ചിന്ത ജെറോം
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും ആർ. രാഹുലിനെ സംസ്ഥാന ട്രഷററായും നിർദേശിച്ചതായാണ് സൂചന. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇന്നലെ ചേർന്ന ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സമ്മേളനത്തിൽ പാനൽ അവതരണം ഉടൻ നടക്കും. അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച വിമർശനം ഇന്നും ശക്തമായി ഉയർന്നു. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് പ്രതിനിധികളുടെ വിമർശനം.
സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര തീരുമാനങ്ങളും വാർത്തകളും നേതാക്കൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തുന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സാഹചര്യം സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന സമിതി പാനലിലും ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ട്രഷററെ സംസ്ഥാന സമിതിയിൽ നിന്നും വെട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും.
Tags : Chintha Jerome DYFI DYFI State President