മുംബൈ: പശ്ചിമേഷ്യൻ സംഘർഷം തീർത്ത സാന്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ കേന്ദ്രസർക്കാരിന് ആശ്വാസമായി റിസർവ് ബാങ്കിന്റെ ഡിവിഡന്റ്.
നടപ്പ് സാന്പത്തികവർഷം 2,86,588.46 കോടി രൂപ കേന്ദ്രസർക്കാരിലേക്ക് സർപ്ലസ് ട്രാൻസ്ഫ (ലാഭവിഹിതം) റായി നൽകാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.
വരാനിരിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതകള്‍ കുറയ്ക്കാന്‍ ഈ തുക വലിയൊരു താങ്ങാകും. കഴിഞ്ഞ വര്‍ഷം റിസർവ് ബാങ്ക് കേന്ദ്രത്തിനു ലാഭവിഹിതമായി നൽകിയത് 2.69 ലക്ഷം കോടി രൂപയായിരുന്നു.
റിക്കാർഡ് തുകയാണ് റിസര്‍വ് ബാങ്ക് ഇക്കുറി കൈമാറുന്നതെങ്കിലും സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണിത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ഡിവിഡന്റും ആര്‍ബിഐയില്‍നിന്നുള്ള ലാഭവിഹിതവും ഉള്‍പ്പെടെ ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്നായിരുന്നു സാമ്പത്തികവിദഗ്ധര്‍ നേരത്തേ വിലയിരുത്തിയിരുന്നത്.
ഓരോ സാമ്പത്തികവര്‍ഷവും ചെലവുകള്‍ കഴിച്ചുള്ള നീക്കിയിരുപ്പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനു കൈമാറാറുണ്ട്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ആര്‍ബിഐയില്‍നിന്ന് കേന്ദ്രത്തിനു ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു.
ആര്‍ബിഐയില്‍നിന്നുള്ള ഈ വന്‍ തുകയ്ക്കുപോലും കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്.
അതേസമയം, ആർബിഐയിൽനിന്നുള്ള ലാഭവിഹിതം രാജ്യത്തിനു വലിയ സാമ്പത്തിക പ്രതിരോധം തീര്‍ക്കും. ഇറാന്-യുഎസ് യുദ്ധം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ചെലവുകള്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാപാര കമ്മി കൂടുകയും വിദേശനാണ്യ ശേഖരം കുത്തനേ കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 96 എന്ന റിക്കാർഡും കടന്നു.
ഓരോ സാമ്പത്തിക വർഷവും ചെലവുകൾ കഴിച്ചുള്ള നീക്കിയിരുപ്പ് (സർപ്ലസ്) ആർബിഐ കേന്ദ്രസർക്കാരിന് കൈമാറാറുണ്ട്. ഡോളര്‍ വില്പനയില്നിന്നുള്ള ലാഭം, വിദേശ കടപ്പത്രങ്ങളിന്മേലുള്ള പലിശ, സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള പലിശ, വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പ എന്നിവയിലൂടെയാണ് ആർബിഐയ്ക്ക് വരുമാനം ലഭിക്കുന്നത്.
ഇതിൽനിന്നു പ്രവർത്തനച്ചെലവും കരുതൽ പണവും കഴിച്ചുള്ള തുകയാണ് കൈമാറുന്നത്. സാധാരണ ജിഡിപിയുടെ 0.1 മുതൽ 0.4 ശതമാനം വരെയാണ് ഇത്തരത്തിൽ കൈമാറാറുള്ളത്. എന്നാൽ അടുത്തിടെയായി കേന്ദ്രസർക്കാരിന് 0.55 ശതമാനം വരെ റിസർവ് ബാങ്ക് ലാഭവിഹിതം നൽകിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വിദേശനാണ്യ വിപണിയിലെ ഇടപെടലുകളില്‍നിന്നും നിക്ഷേപങ്ങളില്നിന്നുമുള്ള വരുമാനമാണ് വന്‍ ലാഭവിഹിതത്തിന് വഴിയൊരുക്കിയത്.
പ്രത്യേകിച്ച്, മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ പത്തു ശതമാനത്തോളം ഇടിവും സ്വര്‍ണവിലയിലുണ്ടായ 60 ശതമാനം കുതിച്ചുചാട്ടവും ആര്‍ബിഐയുടെ അക്കൗണ്ടിംഗ് ലാഭം ഗണ്യമായി വര്‍ധിപ്പിച്ചു. കൂടാതെ, ബാങ്കിംഗ് വ്യവസ്ഥയിലേക്ക് ലിക്വിഡിറ്റി (പണലഭ്യത) ഉറപ്പാക്കാന്‍ ആര്‍ബിഐ ഏകദേശം ഒന്‍പത് ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയിരുന്നു.