ചിത്രത്തിന്റെ പോസ്റ്റർ
ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര - AOT' (ആകാശത്തിലെ ഒരു നക്ഷത്രം) മുന്നോട്ടുവയ്ക്കുന്ന മനോഹരമായ ആശയം ചെറുപ്രായത്തിൽ ഒരു പെൺകുട്ടി കണ്ട സ്വപ്നവും പിൽക്കാലത്തെ അതിന്റെ പൂർത്തീകരണവുമാണ്. എന്നാൽ, ഈ സിനിമ അവസാനിക്കുമ്പോൾ കാഴ്ചക്കാരുടെ മനസിൽ അവശേഷിക്കുക ഒരു പെൺകുട്ടിയുടെ ആകാശത്തോളം ഉയരമുള്ള സ്വപ്നത്തിന്റെ കഥ മാത്രമല്ല; അത്തരമൊരു സ്വപ്നം കാണാൻ പോലും അവസരം ലഭിക്കാതെ പോകുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതങ്ങൾ കൂടിയാണ്. ആന്ധ്രാപ്രദേശിലെ ഒരു ഉൾഗ്രാമത്തിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. അവിടെനിന്ന് ഉപരിപഠനത്തിന്റെയും ശാസ്ത്രഗവേഷണത്തിന്റെയും വിശാലമായ ലോകത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണിത്. ഇന്ത്യയിലെ ഒട്ടേറെ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഇന്നും വിദ്യാഭ്യാസം എന്നത് അത്ര എളുപ്പത്തിൽ നേടാൻ കഴിയുന്ന ഒന്നല്ല. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം, സാമ്പത്തിക പരാധീനതകൾ, യാത്രാസൗകര്യങ്ങളുടെ അഭാവം, കുടുംബത്തിന്റെ സാമൂഹിക പശ്ചാത്തലം തുടങ്ങി നിരവധി ഘടകങ്ങൾ അവരുടെ സ്വപ്നങ്ങൾക്ക് അതിരുകൾ തീർക്കുന്നു.
2023–24 കാലയളവിലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 20–24 വയസുള്ള സ്ത്രീകളിൽ 20.1 ശതമാനം പേരും 18 വയസിനു മുമ്പ് വിവാഹിതരായവരാണ്. ഗ്രാമീണ മേഖലയിൽ ഈ പ്രവണത നഗരങ്ങളെക്കാൾ കൂടുതലാണ്. അതായത്, പ്രായപൂർത്തിയാകുന്നതിനുമുമ്പ് തന്നെ വിവാഹജീവിതത്തിലേക്ക് നിർബന്ധിച്ച് അയയ്ക്കപ്പെടുകയും വിദ്യാഭ്യാസവും വ്യക്തിത്വവികാസവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുന്ന പെൺകുട്ടികൾ ഇന്നും നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിനാണ്. അത്തരമൊരു സാമൂഹിക യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയുടെ സ്വപ്നയാത്രയെ അവതരിപ്പിക്കുന്നു എന്നതാണ് AOT-യുടെ ഏറ്റവും പ്രസക്തമായ സാമൂഹിക വായന.
സിനിമയുടെ കഥയിൽ നിർണായകമായ വഴിത്തിരിവാകുന്നത് അവളുടെ വിവാഹമാണ്. പതിനാറാം വയസിൽ വിവാഹജീവിതത്തിലേക്ക് കടന്നുവരുന്ന കല്പന എന്ന പെൺകുട്ടിക്ക്, ഭർത്താവായ കൃഷ്ണ (ദുൽഖർ സൽമാൻ) നൽകുന്ന പിന്തുണയാണ് ജീവിതത്തിന്റെ ദിശ മാറ്റുന്നത്. ഭാര്യയുടെ സ്വപ്നങ്ങളെ തന്റെ ജീവിതത്തിന്റെ കൂടി ലക്ഷ്യമായി ഏറ്റെടുക്കുന്ന ഒരു ഭർത്താവ്. ഇവിടെ കൃഷ്ണ എന്ന കഥാപാത്രം നായികയുടെ സ്വപ്നങ്ങളെ മറികടന്ന് നിൽക്കുന്ന പരിവേഷത്തിനപ്പുറം, അവളുടെ സ്വപ്നങ്ങൾക്ക് തണലാകുന്ന, അവൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായി മാറുകയാണ്. സ്ത്രീശാക്തീകരണം എന്ന ആശയത്തെ പ്രസംഗങ്ങളിലൂടെയല്ല, ഒരു ദാമ്പത്യബന്ധത്തിന്റെ മനോഹരമായ പരിണാമത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്. നായികയായി എത്തിയ സാത്വിക വീരവള്ളിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. സ്കൂൾ വിദ്യാർഥിനിയിൽനിന്ന് വലിയ സ്വപ്നങ്ങളുള്ള യുവതിയിലേക്കും അവിടെനിന്ന് പ്രതിസന്ധികളെ അതിജീവിക്കുന്ന വ്യക്തിത്വത്തിലേക്കുമുള്ള മാറ്റം അവൾ ഹൃദ്യമായി അവതരിപ്പിക്കുന്നു.
ഇവിടെ ദുൽഖർ സൽമാന്റെ പ്രകടനത്തിന് ഒരു പ്രത്യേകതയുണ്ട്. തന്റെ പതിവ് താരപരിവേഷത്തിന് അമിതപ്രാധാന്യം നൽകാതെ, നായികയുടെ കഥാപാത്രത്തിന് വളരാനുള്ള ഇടം അദ്ദേഹം നൽകുന്നു. സിനിമയുടെ വൈകാരികമായ കരുത്ത് വലിയൊരു പങ്കും ഈ സമീപനത്തിലാണ്. കൃഷ്ണ എന്ന കഥാപാത്രത്തിന്റെ നന്മ ചിലപ്പോഴൊക്കെ അതിശയോക്തിയോളം എത്തുന്നുണ്ടെങ്കിലും, ഭാര്യയുടെ സ്വപ്നങ്ങൾക്കുവേണ്ടി സ്വന്തം താൽപര്യങ്ങൾ മാറ്റിവയ്ക്കാൻ തയ്യാറാകുന്ന അയാളുടെ മനോഭാവം പ്രചോദനാത്മകമാണ്. സ്വാസികയും ശ്രുതി ഹാസനും ഉൾപ്പെടെയുള്ള അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു.
മലയാള സിനിമയും മറ്റു ഭാഷാ സിനിമാ വ്യവസായങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന കാലഘട്ടത്തിലാണ് AOT പോലുള്ള ചിത്രങ്ങളുടെ പ്രസക്തി. മലയാളി സംവിധായകർ അന്യഭാഷാ സിനിമകളിൽ സാന്നിധ്യമറിയിക്കുന്നു. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' പോലുള്ള പുതിയ പ്രോജക്ടുകൾ ഈ ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ്. അതുപോലെ മലയാളി താരങ്ങൾ മറ്റു ഭാഷകളിൽ നായകവേഷങ്ങളിലേക്കും പ്രധാന കഥാപാത്രങ്ങളിലേക്കും കൂടുതൽ എത്തുന്നു. ഈ ആഴ്ച തന്നെ ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ തമിഴ് ചിത്രവും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. അതേസമയം, കേരളത്തിലെ വിവിധ ലൊക്കേഷനുകളും മലയാളി ജീവിതപരിസരങ്ങളും മറ്റു ഭാഷാ സിനിമകളിൽ കൂടുതൽ ഇടംപിടിക്കുന്നു. AOT-യിൽ ഉപരിപഠനത്തിനായി നായിക കേരളത്തിലേക്ക് എത്തുന്നതും ഈ സാംസ്കാരിക കൈമാറ്റത്തിന്റെ ഒരു ചെറിയ സൂചനയാണ്. മലയാളികൾ മറ്റു ഭാഷാ സിനിമകളെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം സ്വന്തം സിനിമകളെപ്പോലെ സ്വീകരിക്കുന്നതുപോലെ, മറ്റു ഭാഷാ സിനിമകളും കേരളത്തെയും മലയാളി പ്രേക്ഷകരെയും കൂടുതൽ ചേർത്തുപിടിക്കുകയാണ്.
അതേസമയം, സിനിമയുടെ കഥാഗതിയിൽ ചില സൗകര്യപ്രദമായ യാദൃച്ഛികതകൾ അമിതമാകുന്നുണ്ട്. പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി വരുമ്പോഴും അവയ്ക്ക് പരിഹാരങ്ങൾ അത്രതന്നെ എളുപ്പത്തിൽ പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിൽ സാധാരണ മനുഷ്യർ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ തടസങ്ങൾ സിനിമയിൽ ചിലപ്പോഴൊക്കെ വളരെ ലളിതമായി മറികടക്കപ്പെടുന്നു. അതിനാൽ തന്നെ, കഥയുടെ വൈകാരികമായ സ്വാധീനം നിലനിർത്തുമ്പോഴും അതിന്റെ യാഥാർഥ്യബോധം ചിലയിടങ്ങളിൽ ദുർബലമാകുന്നുണ്ട്. എങ്കിലും, സ്വപ്നം കാണാനുള്ള അവകാശം ഏതെങ്കിലും പ്രത്യേക സാമൂഹികവിഭാഗത്തിന്റേതല്ലെന്നും അതിന് അവസരം ലഭിക്കുകയാണ് പ്രധാനമെന്നും ഓർമിപ്പിക്കാൻ സിനിമയ്ക്കു കഴിയുന്നു.
സിനിമയുടെ മറ്റൊരു ആകർഷണം ശാസ്ത്രത്തെയും ബഹിരാകാശത്തെയും ഒരു ഗ്രാമീണ ബാലികയുടെ സ്വപ്നങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നതാണ്. സാധാരണയായി ബഹിരാകാശ ഗവേഷണവും റോക്കറ്റ് സാങ്കേതികവിദ്യയുമൊക്കെ വലിയ നഗരങ്ങളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമ്പത്തികശേഷിയുള്ളവരുടെയും മാത്രം ലോകമായി അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാൽ, ഒരു ചെറിയ ഗ്രാമത്തിൽനിന്ന് ഒരു പെൺകുട്ടിക്ക് ആ ലോകത്തേക്ക് എത്താൻ കഴിയുമെന്ന ചിന്ത തന്നെ പ്രചോദനാത്മകമാണ്. ശാസ്ത്രത്തോടുള്ള താൽപര്യം വളർത്താനും കുട്ടികൾക്ക് വലിയ സ്വപ്നങ്ങൾ കാണാനുള്ള ആത്മവിശ്വാസം നൽകാനും ഇത്തരം സിനിമകൾക്ക് കഴിയും. അതുകൊണ്ടുതന്നെ, സിനിമയുടെ ഈ പ്രമേയത്തിന് ഒരു വിദ്യാഭ്യാസപരമായ മാനവും കൂടിയുണ്ട്.
സാങ്കേതികമായി സിനിമയുടെ ദൃശ്യങ്ങളും സംഗീതവും കഥയുടെ വൈകാരികതയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും സുജിത് സാരംഗിന്റെ ഛായാഗ്രഹണവും എടുത്തുപറയാം. എന്നാൽ, രണ്ട് മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ ചില ഭാഗങ്ങളിൽ വേഗത കുറയുന്നുണ്ട്. കഥയുടെ ചില മുന്നേറ്റങ്ങൾ പ്രവചനാത്മകവുമാണ്. എങ്കിലും, വൈകാരികമായ രംഗങ്ങളും പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും പ്രേക്ഷകരെ സിനിമയോട് ചേർത്തുനിർത്തുന്നു.
സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ, അതിന്റെ ശാസ്ത്രസംബന്ധമായ അവതരണത്തെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. റോക്കറ്റ് സാങ്കേതികവിദ്യയുടെ ഭാവി തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള പ്ലാസ്മ അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നായിക നേതൃത്വം നൽകുന്ന ഭാഗങ്ങൾ ശാസ്ത്രീയമായി കൂടുതൽ വിശദീകരിക്കപ്പെടേണ്ടതായിരുന്നു. പ്ലാസ്മയെ അടിസ്ഥാനമാക്കിയുള്ള അയൺ ത്രസ്റ്ററുകൾ, ഹാൾ ഇഫക്ട് ത്രസ്റ്ററുകൾ തുടങ്ങിയവ യഥാർഥ ബഹിരാകാശ ഗവേഷണത്തിൽ പ്രാധാന്യമുള്ള സാങ്കേതികവിദ്യകളാണ്. എന്നാൽ അവയുടെ വികസനത്തിനും പ്രയോഗത്തിനും പിന്നിൽ സങ്കീർണമായ ഭൗതികശാസ്ത്രവും ഊർജവിതരണവും പ്രൊപ്പൽഷൻ സംവിധാനങ്ങളും ദീർഘകാല ഗവേഷണവുമുണ്ട്. അത്തരമൊരു മേഖലയിലെ വലിയ സാങ്കേതിക മുന്നേറ്റം ഏതാനും ലളിതമായ പരീക്ഷണങ്ങളിലൂടെയും ആശയങ്ങളിലൂടെയും സാധ്യമാകുന്നതുപോലെ അവതരിപ്പിക്കുമ്പോൾ സിനിമയുടെ ശാസ്ത്രീയമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്നു. റോക്കറ്റ് നിർമ്മാണവും വിക്ഷേപണവുമായി ബന്ധപ്പെട്ട മത്സരത്തിന്റെ അവതരണത്തിലും ഇതേ ലാളിത്യം അനുഭവപ്പെടുന്നുണ്ട്. വിക്രം സാരാഭായി എന്ന പേരിൽ വിദ്യാർഥികൾക്കായി മാതൃകാ റോക്കട്രി മത്സരങ്ങൾ യഥാർഥത്തിൽ നടന്നിട്ടുണ്ടെങ്കിലും, സിനിമയിൽ കാണിക്കുന്നതുപോലുള്ള വലിയ ബഹിരാകാശ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ അതിനെ അവതരിപ്പിക്കുമ്പോൾ കൂടുതൽ യാഥാർഥ്യബോധം പ്രതീക്ഷിക്കാം. ശാസ്ത്രത്തെ പ്രചോദനത്തിന്റെ ഉപാധിയാക്കുമ്പോൾത്തന്നെ അതിന്റെ സങ്കീർണതകളെയും കൃത്യതയെയും മാനിക്കേണ്ടതുണ്ട്.
എന്നാൽ, സിനിമയുടെ അവസാനത്തിൽ നായിക മാധ്യമങ്ങൾക്കുമുന്നിൽ പറയുന്ന ഒരു വാചകം ഈ പരിമിതികളെയെല്ലാം മറികടന്ന് മനസിൽ തങ്ങിനിൽക്കുന്നു: "I could reach the stars because I am standing on the shoulders of the world's tallest man." പതിനാറാം വയസിൽ തന്റെ ജീവിതത്തിലേക്ക് ഭർത്താവായി കടന്നുവന്ന മനുഷ്യൻ, തന്റെ സ്വപ്നങ്ങളെ തിരിച്ചറിയുകയും അവയ്ക്കുവേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്തപ്പോൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനായി മാറി എന്നാണ് അവൾ പറയുന്നത്. ഒരു മനുഷ്യന്റെ ഉയരം അയാളുടെ ശാരീരികമായ അളവുകളിലോ സാമൂഹിക പദവിയിലോ സമ്പത്തിലോ അല്ല, മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് എത്രത്തോളം പിന്തുണയേകാൻ അയാൾക്ക് കഴിയുന്നു എന്നതിലാണ് എന്ന മനോഹരമായ തിരിച്ചറിവാണത്. യഥാർഥത്തിൽ ഈ സിനിമയുടെ ഏറ്റവും വലിയ സന്ദേശവും അതുതന്നെയാണ്. സ്വപ്നം കാണുന്നവരെക്കാൾ പ്രധാനമാണ് ചിലപ്പോൾ ആ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന മനുഷ്യർ.
AOT യെ ഒരു പൂർണതയുള്ള സയൻസ്ഫിക്ഷണെന്ന് വിശേഷിപ്പിക്കുന്നതിൽ അപാകതയുണ്ട്. എന്നാൽ, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥയ്ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ കരുത്തിനെക്കുറിച്ച് സംസാരിക്കുന്ന ഒരു നല്ല മോട്ടിവേഷണൽ ഡ്രാമയാണ് അത് എന്ന് ഉറപ്പിച്ചുപറയാനാകും. ആകാശത്തേക്ക് നോക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ നിരവധിയുണ്ടാകാം. എന്നാൽ, മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് ചിറകാകാൻ നമ്മളെ പ്രേരിപ്പിക്കുന്ന സിനിമകൾക്ക് അതിലുമപ്പുറം പ്രസക്തിയുണ്ട്. ആ അർഥത്തിൽ AOT ഏവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
Tags : TeluguCinema AOT AakasamLoOkaTara AOTMovieReview DulquerSalmaan SathvikaVeeravalli