കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്ററുകളിലെ മാസ് ഡയലോഗുകള്‍ അപ്രത്യക്ഷമാകുന്നു. പോസ്റ്ററുകളും ഫ്ളക്സുകളും അടിച്ച് പ്രചാരണം നടത്തുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയ കത്തിക്കാനാണ് സ്ഥാനാര്‍ഥികള്‍ക്ക് താത്പര്യം.
മുന്‍പത്തേതുപോലെതന്നെ വികസന നായകന്, നാടിന്റെ നായകൻ, മാറ്റത്തിനൊപ്പം തുടങ്ങിയ സാദാ ഡയലോഗുകള്‍ മാത്രമേ ഇത്തവണയും പ്രചാരണത്തിന്റെ തുടക്കത്തില്‍ കാണാനുള്ളൂ. കൂടുതല്‍ ഇന്നവേഷനൊന്നും പോസ്റ്റര്‍ പ്രചാരണത്തില്‍ ഇല്ലെന്ന് മുന്നണി സ്ഥാനാര്‍ഥികളും സമ്മതിക്കുന്നു.
ചുവരെഴുത്തിനൊന്നും ഇപ്പോള്‍ ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. സിറ്റിംഗ് എംഎല്‍എമാര്‍തന്നെ മിക്കയിടത്തും മത്സരിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം എല്ക്കേണ്ടിവരുന്നത് ഇടതുമുന്നണിക്കാണ്. പഴയ പോസ്റ്റര്‍ പൊടി തട്ടിയെടുത്താണ് പ്രചാരണമെന്നാണ് ആക്ഷേപം.
പോസ്റ്ററുകള്‍ പലതും അടിച്ചുവയ്ക്കുകയല്ലാതെ ഒട്ടിക്കാത്ത അവസ്ഥ പലയിടത്തും ഉണ്ടാകാറുണ്ടെന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നു. സോഷ്യല്‍ മീഡിയവഴിയാകുമ്പോള് ആ പ്രശ്നം ഉദിക്കുന്നില്ല. അതേസമയം, ഒരോ സ്ഥാനാര്‍ഥിയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും സോഷ്യല്‍ മീഡിയ വഴിയും അണികളെക്കൊണ്ട് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.
സകലതും ആർട്ടിഫിഷൽ ഇന്റലിജൻസിലേക്ക് (എഐ) മാറിയ കാലത്ത് മാറിച്ചിന്തിക്കാൻ സ്ഥാനാർഥികളും നിർബന്ധിതരാകുകയാണ്. എഐ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണിത്. വീഡിയോകളും റീലുകളും പ്രത്യേക പാക്കേജിൽ ഏജൻസികൾ ചെയ്തുകൊടുക്കുന്നുണ്ട്. ഓരോ പ്രായക്കാരെയും സ്വാധീനിക്കുന്ന പ്രത്യേകം റീലുകളുമുണ്ട്.
യുവവോട്ടർമാരെയാണ് കൂടുതലും റീലുകൾ വഴി ഉന്നമിടുന്നത്. ഇതിനൊക്കെ പുറമെ പ്രാദേശിക ചാനലുകളും ഓൺലൈൻ ചാനലുകളും വഴിയും പ്രചാരണം കൊഴുക്കുന്നുണ്ട്. സ്ഥാനാർഥികൾ വ്യക്തിപരമായി സന്ദേശം അയയ്ക്കുന്ന സംവിധാനവുമുണ്ട്.