Business
കോട്ടയം: റബര് കര്ഷകര്ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സര്ക്കാര് നടപ്പാക്കുന്ന റബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ 12-ാം ഘട്ടം ആരംഭിച്ചു.
കര്ഷകര് ഉത്പാദിപ്പിക്കുന്ന റബറിന് (ആര്എസ്എസ് നാല്) കിലോഗ്രാമിന് കുറഞ്ഞത് 250 രൂപ ഉറപ്പാക്കുന്നതാണു പദ്ധതി. നിലവില് പദ്ധതിയില് അംഗങ്ങളാകാത്ത കര്ഷകര്ക്ക് ഒക്ടോബര് 23 വരെ രജിസ്റ്റര് ചെയ്യാന് അവസരമുണ്ടായിരിക്കും. ഇതിനായി നിശ്ചിത ഫോറത്തില് അടുത്തുള്ള റബറുത്പാദക സംഘത്തില് അപേക്ഷ നല്കണം.
അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, ടാപ്പുചെയ്യുന്ന റബര് നില്ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര് കാര്ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം.
നിലവില് അംഗങ്ങളായിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026-27 വര്ഷത്തെ ഭൂനികുതി അടച്ച രസീത് സമര്പ്പിച്ച് രജിസ്ട്രേഷന് പുതുക്കണം. ധനസഹായത്തിനായി സമര്പ്പിക്കുന്ന സെയില്സ് ഇന്വോയ്സുകളും ബില്ലുകളും സാധുവായ ലൈസന്സുള്ള ഡീലറില്നിന്നുള്ളതായിരിക്കണം.
ഡീലര്മാര് നിയമപരമായി വേണ്ട റിട്ടേണുകള് എല്ലാം സമര്പ്പിക്കുന്നവരുമായിരിക്കണം. കൂടുതല് വിവരങ്ങള്ക്ക് അടുത്തുള്ള റബര്ബോര്ഡ് ഓഫീസുമായി ബന്ധപ്പെടുക.
District News
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ ഫുഡ് ടെക്നോളജി വകുപ്പ്, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മില്ലറ്റ് അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതോളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ ഫുഡ് ടെക്നോളജി വകുപ്പ് മേധാവി ഡോ. സണ്ണിച്ചൻ വി. ജോർജ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ആൻസി മാത്യു മില്ലറ്റ് ഉപയോഗിച്ച് തയാറാക്കാവുന്ന മൂല്യവർധിത ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണം അവതരിപ്പിച്ചു. ഓരോ ഉത്പന്നത്തിന്റെയും അസംസ്കൃത വസ്തുക്കളുടെ തെരഞ്ഞെടുപ്പ്, നിർമാണരീതി, ശുചിത്വ മാനദണ്ഡങ്ങൾ, പാക്കേജിംഗ്, സംഭരണരീതികൾ, ചെലവ് കണക്കാക്കൽ, വിപണന സാധ്യതകൾ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നയിച്ചു. പരിശീലനത്തിന്റെ ഭാഗമായി പങ്കെടുത്തവർക്ക് ഉത്പന്നങ്ങൾ നേരിട്ട് തയാറാക്കി പരിചയപ്പെടാനും അവസരം ലഭിച്ചു.
ഡോ. എബിൻ മനോജ്, ഫുഡ് ടെക്നോളജി വകുപ്പ് അസിസ്റ്റന്റ് പ്രഫ. ജോസ്ലിൻ ആൻ ജോയ് എന്നിവർ പ്രസംഗിച്ചു. ഫുഡ് ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകരമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും മൂല്യവർധിത ഭക്ഷ്യസംസ്കരണ മേഖലയിലെ നൈപുണ്യ വികസനത്തിനുമായി ഇനിയും ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
Business
ന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖല വൻ വളർച്ച കൈവരിച്ചു. 2014-15ൽ ഏകദേശം 1.9 ലക്ഷം കോടിയായിരുന്ന ആഭ്യന്തര ഉത്പാദനം 2025-26ൽ ഏഴു മടങ്ങ് വർധിച്ച് 13.11 ലക്ഷം കോടി രൂപയിലെത്തിയതായി ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ഈ മേഖല നിലവിൽ ഏകദേശം 25 ലക്ഷം പേർക്കു തൊഴിൽ നല്കുന്നുണ്ട്.
ഈ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി വളർച്ച കൈവരിച്ചു. 2014-15ൽ 38,000 കോടിയായിരുന്നതിൽനിന്ന് 2025-26ൽ 4.24 ലക്ഷം കോടി രൂപയിലെത്തി. മൊബൈൽ ഫോണ് ഉത്പാദനത്തിൽ 33 മടങ്ങ് വർധനയാണുണ്ടായത്. 18,000 കോടി രൂപയിൽനിന്ന് 6.27 ലക്ഷം കോടി രൂപയിലെത്തിയപ്പോൾ മൊബൈൽ ഫോണ് കയറ്റുമതി 1500 കോടി രൂപയിൽനിന്ന് 165 മടങ്ങ് ഉയർന്ന് 2.59 ലക്ഷം കോടി രൂപയായി.
രാജ്യത്തിനുള്ളിൽ വിറ്റഴിക്കുന്ന മൊബൈൽ ഫോണുകളുടെ ഏകദേശം 99.2 ശതമാനവും ഇവിടെ നിർമിക്കുന്നവയാണ്. അതോടൊപ്പം ഇവിടെനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നമായും മൊബൈൽ ഫോണ് മാറി.
വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപത്തിലെ പരിഷ്കരണങ്ങൾ, നികുതി- തൊഴിൽ നിയമ പരിഷ്കരണങ്ങൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്നീ പദ്ധതികളാണ് രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ മേഖലയെ ശക്തിപ്പെടുത്താൻ സഹായിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർക്കാരിന്റെ ഇലക്ട്രോണിക്സ് നിർമാണ പ്രോത്സാഹാന നടപടികളുടെ പ്രധാന ഗുണഭോക്താവായി തമിഴ്നാട് മാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള നിരവധി നിർമാണ കേന്ദ്രങ്ങൾക്ക് ഇതിലൂടെ പിന്തുണ ലഭിച്ചു. കൂടാതെ സംസ്ഥാനത്ത് രണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾക്ക് സർക്കാർ അംഗീകാരം നല്കുകയും ചെയ്തു.
587 കോടി രൂപ പദ്ധതി ചെലവിൽ 474.3 ഏക്കർ സ്ഥലത്ത് മനല്ലൂരിലും 424.55 കോടി രൂപ ചെലവിൽ 379.3 ഏക്കർ സ്ഥലത്ത് പിള്ളപ്പാക്കത്തുമാണ് ഇവ സ്ഥാപിക്കുന്നത്.
Business
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ തോതിലുണ്ടായ കുറവ് തോട്ടവിളകളെ ഗുരുരതമായി ബാധിക്കും. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം തോട്ടവിളകളിൽ ഏറ്റവും കൂടുതൽ ബാധിക്കുക കുരുമുളക് ഉത്പാദനത്തെയാവും.
കാലവർഷത്തിൽ തുടർച്ചയായി പെയ്തിറങ്ങുന്ന മഴയാണ് കുരുമുളകുതിരിയിൽ കൂടുതൽ മണിപിടിത്തമുണ്ടാക്കുന്നത്. എന്നാൽ ഇക്കുറി കാലവർഷത്തിൽ ലഭിക്കേണ്ട മഴയിലെ കുറവ് കുരുമുളക് ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കും.ഏലം ഉത്പാദനവും ഇടിഞ്ഞേക്കും
ഏലം ഉത്പാദനത്തിലും വലിയ ഇടിവിനു സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ കായ്പിടിത്തം വളരെക്കുറവാണ്. ഈ വർഷം ഏലം വിളവെടുപ്പ് വൈകാനും സാധ്യതയുണ്ട്. നാളികേര ഉത്പാദനത്തേയും മഴക്കുറവ് കൂടുതൽ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇക്കൊല്ലത്തെ മഴക്കുറവിനെ തുടർന്നുള്ള നാളികേര ഉത്പാദനക്കുറവ് വരുംവർഷങ്ങളിലാവും വ്യക്തമായി പ്രതിഫലിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ കൃഷിയിറക്കി ഡിസംബർ, ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന വാഴകൃഷിയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കും. മഴയെ മാത്രം ആശ്രയിച്ചാണ് ഈ മാസങ്ങളിൽ വാഴകൃഷിയിറക്കുന്നത്.
സംസ്ഥാനത്തെ ഗ്രൗണ്ട് വാട്ടർ റീചാർജിംഗിന്റെ 65 ശതമാനവും ലഭിക്കുന്നത് കാലവർഷത്തിലെ മഴയിലൂടെയാണ്. ഇക്കുറി മഴ കുറഞ്ഞതോടെ കിണറുകളിലേയും മറ്റുജല സംഭരണികളിലെയും വെള്ളം വേഗത്തിൽ കുറയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് ഡിസംബർ, ജനുവരി മാസങ്ങളിൽ തന്നെ വലിയ തോതിൽ ജലക്ഷാമത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംസ്ഥാനത്ത് ലഭിക്കേണ്ടതിന്റെ 35 ശതമാനത്തിലധികം മഴക്കുറവാണുള്ളത്.
നെൽകൃഷിക്കും ഭീഷണി
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ റിസർവോയറുകളിൽനിന്നു ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് നെൽകൃഷി ഇറക്കുന്നത്. ഈ പ്രദേശത്ത് മഴ കുറഞ്ഞാൽ നെൽകൃഷിയെയും അത് ബാധിക്കും. ഫലവൃക്ഷങ്ങൾക്കും വൻതോതിൽ വെള്ളം ആവശ്യമാണ്.
മഴക്കുറവ് തോട്ടം വിളകളുടെ ഉത്പാദനത്തെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വരും മാസങ്ങളിൽ കൂടുതൽ മഴ പെയ്താൽ മാത്രമേ നിലവിലെ മഴക്കമ്മി കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
Business
ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ.
സിമന്റ്, വൈദ്യുതി, ഇരുന്പയിര് എന്നിവയുടെ ഉത്പാദനം ഉയർന്നതോടെയാണ് അടിസ്ഥാനവികസന മേഖലകളുടെ ഉത്പാദനവളർച്ച ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ അഞ്ചു ശതമാനത്തിലെത്തിയത്. മുൻവർഷം ജൂണിൽ ഇത് 1.1 ശതമാനവും മുൻ മാസം മേയിൽ 3.2 ശതമാനവുമായിരുന്നു.
ഇന്നലെ പുറത്തുവിട്ട വിവരങ്ങൾ 2022-23നെ പുതിയ അടിസ്ഥാനവർഷമാക്കിയുള്ളതാണ്. മുൻപ് 2011-12 ആയിരുന്നു അടിസ്ഥാന വർഷം. കൂടാതെ, ഇൻഡക്സിലേക്ക് ഇരുന്പയിര് കൂടി ഉൾപ്പെടുത്തിയതോടെ അടിസ്ഥാന മേഖലകളുടെ എണ്ണം ഒൻപതായി ഉയർന്നു. മുന്പ് അസംസ്കൃത എണ്ണ, പെട്രോളിയം റിഫൈനറി, സിമന്റ്, വൈദ്യുതി, പ്രകൃതിവാതകം, വളം, ഫിനിഷ്ഡ് സ്റ്റീൽ, കൽക്കരി എന്ന് പ്രധാന എട്ട് പ്രധാന മേഖലകളുടെ പ്രകടനമാണ് സർക്കാർ പ്രതിമാസ അടിസ്ഥാനത്തിൽ വിലയിരുത്തിയത്.
വ്യവസായ, അടിസ്ഥാനസൗകര്യ വികസനത്തിന്റെ പ്രധാന സൂചകമായി കോർ സെക്ടർ സൂചിക ഉപയോഗിക്കുന്നതിനാൽ ഈ പരിഷ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ഉത്പാദനത്തിന്റെ നിലവിലെ ഘടന കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ പുതിയ അടിസ്ഥാനവർഷം നിശ്ചയിച്ചിരിക്കുന്നത്. ഇരുന്പയിര് ഉൾപ്പെടുത്തിയത് സൂചികയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
ജൂണിലെ വളർച്ചയ്ക്കു കാരണം
ഏപ്രിൽ-ജൂണ് പാദത്തിലെ പ്രകടനം
2026-27 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂണ്) ഈ പ്രധാന മേഖലകൾ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഒരു ശതമാനം മാത്രമായിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെയാണ് സാന്പത്തികവർഷം ആരംഭിച്ചിരിക്കുന്നത് എന്ന് ആദ്യ പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാലും വിവിധ മേഖലകളിലെ പ്രകടനം ഇപ്പോഴും അസമമായ രീതിയിലാണ് തുടരുന്നത്.
Kerala
തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില് വെള്ളിയാഴ്ച ഉത്പാദനം വര്ധിപ്പിച്ചു. പീക്ക്ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.
സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര് ഇന്നലെ രാവിലെ ഏഴിന് പുറത്തുവിട്ട കണക്കനുസരിച്ച് 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 24 മണിക്കൂറിനിടെ ഉത്പാദിപ്പിച്ചത്. ഇവിടത്തെ ആറു ജനറേറ്ററുകളും പ്രവര്ത്തിപ്പിച്ചു. മണ്സൂണ് സീസണില് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്ക് കരുതിവയ്ക്കുകയാണ് പതിവ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. 91.480 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം.
സംസ്ഥാനത്ത് വിവിധ ജില്ലകളില് വെള്ളിയാഴ്ച മഴ ലഭിച്ചിരുന്നതിനാലാണ് ഉപഭോഗത്തില് നേരിയ കുറവുണ്ടായത്. ലോകകപ്പ് ഫുട്ബോള് ഫൈനല് ഇന്നു നടക്കുന്നതിനാല് വൈദ്യുതി ഉപഭോഗം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിമാത്രമാണ്. സംഭരണശേഷിയുടെ 28 ശതമാനമാണിത്.
Business
ന്യൂഡല്ഹി: രാജ്യത്ത് പുതുതായി ഒരു കോടി ടണ് യൂറിയ വളത്തിന്റെ ആഭ്യന്തര ഉത്പാദനശേഷി സൃഷ്ടിക്കുന്നതിനായി ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. യൂറിയ സബ്സിഡി തുടരും. ആഭ്യന്തര ഉത്പാദനം കൂട്ടി സ്വയംപര്യാപത കൈവരിക്കുന്നതിലൂടെ സബ്സിഡിയിനത്തില് 9,000 കോടി രൂപ പ്രതിവര്ഷം ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിലെ കര്ഷകര് ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന വളമായ യൂറിയയുടെ ഉത്പാദനം കൂട്ടുന്നതിനായി ഒമ്പതു പുതിയ പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്മാണ പ്ലാന്റുകള് സ്ഥാപിക്കുന്നതിനെ കേന്ദ്രം പിന്തുണയ്ക്കും.
കഴിഞ്ഞ പത്തു വര്ഷത്തില് സ്വകാര്യ മേഖലയിലെ നാലെണ്ണം അടക്കം ആറു പുതിയ യൂറിയ പ്ലാന്റുകള് സ്ഥാപിച്ചിരുന്നു. യൂറിയ ഉത്പാദനത്തില് സ്വയംപരാപ്തമാക്കുന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ഇന്നലെ ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില് അംഗീകരിച്ച പുതിയ നിക്ഷേപ ചട്ടക്കൂടെന്ന് വാര്ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
യൂറിയ ആവശ്യകത പ്രതിവര്ഷം അഞ്ചു ശതമാനം വര്ധിക്കുകയാണ്. ഇന്ത്യയില് 26.9 ദശലക്ഷം ടണ് യൂറിയ ഉത്പാദനമുണ്ട്. മൊത്തം 40 ദശലക്ഷം ടണ് ആവശ്യമുണ്ട്. 10 ദശലക്ഷം ടണ്ണിന്റെ വിടവ് ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്.
പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്മാണ യൂണിറ്റുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. യൂറിയ പ്ലാന്റ് കമ്പനികള്ക്ക് 12 മുതല് 16 ശതമാനം വരെ വരുമാനം (റിട്ടേണ് ഓണ് ഇക്വിറ്റി) ഉറപ്പാക്കും. നിലവിലെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി നാലു വര്ഷത്തിനുശേഷം സ്ഥിര ചെലവുകള് രൂപയാക്കി മാറ്റുന്നതിലൂടെ വിദേശനാണ്യ നഷ്ടസാധ്യത (ഫോറെക്സ് റിസ്ക്) ലഘൂകരിക്കാനും നയം വിഭാവന ചെയ്യുന്നു.
ഇന്ത്യയില് നിലവില് പ്രവര്ത്തനക്ഷമമായ 33 യൂറിയ നിര്മാണ യൂണിറ്റുകളുണ്ട്. അവയുടെ ഉത്പാദനശേഷി 269.42 ലക്ഷം മെട്രിക് ടണ് ആണ്. യൂറിയ മേഖലയുടെ നവീകരണം, വിപുലീകരണം, പുനരുജ്ജീവനം, ബ്രൗണ്ഫീല്ഡ്, ഗ്രീന്ഫീല്ഡ് പദ്ധതികള് എന്നിവയ്ക്കായി കേന്ദ്ര വളം വകുപ്പ് 2012ല് പ്രഖ്യാപിച്ച നിക്ഷേപ നയത്തിന്റെ തുടര്ച്ചയാണു പുതിയ നയം. നിലവില് 45 കിലോ യൂറിയ ചാക്കൊന്നിനു സബ്സിഡിയോടു കൂടി 242 രൂപയാണു രാജ്യത്തെ ചില്ലറ വില്പന വില.
District News
വടക്കഞ്ചേരി: വീര്യംകുറഞ്ഞ മദ്യോത്പാദനനീക്കം ഉപേക്ഷിക്കണമെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. രൂപത മദ്യ- ലഹരി വിരുദ്ധസമിതിയുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ചെറുപുഷ്പം സ്കൂളിൽ ഉദ്ഘാടനംചെയ്തു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വീര്യംകുറഞ്ഞ മദ്യത്തിന്റെ തീരുവ കുറയ്ക്കുന്നതും അതിന്റെ ലഭ്യത എല്ലായിടത്തും എത്തിക്കുവാനുള്ള നീക്കവും അപകടകരമാണ്. അതിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സമൂഹത്തെ രക്ഷിക്കാനുള്ള മറ്റു നല്ലമാർഗങ്ങൾ തൊഴിലധിഷ്ഠിത പരിപാടികൾ ആവിഷ്കരിച്ചുകൊണ്ട് യുവജനങ്ങളുടെയും സമൂഹത്തിന്റേയും മുന്നേറ്റത്തിനുവേണ്ടി പ്രയത്നിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭ റോസ്, മദ്യ- ലഹരിവിരുദ്ധ സമിതി വടക്കഞ്ചേരി ഫൊറോന പ്രസിഡന്റ് സോണി ഇരുവേലികുന്നേൽ, സമിതി രൂപത ഡയറക്ടർ ഫാ. ജോസ് കൊച്ചുപറമ്പിൽ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി വിവിധ പരിപാടികളും അരങ്ങേറി.
International
വെസ്റ്റ് ബാങ്ക്: ഇസ്രയേലിന്റെ ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ ഗൂഷ് എറ്റ്സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്ധരുമായി സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാനെതിരെയുള്ള പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം നെതന്യാഹു പറഞ്ഞു. അമേരിക്കൻ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്തു. നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോത്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമ്മിച്ചേ തീരൂ. ഇറാനെയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. 30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽനിന്ന് മോചനം നേടണമെന്നും കൂടുതൽ കരുത്ത് ആർജിക്കണമെന്നും കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണമെന്നും നെതന്യുഹു പറഞ്ഞു. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണയിക്കുന്നത് ഇതൊക്കെയാണെന്നും നെതന്യാഹു പറഞ്ഞു.
Business
ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം സർവകാല റിക്കാർഡായ 1.78 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുകയാണ്. മുൻ സാന്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 15.6 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യം ഈ രംഗത്ത് കൈവരിച്ച അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. പ്രതിരോധ ഉത്പാദന വകുപ്പിന്റെയും മറ്റ് അനുബന്ധ പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ പിന്തുണ, പുതിയ സംരംഭങ്ങൾ, സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, വളർന്നുവരുന്ന കയറ്റുമതിശേഷി എന്നിവയുടെ ഫലമായി പ്രതിരോധ ഉത്പാദന മേഖല വരുംവർഷങ്ങളിൽ കൂടുതൽ വേഗം കൈവരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
2020-21 സാന്പത്തിക വർഷത്തിൽ 84,643 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 110 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലെ 43,746 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ആഭ്യന്തര പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയോളം വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ഉത്പാദനത്തിന്റെ 76 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയാണ്. അതേസമയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മുൻവർഷത്തെ 22 ശതമാനത്തിൽനിന്നു 24 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽനിന്നുള്ള ഉത്പാദനം ചരിത്രത്തിലാദ്യമായി 42,000 കോടി രൂപ പിന്നിട്ടത് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിന്റെ വളർച്ച അടിവരയിടുന്നു.
പ്രതിരോധ ഉത്പാദനരംഗത്തുണ്ടായ ഈ വൻ മുന്നേറ്റം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കു വൻ ഉത്തേജനമാണ് നൽകിയത്. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.
International
ബെർലിൻ: പരന്പരാഗത വെടിക്കോപ്പ് നിർമാണത്തിൽ അമേരിക്കയെ മറികടന്ന് ജർമനി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഉത്പാദനം വർധിപ്പിച്ചതാണു കാരണമെന്ന് പ്രമുഖ ജർമൻ ആയുധനിർമാണ കന്പനിയായ റെയിൽമെറ്റൽ അറിയിച്ചു.
റെയിൽമെറ്റലിന്റെ പീരങ്കി വെടിയുണ്ട ഉത്പാദനം പ്രതിവർഷം 70,000 ആയിരുന്നത് 11 ലക്ഷമായി വർധിച്ചു. അമേരിക്ക ഒരു വർഷം പത്തു ലക്ഷം പീരങ്കിയുണ്ടകളാണ് ഉത്പാദിപ്പിക്കുന്നത്. റെയിൻമെറ്റലിന്റെ മീഡിയം കാലിബർ വെടിയുണ്ട ഉത്പാദനം പ്രതിവർഷം എട്ടു ലക്ഷമായിരുന്നത് 40 ലക്ഷമായും മിലിട്ടറി ട്രക്ക് ഉത്പാദനം 400 യൂണിറ്റ് ആയിരുന്നത് 4,500 ആയും ഉയർന്നിട്ടുണ്ട്.
40 ശതമാനം വർധനയാണു കന്പനി ഈ വർഷം പ്രതീക്ഷിക്കുന്നതെന്നും വരുമാനം 1400 കോടി യൂറോയിൽനിന്ന് 1500 കോടി യൂറോ ആയി ഉയരുമെന്നും റെയിൽമെറ്റൽ സിഇഒ അർമിൻ പെപ്പർഗെർ പറഞ്ഞു.
2039ഓടെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സേന ജർമനിയിലായിരിക്കുമെന്നാണ് അവിടുത്തെ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് കഴിഞ്ഞയാഴ്ച പറഞ്ഞത്.
Business
കോട്ടയം: റബര് ഉപയോഗം കഴിഞ്ഞ സാമ്പത്തിക വര്ഷം 13,14,000 ടണ്ണിലേക്ക് കുതിച്ചുയര്പ്പോള് ആഭ്യന്തര ഉത്പാദനത്തില് ഗണ്യമായ ഇടിവെന്നു സൂചന. ഫെബ്രുവരി വരെ ആകെ ഉത്പാദനം 8.59 ലക്ഷം ടണ്ണാണ്. 2024-25ല് ആകെ ഉത്പാദനം 8.75 ലക്ഷം ടണ്ണായിരുന്നു. നിലവില് പുറത്തുവന്ന കണക്കനുസരിച്ച് പതിനയ്യായിരം ടണ്ണിന്റെ ഉത്പാദന ഇടിവാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പോയ വര്ഷം ഫെബ്രുവരി വരെ ഷീറ്റ്, ക്രംബ് ഇറക്കുമതി 4,30,932 ടണ്ണാണെന്നു കണക്കുകള് വ്യക്തമാക്കുന്നു. അതായത് ഇന്ത്യയിലെ ടയര് കമ്പനികള് ഉള്പ്പെടെ റബര് വ്യവസായികള് ഉപയോഗത്തിന്റെ മൂന്നിലൊന്നും വിദേശത്തുനിന്ന് കൊണ്ടുവരുന്നു. അഞ്ചു ശതമാനം നികുതി അടച്ചും നികുതി ഇല്ലാതെയുമായി മൂന്നര ലക്ഷം ടണ്ണോളം കോമ്പൗണ്ട് റബറും കഴിഞ്ഞ വര്ഷം വ്യവസായികള് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഡിമാന്ഡ് ഇത്രയേറെ ഉയര്ന്നിട്ടും കഴിഞ്ഞ വര്ഷം കര്ഷകര്ക്ക് ലഭിച്ച ശരാശരി വില കിലോയ്ക്ക് 170 രൂപ മാത്രമാണ്. നടപ്പു സാമ്പത്തിക വര്ഷം മുന് വര്ഷത്തേക്കാള് റബര് ഉപയോഗത്തില് 3.6 ശതമാനം വര്ധവാണ് പ്രതീക്ഷിക്കുന്നത്. അതായത് 14 ലക്ഷം ടണ്ണിലേക്ക് ഉപയോഗം വര്ധിക്കുന്ന സാഹചര്യത്തില് ഇറക്കുമതി തോതില് വീണ്ടും വര്ധനവുണ്ടാകും. നിലവില് അഭ്യന്തര ഉത്പാദനത്തില് കേരളം ഒന്നാമതും ത്രിപുര രണ്ടാമതുമാണ്. ടയര് കമ്പനികളുടെ കൂട്ടായ്മ (ആത്മ)യുടെ സാമ്പത്തിക മുടക്കില് റബര് ബോര്ഡിന്റെ മേല്നോട്ടത്തില് വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ ഊര്ജിത റബര് കൃഷിയജ്ഞം മൂലം അവിടെ ഉത്പാദനത്തില് വലിയ വര്ധനവുണ്ടായിട്ടുണ്ട്.
ആത്മയുടെ വടക്കുകിഴക്കന് റബര് മിഷന് 1.79 ലക്ഷം ഹെക്ടര് പിന്നിടുകയാണ്. ഇക്കൊല്ലംകൊണ്ട് രണ്ട് ലക്ഷം ഹെക്ടര് എന്നതാണ് ലക്ഷ്യം. അതേസമയം, പരമ്പരാഗത മേഖലയായ കേരളത്തിലും തമിഴ്നാട്ടിലും റബര് കൃഷിയും ഉത്പാദനവും ഓരോ വര്ഷവും കുറഞ്ഞുവരികയാണ്.
രാജ്യത്തെ റബര് ഉത്പാദനത്തിന്റെ 71 ശതമാനം ഇപ്പോഴും കേരളത്തിലാണ്. ഒരു പതിറ്റാണ്ടു മുന്പുവരെ ഇത് 80 ശതമാനമായിരുന്നു. കാലാവസ്ഥാവ്യതിയാനം, ഉത്പാദനച്ചെലവ്, വിലയിടിവ്, വിലയിലെ അസ്ഥിരത, ടാപ്പര്മാരുടെ ക്ഷാമം തുടങ്ങി വിവിധ പ്രശനങ്ങളാണ് കേരളത്തിലെ കര്ഷകര് നേരിടുന്നത്.
കഴിഞ്ഞ 12 വര്ഷത്തെ ആര്എസ്എസ്-4 ശരാശരി വില 146 രൂപ മാത്രമാണ്. കിലോയ്ക്ക് സ്ഥിരമായി 225 രൂപയെങ്കിലും കിട്ടിയാല് മാത്രമേ കേരളത്തിലെ കര്ഷകര്ക്ക് പിടിച്ചുനില്ക്കാനാകൂ. ആവര്ത്തനകൃഷി, സ്പ്രേയിംഗ് സബ്സിഡി നല്കുക, റെയിന് ഗാര്ഡിംഗിനുള്ള സാമഗ്രികള് നല്കുക, കാട് വെട്ടിത്തെളിക്കാന് സഹായം നല്കുക തുടങ്ങി സര്ക്കാരും റബര് ബോര്ഡും സഹായം നല്കാതെ കേരളത്തില് റബര് മുന്നോട്ടു പോകില്ല.
നിലവില് കൈത കര്ഷകര് നിലം പാട്ടത്തിനെടുത്ത് റബര് തൈ മൂന്നു വര്ഷം വളര്ത്തിക്കൊടുക്കുന്നതിനാലാണ് റബര് കൃഷി കുറെ കര്ഷകരെങ്കിലും തുടരുന്നത്. റബര് ഒഴിവാക്കി കവുങ്ങ്, തെങ്ങ്, കാപ്പി എന്നിവ നടാന് കൈത കര്ഷകര്ഷകര്ക്ക് സ്ഥലം പാട്ടത്തിനു കൊടുക്കുന്നവരും കുറവല്ല.
Business
ന്യൂഡൽഹി: മരുതി സുസുക്കിയുടെ ചെറിയ ഹച്ച്ബാക്ക് മോഡലായ ഇഗ്നിസ് ഇന്ത്യയിൽ അതിന്റെ യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വില്പനയിലുണ്ടായ കുറവും ആവശ്യക്കാരില്ലാത്തതുമാണ് ഇന്ത്യൻ വിപണിയിൽ ഇഗ്നിസിന് തിരിച്ചടിയായത്.
ഡീലർമാരെ ഉദ്ധരിച്ചുകൊണ്ടു കാർടോക്കിന്റെ റിപ്പോർട്ട് പ്രകാരം ഇഗ്നിസിന്റെ നിർമാണം ഒരു മാസത്തോളമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ ഈ മോഡലിനായുള്ള ബുക്കിംഗും അവസാനിപ്പിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ചുരുക്കം ചില ഡീലർമാരുടെ പക്കൽ മാത്രമേ ഇപ്പോൾ പരിമിതമായ സ്റ്റോക്ക് അവശേഷിക്കുന്നുള്ളൂ. എന്നാൽ ഈ റിപ്പോർട്ടുകൾക്കു വിരുദ്ധമായി മാരുതിയുടെ വെബ്സെറ്റിൽ ബുക്കിംഗിന് ഇപ്പോഴും സൗകര്യമുണ്ട്. ഇതേക്കുറിച്ച് കന്പനി ഇതുവരെ ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
2017ലാണ് ഇഗ്നിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
Business
ജയ്പുർ: ആഗോള എണ്ണ വിപണിയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന ഉത്പാദനം 1,202 ബാരൽ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്രതിദിനം 705 ബാരലുമായി താരതമ്യം ചെയ്യുന്പോൾ പൊതുമേഖല കന്പനി ഉത്പാദനം 70 ശതമാനമാണ് വർധിച്ചത്.
ജയ്സാൽമീറിലെ ബാഗേവാല പാടത്തുനിന്നും ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണ ടാങ്കറുകൾ വഴി ഗുജറാത്തിലെ മെഹ്സാനയിലെ ഒഎൻജിസി പ്ലാന്റുകളിലേക്കാണ് എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവിടെനിന്ന് പൈപ്പ്ലൈൻ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി വിടുന്നു.
2025-26 സാന്പത്തിക വർഷത്തിൽ ഓയിൽ ഇന്ത്യയുടെ രാജസ്ഥാൻ പാടത്തുനിന്ന് ആകെ 43,773 മെട്രിക് ടണ് ക്രൂഡ് ഓയിൽ ഉത്പാദനം രേഖപ്പെടുത്തി. 2024-25 ലെ വാർഷിക ഉൽപാദനം 32,787 മെട്രിക് ടണ് ആയിരുന്നു.
രാജസ്ഥാൻ തടത്തിലെ ബിക്കാനീർ-നാഗൗർ ഉപതടത്തിൽ സ്ഥിതി ചെയ്യുന്ന ബാഗേവാല എണ്ണപ്പാടം ഇന്ത്യയിലെ ചുരുക്കം ചില തീരദേശ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. താർ മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ കാണപ്പെടുന്ന വിസ്കോസിറ്റിയുള്ള ( കട്ടിയുള്ള) എണ്ണ വേർതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി കട്ടിയുള്ള അസംസ്കൃത എണ്ണ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന സൈക്ലിക് സ്റ്റീം സ്റ്റിമുലേഷൻ (സിഎസ്എസ്) ഉൾപ്പെടെയുള്ള അത്യാധുനിക തെർമൽ എൻഹാൻസ്ഡ് ഓയിൽ റിക്കവറി സാങ്കേതികവിദ്യകൾ പ്രയോഗിച്ചാണ് ഉത്പാദനം ഉയർത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനയോടെ 19 എണ്ണക്കിണറുകളിൽ കന്പനി സിഎസ്എസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഈ വർഷം 13 പുതിയ കിണറുകൾ കുഴിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇത് ഒന്പതെണ്ണമായിരുന്നു.
2017 മുതൽ ഓയിൽ ഇന്ത്യ ബാഗേവാല പാടത്ത് നിന്ന് കടുപ്പമേറിയതും സാന്ദ്രത കൂടി യതുമായ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. 1991ലാണ് ഈ പാടം കണ്ടെത്തിയത്. 200.26 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാടത്ത് നിലവിൽ 52 കിണറുകളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. 2018ലാണ് ഓയിൽ ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ സിഎസ്എസ് സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. ഈ വിദ്യ ഉപയോഗിച്ചാണ് വൻ തോതിൽ ഈ പാടത്തുനിന്നും അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നത്.
District News
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പോഷകത്തോട്ടങ്ങൾ ഒരുക്കുന്നതിനായുള്ള ഉത്പാദനോപാധികൾ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജനാർദനൻ കയനി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. രോഹിണി, പഞ്ചായത്ത് അംഗങ്ങളായ ജോൺ തടത്തിപ്പറമ്പിൽ, രജനി രാജീവൻ, അസി. കൃഷി ഓഫീസർ മോളി തോമസ്, കൃഷി അസിസ്റ്റന്റ് സി. ഷീബ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഉത്പാദനം വര്ധിക്കുന്നതിനെ ഒരു രാഷ്ട്രത്തിന്റെ ബാധ്യതയായി ചിത്രീകരിക്കുന്ന കേന്ദ്രസമീപനം അത്യന്തം അപകടകരവും കര്ഷകവിരുദ്ധവുമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
നെല്ലിനും ഗോതമ്പിനും കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്കു മുകളില് സംസ്ഥാന സര്ക്കാര് നല്കുന്ന പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്ക്കാരിന്റെ ആവശ്യം രാജ്യത്തെ നെല്കര്ഷകരെയും ഗോതമ്പുകര്ഷകരെയും ഇരുട്ടിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്ഷങ്ങളില് ഗോതമ്പിന്റെയും നെല്ലിന്റെയും ഉയര്ന്ന ഉത്പാദനം മൂലം പൊതുവിതരണ സംവിധാനം വഴി കൂടുതല് ഗോതമ്പും അരിയും രാജ്യത്ത് സംഭരിക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും, ഈ ഉത്പാദന വര്ധനവ് വര്ഷംതോറും വര്ധിച്ചുവരുന്നതോടെ പൊതുഖജനാവിനുള്ള ബാധ്യത വര്ധിക്കുന്നുവെന്നുമാണ് കേന്ദ്രധനകാര്യ എക്സ്പെന്ഡിച്ചര് സെക്രട്ടറി കേരളാ ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തില് ചൂണ്ടിക്കാട്ടുന്നത്.
കേരള സര്ക്കാര് ഉള്പ്പെടെ ചില സംസ്ഥാന സര്ക്കാരുകള്, എംഎസ്പിക്ക് മുകളില് നെല്ലിനും ഗോതമ്പിനും അധിക പ്രോത്സാഹന ബോണസ് നല്കുന്നത് ഈ ധാന്യങ്ങള് കൂടുതല് കൃഷി ചെയ്യുന്നതിനും ഉത്പാദന വര്ധനയ്ക്കും ഇടയാക്കുമെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്.
നെല്ലിന്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യത്തോട് മുഖംതിരിച്ചുനില്ക്കുന്ന കേന്ദ്ര സര്ക്കാര് നെല്ല് സംഭരണത്തിന് നിശ്ചയിച്ചിട്ടുള്ള തുക 23 രൂപ 69 പൈസയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികള്ക്കിടയിലും നെല്കര്ഷകരെ ചേര്ത്തുപിടിച്ച് സംസ്ഥാന സര്ക്കാര് കേന്ദ്രം നിശ്ചയിച്ച എംഎസ്പിക്ക് പുറമേ 6രൂപ 31 പൈസ സംസ്ഥാന പ്രോത്സാഹന വിഹിതമായി കൂടി നല്കുന്നത് കൊണ്ടാണ് കര്ഷകര്ക്ക് ഒരു കിലോ നെല്ലിന് 30 രൂപ സംഭരണവിലയായി ലഭിക്കുന്നത്.
എംഎസ്പിക്ക് പുറമേ സംസ്ഥാനം നല്കുന്ന ആറു രൂപ 31 പൈസ നിര്ത്തലാക്കണമെന്നാണ് ഇപ്പോള് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കര്ഷകരുടെ യഥാര്ഥ ഉത്പാദനച്ചെലവ് അംഗീകരിക്കാതെ, ഉത്പാദനം വര്ധിക്കുന്നു എന്ന പേരില് സഹായം വെട്ടിക്കുറയ്ക്കുന്നത് സാമൂഹികനീതിക്കെതിരായ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി.
Business
ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ വില്പനക്കാർ പിടിമുറുക്കുന്നു, ഷീറ്റ് ക്ഷാമം രൂക്ഷമാകുമെന്ന വിലയിരുത്തലുകൾ മെച്ചപ്പെട്ട വിലയ്ക്ക് വഴിതെളിക്കാം. ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പ് ഊർജിതമായി, മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് കൂടുതലായി വില്പനയ്ക്ക് എത്താം. ചെറുകിട കർഷകർ നാളികേര വിളവെടുപ്പിന് ഉത്സാഹിച്ചു. സ്വർണ കിരീടം വീണുടഞ്ഞു, പവൻ റിക്കാർഡിൽനിന്നും 7760 രൂപ ഇടിഞ്ഞു.
റബർ ഉത്പാദനത്തിലും കയറ്റുമതിയിൽ മുൻനിരയിൽ നിലയുറപ്പിച്ചിട്ടുള്ള തായ്ലൻഡിലും വിയറ്റ്നാമിലും മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ഗണ്യമായി ചുരുങ്ങും. ആഗോള വിപണിയിൽ ഇത് ഷീറ്റ് ക്ഷാമത്തിന് ഇടയാക്കുമെന്നതു രാജ്യാന്തര വിപണിക്ക് താങ്ങു പകരാം.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഡിസംബർ ആദ്യം കിലോ 321 യെന്നിൽ ഇടപാടുകൾ നടന്ന മേയ് അവധി കഴിഞ്ഞവാരം 356 യെൻ വരെ കയറി. വിപണി 378 യെന്നിനെ ലക്ഷ്യമാക്കുന്നത് തടയാനുള്ള നീക്കങ്ങളാണു വാരത്തിന്റെ രണ്ടാം പകുതിയിൽ ഓപ്പറേറ്റർമാർ നടത്തിയത്. വൻതോതിൽ റബർ ആവശ്യമുള്ള ടയർ കമ്പനികളെ സംബന്ധിച്ച് ഉത്പന്ന വില ഏത് വിധേനയും ഇടിക്കുകയെന്ന ലക്ഷ്യത്തിൽ ചരടുവലികൾ നടത്തി.
പ്രതികൂല കാലാവസ്ഥയിൽ ബാങ്കോക്കിൽ റബർ കിലോ 206 രൂപ വരെ കയറിയത് ഇറക്കുമതി രാജ്യങ്ങളെ ഞെട്ടിച്ചു. 225‐240 റേഞ്ചിലേക്ക് വിപണി ശ്രമം നടത്തുമെന്ന സൂചന വാങ്ങലുകാരെ കൂടുതൽ സമ്മർദത്തിലാക്കി. ഇറക്കുമതിക്കാർ സംഘടിതരായി രാജ്യാന്തര വിപണിയിൽനിന്നും പിൻവലിഞ്ഞതു മൂലം വാരാന്ത്യം വില 203 രൂപയായി ഇടിഞ്ഞു. ലൂണാർ പുതുവത്സരാഘോഷങ്ങൾക്ക് ചൈന ഒരുങ്ങുന്നതിനാൽ പുതിയ കരാറുകൾക്ക് ബെയ്ജിംഗിലെ വ്യവസായികൾ താത്പര്യം കാണിച്ചില്ല.
സംസ്ഥാനത്ത് പകൽ ചൂടിനു കാഠിന്യമേറുന്നത് മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത കുറച്ചു. മുന്നിലുള്ള മാസങ്ങളിൽ പകൽ താപനില ഇനിയും ഉയരാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ഉത്പാദകർ വില്പന നിയന്ത്രിച്ചു. വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിൽ അമരുന്നത് കണ്ട് ടയർ ലോബിയെ പുതിയ തന്ത്രവുമായി രംഗത്ത് ഇറങ്ങി. പൂഴ്ത്തിവയ്പ്പുകാർ വിപണിയുടെ സന്തുലിതാവസ്ഥയ്ക്കു ഭീഷണി ഉയർത്തുന്നതായാണു വ്യവസായികളുടെ കണ്ടുപിടിത്തം.
സംസ്ഥാനത്ത് റബർ ഉത്പാദനം കുറവാണെന്ന കാര്യം വ്യാപാരികളും സമ്മതിക്കുന്നു. പക്ഷേ ആഭ്യന്തര വില ഉയർത്തി ഷീറ്റ് സംഭരിക്കാൻ അവർ തയാറല്ല. 200 രൂപയ്ക്ക് മുകളിൽ നീങ്ങുന്ന നാലാം ഗ്രേഡിനു 225 വരെ മുന്നേറാനുള്ള കരുത്തുണ്ടെങ്കിലും അത്തരം ഒരു കുതിപ്പിനെ എങ്ങനെ തടയാനാവുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. വാരാന്ത്യം നാലാം ഗ്രേഡ് ഷീറ്റ് കിലോ 203 രൂപയിലും അഞ്ചാം ഗ്രേഡ് 200 രൂപയിലുമാണ്.
കുരുമുളകിന് കാലാവസ്ഥ ഭീഷണി
കുരുമുളക് വിളവെടുപ്പ് ഊർജിതമെങ്കിലും കാർഷിക മേഖലകളിലെ ചെറുകിട വിപണികളിൽ ചരക്കുവരവ് നാമമാത്രം. നേരത്തേ നിലനിന്ന പ്രതികൂല കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മുളകുമണികൾ മൂപ്പ് എത്തും മുന്നേ അടർന്നുവീണത് മൊത്തം ഉത്പാദനത്തിൽ കുറവ് വരുത്തും. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആദ്യ റൗണ്ട് വിളവെടുപ്പിൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഇതു മൂലം ഉയർന്നില്ല.
കുരുമുളക് വിപണി വില മികവിൽ നീങ്ങുന്ന സന്ദർഭത്തിൽ ഉത്പാദനം കൂടി മെച്ചപ്പെട്ടിരുന്നങ്കിൽ കൃഷിയിൽനിന്നും കൂടുതൽ നേട്ടത്തിനു കർഷകർക്ക് അവസരം ലഭിക്കുമായിരുന്നു. ക്വിന്റലിന് 70,000 രൂപയെ ചുറ്റിപ്പറ്റിയാണു മുളകിന്റെ ഇടപാടുകൾ. ഉയർന്ന വിലയിലും ആഭ്യന്തര ഡിമാൻഡ് ശക്തമാണ്. ദക്ഷിണേന്ത്യയിൽ ഉത്പാദനം കുറയുമെന്നത് കണക്കിലെടുത്താൽ ഉത്സവ സീസണിൽ വീണ്ടും റിക്കാർഡ് പ്രകടനം പ്രതീക്ഷിക്കാം.
ഉത്പാദന മേഖല വിളവെടുപ്പ് നടത്തിയ കുരുമുളക് സംസ്കരിക്കുന്ന തിരക്കിലാണ്. പകൽ താപനില ഉയർന്നത് മുളക് വേഗത്തിൽ ഉണക്കാൻ അവസരം ഒരുക്കും. മാസമധ്യത്തോടെ വിവിധ ഭാഗങ്ങളിൽനിന്നും പുതിയ മുളക് കൂടുതലായി വില്പനയ്ക്ക് ഇറങ്ങാം. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 69,300 രൂപയിലും ഗാർബിൾഡ് 70,300 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7900 ഡോളറാണ്.
ജാതിക്ക ചരക്കുവരവ് കുറവ്
അറബ് രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ വ്യവസായികളും ജാതിക്ക സംഭരിക്കാൻ ഉത്സാഹിച്ചു. വിപണികളിൽ ചരക്ക് വരവ് വാങ്ങലുകാരുടെ പ്രതീക്ഷയ്ക്കൊത്തു പല അവസരത്തിലും ഉയർന്നില്ല. ജാതിക്ക തൊണ്ടൻ 330 രൂപ വരെ ഉയർന്നപ്പോൾ ജാതിപരിപ്പ് കിലോ 650 - 680 രൂപയിലെത്തി. ജാതിപത്രിക്കും ജാതിക്ക ഫ്ളവറിനും ആവശ്യക്കാരുണ്ട്. ഔഷധ വ്യവസായികളുടെ സാന്നിധ്യം ഉത്പന്നത്തിനു കരുത്ത് പകരാം.
ഏലക്ക വില ഉയരുന്നില്ല
പകൽ താപനില ഉയർന്നതോടെ ഏലത്തോട്ടങ്ങളിൽനിന്നും ഉത്പാദകർ അല്പം പിൻവലിഞ്ഞു. അന്തരീക്ഷ താപനില മുന്നിലുള്ള മാസങ്ങളിൽ വീണ്ടും ഉയരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഒരു വിഭാഗം കർഷകരും മധ്യവർത്തികളും ഉത്പന്നനീക്കം നിയന്ത്രിക്കാം. ഏലക്ക വിലയിൽ കാര്യമായ ഉണർവ് ദൃശ്യമായില്ല. ശരാശരി ഇനങ്ങൾ കിലോ 2495യിൽ.
നാളികേര വിളവെടുപ്പ് ഊർജിതം
നാളികേര വിളവെടുപ്പിന് ഉത്പാദകർ ഉത്സാഹിച്ചതോടെ ചെറുകിട വിപണികളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നുതുടങ്ങി. എന്നാൽ, കൊപ്രയാട്ട് വ്യവസായികൾ ചരക്ക് കണ്ടെത്താൻ ക്ലേശിക്കുന്നമ്പോഴും അവർ നിരക്ക് ഉയർത്താതെ കൊപ്ര സംഭരിക്കാനുള്ള ശ്രമത്തിലാണ്. കാങ്കയത്തെ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും കേരളത്തിൽനിന്നും ആവശ്യക്കാർ കുറവായിരുന്നു. മാസാരംഭമായതിനാൽ ഈ വാരം പ്രദേശിക ഡിമാന്ഡ് വെളിച്ചെണ്ണയ്ക്ക് പ്രതീക്ഷിക്കാം.
ആഭരണ വിപണികളിൽ സ്വർണ വില പവന് 1,16,320 രൂപയിൽ നിന്നും സർവകാല റിക്കാർഡായ 1,24,080 രൂപ വരെ കയറി. വാരാവസാനം രാജ്യാന്തര വിപണിലുണ്ടായ വിലത്തകർച്ച മൂലം പവന്റെ നിരക്ക് ശനിയാഴ്ച 1,17,760 രൂപയായി താഴ്ന്നു.
University News
കാലിക്കട്ട് സര്വകലാശാലയിലെ ഡിജിറ്റല് മീഡിയ പ്രൊഡക്ഷന് ഡിപ്ലോമ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 30ന് നടക്കും. ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത: ബിരുദം. ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില് പ്രായോഗിക ക്ലാസുകളും എഐ അധിഷ്ഠിത പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് കോഴ്സ്. പ്രോജക്ടും ഇന്റേൺ ഷിപ്പുമുണ്ടാകും. താത്പര്യമുള്ളവർ രാവിലെ പത്തിന് മതിയായ രേഖകൾ സഹിതം സർവകലാശാല ഇഎംഎംആർസിയിൽ ഹാജരാകണം. ഫോൺ: 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി - 2019 സ്കീം - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 21 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് ( 2009 സ്കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്പത് വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഒന്നാം വർഷ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ( 2025 പ്രവേശനം - റഗുലർ / പ്രൈവറ്റ് ) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 23 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Business
മുംബൈ: തദ്ദേശീയമായി അപൂർവ ഭൗമ മൂലക കാന്ത (നിയോഡിമിയം)ങ്ങളുടെ നിർമാണത്തിന് ഇന്ത്യൻ വാഹന നിർമാണ കന്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഘടക നിർമാതാക്കളായ യുനോ മിൻഡയും ശ്രമിക്കുന്നു. നിയോഡിമിയത്തി നായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്.നിർണായക ഘടകങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യൻ സർക്കാൻ സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോകത്തിലെ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, ഏപ്രിലിൽ അവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുഎസിലേക്കും യൂറോപ്പിലേക്കും ചില വിതരണങ്ങൾ പുനരാരംഭിച്ചെങ്കിലും, ഇന്ത്യൻ കന്പനികൾ ഇപ്പോഴും ബെയ്ജിംഗിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
വൈദ്യുത വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാണത്തിന് നിർണായകമായ ഘടകമാണ് ഈ അപൂർവ ഭൗമ മൂലക കാന്തങ്ങൾ. ഇവയുടെ ആഭ്യന്തര ഉത്പാനത്തിനും ശേഖരം വർധിപ്പിക്കുന്നതിനും സാന്പത്തിക സഹായപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട.
ജൂണിൽ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയവുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ, കാന്തങ്ങൾ നിർമിക്കുന്നതിനായി ഒരു കന്പനിയുമായി പങ്കാളിത്തത്തിലേർപ്പെടാനോ അല്ലെങ്കിൽ പ്രാദേശികമായി അവ ഉത്പാദിപ്പിക്കുന്ന ഒരു വിതരണക്കാരനുമായി ദീർഘകാല കരാറിൽ ഏർപ്പെടാനോ മഹീന്ദ്ര തയാറാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അടുത്തിടെ രണ്ട് ഇലക്ട്രിക് എസ്യുവികൾ പുറത്തിറക്കിയ മഹീന്ദ്രയ്ക്ക് കാന്തങ്ങൾക്കുള്ള ആവശ്യം ഏറുകയാണ്. പ്രാദേശികമായി അവ നിർമിക്കുന്നതിനുള്ള നിക്ഷേപം അത്ര ഉയർന്നതല്ലെന്ന് സൂചിപ്പിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
മാരുതി സുസുക്കി പോലുള്ള ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾക്ക് പാർട്സ് വിതരണക്കാരായ യുനോ മിൻഡയും ഇതേ യോഗത്തിൽ പ്രാദേശികമായി അപൂർവ ഭൗമ മൂലകകാന്ത നിർമാണത്തിൽ താത്പര്യം പ്രകടിപ്പിച്ചതായും പറയുന്നു.
ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലകകാന്തങ്ങളുടെ വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ഉത്പാദനം വൈകുമെന്ന് മാരുതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫോർഡ്, സ്റ്റെല്ലാന്റിസ് ഉൾപ്പെടെയുള്ള കന്പനികൾക്ക് ഗിയറുകളും മോട്ടോറുകളും വിതരണം ചെയ്യുന്ന ഘടക നിർമാതാക്കളായ സോണ കോംസ്റ്റാർ, ആഭ്യന്തരമായി കാന്തങ്ങൾ നിർമിക്കാൻ താത്പര്യം പ്രകടിപ്പിച്ച ആദ്യത്തെ ഇന്ത്യൻ കന്പനിയാണ്.
നിയോഡിമിയം കാന്തങ്ങൾ നിർമിക്കുന്നതിനുള്ള നിക്ഷേപത്തിന്റെ സമയപരിധി സംബന്ധിച്ച് രണ്ട് കന്പനികളും അന്തിമ തീരുമാനം എടുത്തിട്ടില്ല. സർക്കാർ നൽകുന്ന സാന്പത്തിക പ്രോത്സാഹനങ്ങളെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുമെന്ന് ഇവരുടെ നിക്ഷേപ പദ്ധതികൾ.
ലോകത്തിലെ അഞ്ചാമത്തെ വലിയ അപൂർവ ഭൗമ ധാതു ശേഖരമുള്ള ഇന്ത്യയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വലിയ വെല്ലുവിളിയല്ല. പക്ഷേ, അവയുടെ ഖനനമാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐആർഇഎൽ) എന്ന സ്ഥാപനത്തിലൂടെയാണ് സർക്കാർ അപൂർവ ഭൗമ ധാതു ഖനനം നിയന്ത്രിക്കുന്നത്. 2024ൽ ഏകദേശം 2,900 ടണ് അപൂർവ ഭൗമ ധാതു അയിരുകളാണ് ഉത്പാദിപ്പിച്ചത്. മിക്ക ധാതുക്കളും രാജ്യത്തെ ആണവ, പ്രതിരോധ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്, ചിലത് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു.
ചൈനയിൽനിന്നുള്ള നിയന്ത്രണം വന്നതോടെ ഐആർഇഎൽ കയറ്റുമതി നിർത്താനും തദ്ദേശീയമായി ഖനനവും സംസ്കരണവും വർധിപ്പിക്കാനും പദ്ധതിയിടുന്നു.