ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസിമേഖലകളിലും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് ട്രൈബ്യൂണൽ.
ന്യൂനപക്ഷങ്ങളെ ഉന്നമിട്ടു നടക്കുന്ന അതിക്രമങ്ങളിലൂടെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വതന്ത്ര്യം വേട്ടയാടപ്പെടുകയാണെന്നും ഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന ആരോപിച്ചു.
ആദിവാസിമേഖലയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും അവഗണനകളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോണ്‍ ദയാൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം. അതിക്രമം നേരിട്ടവർ കഴിഞ്ഞദിവസം നേരിട്ടെത്തി അനുഭവം വിവരിച്ചിരുന്നു.
പുരുഷന്മാരെ മർദിക്കുകയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അതിക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ പല കോണുകളിലും നടക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകയായ വിദ്യ ദിനകർ വിശദീകരിച്ചു.
മതം മാറി എന്നാരോപിച്ച് ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങൾ കൂടുതലും സംഭവിക്കുന്നത്. മതപരിവർത്തന ആരോപണം അതിക്രമങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു.
Tags : People's Tribunal human rights organization Christians tribal areas atrocities