പത്തനംതിട്ട: തെറ്റുതിരുത്തലിന്റെ ഭാഗമായി സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്ക് വായ്പ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെയാണ് പാർട്ടി പ്രവർത്തകൻ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. തിരുവല്ല നെടുംപ്രം സ്വദേശിയും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.സി. അനീഷിനുമെതിരെ പ്ലക്കാർഡുമായി രംഗത്തെത്തിയത്. തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തെന്നാണ് അദ്ദേഹത്തിന്റെ പരാതി.
പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതുകൊണ്ടാണ് പരസ്യപ്രതിഷേധത്തിന് ഇറങ്ങേണ്ടി വന്നതെന്ന് ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ ആർ.സനൽകുമാർ തള്ളിക്കളഞ്ഞു. വിപുലീകൃത യോഗ ദിവസം തന്നെ ചില ക്രിമിനൽ സംഘങ്ങൾ ബാലകൃഷ്ണനെ ഉപയോഗിച്ച് ഇത് ചെയ്യിച്ചതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.