Business
കൊച്ചി: ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തികഫലങ്ങൾ പുറത്തുവിട്ടു. 2026 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ വരുമാനം 18 ശതമാനം വർധിച്ച് 1,182 കോടി രൂപയിലെത്തി.
കേരളത്തിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചതോടെ വരുമാനത്തിൽ 21 ശതമാനമാണു വളർച്ച. പ്രവർത്തനലാഭത്തിലും 27 ശതമാനത്തിന്റെ വർധനയുണ്ട്.
കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ വരുമാനത്തിൽ 16 ശതമാനവും പ്രവർത്തനലാഭത്തിൽ 26 ശതമാനവും വർധനയുണ്ടായി. 32.5 ശതമാനമെന്ന മികച്ച ലാഭവിഹിതമാണു സ്ഥാപനം നേടിയത്. കോഴിക്കോട് ആസ്റ്റർ മിംസ് വരുമാനത്തിൽ 21 ശതമാനവും പ്രവർത്തനലാഭത്തിൽ 41 ശതമാനവും വളർച്ച കൈവരിച്ചു.
ആകെ വരുമാനം 18 ശതമാനം ശതമാനം വർധിച്ച് 2,361 കോടി രൂപയായി. പ്രവർത്തനലാഭം 25 ശതമാനം വർധിച്ച് 517 കോടി രൂപയിലെത്തി.
ബ്ലാക്ക്സ്റ്റോണുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയനനടപടികൾ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ പൂർത്തിയാകുമെന്ന് ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Business
അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.
2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.
ഇ കൊമേഴ്സ് കരുത്തേകി
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന്റെ അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി.
ലോയൽറ്റി അംഗങ്ങളിലും വർധന
ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെംബർഷിപ്പിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയുണ്ട്. നിലവിൽ 8.4 മില്യൺ ആളുകൾ ലോയൽറ്റി പ്രോഗ്രാം അംഗങ്ങളാണ്.
Business
കൊച്ചി: ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,53,364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയാണു പ്രവർത്തനലാഭം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തനലാഭമാണിത്. 1041.21 കോടി രൂപയാണ് അറ്റാദായം.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വര്‍ധിച്ചാണ് 5,53,364.49 കോടി രൂപയിലെത്തിയത്. മുന്‍വര്‍ഷം ഇതേ പാദത്തിൽ 2,66,375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർധനവോടെ 2,97,795.82 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 255568.67 കോടി രൂപയായി വര്‍ധിച്ചു. 10.94 ശതമാനമാണു വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക്. അറ്റ പലിശ മാർജിൻ 3.18 ശതമാനമായി വർധിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റപലിശവരുമാനമാണു ബാങ്ക് കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വര്‍ധനവോടെ അറ്റപലിശവരുമാനം 2652.73 കോടി രൂപയിലെത്തി. ഫീസ് വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതാണ്.
18.57 ശതമാനം വർധനവോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1068.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.42 ശതമാനമാണിത്. 75.14 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം.
ഓഹരിയൊന്നിന് 30.45 രൂപപ്രകാരം 3.20 കോടി ഓഹരികൾ വാങ്ങിയതിലൂടെ ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിച്ചെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Business
മുംബൈ: 2025-26 സാന്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. വരുമാനത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓയിൽ ടു കെമിക്കൽസ്, ജിയോ വിഭാഗങ്ങൾ വളർച്ചയ്ക്ക് കരുത്തേകിയെന്ന് കന്പനി വ്യക്തമാക്കി. 2,93,829 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കന്പനി നേടിയത്. നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 22,290 കോടി രൂപയും.
മൂന്നാം പാദത്തിൽ റിലയൻസ് നടത്തിയ 33,826 കോടി രൂപയുടെ മൂലധനച്ചെലവ്, തങ്ങളുടെ 41,303 കോടി രൂപയുടെ കാഷ് പ്രോഫിറ്റിലൂടെ തന്നെ കണ്ടെത്താൻ സാധിച്ചു. സെപ്റ്റംബർ പാദത്തിൽ 118,545 കോടി രൂപയായിരുന്ന അറ്റകടം ഡിസംബർ അവസാനത്തോടെ 117,102 കോടി രൂപയായി കുറഞ്ഞു.
കുതിപ്പേകി ജിയോ, റീട്ടെയിൽ
മൂലധന നിക്ഷേപങ്ങളെ വരുമാനമാക്കി മാറ്റുന്നതിൽ ജിയോ പ്ലാറ്റ്ഫോംസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 5ജി സേവനങ്ങളുടെ വ്യാപനവും വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണവും ജിയോയുടെ ലാഭക്ഷമത വർധിപ്പിച്ചു.
ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 12.7% വളർച്ചയോടെ 43,683 കോടി രൂപയിലെത്തി. മൂന്നാം പാദത്തിൽ മാത്രം 8.9 ദശലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ട്രൂ 5ജി ഉപയോഗിക്കുന്നവരുടെ എണ്ണം 25.3 കോടിയായി. ജിയോ എയർഫൈബർ വരിക്കാരുടെ എണ്ണം 1.15 കോടി പിന്നിട്ടു.
റിലയൻസ് റീട്ടെയിലിന്റെ വരുമാനത്തിൽ 8.1% വളർച്ചയുമായി 97,605 കോടി രൂപയിലെത്തി.
Business
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2025-26 സാന്പത്തികവർഷത്തിലെ മൂന്നാംപാദത്തിൽ 374.32 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന അറ്റാദായമാണിത്.
2024-2025 വർഷത്തിലെ മൂന്നാംപാദത്തിലെ അറ്റാദായമായ 341.87 കോടി രൂപയേക്കാൾ ഒന്‍പതു ശതമാനം വർധനയാണ് ഇത്തവണ നേടിയത്. ഈ സാന്പത്തികവർഷത്തിൽ ഡിസംബറിൽ അവസാനിച്ച ആദ്യ ഒന്‍പതുമാസത്തെ അറ്റാദായം ഒന്‍പതു ശതമാനം വർധിച്ച് 1047.64 കോടി രൂപയായി. മുൻ സാന്പത്തികവർഷത്തിൽ ഇതേ കാലയളവിൽ 960.69 കോടിയായിരുന്നു. മൂന്നാംപാദത്തിൽ പ്രവർത്തനലാഭം 10 ശതമാനം വർധിച്ച് 584.33 കോടിയായി. മുൻ സാന്പത്തികവർഷത്തെ മൂന്നാംപാദത്തിൽ 528.84 കോടിയായിരുന്നു പ്രവർത്തനലാഭം.
ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി കഴിഞ്ഞവർഷത്തെ 4.30ൽനിന്ന് 2.67 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 1.25 ശതമാനത്തിൽനിന്ന് 0.45 ആയും കുറഞ്ഞിട്ടുണ്ട്. പലിശയിതരവരുമാനം മുൻവർഷത്തെ 409.22 കോടിയിൽനിന്ന് 485.93 കോടിയായി. 19 ശതമാനം വളർച്ച.
എഴുതിത്തള്ളിയത് ഉൾപ്പെടാതെ കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പിസിആർ) മുൻവർഷത്തെ 71.73 ശതമാനത്തിൽനിന്ന് 83.5 ആയി. എഴുതിത്തള്ളിയതുൾപ്പെടെയുള്ള പിസിആർ 81.07 ശതമാനത്തിൽനിന്ന് 91.57 ആയി ഉയർന്നു. ആസ്തിയിന്മേലുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു.
സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തിൽനിന്ന് 17 പോയിന്റുകൾ കുറച്ച് 0.16 ശതമാനമായി. റീട്ടെയിൽ നിക്ഷേപങ്ങൾ 1,02,421 കോടിയിൽനിന്ന് 1,15,563 കോടിയായി. പ്രവാസിനിക്ഷേപം 31,132 കോടിയിൽനിന്ന് 33,965 കോടിയായി വളർന്നു. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപത്തിൽ (കാസ) മുൻവർഷത്തെക്കാൾ 15 ശതമാനം വളർച്ച നേടി. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിൽ 14 ശതമാനവും കറന്റ് അക്കൗണ്ടിൽ 20 ശതമാനവും വർധനവുണ്ടായി.
മൊത്തം വായ്പകൾ 86,966 കോടിയിൽനിന്ന് 9798 കോടിയുടെ വളർച്ചയുമായി 96,764 കോടിയായി. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ച. കോർപറേറ്റ് രംഗത്തെ വായ്പകൾ മുൻവർഷത്തെ 34,956 കോടിയിൽനിന്ന് 38,353 കോടി രൂപയായി. 10 ശതമാനം വളർച്ച. ഇതിൽ എ ഗ്രേഡും അതിനു മുകളിലും റേറ്റിംഗുള്ള മികച്ച കോർപറേറ്റ് വായ്പകൾ 3,560 കോടിയുടെ വർധനയുമായി 24,628 കോടിയായി. മോർട്ട്ഗേജ് ലോണ്‍ ഉൾപ്പെടെ ബിസിനസ് രംഗത്തെ വായ്പകൾ 12 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം 16,546 കോടി രൂപയായിരുന്ന ബിസിനസ് വായ്പ 18,553 കോടിയായി.
സ്വർണവായ്പയിൽ മുൻവർഷത്തെക്കാൾ 26 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം 16,966 കോടിയായിരുന്ന സ്വർണവായ്പ 4,337 കോടി വർധിച്ച് 21,303 കോടിയായി. വാഹനവായ്പയിൽ 24 ശതമാനമാണ് വളർച്ച. മുൻവർഷത്തെ 1938 കോടിയിൽനിന്ന് 2,393 കോടിയായി വാഹനവായ്പ ഉയർന്നു.
ബാങ്കിന്റെ മികച്ച തന്ത്രങ്ങൾ ശക്തമായ ബിസിനസ് പ്രകടനത്തിന് അടിത്തറയായെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എയുടെ സാന്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാന്പത്തികഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.