ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹി ഭദ്രാസന രൂപീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബർ 22ന് ഡൽഹി ഐടിഒയിലെ ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റിലെ ഐജിഐ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഉത്തരേന്ത്യയിലെ ആദ്യ ഓർത്തഡോക്സ് സുറിയാനി ദേവാലയമായ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹോസ് ഖാസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും അന്നേ ദിവസം തന്നെ തുടക്കം കുറിക്കും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച വൈകുന്നേരം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ച ശേഷം ഡൽഹി ഭദ്രാസനവുമായി ബന്ധപ്പെട്ട പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കും. കൂടാതെ 22ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയെപ്പറ്റി പി. ഗോവിന്ദ പിള്ള എഴുതിയ ബുക്ക് ചിന്ത പബ്ലിക്കേഷൻ പുനഃപ്രസിദ്ധീകരിക്കും.
രൂപതയുമായി ബന്ധപ്പെട്ട ഒരു ബുക്കും അന്നേ ദിവസം പുറത്തിറക്കും. പ്രശസ്ത സംഗീതജ്ഞൻ ബ്രദർ സാം തോമസിന്റെ നേതൃത്വത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായകരെ ഒരുമിപ്പിച്ച് "നുഹരോ ശാറീറോ" എന്ന പേരിൽ സംഗീത വിരുന്നും നവംബർ 22ന് നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ 22ന് നടക്കുന്ന ആഘോഷ പരിപാടികളിൽ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവ് മുഖ്യ അതിഥിയാകും. ഡൽഹി അതിരൂപത ആർച്ച്ബിഷപ്പും സിബിസിഐ സെക്രട്ടറി ജനറലുമായി ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, സെന്റ് ക്രിസോസ്റ്റം രൂപത മെത്രാൻ തോമസ് മാർ അന്തോണിയോസ് ഒ.ഐ.സി, സിഎൻഐ ഡൽഹി ഭദ്രാസനാധിപൻ ഡോ. പോൾ സ്വരൂപ്, രാമകൃഷ്ണ മിഷനിലെ സ്വാമി ശാന്താത്മാനന്ദ, രാജ്യസഭാ എംപി ഹാരിസ് ബീരാൻ തുടങ്ങിയവർ പങ്കെടുക്കും.
ഡൽഹിയിൽ പൗര പ്രമുഖരടക്കം പരിപാടിയിൽ സന്നിഹിതരായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വൈദികരായ ഫാ. ഷാജി മാത്യു, ഫാ. സജി എബ്രഹാം, പരിപാടിയുടെ കൺവീനർ അലക്സാണ്ടർ ഡാനിയൽ ഐപിഎസ്, അഡ്വ. ടിസി തോമസ്, അനിറ്റ് അനു ജോൺ എന്നിവർ പങ്കെടുത്തു.
Tags : Orthodox Delhi GoldenJubilee celebration Deepika DeepikaNewspaper