Kerala
കൊച്ചി: സംസ്ഥാന വഖഫ് ബോര്ഡിന്റെ പ്രവര്ത്തനം ഹൈക്കോടതി താല്ക്കാലികമായി മരവിപ്പിച്ചു. ബോര്ഡ് പ്രവര്ത്തനങ്ങള്ക്കെതിരെ നല്കിയ വിവിധ ഹര്ജികള് പരിഗണിച്ചു കൊണ്ടാണ് അടുത്ത ബുധനാഴ്ച വരെ വഖഫ് ബോര്ഡിന്റെ പ്രവര്ത്തനങ്ങള് കോടതി മരവിപ്പിച്ചിരിക്കുന്നത്.
വഖഫ് ബോര്ഡ് നിര്ണായക തീരുമാനങ്ങള് എടുക്കരുതെന്നും വലിയ സാമ്പത്തിക ചെലവുകള് പാടില്ലെന്നും കോടതി നിര്ദേശിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോര്ഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിര്വഹിക്കുക.
വഖഫ് ബോര്ഡില് മുസ്ലിം ഇതര വിഭാഗങ്ങളില് നിന്നുള്ള രണ്ട് അംഗങ്ങള് വേണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് ഷോണ് ജോര്ജ് ഹര്ജി സമര്പ്പിച്ചത്. മുനമ്പം ഭൂമി വഖഫ് പോര്ട്ടലില് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപാകതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും ഉന്നയിച്ചാണ് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കോട്ടയം: കാരിത്താസ് ആശുപത്രിയില് സമ്പൂര്ണ റോബോട്ടിക് സര്ജറി സെന്റര് പ്രവര്ത്തനമാരംഭിച്ചു. റോബോട്ടിക് സര്ജറി സെന്ററിന്റെ പ്രവര്ത്തനോദ്ഘാടനം മജീഷ്യനും മോട്ടിവേഷണല് പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിര്വഹിച്ചു.
ആരോഗ്യ-ശുശ്രൂഷാ രംഗത്ത് മാനുഷികതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും മറ്റ് ആശുപത്രികളില്നിന്നും കാരിത്താസിനെ വ്യത്യസ്തമാക്കുന്നത് ഈ സേവന മനോഭാവമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. പാവപ്പെട്ടവരെ ചേര്ത്തുപിടിക്കുന്ന ഒരുപാട് പ്രവര്ത്തനങ്ങളാണ് ആശുപത്രി അവരുടെ മുന്നേറ്റ പാതയിലൂടെ നടത്തുന്നതെന്നും മുതുകാട് കൂട്ടിച്ചേര്ത്തു.
കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റല് ചെയര്മാനുമായ ബിഷപ് മാര് ജോസഫ് പണ്ടാരശേരില് മുഖ്യാതിഥിയായിരുന്നു. റോബോട്ടിക് സെന്റര് സ്ഥാപിച്ചു മെഡിക്കല് രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് കാരിത്താസ് ആശുപത്രിയെന്നും നമ്മള് ലോകത്തിലേക്ക് നോക്കുകയല്ലെന്നും ലോകം കാരിത്താസിലേക്കു നോക്കുകയാണെന്നും ബിഷപ് പറഞ്ഞു.
കാരിത്താസ് ആശുപത്രി ഡയറക്ടര് ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടര് ഫാ. ജോയിസ് നന്ദിക്കുന്നേല്, അസിസ്റ്റന്റ് ഡയറക്ടര് സൈജു പുത്തന്പറമ്പില്, മെഡിക്കല് ഡയറക്ടര് ബോബി എന്. ഏബ്രഹാം എന്നിവര് പങ്കെടുത്തു.
ഓര്ത്തോപീഡിക് വിഭാഗത്തില് മാത്രമായിരുന്ന ഈ സേവനം ഇനിമുതല് ജനറല് സര്ജറി, ഗാസ്ട്രോ സര്ജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസര്ജറി, കാര്ഡിയാക് സര്ജറി എന്നീ വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടര് ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.
ശസ്ത്രക്രിയാരംഗത്ത് കൂടുതല് കൃത്യതയും സംരക്ഷണവും ഉറപ്പുവരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയില് പ്രവര്ത്തനസജ്ജമായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
District News
തോടനാല്: ജില്ലാ പഞ്ചായത്തിന്റെ 2025-26 പദ്ധതിയില് ഉള്പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര് ജോസ്മോന് മുണ്ടയ്ക്കല് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് തോടനാല് കപ്പലിക്കുന്ന് ഭാഗത്ത് നിര്മിച്ച കുഴല്കിണര് കുടിവെള്ള പദ്ധതി പ്രവര്ത്തനമാരംഭിച്ചു.
കുഴല്കിണര് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജോസ്മോന് മുണ്ടയ്ക്കല് നിര്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയി മാടയാങ്കല്, ഷാജി ഗണപതിപ്ലാക്കല്, ഷീന രാജേഷ്, പഞ്ചായത്തംഗങ്ങളായ സാജി വളവനാല്, ഡാലിയ ജോണി, അഖില് രാജു, സജി തകിടിപ്പുറം, ജോഷി പുളിക്കല്, റെജി മറ്റത്തില്, പീറ്റര് ചേരവേലില്, റോയി പുളിക്കല്, സുനില് ചേരവേലില്, രാജേഷ് പുളിക്കക്കുന്നേല് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സെൻസസ് നടപടികൾക്ക് തുടക്കം. ജൂൺ 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ഉൾപ്പെടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി. ഐഎഎസ് വ്യക്തമാക്കി.
District News
തൊടുപുഴ: ത്യാഗസ്മരണയുടെയും ആത്മസമര്പ്പണത്തിന്റെയും സന്ദേശമായ വലിയപെരുന്നാള് ആഘോഷം വേറിട്ടതാക്കി സിഎച്ച് സെന്റര്. മുതലക്കോടം ഓള്ഡ് ഏജ് ഹോമില് സ്നേഹവിരുന്നൊരുക്കിയും പുതുവസ്ത്രങ്ങള് നല്കിയും അവരെ ചേര്ത്തുപിടിച്ച് പ്രതീക്ഷകള് പകര്ന്നുനല്കിയായിരുന്നു ആഘോഷം. ഗവ. ചീഫ് വിപ്പ് അപു ജോണ് ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉ റപ്പാക്കുന്നതില് യുഡിഎഫ് സര്ക്കാര് പ്രതിജ്ഞാബദ്ധരാണ്. വയോജനങ്ങള്ക്കായി പ്രത്യേകവകുപ്പ് രൂപീകരിച്ചത് ഇതിലേക്കുള്ള ഉറച്ച ചുവടുവയ്പാണ്. ജീവകാരുണ്യ രംഗത്ത് സിഎച്ച് സെന്റര് നടത്തിവരുന്ന പ്രവര്ത്തനങ്ങള്ക്ക് എല്ലാ പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎച്ച് സെന്റര് കണ്വീനര് ടി.എസ്. ഷംസുദീന്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്ത്തക സമിതിയംഗം എസ്.എം. ഷരീഫ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര് ടി.കെ. നവാസ്, സെക്രട്ടറി കെ.എം. സലിം, വനിതാ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജുബൈരിയ ഷുക്കൂര്, ജില്ലാ പ്രസിഡന്റ് ഷഹന ജാഫര് ഓള്ഡ് ഏജ് ഹോം സൂപ്രണ്ട് ആയിഷ ബീവി എന്നിവര് പ്രസംഗിച്ചു.
National
ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അടിയന്തിര കർമപദ്ധതികൾ തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശം നൽകി സുപ്രീംകോടതി.
പൊതുവായ ഒരു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലുള്ള ബ്ലൂപ്രിന്റ് തയാറാക്കുന്നതിനായി മൂന്നാഴ്ച കോടതി അനുവദിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരോ അഡീഷണൽ ചീഫ് സെക്രട്ടറിമാരോ വിദഗ്ധരുടെ യോഗം വിളിച്ച് പ്രായോഗിക കർമ പദ്ധതി തയാറാക്കാൻ ജസ്റ്റീസുമാരായ എ. അമാനുള്ള, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഐസിയു സേവനങ്ങളുടെ ഓർഗനൈസേഷനും ഡെലിവറിക്കുമുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന സമവായ രേഖ കോടതി ഔദ്യോഗികമായി അംഗീകരിച്ചു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശമായി അയക്കാനും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനതല യോഗങ്ങൾ പൂർത്തിയാക്കി, മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മുൻഗണനാ വിഷയങ്ങൾ തിരിച്ചറിയണം.
ഈ മാനദണ്ഡങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക രീതികളും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനവും സംസ്ഥാനങ്ങൾ ഒരുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാനതല റിപ്പോർട്ടുകൾ ലഭിച്ച ശേഷം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന് അന്തിമ കരട് തയാറാക്കി കോടതിയിൽ സമർപ്പിക്കണം. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കണം. അടുത്ത മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
നഴ്സിംഗ് ജീവനക്കാരുടെ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിനെയും പാരാമെഡിക്കൽ കൗണ്സിലിനെയും കേസിൽ കക്ഷികളായി കോടതി ചേർത്തു.
ഐസിയു സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ കോഴ്സുകളും പരിശീലനവും എങ്ങനെ പരിഷ്കരിക്കാമെന്ന പദ്ധതി സമർപ്പിക്കാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആര്ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല് ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്വീസ് നടത്തുക. എയര്ഹോസ്റ്റസ് മാതൃകയില് ബസ് ഹോസ്റ്റസും ബസില് ഉണ്ടാകും. പുലര്ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന് പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്വീസ്.
മറ്റ് ബസുകളില് നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില് മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില് കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന് സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്വീസ് തുടങ്ങാന് കഴിയുമെന്നാണ് കെഎസ്ആര്ടിസി പ്രതീക്ഷ.
District News
കാഞ്ഞിരപ്പള്ളി: ജനറല് ആശുപത്രിയിലെ കാന്റീനിന്റെ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കരാര് പുതുക്കി നല്കാന് വൈകിയതാണ് കാന്റീനിന്റെ പ്രവര്ത്തനം നിലയ്ക്കാൻ കാരണം. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദേശീയപാതയിലെത്തി ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ അഞ്ചിനാണ് പഴയ കരാര് പൂര്ത്തിയായതോടെ കാന്റീനിന്റെ പ്രവര്ത്തനം നിലച്ചത്. പഴയ കരാര് തീരുന്നതിന് മുന്പ് പുതിയ കരാര് നല്കിയിരുന്നെങ്കില് കാന്റീനിന്റെ പ്രവര്ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല് അഞ്ചിന് മുന്പ് രണ്ടുതവണ ലേലം വിളിച്ചിട്ടും എടുക്കാന് ആളില്ലാതിരുന്നതാണ് കരാര് നല്കാന് വൈകുന്നതെന്ന് ആശുപത്രി അധികൃതര് പറയുന്നു.
ഭീമമായ കരാര് തുകയായതിനാലാണ് കരാര് ഏറ്റെടുക്കാന് പലരും മടിക്കുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ തവണ പ്രതിമാസം 1.92 ലക്ഷം രൂപയ്ക്കാണ് കരാര് എറ്റെടുത്തത്. ഈ തുക മുതല് ലേലം വിളിക്കുവാനേ നിയമപ്രകാരം അനുവാദമുള്ളൂ. ഇനി ആശുപത്രി വികസനസമിതി ചേര്ന്ന് കരാര്തുക കുറച്ച് തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക.
ഒരു മാസം മുന്പെങ്കിലും ലേലനടപടികള് ആരംഭിച്ചിരുന്നെങ്കില് നിലവിലെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ആരോപണമുണ്ട്.
Business
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്സിലർ എൽസമ്മ ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് റൗഫ് റഹീം എന്നിവർ പ്രസംഗിച്ചു.
ഡയറക്ടർ കെ.ആർ. ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, സീനിയർ മാനേജർ ഓപ്പറേഷൻസ് മഹേഷ് കുമാർ ജഗൻ, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള സെൻസസ് പ്രക്രിയ പൂർത്തിയാക്കാൻ 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സർക്കാർ സ്കൂളിലെ അധ്യാപകരും സംസ്ഥാനസർക്കാർ നിയമിച്ച ഉദ്യോഗസ്ഥരുമായിരിക്കും കണക്കെടുപ്പ് നടത്തുക.
ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈലുകളിൽ ലഭ്യമാകുന്ന ആപ്ലിക്കേഷനുകൾ വഴി വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആദ്യ ഡിജിറ്റൽ സെൻസസാണ് 2027ലേത്. സെൻസസിൽ സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന ഉപാധിയും പൊതുജനങ്ങൾക്കുണ്ടാകും.
രണ്ടാം ഘട്ടത്തിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിലാണ് ജാതിവിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ 30ന് രാഷ്ട്രീയകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നൽകിയ ജാതി കണക്കെടുപ്പിന്റെ അന്തിമഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിവരയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1931ലാണ് രാജ്യത്ത് അവസാനമായി ജാതി കണക്കെടുപ്പ് നടന്നത്.
ഹൗസ് ലിസ്റ്റിംഗ് അടുത്തവർഷം
അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യഘട്ടത്തിൽ ഒരു പ്രദേശത്തെ ഓരോ കെട്ടിടത്തെയും ഭവനങ്ങളെയും സൗകര്യങ്ങളെയും ആസ്തികളെയും ജീവിതസാഹചര്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ തിട്ടപ്പെടുത്തുന്ന പ്രക്രിയയായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടക്കും.
വ്യക്തികളുടെ എണ്ണമടക്കമുള്ള വിവരങ്ങളെടുക്കുന്ന സുപ്രധാന പ്രക്രിയയായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ജമ്മു കാഷ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില മഞ്ഞു മൂടിയ പ്രദേശങ്ങളിലും ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം സെപ്റ്റംബറിൽ നടക്കും.
National
ജമ്മു: ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ നടപടികൾ ഊർജിതമാക്കി പോലീസ്. പ്രാദേശിക ഭീകരരെയും ഇവർക്ക് സഹായങ്ങൾ എത്തിക്കുന്നവരെയുമാണു ലക്ഷ്യം വയ്ക്കുന്നത്.
റാംബൻ, കിഷ്ത്വാർ, കഠുവ, ദോദ, പൂഞ്ച്, രജോരി എന്നീ ജില്ലകളിൽ വ്യാപക തെരച്ചിലുകളാണ് നടക്കുന്നത്. ദോഡ ജില്ലയിൽ നിരവധി പേരെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തണുപ്പുകാലത്ത് ഭീകരർ സമതലപ്രദേശങ്ങളിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്താനൊരുങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.
പോലീസിനോടൊപ്പം സൈന്യവും സിആർപിഎഫും തെരച്ചിലിൽ പങ്കാളികളായി. പാക് അധീന കാഷ്മീരിൽ താമസിക്കുന്ന ഒരു അംഗമെങ്കിലുമുള്ള കുടുംബങ്ങളുടെ 25 വീടുകളാണ് ദോഡയിൽ പരിശോധിച്ചത്. നിരവധി മൊബൈൽ ഫോണുകളും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട ബിജുവിന്റെ നില അതീവ ഗുരുതരം. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബിജു അബോധാവസ്ഥയിലാണെന്നും ഓക്സിജൻ നൽകിയതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നേരത്തെ ഇരുവരും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ ബിജു അബോധാവസ്ഥയിൽ തുടരുകയാണ്.
ബിജുവിന് ഓക്സിജൻ നൽകിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. എത്രയും വേഗം കോൺക്രീറ്റ് സ്ലാബ് നീക്കി പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ ഉടനെ സ്ഥലത്ത് എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.