കോട്ടയം: പ്രതീക്ഷയോടെ പുഞ്ചക്കൃഷിയിറക്കിയ നെല്‍ക്കര്‍ഷകരെ ഇത്തവണയും മില്ലുടമകള്‍ പറ്റിച്ചു. സ്വകാര്യ മില്ലുടമകളുടെ അനാവശ്യ കിഴിവിനും നിയമങ്ങള്‍ക്കും പാഡി ഉദ്യോഗസ്ഥരും കൂട്ടുനിന്നതോടെ ചെറുകിട നെല്‍ക്കര്‍ഷകരുടെ നെല്ല് പാടത്തുതന്നെ.
വലിയ തുക കുടിശികയുള്ളതിനാല്‍ മില്ലുകള്‍ നെല്ലെടുക്കാന്‍ തയാറാകുന്നില്ല. ഏക്കര്‍ കണക്കിനു പാടമുള്ള കര്‍ഷകരുടെ നെല്ലു മാത്രമാണ് ശേഖരിക്കുന്നത്. സാധാരണക്കാരുടെയും ഇടത്തരം പാടശേഖരസമിതിക്കാരുടെയും നെല്ല് പാടങ്ങളില്‍ കുന്നുകൂടി കിടക്കുകയാണ്.
വേനല്‍ മഴ ആരംഭിച്ചതോടെ കര്‍ഷകരുടെ നെഞ്ചില്‍ ആധിയാണ്. അപ്പര്‍കുട്ടനാട് പ്രദേശത്ത് 75 ശതമാനം കൊയ്ത്തു മാത്രമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ള പ്രദേശത്ത് ഇപ്പോഴും കൊയ്ത്ത് നടക്കുകയാണ്. കൊയ്തു കൂട്ടിയ നെല്ലെടുക്കാന്‍ മില്ലുടമകള്‍ വിസമ്മതിക്കുന്നതാണ് സംഭരണം അവതാളത്തിലാകാനുള്ള പ്രധാന കാരണം.
നെല്ലിന് ആനുപാതികമായി നല്‍കേണ്ട അരി സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും പലയിടത്തും തുടരുകയാണ്. ഒരു ക്വിന്റല്‍ നെല്ല് സംസ്കരിച്ചാല്‍ 68 കിലോഗ്രാം നെല്ല് കിട്ടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. എന്നാല്‍ കാലാവസ്ഥ പ്രത്യേകതയില്‍ 64.5 കിലോഗ്രാമേ കിട്ടൂവെന്നാണ് മില്ലുടമകള്‍ പറയുന്നത്. 3.5 കിലോഗ്രാം കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള തുക സര്‍ക്കാര്‍ വഹിക്കണം. ഈ തുക കുടിശിക വരുന്നതിനാല്‍ മില്ലുകള്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്.
സര്‍ക്കാരും കൃഷിവകുപ്പും സപ്ലൈകോയുമെല്ലാം കൈകാലുപിടിച്ച് മില്ലുടമകളെ പാടത്തു കൊണ്ടുവന്നാലും പ്രശ്നം തീരുന്നില്ല. നെല്ലിലെ നനവു പറഞ്ഞ് തൂക്കം കുറയ്ക്കാനുള്ള ശ്രമം മില്ലുടമകള്‍ ആരംഭിക്കും. ഇതിനു താര തള്ളുക എന്നാണ് പറയുന്നത്. 100 കിലോഗ്രാം നെല്ല് സംഭരിക്കുമ്പോള്‍ 20 കിലോ കുറച്ചേ നല്‍കൂ എന്നു പറയുന്ന മില്ലുടമകളുണ്ട്.
നെല്ലെടുക്കുമോ, നെല്ലെടുക്കുമോ എന്നു ചോദിച്ച് കര്‍ഷകര്‍ മില്ലുടമകളുടെ പിന്നാലെ നടക്കുകയാണ്. ലോറി വരില്ല, എടുക്കാന്‍ ബുദ്ധിമുട്ടാണ്, വള്ളത്തില്‍ എത്തിക്കാമെന്നും ചുമന്ന് ലോറിയില്‍ കയറ്റിതരാമെന്നു പറഞ്ഞാല്‍; നോക്കട്ടെ വരാമെന്നു പറഞ്ഞ് പോകുന്ന മില്ലുടമകളും ഏജന്റും പിന്നെ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല.
പാടത്തിനു സമീപം കൂനകൂട്ടിയിട്ടിരിക്കുന്ന നെല്ല് പ്ലാസ്റ്റിക് ചാക്കുപയോഗിച്ച് മൂടിയിടുകയാണ്. രാവിലെ ചാക്ക് മാറ്റി വെയില് കൊള്ളിക്കും. വൈകുന്നേരം വീണ്ടും മൂടണം. ഇടിയോടു കൂടിയ വേനല്‍മഴയും കാറ്റുമെത്തും. മഴക്കാറു കാണുമ്പോഴെ കര്‍ഷകരുടെ നെഞ്ചില്‍ കോളുകയറിയ രീതിയാണ്. പിന്നെ ആധിയാണ്.
തിരുവാര്‍പ്പിൽ ഒമ്പതിനായിരം പാടശേഖരത്തില്‍ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസം കഴിഞ്ഞു. കര്‍ഷകര്‍ മില്ലുടമകളുടെ കാലുപിടിച്ച് കഴിഞ്ഞ ദിവസം സംഭരണം തുടങ്ങി. പക്ഷേ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ മഴ നനഞ്ഞ നെല്ല് മുളച്ചുപൊങ്ങി. 1500 ഏക്കറാണ് ഇവിടെ കൃഷി. വമ്പന്‍ പാടശേഖരമായതിനാല്‍ നെല്ല് ലോറിയില്‍ എത്തിക്കുക ശ്രമകരമായ ജോലിയാണ്. പകല്‍ പൊള്ളുന്ന വെയിലിലും തൊഴിലാളികള്‍ പാടത്തു കൂടി നെല്ല് ചുമക്കുകയാണ്. ദൂരെയുള്ള പാടത്തുനിന്നു കരയ്ക്കു നെല്ലെത്തിക്കാന് യന്ത്രം ഉടമകള്‍ വാങ്ങുന്നത് മണിക്കൂറിന് 2000 രൂപയാണ്.
അയ്മനം ചീപ്പുങ്കല്‍ 600ല്‍ പാടശേഖരത്തില്‍ ഒരുമാസമായി കൊയ്തു കൂട്ടിയ നെല്ല് കൊടുംചൂടിലും മഴയിലും നശിക്കുകയാണ്. 23 കിലോ തൂക്കത്തില്‍ കിഴിവ് വേണമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസറുടെ പിടിവാശിയാണ് നെല്ലു സംഭരണം വൈകുന്നേതിനു കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. പതിര് അധികമാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പതിര് യന്ത്രസഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയാണ് കര്‍ഷകര്‍. നെല്ലിന്റെ ഗുണനിലവാരക്കുറവ് ചൂണ്ടിക്കാട്ടി 23 കിലോയാണ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
നെല്ലു സംഭരണത്തിലെ ഒത്തുകളി മൂലം ജില്ലയില്‍ ചെറുകിട കര്‍ഷകരുടെ നെല്ല് സംഭരിക്കാതെ പാടവരമ്പത്ത് കിടക്കുകയാണ്. സ്വകാര്യ അരിമില്ലുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി നടത്തുന്ന വന്‍കിട കൃഷിയുടെ നെല്ല് സംഭരിക്കുന്നത് തടസമില്ലാതെ തുടരുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന നെല്ലു സംഭരണം റേഷന്‍കാര്‍ഡ് അടിസ്ഥാനത്തിലാക്കണമന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ചെറുകിട കര്‍ഷകര്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

കോട്ടയം: നെല്ല് സംഭരണത്തിന്റെ മറവില്‍ മില്ലുകാരും പാഡി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കിഴിവുകൊള്ളയാണ് നെല്ക്കാര്ഷികമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. സംഭരണത്തിനായി കര്‍ഷകരില്‍നിന്നു മില്ലുകാര്‍ വാങ്ങുന്ന കിഴിവ് നെല്ല് സംബന്ധിച്ച് എങ്ങും എഴുതിച്ചേര്ക്കപ്പെടുന്നില്ല. ഒരു ക്വിന്റലിന് ഒരു പാടശേഖരത്തുനിന്ന് അഞ്ചുമുതല്‍ 10 കിലോവരെ കിലോ കിഴിവ് വാങ്ങുന്നുണ്ട്.
ഇത് മില്ലുകാര്ക്കാണോ പാഡി ഉദ്യോഗസ്ഥര്‍ക്കാണോ ലഭിക്കുന്നതെന്നു വ്യക്തമല്ല. നെല്ല് കൃത്യസമയത്ത് സംഭരിക്കുന്ന കാര്യത്തില്‍ ഓരോ കൊയ്ത്തു സീസണിലും സര്‍ക്കാര്‍ നിസംഗ നിലപാടാണ് സ്വീകരിക്കുന്നത്. കൊയ്ത്തുകാലമാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ച് മാറിനിന്ന് കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നുതെന്ന് നെല്‍ക്കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു.
കൊയ്ത്തുകഴിഞ്ഞ് 24 മണിക്കൂറിനകം ക്വാളിറ്റി കണ്ട്രോളര് നെല്ല് പരിശോധിച്ച് നെല്ലിന്റെ ഗുണനിലവാരം പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാരിന്റെ നിബന്ധന. എന്നാല്‍ ഇക്കാര്യവും പാലിക്കപ്പെടാറില്ല. കൊയ്തുകൂട്ടി ഇരുപത് ദിവസമായ നെല്ല്പോലും ക്വാളിറ്റി കണ്ട്രോളര് പരിശോധിക്കാത്ത പാടശേഖരങ്ങള്‍ ചങ്ങനാശേരിയിലുണ്ട്.
കേന്ദ്രമാനദണ്ഡപ്രകാരം കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ഒരു ക്വിന്റല്‍ നെല്ലിന് ഔട്ട്ടേണ്‍ റേഷ്യോയായി 68 കിലോഗ്രാം അരിയാണ് മില്ലുകാര്‍ തിരിച്ച് സിവില്‍ സപ്ലൈസ് വകുപ്പിനു നല്‍കേണ്ടത്. കര്‍ഷകരുടെ ആവശ്യപ്രകാരം ഔട്ട്ടേണ്‍ റേഷ്യോയില്‍ ഒന്നര കിലോ അരിയുടെ കുറവ് വരുത്തി അറുപത്തിനാലര കിലോഗ്രാം അരിയായി പുതുക്കി നിശ്ചയിച്ചു. തീരുമാനം ലംഘിക്കുക മാത്രമല്ല അമിത കിഴിവ് കര്‍ഷകരില്‍നിന്നു കൊള്ളയടിക്കുകയും ചെയ്യുന്ന നിലപാടാണ് മില്ലുകാരും പാഡി ഓഫീസര്‍മാരും ചേര്‍ന്ന് ചെയ്യുന്നതെന്ന് വോയിസ് ഓഫ് ഗ്രേറ്റര്‍ കുട്ടനാട് കര്‍ഷക കൂട്ടായ്മ ആരോപിക്കുന്നു.
Tags : Rice procurement fails farmers Kuttanad tears cry