x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോര്‍പറേഷന്‍, ബോര്‍ഡ് പുനഃസംഘടന: വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍

ടി.എം. ജയിംസ്
Published: August 22, 2026 07:45 PM IST | Updated: August 22, 2026 07:45 PM IST

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: സംസ്ഥാനത്ത് കോര്‍പറേഷന്‍, ബോര്‍ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍. യുഡിഎഫ് ഘടക കക്ഷികളില്‍ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കളിൽ ചിലരാണ് പദവികളില്‍ പ്രധാനമായും വട്ടമിടുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി അംഗം പി.പി. ആലി, മുസ്‌ലിംലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ കോര്‍പറേഷനുകളിലോ ബോര്‍ഡുകളിലോ താക്കോല്‍സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരില്‍ ചിലരാണ്.

യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടുപ്പില്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച ജാനുവിന് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വം ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

യുഡിഎഫിലെ പങ്കുവയ്പ് കഴിഞ്ഞ് പാര്‍ട്ടിതലങ്ങളിലാണ് കോര്‍പറേഷന്‍, ബോര്‍ഡ് സാരഥികളെയും മറ്റും തീരുമാനിക്കുക. ഏതെല്ലാം കോര്‍പറേഷനുകളും ബോര്‍ഡുകളും ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എന്നതില്‍ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതാണ്. അടുത്ത മുന്നണി നേതൃയോഗത്തില്‍ പങ്കുവയ്പ്പില്‍ അന്തിമ തീരുമാനത്തിന് സാധ്യത ഏറെയാണ്.

കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷരെ തീരുമാനിക്കുമ്പോള്‍ കെപിസിസി നേതൃത്വം വയനാടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസ് നിരയിലുണ്ട്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാനന്തവാടിയും ബത്തേരിയും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്.

ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പുറമേനിന്നുള്ള ടി. സിദ്ദിഖിനാണ് നേതൃത്വം ടിക്കറ്റ് നല്‍കിയത്. സീനിയോരിറ്റിയും യോഗ്യതയും ഉണ്ടായിട്ടും കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ജനറല്‍ വിഭാഗം നേതാക്കള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാത്ത സ്ഥിതിയാണ്.

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ജനവിധി തേടുന്നതിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇതര ദേശക്കാരനായ എം.ഐ. ഷാനവാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. പിന്നീട് പാര്‍ട്ടി അഖിലേന്ത്യ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് മണ്ഡലത്തില്‍ മത്സരിച്ചത്.

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഒരുകൈ നോക്കുന്നതിനുള്ള അവസരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്വപ്‌നത്തില്‍ പോലും ഇപ്പോഴില്ല. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശവും അവരുടെ ചിന്തകളില്‍ ഇല്ല.

Tags : Corporation Organization Wayanad UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up