സാഹിത്യോത്സവം.
ശബ്ദകോശങ്ങൾ
ചില മുൻകരുതലുകളാണു തരിക
സ്വരത്തെ
വ്യഞ്ജനത്തിൽ
പണയം വയ്ക്കേണ്ടിവന്നേക്കാം.
നിലവിളികളോട്
സന്ധിയില്ലാതെ
ഞൊടിമാത്രയിൽ
ഇംഗിതം മുങ്ങിപ്പോവിലോ?
ഋ കാരമാണോ
ര കാരമാണോയെന്ന കുത്തിത്തിരിപ്പുകളുടെ ജാഥയിൽ
വാങ്മുദ്ര മൊഴിവക്കിലൂടലസുകയാണ്.
പട്ടാളഭരണമെന്ന്
പലായനം ചെയ്തേക്കാ-
മക്ഷരങ്ങൾ
വരിയുടഞ്ഞ്
വാക്ക്,
ചേലുകളുരിഞ്ഞ,
വാർത്ത
മാത്രമാകുമോ!
ലിപിക്കുരുക്കിലകപ്പെടുമ്പോഴാണ്
വായന
വർണം വെടിയുക.
ചരിത്രമങ്ങനെയൊക്കെയാണ്,
വാക്കിൽ
വർണം
നുഴഞ്ഞുകയറും
ചിലത് കവർന്നെടുക്കും
ചിലത് കലർന്നിറങ്ങും.
വായനയുടെ
ദ്രവഭിത്തിയിൽ ചാരിനിന്ന്
ചീർത്തവയെ
എരിച്ചെരിച്ച്
സൂക്ഷ്മവും ഊഷ്മളവുമായ
രസക്കൂർപ്പിന്റെ
അഗ്രത്തിലെത്തുമ്പോൾ
നിറംമാറി,
കുലം മാറി
മൊഴി മാറി,
അർഥരാശികൾ
പതിഞ്ഞുപോയ തന്റേടം
വെടിഞ്ഞൊരു
കഥ പറഞ്ഞുതുടങ്ങുന്നു.
കഥയിലെ
വർണക്കളം
പാട്ടിൽ, പറച്ചിലിൽ
പടർന്നും പരന്നും
എലുകകൾ പുതുക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞും,
വാക്കിലൊരു
നേർത്ത സ്പന്ദനം!
ശബ്ദകോശങ്ങൾ അവശേഷിപ്പിക്കുക
എണ്ണിയാലൊടുങ്ങാത്ത
വ്യാക്ഷേപകങ്ങളുമായിരിക്കാം!
അവ എന്തോ ചോദിക്കുന്നു;
എന്താണ് 'റിയൽ '?
എന്താവാം അ'റിയൽ?
Tags : DeepikaLiteratureFest MalayalamLiterature P. Sanjayan Poem