NRI
ഡാളസ്: അമേരിക്കയിൽ സർഗവാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയിൽ ജേക്കബ് 2021ൽ അന്തരിച്ചു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണാർഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.
2024ല് നമ്മെ വിട്ടുപിരിഞ്ഞ കെഎൽഎസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്കാരവും കഴിഞ്ഞ വര്ഷം മുതല് നല്കി വരുന്നു.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള് മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്, സോഷ്യല് മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
രചനകള് മതസ്പര്ദ്ധ വളര്ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.
അവാര്ഡ് പ്രഖ്യാപനം കെഎല്എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്ലൈന് മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള് റ്റൈപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില് നിന്നു ഒരു കവിത / കഥ മാത്രമേ മല്സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള് സമര്പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30. അയക്കേണ്ട വിലാസം: Email : [email protected].
പൊതുനിബന്ധനകൾ
1. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
3. രചനകൾ മതസ്പര്ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്.
5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.
6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല.
7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.
8. അവാർഡ് പ്രഖ്യാപനം കെ. എൽ. എസ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്.
10. പ്രത്യേക പേജിൽ പേരും അഡ്രസ്സും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.
13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രിൽ 30
14. കൃതികൾ അയക്കേണ്ട വിലാസം: Email : [email protected].
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലിയിൽ (915 613 6566) നിന്നും ലഭിക്കും എന്ന് കേരള ലിറ്റററി സൈസൈറ്റി ഡാളസിനു വേണ്ടി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്), ബാജി ഓടംവേലി (സെക്രട്ടറി), ഡോ. ദർശന മനയത്ത് (കൺവീനർ) എന്നിവർ അറിയിച്ചു.
Samskarikam
ഓരോ ഫെബ്രുവരിയും കടന്നുവരുമ്പോൾ,
ഒപ്പമൊരു സുഗന്ധവും കൊണ്ടുവരുന്നുണ്ട്.
ഞാനോർക്കുന്നു, ഒരു സുന്ദര സായ്ഹ്നത്തിന്റെ അവസാനം;
കടലിൽ തനിയെ നൃത്തം ചെയ്യാനെത്തിയതാണ്, ചന്ദ്രിക.
അതൊരു ഫെബ്രുവരിയായിരുന്നു.
ആദ്യമൊട്ടും തിടുക്കപ്പെടാതെ,
സാവധാനമാണവൾ നൃത്തം ചെയ്യാൻ തുടങ്ങിയത്.
കാഴ്ചക്കാരനായി ഞാനും; പിന്നെ,
അല്പം ദൂരെ, ദ്രവിച്ച ഓലകൾ മേളിലാടുന്ന,
തുരുമ്പിച്ച തകര ഷീറ്റുകൾ വട്ടംപൊതിഞ്ഞ
ചായപ്പീടികയ്ക്കു മുന്നിലെ പൂഴിയിൽ
നിറയെ നിരയായ് പൂത്തുനിന്നിരുന്ന
റോസാച്ചെടികളും അവയെ കടന്ന്,
കടലിനെ വിജനമാക്കികൊണ്ടിരിക്കുന്ന
കാഴ്ചക്കാരും കടൽക്കര വാണിഭക്കാരും.
പൂഴിയിൽ ഒരു പേര് ആവർത്തിച്ചെഴുതുകയും
ആർത്തിപ്പിടിച്ചോടിയെത്തുന്ന തിരകളതു
നക്കിന്നുണഞ്ഞു രസിച്ചോടി പോകുന്നതും
അരസികമോടെ രസിച്ചുകൊണ്ടിരുന്ന ഞാനും
കടലിനോടു വിടപറയാനൊരുങ്ങുകയായിരുന്നു.
താളം പിഴച്ച തുഴകളുടെ തുഴയൽപോലെ,
തിരത്തല്ലിയുയർന്നെത്തുന്ന തിരകളെ
തിടുക്കത്തിലവളുടെ കൈകൾ തുഴയാൻ
തിടുക്കം പൂണ്ടു തുടങ്ങിയപ്പോഴാണ്
അവൾക്കൊപ്പം ഞാനും നൃത്തം ചെയ്യാനെത്തിയത്.
അലറുന്ന ലൈഫ് ഗാർഡ് പീപ്പികൾ ദൂരെനിന്നും
അടുത്തേക്കു വരുന്നതറിഞ്ഞ നേരത്താണ്
അവൾ തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതും.
കടൽകാറ്റിന്റെ ഉപ്പുമണമുള്ള കോട്ട്
കട്ടെടുത്താണാ സമയം ഞാൻ
അവൾക്കൊപ്പം നൃത്തം ചെയ്യാനിറങ്ങിയത്.
ഒറ്റയായ് തുടങ്ങിയ നൃത്തം ഞങ്ങളുടെ
ഒറ്റപ്പെട്ട കൈകളെ പിണച്ചുകെട്ടാൻ നേരം
ആകാശപ്പാട്ടുകാർ നിശബ്ദരാകാൻ തുടങ്ങി.
ആകാശത്തെ നക്ഷത്രങ്ങളുടെയും
അങ്ങുദൂരെ മീൻപിടുത്ത വഞ്ചികളുടെയും
ആഴമേറിയ കണ്ണുകൾ ഞങ്ങളെ നോക്കി
അർത്ഥംവെച്ചെന്തോ പറയുന്നതുപോലെ.
ഞങ്ങൾ നൃത്തം തുടർന്നുകൊണ്ടിരുന്നു.
അടുത്തെത്തിയ ഒരു ലൈഫ് ഗാർഡ് പീപ്പി
ഞങ്ങളെ നോക്കിയെന്തോ മുഴക്കി; കണ്ണിറുക്കി;
പിന്നെ, പതിയെയകന്നു പോയി.
അല്പം കഴിഞ്ഞാണ്, പൊടുന്നനെ,
അല്പമകലെ നങ്കൂരമിട്ടുക്കിടന്നിരുന്ന
കപ്പലിന്റെ ഹുങ്കാരത്തോടൊപ്പം
എന്റെ നെഞ്ചിൽ കിടന്നെന്തോ
പൊട്ടിപ്പിളർന്നതിന്റെ ശബ്ദം ഞാൻ കേട്ടത്.
ആ സമയം,
എന്റെ ഉപ്പുക്കോട്ടിൽ തറഞ്ഞുക്കേറിയ
ഹൃദയച്ചീളുകൾ തനിയെ പൂക്കളാകുന്നതും
എനിക്കു ചുറ്റും വസന്തം മുഴങ്ങുന്നതും
ഞാനൊരു പാട്ടുമൂളിപക്ഷിയാകുന്നതും
കണ്ടുകൊണ്ട്,
കുളിരാർന്ന രാക്കാറ്റ് തന്റെ കളിയാട്ടം
തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
പതിയെ ഞാനവളുടെ വലംകാതിൽ മന്ത്രിച്ചു,
"ഈ കടലാഴത്തോളമളക്കാമീ കണ്ണാഴത്തെയും."
ഇടംകണ്ണെറിഞ്ഞെന്നെ നോക്കിയവൾ പയ്യെ
എന്നെയും തിരകളെയും വകഞ്ഞ്,
പൂഴിയിൽ കാൽപാടുകളെ പതിപ്പിച്ച്,
പിൻവിളി കേൾക്കാതെ നടന്നകന്നു.
അവിചാരിതമായ് വീണുക്കിട്ടിയൊരു കാവ്യം
എഴുതപ്പെടാതെ പോയതിന്റെ ഭംഗിക്കേടിൽ,
ഓലക്കതക് ചേർത്തടച്ച ചായപ്പീടികയ്ക്കു
മുന്നിലെത്തിയ എന്നിലേക്കാ സമയം
റോസിലും ചോപ്പിലും മഞ്ഞയിലും വെള്ളയിലും
നിറഞ്ഞു നിന്നു പൊട്ടിച്ചിരിക്കുന്ന
റോസാച്ചെടികളുടെ ആനന്ദത്തിന്റെ നേർത്ത
സുഗന്ധം ആവാഹിക്കപ്പെടുകയായിരുന്നു.
ഓരോ ഫെബ്രുവരിയും കടന്നുപോകുമ്പോഴും
ഫെബ്രുവരിയിലെ റോസാപ്പൂക്കളുടെ സുഗന്ധം
ഒരിക്കലും കടന്നുപോകുന്നില്ല.
Samskarikam
ശാന്തിയെകെടുത്തിടാൻ മനുഷ്യർ
ധനകോടി മതത്തിനായി മരിക്കുന്നു
നമ്മിൽ തളിരണിഞ്ഞു തഴച്ചുവളരുന്നു
വിരൽത്തുമ്പിലാടി നിറംമാറി കത്തി
സുഖിച്ചുവാഴാൻ ജയിലിൽ പോയിടാം.
ചുണ്ടുപിളർത്തി മധുരം തന്നവൻ
പ്രാണൻ വെടിഞ്ഞു കൊലകത്തിയാൽ
കദനധൂമത്തിനടിമയായവൾ പിടയുന്നു
കുടിലിലെ നെടുതാം നിശ്വാസത്താൽ
സുഖിച്ചുവാഴാൻ മധുര സുന്ദര ജയിൽ മതി.
നിറവേദനകൾ തൂക്കി വിറ്റാലെന്തുകിട്ടും?
കത്തിയാൽ കുത്തിയെടുത്ത രക്തമോ?
മന്മഥരാത്രികൾ മാൻപേടയാക്കാം
മദം പൊട്ടി മനം കവരും മടിശീല വീർക്കും
സുഖിച്ചുവാഴാൻ പൊന്നിൻ വേതന ജയിൽ മതി.
ചരിത്രംതിരഞ്ഞു ജയിലിൻച്ചുമരിൽ
ഭൂപടമെഴുതി കൊലച്ചിരി ചിന്തകൾ
മണമെഴും മന്ദഹാസത്തുടിപ്പിൽ
വേടൻ മധു നുകർന്നു കാരാഗ്രത്തിൽ
സുഖിച്ചുവാഴാൻ മഹനീയാം ജയിൽ മതി.
Kerala
തൃശൂർ: സ്കൂൾ പ്രവേശനോത്സവത്തിനായി "മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം രചിച്ച ഭദ്ര ഹരിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചന മത്സരത്തിൽ എ ഗ്രേഡ്. ഹയർസെക്കൻഡറി വിഭാഗത്തിലാണ് അടൂർ എൻഎസ്എസ്എച്ച്എസ് എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ഭദ്ര ഹരി മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ആധുനിക മനുഷ്യന്റെ ആത്മ ദുഃഖങ്ങൾ അക്ഷരങ്ങളിൽ വരച്ചിട്ട് ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനാ മത്സരത്തിൽ ഭദ്രേ എഴുതിയ 'ആത്മ ദർപ്പണം' എന്ന കവിതയാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
അടൂർ വടക്കടത്തുകാവ് 'കാംബോജി'യിൽ ഡെപ്യൂട്ടി തഹസിൽദാരായ ഹരീന്ദ്രനാഥിന്റെയും അധ്യാപികയായ സുമയുടെയും മകളാണ്.
Samskarikam
ആഴിയിലെങ്ങും മാനവ കോപതാപങ്ങൾ തണുക്കും കാലം
മാനവ ഹൃദയ സരസ്സിലെങ്ങും നക്ഷത്ര രാജികൾ മിന്നും കാലം
വെറും ദേശീയതക്കപ്പുറം മതിലുകൾക്കപ്പുറം സർവ്വലോകരും
ഒന്നായി ഒരുമയോടെ തൻ മനസുകൾ സന്മനസ്സുകളാക്കി
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന മഹനീയ സന്ദേശം
നെഞ്ചിലേറ്റി സർവലോക മാനവരെങ്ങും ആഘോഷിക്കും
കണ്ണിനും കാതിനും ഹൃദയ അന്തരാളങ്ങളിലും പ്രകാശ പൂരിതമാം
പുഷ്പിതമാം പൂവാടികൾ തേൻ മധുരമായി എത്തുകയായി
സമർപ്പണ ത്യാഗ യാഗങ്ങളുടെ ശാന്തി സമാധാന സൗഹാർദ
ദൗത്യമായി ദേഹി ദേഹ മനസ്സുകളെ കോരിത്തരിപ്പിക്കും
കുളിർമയിൽ തലോടും, ആശ്വാസമേകും എളിമക്കു മഹത്വമേകും
ആശയറ്റവർക്കു അത്താണിയായി കൂരിരുൾ താഴ്വരകൾ
പ്രകാശമാനമാക്കി ഇതാ ക്രിസ്മസ് മെരി ക്രിസ്മസ് കാലം
ആകാശ നീലിമയിൽ പരിഭാവന സ്നേഹ കീർത്തനങ്ങൾ
മുഴങ്ങട്ടെ ലോകമെങ്ങും പരസ്പര ശത്രുതയില്ലാത്ത ഒരു ലോകം
ലോകമാനവ ഹൃദയത്തിൻ അൾത്താരകളിൽ പ്രതിഷ്ഠിക്കാം
പരസ്പര കലഹം ഇല്ലാത്ത യുദ്ധങ്ങൾ ഇല്ലാത്ത നശീകരണങ്ങൾ
കൊല്ലും കൊലയും മത വെറികളും വേലിക്കെട്ടുകളും
ഇല്ലാത്ത നിർമല മാനവ ഹൃദയ വിശാലമാം ഒരു ലോകം
മാനവികമാം കൊട്ടിഘോഷിക്കാത്ത സൽകർമ്മങ്ങൾ
അതാകട്ടെ ഇ ക്രിസ്മസ് രാപ്പകൽ ആഘോഷ മുഖമുദ്രകൾ
Samskarikam
തൂമഞ്ഞു പെയ്യുന്ന രാവിന്റെ വീഥിയിൽ
ഒരു കുഞ്ഞു താരകം പുഞ്ചിരിച്ചു
ഹേമന്തമേകിയ തൂമന്ദഹാസത്തിൽ
രാജകുമാരകർ സഞ്ചരിച്ചു
കാരുണ്യവാനായ ദൈവകുമാരകൻ
കാലപ്രവാഹത്തിൽ വന്നുദിച്ചു
കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ദിവ്യപ്രകാശമായ് അന്നുദിച്ചു
ആടിന്നിടയരും കാത്തിരുന്നാദിനം
ആശയോടെവരും പാർത്തിരുന്നു
ഇടയച്ചെറുക്കനാമൊരുകുഞ്ഞു ബാലന-
ന്നിടയഗണത്തിലുണ്ടായിരുന്നു
ഇടയതലവന്മാരേവരും ചൊല്ലിയ
കഥയവനൊന്നോന്നായോർത്തുവച്ചു
ആരോരുമില്ലാത്തൊരാകുഞ്ഞു പൈതലി-
ന്നുണ്ണിയെ കാണുവാനാശ തോന്നി
രാപ്പാടിപ്പാട്ടുകൾ കേട്ടിടുമാഗണം
തെല്ലുമയക്കത്തിലായ രാവിൽ
കാർമേഘമാലകൾ മാറിമറിഞ്ഞൊരാ
വെണ്ണിലാ വാനിലായ് നോക്കിനിൽക്കെ
കൺചിമ്മി നോക്കണ താരകകുഞ്ഞിന്റെ
ചാരത്തു കണ്ടവൻ വെൺതാരകം
ഇടയകഥയിലെ രാജരാജന്മാർക്കു
വഴികാട്ടിയാണതെന്നോർത്തനേരം
ഇടയ കുടാരത്തിന്നരികിലൊരു കോണിൽ
കേട്ടവൻ പുണ്യമാം ശാന്തിഗീതം
ഞെട്ടി വിറച്ചൊരിടയഗണമെല്ലാം
പൊട്ടി ത്തെറിച്ചോടി നാലുപാടും
ഇണ്ടലടങ്ങാത്ത വിണ്ഡലമാകവേ
കണ്ടതും നെഞ്ചകം വിണ്ടു കീറി
വെള്ളിവെളിച്ചമാം വാനിലെ ദൂതരെ
ഭീതിയോടെവരും നോക്കിനിൽക്കെ
മാലാഖ വാനവർക്കായന്നു ചൊല്ലിയ
ശാന്തി ഗീതം വാനിലാർത്തിരമ്പി
“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം.”
ദൈവ കുമാരകൻ മർത്യനായ് ഭൂവിതിൽ
ബേത്ലഹേം പുൽക്കൂട് പൂകിയത്രെ!”
ഉണ്ണി പിറന്നെന്ന വാർത്തകേട്ടന്നേര-
മാനന്ദമൊട്ടാകെ ആർത്തിരമ്പി.
ആടുകൾ മാടുകൾ മേടുകൾ കേറിയ-
ന്നിടയ രാജാവിനെ കണ്ടു പോരാൻ.
തൻ്റെ കുഞ്ഞാടിനേം കാഴ്ചനൽകീടുവാ-
നിടയച്ചെറുക്കനും യാത്രയായി.
തൂമഞ്ഞു പെയ്തൊരാ രാവിന്റെ വീഥിയിൽ
ആ കുഞ്ഞു താരകം പുഞ്ചിരിച്ചു.
ഹേമന്ത മേകിയ തൂമന്ദഹാസത്തിൽ
ആട്ടിടയന്മാരും സഞ്ചരിച്ചു.
കാലികൾ മേയുന്ന കാലിത്തൊഴുത്തതിൽ
ഇടയരവരന്നു ചെന്നു ചേർന്നു.
ഉണ്ണിയെ കണ്ടവർ അമ്മ മാതാവിനും
പുണ്യനാം താതൻ യൗസേപ്പിനൊപ്പം.
ഇടയരവരങ്ങു നോക്കി നിന്നീടവെ
ഇടയച്ചെറുക്കനൊന്നെത്തി നോക്കി.
ഉണ്ണിയെ കണ്ടുടൻ കണ്ണുനിറഞ്ഞുപോയ്
കണ്ണീരുകാഴ്ചയായ് വീണു മുന്നിൽ.
ആരോരുമില്ലാത്തൊരിടയനാം പൈതലി-
ന്നുടയവനുള്ളതായ് തോന്നിയപ്പോൾ.
ഇടയനാം പൈതലിൻ തൂമന്ദഹാസത്തിൽ
കുഞ്ഞിളം പൈതലും പുഞ്ചിരിച്ചു.
മാലാഖമാരുടെ ഗാനത്തിനൊപ്പമന്നി-
ടയരും പാടിയാ ശാന്തി ഗീതം.
“അത്യുന്നതനെന്നും സ്തോത്രമുണ്ടാവട്ടെ
ഭൂമിയിൽ മർത്യർക്കു ശാന്തി നിത്യം”.
"ഭൂമിയിൽ മർത്യർക്കു നന്മയുണ്ടാകട്ടെ
സന്മനസുള്ളോർക്കു ശാന്തി നിത്യം ….."
Samskarikam
ജീവിതം ഒരു കഥകളിയാണ്
കെട്ടുകഥകളുടെ
പഴങ്കഥകളുടെ
നുണക്കഥകളുടെ
കള്ള കഥകളുടെ
കടങ്കഥകളുടെ
പ്രേത കഥകളുടെ
കൊലക്കഥകളുടെ
യുദ്ധക്കഥകളുടെ
മരണ കഥകളുടെ
വിജയകഥകളുടെ
നാട്ടുകഥകളുടെ
നാടോടി കഥകളുടെ
പുരാണക്കഥകളുടെ
ഇതിഹാസ കഥകളുടെ
പ്രേമ കഥകളുടെ
അങ്ങനെ അങ്ങനെ ജീവിതം
കഥകളുടെ ഘോഷയാത്രയാണ്.
ഈ കഥകളിലെല്ലാം
വിധിയൊരു കാണിയും
ലോകം അതിന്റെ അരങ്ങും
ഉറ്റവരും ഉടയവരും
വിധികർത്താക്കളും
നാം ഓരോരുത്തരും
അതിലെ വേഷപ്പകർച്ചകളുമാണ്.
NRI
റിയാദ്: 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്.
സൃഷ്ടികൾ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക.
മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക.
രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.
Samskarikam
ഉത്തരവാദികൾ
ഉത്തരവാദിത്വം
ഏറ്റെടുക്കുമോ...?
ഇല്ല...! പകരം...
ഉത്തരവാദികളും
ഉന്നത അധികാരികളും
ഉത്തമനായവനൊരുവനെ
കണ്ടെത്തി
ഉത്തരവാദിയാക്കുന്നതിൽ
ആഹാ എന്തൊരു
ഉത്തരവാദിത്വം....
ഇതിനൊക്കെയാരാണ്
ഉത്തരവാദികൾ..?
ഇതിനാരൊക്കെ
ഉത്തരം പറയണം..?
ഇതിലാർക്കൊക്കെ
ഉത്തരം മുട്ടും...?
ഉത്തരംകിട്ടാ ചോദ്യങ്ങൾക്കെല്ലാം
ഇനിയും ആരൊക്കെ
ഉത്തരവാദികളാകണം. ..?