ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 11 വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ മഹ്റോലിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
കുടുംബത്തോടൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 30 നടുത്ത് വയസ് പ്രായമുള്ള ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രദേശത്തെ ഒരു ഫുട്പാത്തിൽ താമസിച്ചിരുന്ന കുടുംബം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്.
വിവരമറിഞ്ഞു പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവികൾ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ കണ്ടെത്തിയത്.
തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികാതിക്രമം നടത്തിയതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും സമ്മതിച്ചു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റോഡരികിലെ വനപ്രദേശത്തുനിന്ന് മൃതദേഹം പോലീസ് വീണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച പോലീസ് പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
Tags : Girl raped murdered Delhi accused arrested