സാഹിത്യോത്സവം.
ആഴമേറിയ കിണർ
ശോകമെന്ന ചവിട്ടുപലക
നാനാർഥങ്ങളുടെ പടവുകൾ
ഉത്തരങ്ങൾ അവസാന അക്ഷരത്തിലെത്തും മുൻപേ
നിഷേധിക്കപ്പെടുന്നു
പുതിയ ചോദ്യങ്ങളുണ്ടാകുന്നു.
അങ്ങു താഴെ,
ഇരുണ്ട വെള്ളത്തിൽ
നിന്റെ ചില്ലകളിളകുന്നതെനിക്കു കാണാം
നിറവാർന്ന പുഷ്പങ്ങൾ നിലാവു വീഴ്ത്തുന്നു
ചുറ്റും ദർഭമുനകളുടെ വാൾത്തലത്തിളക്കം.
നീ തന്നെ ഹാസവും ഇതിഹാസവും
മരണത്തിന്റെ തലയ്ക്കൽ
നെടുനീളൻ കൊടുമുടി
തളർച്ചയിലും താങ്ങുന്ന തായ്ത്തണ്ട്.
നിന്റെയിലകളിൽ രാവിന്റെ മുഗ്ദ്ധലാവണ്യം
തേൻതുള്ളികളായിറ്റു വീഴുന്നു.
മഷിയുണങ്ങിയ പേനയുടെ വരണ്ട ചുണ്ടിൽ
ദാഹജലമായ് പതിക്കുന്നു
കണ്ണുകളിൽ നനവായൊഴുകുന്നു.
ശോകമില്ലാതെ നീയില്ലശോകമേ
ശോകരേണുക്കളൊപ്പിയെടുത്തു നീ
ചിന്തയുടെ സ്ഫുരണങ്ങളായുതിർക്കുന്നു.
ഈ ക്രുദ്ധലോകത്തിന്റെ മുൻപിൽ
സ്ത്രീയുടെ സത്യം ഘോഷിക്കുന്നു.
ചാഞ്ഞും ചരിഞ്ഞും ആടിയുലഞ്ഞും കരഞ്ഞും
നിന്റെ ശിഖരങ്ങൾ
എന്റെ നീണ്ട വിരക്തദിനങ്ങൾക്കുമേൽ
സീതായനം കുറിക്കുന്നു.
വാക്കുകൾ മരിച്ച ദിവസം
വാഗ്ദാനം ചെയ്തതുപോലെ അതും
അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.
സ്നേഹമാണ് നമ്മെ എന്നും കരയിച്ചത്
സ്നേഹമില്ലായ്മയല്ല.
അപൂർവമായി വന്നെത്തുമെന്ന്
പ്രതീക്ഷിച്ച
ചങ്ങാതി വന്നില്ല
മൗനത്തിന്റെ കരിമ്പടം പുതച്ച്
രാത്രിയെത്തി.
കനത്ത ശകാരം ചൊരിഞ്ഞ് കർക്കടകം
ഉള്ളിൽ ചിരിക്കുന്ന പൂക്കൾ
മഴ നനഞ്ഞെത്തുന്ന വാണിഭക്കാർ
തമ്പടിച്ച അമ്പലപ്പറമ്പ്
കാണാതായ കുട്ടിയുടെ കൈയിൽ
കളിച്ചുകൊണ്ടേയിരിക്കുന്ന
മരത്തിന്റെ ദേഹം
ഒരറവുകാരൻ!
സഹനത്തിനു വിലപേശലുണ്ടോ?
ദുർമൃതികളുടെ മാസം
വിശന്നിഴയുന്ന പാമ്പുകൾ
ഇതെങ്ങനെ നിന്റെ ജന്മദിനമാകും?
വർഷങ്ങളുടെ ശവക്കല്ലറയ്ക്കുള്ളിൽ
എന്താഘോഷം!
പുഞ്ചിരിയില്ലാതെ വെള്ളവസ്ത്രത്തിനുള്ളിൽ നിന്ന്
നീയെന്നെ നോക്കുന്നു,
ജീവന്റെ പ്രേരണയായി ജ്വലിക്കുന്നു.
Tags : DeepikaLiteratureFest MalayalamLiterature SreekalaSivasankaran Poetry