National
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസിമേഖലകളിലും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് ട്രൈബ്യൂണൽ.
ന്യൂനപക്ഷങ്ങളെ ഉന്നമിട്ടു നടക്കുന്ന അതിക്രമങ്ങളിലൂടെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വതന്ത്ര്യം വേട്ടയാടപ്പെടുകയാണെന്നും ഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന ആരോപിച്ചു.
ആദിവാസിമേഖലയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും അവഗണനകളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോണ്‍ ദയാൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം. അതിക്രമം നേരിട്ടവർ കഴിഞ്ഞദിവസം നേരിട്ടെത്തി അനുഭവം വിവരിച്ചിരുന്നു.
പുരുഷന്മാരെ മർദിക്കുകയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അതിക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ പല കോണുകളിലും നടക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകയായ വിദ്യ ദിനകർ വിശദീകരിച്ചു.
മതം മാറി എന്നാരോപിച്ച് ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങൾ കൂടുതലും സംഭവിക്കുന്നത്. മതപരിവർത്തന ആരോപണം അതിക്രമങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർക്കെതിരെ എക്സൈസ് മന്ത്രിക്ക് പരാതി നൽകി ഉദ്യോഗസ്ഥ സംഘടന. നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ അകാരണമായി നടപടി സ്വീകരിക്കുന്നുവെന്നും ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്റെ നിർദേശം നേരത്തെ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്.
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
District News
കോഴിക്കോട്: കളിക്കുന്നതിനിടെ വീണ് പരിക്കുപറ്റുകയും തുടര്‍ന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത പാലക്കാട് സ്വദേശിനിയായ ഒന്‍പത് വയസുകാരിയ്ക്ക് വീട് ഒരുക്കാന്‍ ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ്.
ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിനായി സ്നേഹവീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീട് നിര്‍മാണത്തിനുള്ള പൂര്‍ണ്ണമായ ചെലവ് ട്രസ്റ്റ് വഹിക്കും. കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അനുയോജ്യമായ ഭൂമി ലഭ്യമാകുന്നമുറക്ക് വീട് പണി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി സ്പോണ്സര് ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
ചെയര്മാന് ഡോ. പി.എന്‍.ഷബീല്‍, സെക്രട്ടറി അബ്ദുറഹിമാന് മാനോളി, മുഹമ്മദ് അസ്ഹര്‍ അത്തേരി, ഫഹദ് മുഹമ്മദ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.