പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ
ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "ബാലജ്യോതി' പഠനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു.
സനാതന ധർമത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭാരതീയ സംസ്കാരവും പാരമ്പര്യവും വടക്കേ അമേരിക്കയിൽ വളരുന്ന പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ബാലജ്യോതിയിൽ രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിലെ കഥകൾ, സംസ്കൃത ശ്ലോകങ്ങൾ, പ്രാർഥനകൾ, ഭജനകൾ, ഉത്സവങ്ങൾ, സംസ്കാരം എന്നിവയ്ക്കൊപ്പം കളികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ പഠിക്കാനും സംശയങ്ങൾ ചോദിക്കാനും പരസ്പരം സൗഹൃദങ്ങൾ വളർത്താനും അവസരമൊരുക്കുന്നതാണ് പദ്ധതി. രണ്ടുമാസം മുമ്പ് പഠനപ്രവർത്തനങ്ങൾ ആരംഭിച്ച ബാലജ്യോതിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നടന്നത്.
കെഎച്ച്എൻഎ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും പദ്ധതിയുടെ ചുമതലക്കാരിയുമായ വീണ പിള്ള സ്വാഗതം ആശംസിച്ചു. നൈറ കൃഷ്ണ, അവ്നി, അശ്വി കമ്മത്ത് എന്നിവരുടെ പ്രാർഥനാപരിപാടികൾക്കുശേഷം കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷപ്രസംഗം നടത്തി.
അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരിക വേരുകളുമായി ബന്ധം നിലനിർത്താനുള്ള അവസരമാണ് ബാലജ്യോതിയിലൂടെ ഒരുക്കുന്നതെന്ന് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
2027 നവംബർ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ റിനൈസൻസ് ഓർലാൻഡോ അറ്റ് സീവേൾഡിൽ നടക്കുന്ന കെഎച്ച്എൻഎ ഗ്ലോബൽ കൺവെൻഷനിൽ ബാലജ്യോതി പ്രായവിഭാഗത്തിലുള്ള കുട്ടികൾക്കായി പ്രത്യേക പ്രവർത്തനവേദി ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൺവൻഷന്റെ എല്ലാ ദിവസവും രാവിലെ കുട്ടികൾക്ക് ഒത്തുചേരാനും വിവിധ പഠന, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരമൊരുക്കാനാണ് പദ്ധതി. രക്ഷിതാക്കൾക്കൊപ്പം എത്തുന്നവർ എന്നതിലുപരി കുട്ടികൾക്കും സ്വന്തം പരിപാടികളും അനുഭവങ്ങളുമുള്ള ഒരു കുടുംബസംഗമമായി കൺവൻഷനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ ആശംസകളും അനുഗ്രഹങ്ങളും നേർന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആശംസാസന്ദേശം ട്രസ്റ്റി ബോർഡ് അംഗം സനൽ ഗോപിനാഥ് അവതരിപ്പിച്ചു.
ഗാനപ്രവീണ ശ്രീയോഗീശ ശർമ്മ ബല്ലപ്പാടിയയും ആശംസകൾ നേർന്നു. തുടർന്ന് നടന്ന കുട്ടികളുടെ കലാ-ആധ്യാത്മിക അവതരണങ്ങൾ ഉദ്ഘാടനപരിപാടിക്ക് മിഴിവേകി. സംസ്കൃത ശ്ലോകങ്ങൾ, സരസ്വതീ സ്തുതികൾ, ഗായത്രി മന്ത്രം, ഗുരുസ്തുതികൾ, നവരാത്രിയുമായി ബന്ധപ്പെട്ട കഥകൾ, അർജുനന്റെ കഥ, നരസിംഹാവതാര കഥ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ബാലജ്യോതി പഠനത്തിലൂടെ ലഭിച്ച അനുഭവങ്ങളും ചില കുട്ടികൾ പങ്കുവച്ചു. ബാലജ്യോതി കോഓർഡിനേറ്റർ സ്മിത കല്ലുപറമ്പിൽ പരിപാടികൾ ഏകോപിപ്പിച്ചു. അധ്യാപകരായ ശശിലേഖ ജ്യോതിക്, ലക്ഷ്മി വാര്യർ, ബിനു കമൽ, ശാലിനി രാജേഷ്, ലക്ഷ്മി കണ്ണൻ, ലക്ഷ്മി കൃഷ്ണ, പ്രകാശ് സുരേന്ദ്രനാഥൻ എന്നിവരുടെ സേവനവും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.
ഉദ്ഘാടനപരിപാടിയിൽ ദിയ നമ്പ്യാർ, റിതുഷ് അതുൽദാസ്, അനന്യ ശ്രീകാന്ത്, ആരാധ്യ ശ്രീകാന്ത്, സിദ്ധാർഥ് ശ്രീകാന്ത്, ലാവ്യ പിള്ള, ഹൃദ കൃഷ്ണ, റാം കുന്നത്ത് പത്മനാഭൻ, ഉമ കുന്നത്ത് പത്മനാഭൻ, റിഷി, രാശി, അശ്വന്ത് വെങ്കിടേഷ്, സ്പന്ദന ജയലക്ഷ്മി രഞ്ജിത്ത്, സാൻവി ധർമരാജൻ, സാനവ് ധർമരാജൻ, സാത്വിക് പിള്ള, ആശ്വിക് പിള്ള, കല്യാണി അരുൺ, ആരുഹി മനോജ് ഭാസ്കരൻ, സിദ്ധിക്ഷ രാജേഷ്, പാർഥിവ് മേനോൻ തുടങ്ങിയ കുട്ടികൾ വിവിധ അവതരണങ്ങളിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സിനു നായർ നന്ദി രേഖപ്പെടുത്തി. ആരുഹി മനോജ് ഭാസ്കരന്റെ ശാന്തിമന്ത്രാലാപനത്തോടെ പരിപാടി സമാപിച്ചു.
Tags : Balajyothi EducationalProgramme OfficialLaunch Education Learning