ദുൽഖറും ആസിഫും, വിദ്യാർഥി പ്രക്ഷോഭത്തിൽ നിന്നും
ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായിദുൽഖർ സൽമാനും ആസിഫ് അലിയും. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നതാണെന്ന് കുറിച്ച ദുൽഖർ സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നും ഓർമിപ്പിച്ചു.
ചില വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാൻ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോൾ, മറ്റു ചിലർ എല്ലാം അവസാനിപ്പിക്കാൻ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോൾ എന്റെ ഹൃദയം കൂടുതൽ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കൾ അവരുടെ പ്രതീക്ഷകൾ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ അഭിപ്രായങ്ങൾക്കും അപ്പുറം, അനുകമ്പയും ബഹുമാനവും അർഹിക്കുന്ന സ്വപ്നങ്ങളും, അഭിലാഷങ്ങളും, കുടുംബങ്ങളും, പ്രതീക്ഷകളുമുള്ള വ്യക്തികളുണ്ട്. അർത്ഥവത്തായ സംഭാഷണങ്ങൾ, സമാധാനപരമായ പരിഹാരങ്ങൾ, ജ്ഞാനവും സഹാനുഭൂതിയും വഴി നയിക്കപ്പെടുന്ന തീരുമാനങ്ങൾ എന്നിവയിലാണ് എന്റെ പ്രതീക്ഷ. വിഭജനത്തിലും അക്രമത്തിലും കെട്ടിപ്പടുക്കപ്പെട്ട ഭാവിയേക്കാൾ ധാരണയിൽ കെട്ടിപ്പടുക്കപ്പെട്ട ഭാവി എപ്പോഴും ശക്തമായിരിക്കും". ദുൽഖറിന്റെ വാക്കുകൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പിന്തുണ.
"ഡൽഹിയിലും രാജ്യത്തുടനീളവും സമരംചെയ്യുന്ന വിദ്യാർത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങൾ കൂടിയാണ്. അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും'. ആസിഫ് അലി കുറിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Tags : Dulquer Salman Asif Ali protes Jantar Mantar support student