തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തിൽ സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഒറ്റപ്പേരുമായി തെരഞ്ഞെടുപ്പ് സമിതിയിലെത്താൻ തീവ്രശ്രമം നടത്തുകയാണ്. ബുധനാഴ്ചയോടെ പട്ടിക അന്തിമമാക്കാനാണ് തീരുമാനം. 20 സീറ്റിൽ വരെ വിശദ ചര്‍ച്ച വേണ്ടി വരുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിശദ ചര്‍ച്ച നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും കോവളത്തും ഒഴികെ 10 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിൽ അന്തിമ തീരുമാനമായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചത്. കെ. സുധാകരനെ അനുകൂലിച്ച് ഇന്ന് എറണാകുളത്തെ വിവിധയിടങ്ങളിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.
പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാൻ രാഹുൽ ഗാന്ധി പിന്തുണ നൽകിയിട്ടുണ്ടെന്നും ഫ്ലക്സിലുണ്ട്.
അടൂര്‍ പ്രകാശിനായി പത്തനംതിട്ടയിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്. അടൂർ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നും പോസ്റ്ററിലുണ്ട്.
ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Tags : assembly election congress state leadership mps posters