ന്യൂഡൽഹി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് അടിയന്തിര കർമപദ്ധതികൾ തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദേശം നൽകി സുപ്രീംകോടതി.
പൊതുവായ ഒരു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലുള്ള ബ്ലൂപ്രിന്റ് തയാറാക്കുന്നതിനായി മൂന്നാഴ്ച കോടതി അനുവദിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരോ അഡീഷണൽ ചീഫ് സെക്രട്ടറിമാരോ വിദഗ്ധരുടെ യോഗം വിളിച്ച് പ്രായോഗിക കർമ പദ്ധതി തയാറാക്കാൻ ജസ്റ്റീസുമാരായ എ. അമാനുള്ള, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഐസിയു സേവനങ്ങളുടെ ഓർഗനൈസേഷനും ഡെലിവറിക്കുമുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന സമവായ രേഖ കോടതി ഔദ്യോഗികമായി അംഗീകരിച്ചു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശമായി അയക്കാനും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനതല യോഗങ്ങൾ പൂർത്തിയാക്കി, മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മുൻഗണനാ വിഷയങ്ങൾ തിരിച്ചറിയണം.
ഈ മാനദണ്ഡങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക രീതികളും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനവും സംസ്ഥാനങ്ങൾ ഒരുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സംസ്ഥാനതല റിപ്പോർട്ടുകൾ ലഭിച്ച ശേഷം കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന് അന്തിമ കരട് തയാറാക്കി കോടതിയിൽ സമർപ്പിക്കണം. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കണം. അടുത്ത മാസം 18ന് കേസ് വീണ്ടും പരിഗണിക്കും.
നഴ്സിംഗ് ജീവനക്കാരുടെ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിനെയും പാരാമെഡിക്കൽ കൗണ്‍സിലിനെയും കേസിൽ കക്ഷികളായി കോടതി ചേർത്തു.
ഐസിയു സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ കോഴ്സുകളും പരിശീലനവും എങ്ങനെ പരിഷ്കരിക്കാമെന്ന പദ്ധതി സമർപ്പിക്കാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
Tags : ICU operations Supreme Court plan