ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ നിർധനരായ രോഗികൾക്ക് 50 വീൽചെയറുകൾ വിതരണം ചെയ്യുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ജൂബിലി പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം അറിയിച്ചു.
കേരളത്തിലെ ഏറ്റവും അർഹരായ നിർധന രോഗികൾക്ക് കൈത്താങ്ങാകുന്ന ഈ ചാരിറ്റി പദ്ധതിയിലേക്ക് സഹായസഹകരണങ്ങൾ അസോസിയേഷൻ അഭ്യർഥിച്ചു.
ഒരു വീൽചെയറിന് ഏകദേശം 100 മുതൽ 200 ഡോളർ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഡാളസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
സംഘടനയുടെ പ്രവർത്തനമികവിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം സമൂഹത്തിന് എന്നും പ്രയോജനപ്പെടുന്ന മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കുകയാണ് ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Tags : GoldenJubilee KeralaAssociationofDallas Wheelchair Dallas USA