Kerala
തിരുവനന്തപുരം: പകൽസമയത്ത് വൈദ്യുതിക്ക് കുറഞ്ഞ വിലയും രാത്രിയിലെ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള സമയത്ത് ഉയർന്ന വിലയും ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ കരട് താരിഫ് റെഗുലേഷൻ പുറത്തിറക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. 2027 മുതൽ 2032 വരെയുള്ള കാലയളവിലെ നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് കരട് നിർദേശങ്ങൾ.
നിലവിലുള്ള 2021ലെ താരിഫ് റെഗുലേഷന്റെ കാലയളവ് 2026-27 സാന്പത്തികവർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകൾ തയാറാക്കിയത്.
സോളാർ വൈദ്യുതി കൂടുതലായി ലഭിക്കുന്ന പകൽ സമയത്ത് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി കൂടുതൽ ഉപയോക്താക്കളെ അന്നത്തെ വൈദ്യുതി ഉപയോഗത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർദേശം. നിലവിൽ മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടൈം ഓഫ് ഡേ സംവിധാനം ബാധകമാക്കിയിട്ടുള്ളത്. ഇതിന്റെ പരിധിയിലേക്ക് കുടുതൽ ഉപയോക്താക്കളെ കൊണ്ടുവന്നാൽ രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാർ ഉപയോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്കിളവ് നൽകുന്നതു സംബന്ധിച്ച നിർദേശം, ഫിക്സഡ് ചാർജ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം, ഇന്ധന സർചാർജ് അതതു മാസംതന്നെ ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം തുടങ്ങിയവ കരട് റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെഎസ്ഇബിയുടെ കാര്യക്ഷമത, ഉത്തരവാദിത്വം, സേവനനിലവാരം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ കരട് റെഗുലേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നൽകാനുള്ള വ്യവസ്ഥകളുമുണ്ട്. കൂടാതെ, കാര്യക്ഷമമായ വൈദ്യുതി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കുന്നതിനുമുള്ള നിർദേശങ്ങളുമുണ്ട്.
വൈദ്യുതി വിതരണ, പ്രസരണ മേഖലകളിലെ പ്രവർത്തപരിപാലന ചെലവുകൾ നിർണയിക്കുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഊർജസംഭരണ സംവിധാനങ്ങളുടെ താരിഫ് നിർണയിക്കുന്നതിനായി സമഗ്രമായി ചട്ടക്കൂട് നിർദേശിച്ചിട്ടുണ്ട്. 2021ലെ താരിഫ് റെഗുലേഷനുകൾ വിജ്ഞാപനം ചെയ്തതിനുശേഷം വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങളും, സിഇആർസി, സിഇഎ പുറപ്പെടുവിച്ച റെഗുലേഷനുകളും, കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളും കൂടി കണക്കിലെടുത്താണ് കരട് റെഗുലേഷനുകൾ തയാറാക്കിയത്.
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റെഗുലേഷൻ 2026ന്റെ കണ്സൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖേന സെപ്റ്റംബർ 18ന് മുന്‍പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൽ (0471-2735544) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ [email protected] മുഖേനയും സെപ്റ്റംബർ 25 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാമെന്നും കമ്മീഷൻ അറിയിച്ചു.
Leader Page
രാത്രികളോട് എനിക്കകമേ ഒരിഷ്ടമുണ്ട്. ഭൗമതമസ് തപസിലാഴുന്ന നേരമത്രയും പുണ്യശ്ലോകങ്ങള് ചൊല്ലിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുളായാൽ അമ്മൂമ്മ പറയും “ശ്ലോകം ചൊല്ലൂ” എന്ന്. പേടി മാറാനാണ്. ഒന്നു കുളിച്ചുവന്ന് നടുക്കളത്തിലിരുന്നു ചൊല്ലിത്തുടങ്ങും. അങ്ങനെ ചൊല്ലിപ്പഠിച്ച അസംഖ്യം ശ്ലോകരുചികള് നാവിലിപ്പോഴുമുണ്ട്. “രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും” എന്ന ശ്ലോകമാണ് ആദ്യം മനഃപാഠമാക്കിയത്. അത് ശബ്ദംകൊണ്ട് ഇരുളിനെ നീക്കാനുള്ള ജാലവിദ്യയാണെന്നു മാത്രമേ അന്ന് അറിവുള്ളൂ. അതിനാല്‍ ആവുന്നത്ര ഉച്ചത്തില്‍ ശ്ലോകം ചൊല്ലും. ചൊല്ലിക്കഴിഞ്ഞ് ഇരുളിലേക്ക് കണ്ണുമിഴിച്ചുനോക്കും. ദൂരെ എങ്ങുനിന്നെങ്കിലും ഒരു തരിവെട്ടം വരുന്നുണ്ടോയെന്ന്.
പക്ഷേ വരില്ല. പിന്നെയും നേരമെത്ര കഴിഞ്ഞാണ് ഒരെട്ടുനാഴികപ്പൊട്ടന് മേഘമാര്ഗേ ഒരു ചെമ്പകപ്പൂമൊട്ടുപോലെ തെളിയുന്നത്. അതു പുലരിയല്ല. പുലരിയെത്തും മുമ്പുള്ള ഒരു തിരനോട്ടമാണ്. എന്നെക്കാള്‍ ശക്തനായവന് എന്റെ പിന്നാലെ വരുന്നുണ്ടെന്ന വിളംബരം.ആശാന്റെ ‘ലീല’യില്‍ പറയുംപോലെ “സ്ഫുരിത തനുപ്രഭം.”
അനുഭവിച്ചതിലേറ്റം സുന്ദരമായ കാഴ്ച പകലിന്റെയോ രാത്രിയുടെയോ അല്ല; സന്ധ്യയുടേതാണ്. പൂമല പൂക്കും പോലെയാണത്. കൊല്ലന്റെ ഉലയിൽനിന്നാളിയ തീ പോലെ. പകലിന്റെ ഇളംനാമ്പുകളിൽ ഒരു കൊറ്റനാടിനെപ്പോലെ അഗ്നി മേയുന്നതു കണ്ടിരിക്കാൻ രസമാണ്. ഒരുതരം സാരള്യം അതിനുണ്ട്. പ്രഭാമണ്ഡലത്തെ പതിയെപ്പതിയെ ഇരുള്ശാഖികളൊന്നൊന്നായ് വന്ന് കെട്ടിപ്പിടിക്കും. അതു കണ്ടുനില്ക്കാന് എനിക്കേറെ ഇഷ്ടമായിരുന്നു. അതു കുട്ടിക്കാലം മുതലേയുള്ള ഒരു കൊതിയായിരുന്നു. സന്ധ്യ കനത്തുതുടങ്ങുമ്പോള് പടിഞ്ഞാട്ടെ വയല്ക്കരയിലേക്കു പായും. അവിടെയാണ് രാവും പകലും ഇണചേരുന്നിടം. പുനര്‍ജന്മമില്ലാത്ത വിസ്മയത്തിന് സൗവര്ണലീല അവിടെയാണ് സംഭവിക്കുന്നത്. കേളീപത്മങ്ങള് ചക്രവാളം വരച്ചുകഴിഞ്ഞാല്‍ പിന്നെ ഇരുളായി. മുഗ്ധശാന്തയാം രാവ് വരികയായ്.
ആ വരവ് കാടുകളില്‍ നൃത്തം കഴിഞ്ഞുള്ള വരവാണെന്നു തോന്നും. ആ ഘനനിബിഡത അത്രയ്ക്കുണ്ട്. പൊള്ളിയടര്‍ന്ന പകല്‍ അപ്പോള്‍ ഒരോര്‍മ മാത്രമാകും. അല്പംമുമ്പ് നഭസില്നിന്ന് അപ്രത്യക്ഷമായ തേജോഗോളം ഒരോര്മയാകും. രാവ് ഒരു കൂറ്റന്‍ കരിമ്പനയായി മാറും. ആകാശംമുട്ടെയാകും അതിന്റെ മേലാപ്പ്. ഇലപ്പടര്പ്പുകളില്നിന്ന് തമോമൂര്ത്തികളുടെ പിറുപിറുപ്പു കേള്‍ക്കാം. അമാനുഷികര്‍. അവര്‍ യക്ഷികളാണെന്ന് പഴമക്കാര്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അതുള്ളില്‍ കിടന്ന് കിലുകിലെ തകിലു കൊട്ടും. അത്യദ്ഭുത ഭാവനയായ് പിന്നെ മനസ് നിറയെ. അപ്പോള്‍ രാവിന്റെ നിശബ്ദയാമങ്ങളെ ഒറ്റയ്ക്കു തുഴഞ്ഞുതീര്ക്കാനാകില്ല. ഭയം രാവിന്റെ മറനീക്കി പുറത്തുവരും. നല്ല മഴക്കാലമാണെങ്കില്‍ ഭയം ഇരട്ടിക്കും. മഴയ്ക്കൊപ്പം ഇരട്ടവാലുള്ള മിന്നലിന് വാള്പ്പയറ്റുണ്ടെങ്കില് പറയുകയും വേണ്ട. ഒരു പത്തുപതിമൂന്നു വയസുവരെ രാത്രി എന്റെ ജീവിതപുസ്തകത്തിലെ ഇരുണ്ട അധ്യായങ്ങളായിരുന്നു.
രാത്രിയിലാണേറ്റവും സങ്കടം വന്ന് ഉള്ളില്‍ നിറയാറുള്ളതെന്നു തോന്നിയിട്ടുണ്ട്. സങ്കടരാവുകളെ മറികടക്കാനാണ് ഞാന്‍ വായനയിലേക്കു തുഴഞ്ഞത്. പകല്‍ വിതയ്ക്കുകയും രാത്രി കൊയ്യുകയും ചെയ്യുന്ന ശീലം എനിക്കങ്ങനെ കിട്ടിയതാണ്.
വെളുക്കുവോളമിരുന്ന് വായിക്കും. അപ്പോള്‍ തനിച്ചല്ല എന്നു തോന്നും. വായിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങള്‍ എന്നോടൊപ്പം രാത്രി തുഴയാനെത്തും. അവരോടു മിണ്ടിപ്പറഞ്ഞും കലഹിച്ചും സഹതപിച്ചും സ്നേഹിച്ചും പുതുമഴ വീണ വഴികളിലൂടെന്നപോലെ നടക്കും. ചില കഥാപാത്രങ്ങള്‍ കൊടുംവേനലില്നിന്നാകും വരിക. ചിലര്‍ പ്രവാചകന്മാരെപ്പോലെ പെരുമാറും. ചിലരാകട്ടെ നമ്മുടെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തുപിടിക്കും.
ചിലര്‍ മുദ്രാവാക്യം വിളിച്ചു മുന്നേ നടക്കും. ഇവരില്‍ ഒരു കൂട്ടരുണ്ട്. നല്ല അനുസരണക്കേടുള്ളവര്‍. അവർ ക്ഷോഭസമുദ്രത്തിലേക്ക് തോണിയിറക്കും. അവർ കുരിശിലേക്ക് പ്രാണൻ തളച്ചിടും. നാം നോക്കിനിൽക്കേ അവർ വിഷക്കോപ്പ ഉള്ളിലേക്ക് കമഴ്ത്തും. അവരുടെ മരണം അവർ തീരുമാനിക്കും. എനിക്കവരോടായിരുന്നു ഏറെയിഷ്ടം. അവര്‍ക്ക് ഒന്നിനോടും ഭയമില്ല.വരുന്നിടത്തുവച്ചു കാണാം എന്ന മട്ട്. അവരിലൊരാളെന്റെ ദുശ്ശകുനമായി ഇപ്പോഴുമുണ്ട്.
ഒരു രാത്രിവായനയില് കയറിവന്ന ആ കഥാപാത്രം ഇന്നും ഉള്ളില്‍നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഛത്രചാമരങ്ങളണിഞ്ഞ ഒരു രാജാവായിരുന്നു അദ്ദേഹം. പക്ഷേ, ഛേദിക്കപ്പെട്ട ഒരായുസായിരുന്നു അദ്ദേഹത്തിന്റേത്. കടങ്കഥകളുടെയും ദൈവകോപത്തിന്റെയും നാടായ തീബ്സില്നിന്നാണ് ആ രാജാവ് എന്റെ മനസിലേക്ക് കയറിവന്നത്, ഈഡിപ്പസ്. സോഫോക്ലിസിന്റെ ‘ഈഡിപ്പസ് ദ കിംഗ്’ വായിച്ച് എനിക്കു നഷ്ടപ്പെട്ടത് നിലാവെളിച്ചം നിറഞ്ഞ ഒരു രാത്രിയാണ്. ഈ പുസ്തകം എനിക്കു വച്ചുനീട്ടിയ രാത്രി എന്നെ ശരിക്കും ചതിക്കുകയായിരുന്നു. ഉള്ളില്‍ പൊള്ളിക്കിതയ്ക്കുന്ന പാതിവെന്ത മണം ആ പുസ്തകം തന്ന ഒരോര്‍മയാണ്. ആ സംക്രമപുരുഷന്‍ ഒരു തീപ്പന്തമായി നിന്നെരിയുന്നത് എല്ലാ രാത്രികളിലും ഞാന്‍ കാണാറുണ്ട്.