കട്ടപ്പന: കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് പുതുതലമുറ ആണെന്നും ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് സർക്കാരും ഉന്നതവിദ്യാഭ്യസ വകുപ്പും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി റോജി എം. ജോൺ. റോയി കെ. പൗലോസ് എംഎൽഎയുടെ സ്മാർട്ട് ഇടുക്കി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അവാർഡുദാനച്ചടങ്ങ് കട്ടപ്പന വെള്ളയാംകുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാറിലും ശാന്തൻപാറയിലും കോളജുകൾക്ക് കെട്ടിടങ്ങൾ നിർമിക്കുന്നത് പരിഗണനയിലാണ്. ഇടുക്കി മെഡിക്കൽ കോളജ് തന്റെ വകുപ്പിലല്ലെന്നും എന്നാലും, മെഡിക്കൽ കോളജിന്റെ അസൗകര്യങ്ങൾ പരിഹരിക്കാൻ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100ശതമാനം വിജയം നേടിയ സ്കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എം എൽ എ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ടോണി തോമസ്, കോമളം മോഹൻദാസ് , ലീലാമ്മ ബേബി, തോമസ് രാജൻ , എം. എൻ. ഗോപി, എം. കെ. പുരുഷോത്തമൻ , സിജു ചക്കും മൂട്ടിൽ, മിനി സാബു, ജിപ്സി ജിമ്മി, മണിമേഘല തുടങ്ങിയവർ പ്രസംഗിച്ചു.