മണ്ണ് നീക്കി ശരീര ഭാഗങ്ങള്‍ പുറത്തെടുക്കും.
മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും അഞ്ചു വര്‍ഷം മുമ്പ് കാണാതായതായി പറയപ്പെടുന്നുണ്ട്. ഓടി രക്ഷപെട്ട അജിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ അമർ കോളനി പ്രദേശത്ത് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊന്നു. 23കാരിയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന 19കാരനാണ് പ്രതിയെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. ഇയാളെ ഒരുമാസം മുൻപ് പറഞ്ഞുവിട്ടിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ പീഡിപ്പിച്ചതിന് ശേഷം മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലുകയായിരുന്നു. സംഭവസമയം യുവതി വീട്ടിൽ തനിച്ചായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആദ്യം ജിം സന്തോഷിനെയും ഇപ്പോൾ അലുവ അതുലിന്റെയും ജീവനെടുത്തത്.
അലുവ അതുൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനെ മർദിച്ച കേസിലും പ്രതിയാണ്. സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തിരുന്നു. ജയിലിൽ പോലും അതുലിന്റെ ക്രൂരത പേടിപ്പെടുത്തുന്നതായിരുന്നു.
കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിലും കേസ് നേരിട്ടിരുന്നു.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് 2025 മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം.
NRI
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.
മൂന്നു പേർ അവതാറിനെ ബലമായി എസ്യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.
മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
District News
ഉപ്പുതറ: വീട്ടമ്മയായ രജനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് സുബിനെ (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ വീടിനു അര കിലോമീറ്റർ അകലെ കാടുപടിച്ചു കിടന്നിരുന്ന പുരയിടത്തിലാണ് ശനിയാഴ്ച പന്ത്രണ്ടോടെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ 40) ഭാര്യ രജനിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽനിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. വിവാഹം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും തമ്മിൽ വഴക്ക് പതിവായിരുന്നു.
പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടിൽ പോയിരുന്നു. മർദനത്തെത്തുടർന്ന് തറവാട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിനു ശേഷവും വഴക്ക് പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പോലീസ് ഉറപ്പിക്കാൻ കാരണം.
സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന സുബിൻ ബുധനാഴ്ച വൈകുന്നരം നാട്ടിൽ തിരിച്ചെത്തിയെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ പഞ്ചായത്തംഗം ബിജു ചെബ്ലാവന് സുബിൻ വാട്സാപ് കോൾ ചെയ്തിരുന്നു. വീടിനു സമീപം സുബിനെ കണ്ടതായും വിവരം ലഭിച്ചു. പ്രാദേശിക ചാനൽ വർത്തയ്ക്കടിയിൽ സുബിൻ കമന്റും ഇട്ടിരുന്നു. വിവരമറിഞ്ഞ് പോലിസ് തെരച്ചിൽ തുടങ്ങി. പോലീസ് നായയുടെ സഹായത്തോടെയും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച സുബിന്റെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചു. ഇതേത്തുടർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ കൊക്കയിൽ തെരച്ചിൽ നടത്താൻ പോലീസ് കുട്ടിക്കാനം കെഎപി ക്യാമ്പിലെ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ സംഘത്തിന്റെ സഹായം തേടി. ഇവർ നടത്തിയ പരിശോധനയിലാണ് മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃതദേഹം കണ്ടെത്തിയത്.
310 രൂപയും രണ്ടു പായ്ക്കറ്റ് സിഗരറ്റും ഐഡി കാർഡും ആധാർ കാർഡും മൃതദേഹത്തിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
National
ബംഗളൂരു: ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലാണ് സംഭവം.
തിങ്കളാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവും പശ്ചിമബംഗാൾ സ്വദേശിയുമായ തൊഴിലാളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈറ്റ്ഫീൽഡിനു സമീപം പട്ടന്ദൂർ അഗ്രഹാരയിലുള്ള ഓടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ കുട്ടി കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടതാണെന്നും പീഡനശ്രമങ്ങളൊന്നുംതന്നെ നടന്നിട്ടില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്; വസ്തുക്കച്ചവടക്കാരനെ കൊലപ്പെടുത്തി അക്രമി സംഘം. വസ്തുക്കച്ചവടക്കാരനായ ജി. വെങ്കട രത്നമാണ് (54) കൊല്ലപ്പെട്ടത്. മകളെ സ്കൂളിൽവിട്ട് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ പ്രധാന പ്രതിയായ ചന്ദൻ സിംഗ് അറസ്റ്റിൽ. ചന്ദന്റെ പിതാവ് സുദേഷ് സിംഗിന്റെ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട വെങ്കട രത്നം.
1999ൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുദേഷിന്റെ വിവരങ്ങൾ പോലീസിന് ചോർത്തി നൽകിയത് വെങ്കട രത്നമാണെന്നായിരുന്നു ചന്ദൻ വിശ്വസിച്ചിരുന്നത്. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.
26 വർഷങ്ങളായി വെങ്കട രത്നത്തെ തിരഞ്ഞു നടക്കുകയായിരുന്നു ചന്ദൻ. ഏതാനും ആഴ്ചകൾക്കു മുൻപാണ് വെങ്കട രത്നം ജവാഹർ നഗർ ഏരിയയിലാണ് താമസിക്കുന്നതെന്ന് ചന്ദന്‍ മനസിലായത്. തുടർന്ന് വെങ്കട രത്നത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Kerala
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്നു. എറ്റാ ജില്ലയിലാണ് സംഭവം. 19കാരിയാണ് കൊല്ലപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് ഒരു അഴുക്കുചാലിൽ അർദ്ധനഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് 28കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അതേ നാട്ടുകാരനാണ് ഇയാളും. മദ്യലഹരിയിലായിരുന്ന പ്രതി, വിറകുകെട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോടത്.
ഇവിടെവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.