Kerala
ആലുവ: മാനവവിഭവശേഷി പരിപാലനരംഗത്തെ നൂതനമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എച്ച്ആര്‍ കോണ്‍ക്ലേവിന് 17ന് രാജഗിരി ആശുപത്രി വേദിയാകും. കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷനും (കാഹോ) രാജഗിരി ആശുപത്രിയും സംയുക്തമായാണു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ശക്തീകരിക്കപ്പെട്ട പ്രതിഭകളിലൂടെ മെച്ചപ്പെട്ട രോഗീപരിചരണം എന്നതാണു പ്രമേയം. ആരോഗ്യമേഖലയില്‍ പുതിയ തൊഴില്‍നിയമങ്ങളുടെ സ്വാധീനം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വരുത്തിയ മാറ്റങ്ങള്‍ എന്നിവ ചര്‍ച്ചയാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു.
രാവിലെ 9.30ന് ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ഹോസ്പിറ്റല്‍ സിഇഒമാരും എച്ച്ആര്‍ മേധാവികളും സംവദിക്കും. കാഹോ പ്രസിഡന്റ് ഡോ. വിജയ് അഗര്‍വാള്‍, അഡ്വ. ബെന്നി പി. തോമസ്, ഡോ. സഞ്ജീവ് സിംഗ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കോണ്‍ക്ലേവില്‍ മാനവവിഭവശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ആരോഗ്യസ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുമെന്ന് രാജഗിരി എച്ച്ആര്‍ ഡയറക്ടര്‍ ഫാ. ജിജോ കടവന്‍ അറിയിച്ചു.
Kerala
കൊച്ചി: രാജഗിരി ആശുപത്രിയില്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് യൂറോ ഓങ്കോളജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സംവിധായകന് ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും പുതിയ സെന്റര്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോ ഓങ്കോളജി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് ഭട്ട് വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ഒത്തുചേരുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനമാണു സെന്ററിന്റെ സവിശേഷത.
യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാല്‍ നായര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി വി. കുരുട്ടുകുളം, റേഡിയേഷന് ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോസ് പോള്‍, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജു സിറിയക് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: മുഖം, താടിയെല്ല് എന്നിവയുടെ ശസ്ത്രക്രിയ, പരിശീലന മികവ് എന്നിവയില്‍ രാജഗിരി ആശുപത്രിക്ക് അസോസിയേഷന് ഓഫ് ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ അംഗീകാരം.
സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഫെലോഷിപ്പ് ഇന്‍ മാക്സിലോഫേഷ്യല്‍ ട്രോമ ബഹുമതി സ്വന്തമാക്കുന്ന രാജ്യത്തെ എട്ടു കേന്ദ്രങ്ങളില്‍ ഒന്നാണ് രാജഗിരി. കേരളത്തില്‍ ഈ പദവി നേടുന്ന ഏക ആശുപത്രിയെന്ന നേട്ടവും രാജഗിരിക്കാണ്.
വിശാഖപട്ടണത്തു നടന്ന ദേശീയ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മുഖത്തെ അസ്ഥികള്‍ക്കും താടിയെല്ലുകള്‍ക്കും ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ക്കുള്ള നൂതന ചികിത്സരീതിയും െലോഷിപ്പ് കോഴ്സുകളിലെ മികച്ച അക്കാദമിക് നിലവാരവും പരിഗണിച്ചാണ് അംഗീകാരം.
രാജഗിരി ആശുപത്രിയിലെ മാക്സിലോഫേഷ്യല്‍ ട്രോമ വിഭാഗം മേധാവി ഡോ. ബിനു അഗസ്റ്റിന് പുരസ്കാരം ഏറ്റുവാങ്ങി. 2016 മുതല്‍ മാക്സിലോഫേഷ്യല്‍ ട്രോമയില്‍ ഫെലോഷിപ്പ് കോഴ്സുകളുടെ ഡയറക്ടര്‍കൂടിയാണ് ഡോ. ബിനു. മികച്ച അക്കാദമിക് പ്രവര്‍ത്തനങ്ങളും നൂതന ചികിത്സാരീതികളുമാണ് രാജഗിരിയുടെ നേട്ടത്തിനു പിന്നിലെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു.
Kerala
കൊച്ചി: നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സിന്റെ (എൻഎബിഎച്ച്) അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ ചികിത്സാകേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കി രാജഗിരി ആശുപത്രി. സമയബന്ധിതവും ഏകോപിതവുമായ സ്ട്രോക്ക് പരിചരണം നൽകുന്നത് പരിഗണിച്ചാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ സഹകരണത്തോടെ നൽകുന്ന ഈ അംഗീകാരം.
സ്ട്രോക്കിനെത്തുടർന്നുള്ള വൈകല്യങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന പ്രോട്ടോക്കോളുകൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
രോഗി ആശുപത്രിയിൽ എത്തുന്നതുമുതൽ ചികിത്സ നൽകുന്നതുവരെയുളള സമയം കുറയ്ക്കുന്നതിനാണ് ഈ പ്രോട്ടോകോളുകൾ പ്രയോജനപ്പെടുത്തുന്നത്. 24 മണിക്കൂറും പ്രവർത്തസജ്ജമായ സ്ട്രോക്ക് യൂണിറ്റിൽ വിദഗ്ധരായ ന്യൂറോളജിസ്റ്റുകളും സ്ട്രോക്ക് പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ സ്റ്റാഫുമുണ്ട്.
മെക്കാനിക്കൽ ത്രോംബെക്ടമി, ഐവി ത്രോംബോളിസിസ് പോലുള്ള ജീവൻ രക്ഷാ ചികിത്സകൾ ഏതുസമയത്തും നൽകാനുള്ള സൗകര്യങ്ങൾ സ്ട്രോക്ക് യൂണിറ്റിൽ ലഭ്യമാണ്. കേരളത്തിലെ ആദ്യത്തെ ഇന്റർവെൻഷണൽ ന്യൂറോളജിസ്റ്റായ ഡോ. ജിജി കുരുട്ടുകുളമാണ് സ്ട്രോക്ക് യൂണിറ്റിന്റെ മേധാവി. സ്ട്രോക്ക് ചികിത്സയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പുതിയ മാനദണ്ഡം സ്ഥാപിക്കാൻ രാജഗിരി ആശുപത്രിക്കു കഴിഞ്ഞെന്ന് ഡോ. ജിജി കുരുട്ടുകുളം അഭിപ്രായപ്പെട്ടു.
ലോകത്ത് എവിടെയിരുന്നും സ്ട്രോക്ക് സംബന്ധമായ സംശയങ്ങൾക്കു വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യസേവനം ലഭ്യമാക്കുന്ന ടെലി സ്ട്രോക്ക് സംവിധാനവും രാജഗിരിയിലുണ്ട്. ടെലി സ്ട്രോക്ക് സേവനങ്ങൾക്കായി (24 മണിക്കൂർ) 7593066888 എന്ന നമ്പറിൽ ബന്ധപ്പെടണം.
Business
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിൽ ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ആരംഭിച്ചു. 1,300 ചതുരശ്ര അടി വിസ്തീർണമുള്ള ടോട്ടൽ ഓട്ടോമേറ്റഡ് മെഷീനിൽ പ്രതിദിനം 70,000 ടെസ്റ്റുകൾ വരെ ചെയ്യാനാകും.
രോഗനിർണയം വേഗത്തിലും കൃത്യതയിലും നടത്താൻ സഹായിക്കുന്ന ലാബ്, ജർമനിയിൽനിന്നുള്ള റോഷ് ഡയഗ്നോസ്റ്റിക്സ് സാങ്കേതികവിദ്യയുടെ സഹകരണത്തോടെയാണു പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. സാമ്പിളുകൾ തയാറാക്കുന്നതുമുതൽ പരിശോധനയ്ക്കുശേഷം സുരക്ഷിതമായി നീക്കം ചെയ്യുന്നതും ഉൾപ്പെടെ മുഴുവൻ പ്രക്രിയയും മനുഷ്യ ഇടപെടൽ പരമാവധി കുറച്ചാണ് നടത്തുന്നത്. ഇത് പിഴവുകൾ കുറയ്ക്കാനും വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനും സഹായിക്കും.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പുതിയ ലാബ് ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബാണു രാജഗിരിയിലേതെന്ന് റോഷ് ഡയഗ്നോസ്റ്റിക്സ് കോർ ലാബ് മാനേജർ മണികണ്ഠൻ ജയരാമനും രാജഗിരി ലാബ് ഡയറക്ടർ ഡോ. സുനിത തോമസും പറഞ്ഞു.
Kerala
ആലുവ: നടുവേദന ചികിത്സയുടെ ഭാഗമായി നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി മരിച്ചു. ചോറ്റാനിക്കര തിരുവാങ്കുളം ഞളിയത്ത് വീട്ടില്‍ ബിജു തോമസ് (54) ആണ് മരിച്ചത്. ചികിൽസാപിഴവ് ആരോപിച്ച് ബന്ധുക്കൾ നല്കിയ പരാതിയിൽ എടത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടന്നെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
കഴിഞ്ഞമാസം 25ന് നടുവേദനയും വലതുകാലിന് ബലക്കുറവുമായാണ് ബിജുവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മുറിയിലേക്ക് മാറ്റിയ ബിജു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. 30ന് വൈകുന്നേരം മരിച്ചു. അമിതമായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരിച്ച ബിജു കാറ്ററിംഗ് തൊഴിലാളിയാണ്. ഭാര്യ: സുന തമ്പി. വിദ്യാര്‍ഥികളായ അലക്സ്, അലിന് എന്നിവരാണ് മക്കള്‍. ആശുപത്രിക്ക് മുമ്പില്‍ സ്ഥാപിച്ച ബിജുവിന്റെ ചിത്രത്തിന് മുന്നില്‍ വീട്ടുകാരെത്തി ഇന്നലെ രാത്രി മെഴുകുതിരി കത്തിച്ച് കൂട്ടപ്രാര്‍ഥന നടത്തി.
സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ
ചികിത്സയിലിരിക്കെ മരിച്ച ബിജുവിന്റെ ജീവന് രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് ആലുവ രാജഗിരി ആശുപത്രി അധികൃതര്‍. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
മരണകാരണം വ്യക്തമാകുന്നതിന് വേണ്ടി പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും പോലീസ് അധികാരികളോടും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള ഏതുവിധ അന്വേഷണത്തോടും ആശുപത്രി അധികൃതര്‍ സഹകരിക്കുമെന്നുമെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ അറിയിച്ചു.