ചങ്ങനാശേരി: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുമ്പ് പൂര്‍ണമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും ഉറപ്പ് പാലിക്കാത്തതില്‍ കര്‍ഷകര്‍ക്ക് അതൃപ്തി.
കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക ഇനിയും നല്‍കാനുള്ളത് 259.85കോടി രൂപയാണ്. കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 3.89 കോടി രൂപ. ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് പാലക്കാട് ജില്ലയിലാണ്.
ഇന്നലത്തെ കണക്കനുസരിച്ച് 204.13 കോടിരൂപ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ട്. തൃശൂര്‍ ജില്ലയില്‍ 11.02 കോടിയും ആലപ്പുഴയില്‍ 19.12കോടി രൂപയും പത്തനംതിട്ടയില്‍ നാലുകോടി രൂപയും വിതരണം ചെയ്യാനുള്ളതായി സപ്ലൈകോയുടെ പാഡി പ്രൊക്യുയര്‍മെന്റ് പ്രോസസിംഗ് മാര്‍ക്കറ്റിംഗ് സ്റ്റാറ്റസില്‍ ചൂണ്ടിക്കാട്ടുന്നു.
നെല്ല് സംഭരണവിഹിതമായി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ 364 കോടി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. ഈ വിഹിതത്തില്‍നിന്നും 13000 കര്‍ഷകര്‍ക്ക് 96കോടി രൂപ സപ്ലൈകോ മുഖാന്തിരം വിതരണം ചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സപ്ലൈകോയുടെ സൈറ്റില്‍ ഇപ്പോഴും കാണിക്കുന്നത് 259.85കോടി രൂപകര്ഷകര്ക്ക് നല്കാനുള്ളതായാണ്.
2026-27 വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടും പുതിയ സീസണിലേക്കുള്ള നെല്ല് സംഭരണനയം ഇതുവരെ പ്രഖ്യാപിക്കാത്തതും കര്‍ഷകര്‍ക്ക് ആശങ്കക്കിടയാക്കുന്നു. നെല്ലിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് എത്രയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉല്പാദന പ്രോത്സാഹനമായി എത്ര തുക ലഭിക്കുമെന്നും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്ന ആകെ സംഭരണവില എത്രയായിരിക്കുമെന്നതിലും വ്യക്തതയില്ലാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്.
നെല്ലിന്റെ സംഭരണവില സംബന്ധിച്ച പ്രഖ്യാപനം വൈകുന്നത് കര്‍ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് അഭിപ്രായപ്പെട്ടു.