Leader Page
രൂപ ദുർബലമാകുന്നു. അല്ലെങ്കിൽ ഡോളറിന്റെ വിനിമയനിരക്ക് കയറുന്നു. താമസിയാതെ ഡോളർ വില 100 രൂപയിൽ എത്തുമെന്നു പലരും വിലയിരുത്തി. സ്വാഭാവികമായും വിമർശനം ഉയർന്നു. സംഘപരിവാറിൽപെട്ട സ്വദേശി ജാഗരൺ മഞ്ചും ചില ആർഎസ്എസ് നേതാക്കളും മുന്നിൽ നിന്നു.
ഡോളർ നൂറു കടക്കാൻ അനുവദിക്കരുത്, ഗവണ്മെന്റ് നടപടി എടുക്കണം എന്നായി അവർ. ഡോളർ 97 രൂപയിൽ എത്തും മുൻപ് സർക്കാരും റിസർവ് ബാങ്കും പലതും ചെയ്തു. സ്വർണ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. ഊഹക്കച്ചവടത്തിനു നിയന്ത്രണം കൊണ്ടുവന്നു. ഡോളർ ഡിമാൻഡ് കുറയ്ക്കാനാണ് അവയിൽ ശ്രമിച്ചത്. ഒടുവിൽ രാജ്യത്തേക്കു ഡോളർ വരവ് കൂട്ടാൻ കഴിഞ്ഞ വെള്ളിയാഴ്ച ചില നടപടികൾ പ്രഖ്യാപിച്ചു. മേയ് പത്തിന് പ്രധാനമന്ത്രിയുടെ ചെലവു ചുരുക്കൽ ആഹ്വാനത്തിൽ തുടങ്ങിയ കറൻസി രക്ഷാദൗത്യം ഒരു മാസം പിന്നിടുകയാണ്. വ്യാപാരത്തിനിടെ 96.92 രൂപയിൽ എത്തിയ ഡോളർ ഇപ്പോൾ 94.95 രൂപയിലാണ്. രൂപ 2.1 ശതമാനം ഉയർന്നു. കാര്യമായ പുരോഗതിയെന്നു പറയാനില്ല.
◄ ഇന്ത്യയുടെ ദൗർബല്യങ്ങൾ
രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: രൂപ ഒറ്റയ്ക്കല്ല തകർച്ചയിലായത്. ഒട്ടുമിക്ക കറൻസികളും ഈ വർഷം തകർച്ചയിലാണ്. പ്രധാനകാരണം ഇറാൻ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റം. രണ്ട്: മറ്റു കറൻസികൾ ഇടിഞ്ഞതിനൊപ്പമല്ല അതിനേക്കാൾ കൂടുതലാണു രൂപയുടെ ഇടിവ്. ഇതിനു കാരണം ഇന്ത്യയുടെ ചില ദൗർബല്യങ്ങളാണ്.
ഒന്നാമത്തേത് ആനുകാലിക വിഷയമാണ്. കുറച്ചു കഴിയുമ്പോൾ മാറാം. അപ്പോൾ കറൻസിക്കു കയറാം. രണ്ടാമത്തേത് ഘടനാപരമായ (Structural) പ്രശ്നമാണ്. ഗൗരവമായ നടപടികൾ അർഹിക്കുന്ന വിഷയം.
2021-22 ധനകാര്യ വർഷം അവസാനിക്കുമ്പോൾ ഡോളർ 74.5 രൂപയിൽ ആയിരുന്നു. ഈ മേയ് 20നു ക്ലോസ് ചെയ്തത് 96.62 രൂപയിൽ. നാലു വർഷവും രണ്ടു മാസവും കൊണ്ട് രൂപയുടെ ഇടിവ് 29.7 ശതമാനം. പ്രശ്നം ആനുകാലികം മാത്രമല്ല എന്നർഥം.
◄ മൂലധനത്തിന്റെ വരവും പോക്കും
കറൻസിവില വിദേശങ്ങളുമായുള്ള വ്യാപാരത്തിന്റെയും മറ്റു കാലിക ഇടപാടുകളുടെയും അടിസ്ഥാനത്തിൽ മാത്രമല്ല നിർണയിക്കപ്പെടുന്നത്. കയറ്റുമതി-ഇറക്കുമതിപോലെയോ അതിൽ കൂടുതലോ പ്രാധാന്യം ഇപ്പോൾ മൂലധനത്തിന്റെ വരവിനും പോക്കിനും ഉണ്ട്. മൂലധനം കമ്പനികൾ തുടങ്ങാൻ മാത്രമല്ല വരുന്നത്. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നതും മൂലധനവിനിയോഗംതന്നെ. ധനകാര്യ മുതലാളിത്തം എന്നൊക്കെ ഇടതുപക്ഷം ഇതിനെ ആക്ഷേപിക്കും. പക്ഷേ, ഇന്നു ലോകത്തിലെ ഏറ്റവും സജീവമായ മൂലധനനീക്കം നടക്കുന്നത് വിപണിയിലൂടെയാണ്. കുറച്ചുകാലമായി ഇന്ത്യ മൂലധന വിപണിയുടെ ഇഷ്ടരാജ്യമല്ല. കമ്പനികളിൽ നേരിട്ടുള്ള മൂലധന നിക്ഷേപം (FDI- Foreign Direct Investment) ആയാലും ഓഹരിവിപണിയിലെ നിക്ഷേപം (FPI-Foreign Portfolio Investment) ആയാലും സ്ഥിതി ഒന്നുതന്നെ. താഴെപ്പറയുന്ന കണക്കുകൾ നോക്കുക.
◄ വിദേശികളുടെ ഇഷ്ടക്കുറവ്
നേരിട്ടു കമ്പനികളിൽ നിക്ഷേപം നടത്താനായാലും ഓഹരികൾ വാങ്ങാനായാലും ഇപ്പോൾ വിദേശികൾ ഇന്ത്യയെ താല്പര്യപ്പെടുന്നില്ല. എന്തുകൊണ്ട്?
ഇന്ത്യയിലെ നിക്ഷേപം ലാഭകരമല്ല എന്നതും ഇന്ത്യക്കു പുറത്ത് കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ടെന്നതും ചേർന്നപ്പോൾ ഇവിടെ നേരിട്ടുള്ള നിക്ഷേപം കുറഞ്ഞു. ഇങ്ങോട്ടു വരുന്നതുപോലെ ഇവിടെനിന്നു പുറത്തോട്ടും മൂലധനം പോകുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു റിക്കാർഡ് മൂലധനനിക്ഷേപം വന്നു. 9453 കോടി ഡോളർ. പക്ഷേ ഇവിടെനിന്നു പുറത്തേക്കും റിക്കാർഡ് തുക ഒഴുകി. 8688 കോടി ഡോളർ. ഇന്ത്യക്കാർ പുറത്ത് അവസരം കണ്ട് അവിടങ്ങളിലേക്കു പണം കൊണ്ടു പോയി. ഇന്ത്യയിൽ മുൻപ് നിക്ഷേപിച്ച വിദേശികൾ അതിലെ ലാഭം ഇവിടെ നിക്ഷേപിക്കുന്നതിനു പകരം പുറത്തേക്കു കൊണ്ടുപോകുന്നു. കാരണം അവിടെ കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ട്. ഇന്ത്യയിൽ അത്രയും ഇല്ല.
◄ മടുപ്പിക്കുന്ന വ്യവസ്ഥിതി
ഇന്ത്യയിൽ ബിസിനസ് നടത്തൽ സുഗമമല്ല എന്ന പ്രശ്നവും ഉണ്ട്. നിയമങ്ങളും നടപടിക്രമങ്ങളും കുറച്ചു എന്ന് അവകാശപ്പെടുമ്പോഴും പുതിയ നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തുന്നു. നയങ്ങളിൽ വ്യക്തതയില്ല; സ്ഥിരതയുമില്ല. ഇറക്കുമതി, കയറ്റുമതി കാര്യങ്ങളിൽ തോന്നുംപടിയാണു മാറ്റങ്ങൾ. 2014നെ അപേക്ഷിച്ച് ശരാശരി ഇറക്കുമതിച്ചുങ്കം ഇരട്ടിയോളമായി. ഏഴിൽ നിന്നു 12 ശതമാനത്തിനു മുകളിലേക്ക്. ഇറക്കുമതി നിയന്ത്രണങ്ങളും അസംഖ്യമായി. ഇതെല്ലാം സ്വദേശികളെയും വിദേശികളെയും ഒരുപോലെ മടുപ്പിക്കുന്നു. നിക്ഷേപം പുറത്തേക്കു പോകുന്നു.
◄ ഓഹരികളുടെ വില
ഇന്ത്യയിലെ ഓഹരികളും വേണ്ടത്ര ലാഭത്തിന് അവസരം നൽകുന്നില്ല എന്നാണ് ആക്ഷേപം. ഇന്ത്യൻ ഓഹരികൾക്കു താരതമ്യേന വില കൂടുതലാണ് എന്ന ആക്ഷേപം ശക്തമാണ്. കമ്പനി ഓരോ ഓഹരിക്കും തലേ വർഷം ഉണ്ടാക്കിയ ലാഭവും (പ്രതി ഓഹരി വരുമാനം Earnings Per Share -EPS) ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം (PE ratio പിഇ അനുപാതം) 20നു മുകളിലാണ്. നടപ്പു വർഷം പ്രതീക്ഷിക്കുന്ന ലാഭവുമായി താരതമ്യപ്പെടുത്തിയാലും ഇന്ത്യയിലെ വിലനിരക്ക് ഉയർന്നുതന്നെ. അമേരിക്കയിലും ഇതിനടുത്ത അനുപാതം ഉണ്ട്. പക്ഷേ ഇന്ത്യയിൽ ലാഭമുണ്ടാക്കി അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഡോളർ വിനിമയ നിരക്ക് മാറുന്നതു മൂലം നഷ്ടം വരും. ഇവിടെ ഓഹരിവില കൂടുതലാണെന്നു പറഞ്ഞു വിദേശികൾ വിറ്റുമാറുന്നതിന്റെ ഒരു കാരണമിതാണ്.
ഇന്ത്യയിൽ ചില്ലറ നിക്ഷേപകർ വർധിച്ചതു മൂലം മ്യൂച്വൽ ഫണ്ടുകൾ വഴി വലിയ തുക ഓരോമാസവും ഓഹരിവിപണിയിൽ എത്തുന്നുണ്ട്. അതിനാൽ വിദേശികൾ വിറ്റുപോകുമ്പോഴും ഇന്ത്യൻ ഓഹരികൾക്കു വില താഴുന്നില്ല. കോവിഡിനു ശേഷം ശരാശരി മൂന്നു ലക്ഷം കോടി രൂപ വീതം പ്രതിവർഷം മ്യൂച്വൽ ഫണ്ടുകൾ വഴി ഓഹരി വിപണിയിൽ എത്തുന്നുണ്ട്. വിദേശികൾ വിറ്റുമാറുന്നതിന്റെ ഇരട്ടി. തന്മൂലം ഇന്ത്യൻ ഓഹരികൾ ഉയർന്ന പിഇ അനുപാതം നിലനിർത്തുന്നു. വിദേശികൾ വിൽപന തുടരുകയും ചെയ്യുന്നു.
◄ നിർമിതബുദ്ധി വന്നാൽ
ഇന്ത്യയിലെ ഐടി സേവന കമ്പനികൾ നിർമിതബുദ്ധി (എഐ) യുടെ ഭീഷണിയിൽ ആകുന്നതും വിദേശികളുടെ വിൽപനയ്ക്കു കാരണമാണ്. പുതിയ എഐ മോഡലുകൾ ഐടി സേവനകമ്പനികളുടെ ജോലിയിൽ സിംഹഭാഗവും അനായാസം ചെയ്തെന്നു വരും. ആ ഭീഷണി മറികടക്കാവുന്ന സാങ്കേതിക വികാസമൊന്നും ഇന്ത്യൻ കമ്പനികൾ നേടുന്നില്ല. അധികം ഭാവിയില്ലാത്തത് എന്ന മട്ടിലാണു വിദേശനിക്ഷേപകർ ഇന്ത്യൻ ഐടി കമ്പനികളെ കാണുന്നത്. (വിദേശികളുടെ കാഴ്ചപ്പാട് എന്നും ശരിയാകണം എന്നില്ല).
ഇങ്ങനെ മോശം വിലയിരുത്തലും നയപരവും ഘടനാപരവുമായ പ്രശ്നങ്ങളും ഉള്ളപ്പോഴാണ് ഇറാൻ യുദ്ധവും എണ്ണവിലക്കയറ്റവും ഉണ്ടായത്. അപ്പോൾ രൂപ ഇടിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഡോളർ 90 രൂപയിലേക്കു കയറിയ ശേഷമുള്ള രൂപയുടെ അതിവേഗ തളർച്ച നോക്കുക.
◄ രൂപയെ കരകയറ്റാൻ
ഈ പതനം പിടിച്ചുനിർത്താനാണു കഴിഞ്ഞയാഴ്ച ശ്രമിച്ചത്. കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപകർക്കു കേന്ദ്രം നികുതി ഒഴിവാക്കി. പ്രവാസികൾക്ക് ഒന്നര മുതൽ രണ്ടു വരെ ശതമാനം അധിക പലിശ കിട്ടാവുന്ന വിധം എഫ്സിഎൻആർ ബാങ്ക് നിക്ഷേപങ്ങൾക്കു റിസർവ് ബാങ്ക് സൗജന്യം അനുവദിച്ചു. 2013ൽ ഇങ്ങനെ സൗജന്യം അനുവദിച്ചു 3000 കോടി ഡോളർ സമാഹരിച്ചാണ് രൂപയെ രക്ഷിച്ചത്. ഇത്തവണ 5000 കോടി മുതൽ 7500 കോടി വരെ ഡോളർ വരവാണു പ്രതീക്ഷ.
◄ ശരിയായ നടപടി വന്നില്ല
എന്നാൽ ഇതുകൊണ്ടു രൂപയുടെ കാര്യം രക്ഷപ്പെടുമോ? ഇന്ധനവിലക്കയറ്റവും ഇറാൻ യുദ്ധവും തുടരുന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം കാലവർഷ മഴ കുറയും എന്ന സാഹചര്യം നിലനിൽക്കുന്നു. മൂന്നും വലിയ ഭീഷണികൾ. യുദ്ധം ഇന്നു കഴിഞ്ഞാലും ഹോർമുസിലെ ചരക്കുനീക്കവും ക്രൂഡ് ഓയിൽ, പ്രകൃതിവാതക ഉത്പാദനവും പഴയതുപോലെ ആകാൻ മാസങ്ങൾ എടുക്കും. അതായതു യുദ്ധം മൂലമുള്ള വിലക്കയറ്റം തുടരും. അതു കണക്കാക്കി പലിശ നിരക്കു കൂട്ടിയെങ്കിൽ റിസർവ് ബാങ്ക് സമയോചിതം പ്രവർത്തിച്ചു എന്നു പറയാൻ പറ്റുമായിരുന്നു. അതുണ്ടായില്ല.
യുദ്ധം തീർന്നതുകൊണ്ടു മാത്രം നയപരവും ഘടനാപരവുമായ പ്രശ്നങ്ങൾ തീരുന്നില്ല. അവ പരിഹരിക്കാൻ സർക്കാർ നടപടി എടുത്തു കാണുന്നുമില്ല. ചുരുക്കത്തിൽ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ ശരിയായ നടപടികൾക്കു തയാറായിട്ടില്ല.
Business
ടെക്നോളജി വിഭാഗം ഓഹരികളിൽ അലയടിച്ച വില്പന സമ്മർദം അമേരിക്കൻ മാർക്കറ്റായ നാസ്ദാക്കിനെ പിടിച്ചുലച്ചത് യൂറോ- ഏഷ്യൻ ഓഹരി ഇൻഡക്സുകളെ പ്രകമ്പനം കൊള്ളിച്ചു.
അധിക താരീഫ് ഭീഷണി മുഴക്കിയ ശേഷം ആദ്യമായാണ് ഏറ്റവും കനത്ത തകർച്ചയെ പിന്നിട്ടവാരം അമേരിക്കൻ മാർക്കറ്റ് അഭിമുഖീകരിച്ചത്. പതിമൂന്ന് മാസത്തിനിടയിലെ ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. സെമി കണ്ടക്ടർ ഓഹരികൾക്കു വൻ തകർച്ച സംഭവിച്ചു.
ബോണ്ട് യീൽഡുകൾ കുത്തനെ ഉയർന്നതോടെ ബോണ്ട് വിലകൾ താഴ്ന്നു, ഇതിനിടയിൽ നിക്ഷേപകർ കൈവിട്ടത് സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിനു മങ്ങലേല്പിച്ചു. ക്രിപ്റ്റോ കറൻസികളിൽ ശക്തമായ വില്പന സമ്മർദം ദൃശ്യമായി. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിനും കാലിടറി.
നിക്ഷേപകർക്ക് അപായ സൂചന നൽകുന്ന സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് ഏകദേശം 40 ശതമാനം ഉയർന്നു, വിപണിയിൽ അനിശ്ചിതത്വം ശക്തമായതാണ് ഇത്തരം ഒരു കുതിപ്പിലേക്ക് സൂചിക തിരിയാൻ മുഖ്യ കാരണം.
വിദേശത്തു നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. ബോംബെ സെൻസെക്സ് 562 പോയിന്റും നിഫ്റ്റി സൂചിക 181 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തരംഗം നിഫ്റ്റി സൂചികയെ പിടിച്ചുലച്ചു. 23,547ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച വിപണി ഒരവസരത്തിൽ 23,329 ലെ ആദ്യ സപ്പോർട്ട് തകർത്ത് 23,151ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം കരുത്ത് തിരിച്ചുപിടിച്ച് 23,366ൽ ക്ലോസിംഗ് നടന്നു.
സൂചികയ്ക്ക് അതിന്റെ 50, 100 ആഴ്ചകളിലെ ശരാശരിക്ക് മുകളിൽ പിടിച്ചുനിൽക്കാനാകാഞ്ഞത് ദുർബലാവസ്ഥയെ വ്യക്തമാക്കുന്നു, മുൻ വാരം സൂചിപ്പിച്ചതാണ് ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് ഒരുങ്ങുന്നവർ രണ്ട് തവണ ഇരുത്തിച്ചിന്തിക്കുന്നത് അഭികാമ്യമെന്ന്. അതേസമയം, ദീർഘകാല നിഷേപകർക്കു നിലവിലെ സാങ്കേതിക തിരുത്തൽ മികച്ച നിഷേപങ്ങൾക്കുള്ള അവസരമാക്കി മാറ്റാനാവും.
ഈവാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 23,100 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ വിപണി ആടിയുലയുന്ന സാഹചര്യമുണ്ടായാൽ തിരുത്തൽ 22,834 - 22,252 റേഞ്ചിലേക്ക് നീളാം. അതേസമയം, തിരിച്ചുവരവിനു മുതിർന്നാൽ 23,682 – 23,998 പോയിന്റിൽ പ്രതിരോധമുണ്ട്.
സെൻസെക്സ് 75,000 പോയിന്റിനു മുകളിൽ സ്ഥിരതയ്ക്ക് നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. 74,775 പോയിന്റിൽ നിന്നും തുടക്കത്തിൽ 75,190 വരെ കയറിയ വേളയിൽ മുൻ നിര ഓഹരികളിൽ അലടയിച്ച വില്പന സമ്മർദത്തിൽ സൂചിക 73,549ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം അല്പം മെച്ചപ്പെട്ട് 73,243ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ സെൻസെക്സ് 73,464 – 72,686 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം. താഴ്ചയിൽനിന്നും തിരിച്ചുവരവിനു മുതിർന്നാൽ 75,105ൽ ആദ്യ പ്രതിരോധം തലയുയർത്തും.
വിദേശ ഫണ്ടുകളുടെ വില്പന തുടർന്നു. പിന്നിട്ടവാരം 31,114.47 കോടി രൂപയുടെ ഓഹരികൾ വിറ്റു. മേയ് മാസം ഏകദേശം 55,000 കോടി രൂപയുടെയും ഏപ്രിലിൽ 60,847 കോടി രൂപയുടെയും ഓഹരികളാണ് അവർ വിറ്റത്. നടപ്പ് വർഷം ഫെബ്രുവരി ഒഴിക്കെ എല്ലാ മാസങ്ങളിലും വിദേശ ഇടപാടുകാർ വില്പനയ്ക്ക് മുൻതൂക്കം നൽകി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 33,933.05 കോടി രൂപ നിക്ഷേപിച്ചു.
വിദേശ നിക്ഷേപകർക്ക് സർക്കാർ ബോണ്ടുകളിലേക്കുള്ള പ്രവേശനം ധനമന്ത്രാലയം സുതാര്യമാക്കി. വർഷങ്ങളായുള്ള നികുതി സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവും. പൊതുമേഖല കമ്പനികൾക്ക് വിദേശ വായ്പാ പ്രോത്സാഹനവും ലഭ്യമായി. പലിശയെ മാത്രം ആശ്രയിക്കാതെ, ആർബിഐ മൂലധന അക്കൗണ്ട് വഴി സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
വായ്പാ അവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി, ഒപ്പം വിദേശ നാണയ ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതും രൂപയ്ക്ക് ശക്തി പകർന്നു. 94.73ൽനിന്നും 95.80ലേക്ക് ദുർബലമായ രൂപ വാരാവസാനം 94.88ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 94.93ലാണ്.
ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ക്രൂഡ് ഓയിൽ വിതരണ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ അവധി വില ബാരലിന് 98.99 ഡോളർ വരെ ഉയർന്നു. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്തിയ അവസരത്തിൽ എണ്ണ ഉത്പാദനം ഉയർത്തുമെന്ന സൂചനകൾ ഒപെക്കിൽനിന്നും വന്നത് വില്പന സമ്മർദത്തിന് ഇടയാക്കി. വാരാന്ത്യം നിരക്ക് 93.10 ഡോളറിലേക്ക് താഴ്ന്നു.
സ്വർണ വില താഴാൻ സാധ്യത
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് അഞ്ച് ശതമാനം ഇടിഞ്ഞു. 4540 ഡോളറിൽ നിന്നു മഞ്ഞലോഹം 4311ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 4328 ഡോളറിലാണ്. മുൻ വാരം സൂചന നൽകിയതാണ് സാങ്കേതികമായി വീക്ഷിച്ചാൽ വില 3800 -3600 ഡോളറിലേക്ക് വരും മാസങ്ങളിൽ താഴാനുള്ള സാധ്യത.
എംസിഎക്സ് ഓഗസ്റ്റ് അവധി വില മൂന്ന് ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിനു 1,55,594 രൂപയായി. വിപണി സാങ്കേതികമായി ദുർബലമാണ്. 21, 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നാണു സ്വർണത്തിന്റെ അവധി വ്യാപാരം അവസാനിച്ചത്. നിരക്ക് 1,52,000 രൂപയിലേക്ക് താഴാം. ഈ അവസരത്തിൽ പുതിയ ബയർമാർ കടന്നുവന്നാൽ 1,57,000ലേക്ക് തിരിച്ചുവരവ് നടത്താം.
Business
മുംബൈ: രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റിൽ നിലവിൽ യാതൊരുവിധ മാറ്റവും വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ധനനയ അവലോകന സമിതി യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ സുപ്രധാന പ്രഖ്യാപനം ചെയ്തത്. ഇതനുസരിച്ച് റീപ്പോ റേറ്റ് മുൻപത്തെപ്പോലെ 5.25 ശതമാനമായിത്തന്നെ തുടരും.
2025 ഡിസംബറിൽ 5.5 ശതമാനത്തിൽനിന്ന് 5.25 ശതമാനത്തിലേക്ക് മാറ്റിയശേഷം തുടർച്ചയായ നാലാം തവണയാണ് റിസർവ് ബാങ്ക് റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നത്.
മറ്റു പ്രധാന നിരക്കുകളായ എംഎസ്എഫ് 5.50 ഉം എസ്ഡിഎഫ് അഞ്ചും ശതമാനത്തിൽ തുടരും.
ജിഡിപി വളർച്ച ഈ വർഷം 6.6 ശതമാനമാകും. നേരത്തേ പ്രതീക്ഷിച്ചത് 6.9 ശതമാനമായിരുന്നു. ഒന്നാം പാദത്തിൽ 6.6, രണ്ടിൽ 6.3, മൂന്നിൽ 6.5, നാലാം പാദത്തിൽ 6.8 ശതമാനം എന്നിങ്ങനെയാകും വളർച്ച.
ചില്ലറ വിലക്കയറ്റം ഇക്കൊല്ലം 5.1 ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു നേരത്തേ പ്രതീഷിച്ചത് 4.6 ശതമാനമായിരുന്നു.
വിലക്കയറ്റത്തോതു കൂടി വരികയാണെന്നു മൽഹോത്ര ചൂണ്ടിക്കാട്ടി. ഇന്ധനവില, വരൾച്ച ഭീഷണി തുടങ്ങിയവയാണു പ്രധാന കാരണങ്ങൾ.
Business
കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനം സന്തുലിതവും വിവേകപൂർണവുമായ സമീപനമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിനോദ് ഫ്രാൻസിസ് പറഞ്ഞു.
ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം ഈ നയം ആസ്തി-ബാധ്യതാ മാനേജ്മെന്റിനും സുസ്ഥിരമായ വായ്പാവളർച്ചയ്ക്കും സ്ഥിരത നൽകുന്നു.
വായ്പയെ ടുക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സ്ഥിതി വായ്പാസേവന ചെലവുകളിൽ ഉടനടി മാറ്റമൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഇതു വീട്, വാഹനം, ബിസിനസ് തുടങ്ങിയ വായ്പകൾക്കു സ്ഥിരതയുള്ള അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് പണപ്പെരുപ്പവും ആഗോള സംഭവവികാസങ്ങളും നിരീക്ഷിക്കുന്നതിനുള്ള ആർബിഐയുടെ പ്രതിബദ്ധതയെ ഈ ജാഗ്രതാ, നിഷ്പക്ഷ നിലപാട് അടിവരയിടുന്നു. ദീർഘകാലത്തേക്ക് നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട സാന്പത്തിക സമ്മർദങ്ങൾക്കിടയിൽ രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ കരുതൽ ശേഖരം ഉയർത്താനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൻതോതിൽ സ്വർണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാരും ആർബിഐയും.
മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ആർബിഐ 1,200 കോടി ഡോളറിന്റെ (12 ബില്യണ്‍) സ്വർണം വിറ്റഴിച്ചെന്നും 750 കോടി ഡോളറിന്റെ (7.5 ബില്യണ്‍ ഡോളർ) വിദേശ കറൻസി ആസ്തികൾ വാങ്ങുകയും ചെയ്തുവെന്നാണ് ബ്ലൂംബെർഗ് ഇക്കണോമിക്സ് പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, ഈ വാർത്ത പൂർണമായും തെറ്റാണെന്നും രാജ്യത്തിന്റെ പക്കലുള്ള ഭൗതിക സ്വർണശേഖരത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും ആർബിഐ ഒൗദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭൗതിക സ്വർണ ശേഖരം നിലവിൽ 880.52 ടണ്ണായി തന്നെ തുടരുകയാണെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷത്തെ (2024-25) കണക്കുകളുമായി താരതമ്യം ചെയ്യുന്പോൾ സ്വർണ ശേഖരത്തിൽ നേരിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2025 മാർച്ച് 31ലെ കണക്കനുസരിച്ച് 879.58 ടണ്ണായിരുന്നു ആർബിഐയുടെ സ്വർണ ശേഖരം. ഇതിൽ നിന്നാണ് നിലവിലെ സ്വർണ സന്പാദ്യം 880.52 ടണ്ണിലേക്ക് ഉയർന്നത്. അതായത്, ഒരു വർഷത്തിനിടെ സ്വർണ ശേഖരത്തിൽ 0.94 ടണ്ണിന്റെ വർധന ഉണ്ടായി. മൊത്തം സ്വർണ ശേഖരത്തിൽ 312.32 മെട്രിക് ടണ്‍ ഇഷ്യൂ ഡിപ്പാർട്ട്മെന്റിന്റെ കീഴിലും ബാക്കി 568.20 ടണ്‍ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പിഐബി ഫാക്ട് ചെക്ക് വിദേശമാധ്യമങ്ങളുടെ അവകാശവാദം വ്യാജമാണെന്നു വിശേഷിപ്പിക്കുകയും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് വലിയ രീതിയിൽ വർധിച്ചതായും ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബർ അവസാനം 13.92 ശതമാനമായിരുന്നത് 2026 മാർച്ച് 31 ന് 16.70 ശതമാനവും മേയ് 22ന് 16.85 ശതമാനവുമായി.
മേയ് മാസത്തിൽ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക് പോയപ്പോൾ വിദേശനാണ്യ വിപണിയിൽ ആർബിഐ ഇടപെട്ടിരുന്നു. എന്നാൽ ഇതിനായി സ്വർണം വിൽക്കുകയല്ല, മറിച്ച് 750 കോടി ഡോളറിന്റെ വിദേശ കറൻസി ആസ്തികൾ വാങ്ങുകയാണ് ചെയ്തതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. 2026 മാർച്ച് 31ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 691.11 ബില്യണ്‍ ഡോളറാണ്. മുൻവർഷമിത് 668.33 ബില്യണ്‍ ഡോളറായിരുന്നു.
Business
ന്യൂഡൽഹി: രാജ്യത്തെ കറന്‍സി നോട്ടുകളുടെ നിർമാണത്തിൽ പേപ്പറിനു പകരം പ്ലാസ്റ്റിക് ഉപയോഗിക്കാൻ റിസർവ് ബാങ്ക്. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകള്‍ വിജയകരമായാല്‍ മറ്റു കറന്‍സികളിലേക്കും കടക്കാനാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
കോട്ടണ്‍ മിക്സ് പേപ്പറാണ് നിലവിൽ കറൻസി അച്ചടിക്കാൻ ഉപയോഗിക്കുന്നത്. മൂന്നോ നാലോ വർഷത്തിനകം നോട്ടുകൾ പൊടിയും നനവും മൂലം ചെളി പിടിക്കും. എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ല. പോളിമര്‍ നോട്ടുകൾക്ക് കനം കുറയും. കൂടാതെ മടക്കി പേഴ്സിലും വയ്ക്കാമെന്നാണ് പുറത്തുവരുന്ന വിവരം. മുഷിഞ്ഞതിനെത്തുടർന്നു വർഷാവർഷം റിസർവ് ബാങ്കിനു പിൻവലിക്കേണ്ടിവരുന്ന നോട്ടുകളുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ വർഷം ഇത്തരത്തിൽ പിൻവലിക്കേണ്ടിവന്നത് 2400 കോടിയോളം നോട്ടുകളാണ്. ഇത് തലേ വർഷത്തേക്കാൾ 12 ശതമാനത്തിലധികമാണ്. 500 രൂപയുടെ നോട്ടുകളാണ് പിൻവലിച്ചതിലധികവും. തൊട്ടുപിന്നിൽ 100 രൂപ നോട്ടുകളും. പോളിമർ കറൻസിയുടെ നിർമാണച്ചെലവ് കൂടുതലാണെങ്കിലും കൂടുതൽ കാലം ഈടു നിൽക്കുന്നതിനാൽ അടിക്കടിയുള്ള അച്ചടി കുറയ്ക്കാനാവും.
പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജന് ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് നോട്ടുകളിൽ അച്ചടിച്ച നോട്ടുകളിലുള്ളതിനേക്കാൾ സുരക്ഷാ ഫീച്ചറുകൾ ചേർക്കാനാവും. കൂടാതെ ആകർഷകമായ ഡിസൈനുകളും മഷികളും ഉപയോഗിക്കാനാവും എന്നതും പ്ലാസ്റ്റിക് നോട്ടുകളുടെ മേന്മയാണ്.
റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം നോട്ടുകൾ അച്ചടിക്കാനുപയോഗിക്കുന്ന പേപ്പറിന്റെ മറ്റ് സാമഗ്രികളുടെയും ചെലവ് വർധിക്കുകയാണ്. 2024-25ലെ കണക്കുപ്രകാരം കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ 6372.8 കോടി രൂപ ചെലവഴിച്ചപ്പോൾ 2023-24ലെ 5101.4 കോടിയാണ് ചെലവഴിച്ചത്.
ഡിജിറ്റൽ പണമിടപാട് വർധിച്ചതോടെ കറന്‍സി നോട്ടുകളുടെ പ്രചാരം കുറഞ്ഞു വരികയാണെന്നാണു വിലയിരുത്തപ്പെടുന്നതെങ്കിലും. കണക്കുകൾ നേരെ തിരിച്ചാണ്. മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറന്‍സികള്‍ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.5% അധികമാണിത്. 500 രൂപയുടെ നോട്ടുകളാണ് 40 ശതമാനവും.
2012ലും പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിച്ചിരുന്നു. അന്നു 10 രൂപയുടെ നോട്ടുകളാണ് അച്ചടിക്കാൻ തീരുമാനിച്ചത്. കൊച്ചി, മൈസൂര്‍, ജയ്പുര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ പരീക്ഷിക്കനായിരുന്നു നീക്കം. എന്നാൽ, സാങ്കേതിക ബുദ്ധിമുട്ടുകളെ ത്തുടര്ന്ന്പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇന്നു സാങ്കേതിക വിദ്യ വളരെയധികം മാറുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ എടിഎമ്മുകളുടെ സാങ്കേതികവിദ്യയും പോളിമര്‍ നോട്ടുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്.
1988ല്‍ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമര്‍ കറന്‍സി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോള്‍ 60ഓളം രാജ്യങ്ങള്‍ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. കാനഡ, യുകെ, ന്യൂസിലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, ഇന്തോനേഷ്യ, റൊമേനിയ തുടങ്ങിയ രാജ്യങ്ങൾ അവയിൽ പ്രധാന സ്ഥാനം വഹിക്കുന്നു.
Business
മുംബൈ: പശ്ചിമേഷ്യൻ സംഘർഷം തീർത്ത സാന്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ കേന്ദ്രസർക്കാരിന് ആശ്വാസമായി റിസർവ് ബാങ്കിന്റെ ഡിവിഡന്റ്.
നടപ്പ് സാന്പത്തികവർഷം 2,86,588.46 കോടി രൂപ കേന്ദ്രസർക്കാരിലേക്ക് സർപ്ലസ് ട്രാൻസ്ഫ (ലാഭവിഹിതം) റായി നൽകാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.
വരാനിരിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതകള്‍ കുറയ്ക്കാന്‍ ഈ തുക വലിയൊരു താങ്ങാകും. കഴിഞ്ഞ വര്‍ഷം റിസർവ് ബാങ്ക് കേന്ദ്രത്തിനു ലാഭവിഹിതമായി നൽകിയത് 2.69 ലക്ഷം കോടി രൂപയായിരുന്നു.
റിക്കാർഡ് തുകയാണ് റിസര്‍വ് ബാങ്ക് ഇക്കുറി കൈമാറുന്നതെങ്കിലും സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണിത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുള്ള ഡിവിഡന്റും ആര്‍ബിഐയില്‍നിന്നുള്ള ലാഭവിഹിതവും ഉള്‍പ്പെടെ ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്നായിരുന്നു സാമ്പത്തികവിദഗ്ധര്‍ നേരത്തേ വിലയിരുത്തിയിരുന്നത്.
ഓരോ സാമ്പത്തികവര്‍ഷവും ചെലവുകള്‍ കഴിച്ചുള്ള നീക്കിയിരുപ്പ് ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനു കൈമാറാറുണ്ട്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ആര്‍ബിഐയില്‍നിന്ന് കേന്ദ്രത്തിനു ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു.
ആര്‍ബിഐയില്‍നിന്നുള്ള ഈ വന്‍ തുകയ്ക്കുപോലും കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് സര്‍വേ വെളിപ്പെടുത്തുന്നത്.
അതേസമയം, ആർബിഐയിൽനിന്നുള്ള ലാഭവിഹിതം രാജ്യത്തിനു വലിയ സാമ്പത്തിക പ്രതിരോധം തീര്‍ക്കും. ഇറാന്-യുഎസ് യുദ്ധം ക്രൂഡോയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ചെലവുകള്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാപാര കമ്മി കൂടുകയും വിദേശനാണ്യ ശേഖരം കുത്തനേ കുറയുകയും ചെയ്തു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 96 എന്ന റിക്കാർഡും കടന്നു.
Kerala
പരവൂർ: രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മേയ് 19ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2026 ഏപ്രിൽ 30ലെ കണക്കനുസരിച്ച് 5,451 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.
2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും.
ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഷുറൻസ് ചെയ്ത പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബർ മുതൽ ആർബിഐയുടെ പ്രത്യേക കൗണ്ടറുകൾ വഴി നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. വിപണിയിലുള്ള ബാക്കി നോട്ടുകൾ കൂടി വൈകാതെ തിരിച്ചെത്തുമെന്നാണ് റിസർവ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.
National
മുംബൈ: പേടിഎം പെയ്മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല.
ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. പേടിഎം ആപ്പ് വഴിയുള്ള യുപിഐ ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല.
National
ന്യൂഡൽഹി: നീണ്ട കാലത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനം തുടരുന്നത് നിക്ഷേപകരുടെ താത്പ ര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഈ നിർണായക നടപടി എടുത്തത്.
ബാങ്കിന്റെ ഭരണം, പ്രവർത്തന രീതികൾ, ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് ആർബിഐ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നിക്ഷേപകർക്കും പൊതുതാത്പര്യത്തിനും ദോഷകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.
ബാങ്ക് പൂട്ടുന്ന നടപടികൾക്കിടയിൽ നിക്ഷേപകർക്ക് നൽകാനുള്ള പണം മടക്കിനൽകാൻ ആവശ്യമായ ഫണ്ട് ബാങ്കിന്റെ കൈവശമുണ്ടെന്ന് ആർബിഐ അറിയിച്ചു. 2022 മുതൽ തന്നെ പേടിഎം ബാങ്കിനെതിരെ ആർബിഐ നടപടികൾ തുടങ്ങിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് ഇപ്പോൾ ലൈസൻസ് തന്നെ റദ്ദാക്കിയിരിക്കുന്നത്.
ലൈസൻസിലെ നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ഇനി പ്രവർത്തനം തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്നും ആർബിഐ വ്യക്തമാക്കി. ഇതോടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ പൂർണമായും അവസാനിക്കുകയാണ്.
Business
തൃശൂർ: പലിശനിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താനും ന്യൂട്രൽ നിലപാട് തുടരാനുമുള്ള ആർബിഐ പണനയസമിതി (എംപിസി) തീരുമാനം, വർധിച്ച ആഗോള അനിശ്ചിതത്വങ്ങൾക്കു നടുവിൽ ജാഗ്രതയോടെ കൈക്കൊണ്ടതാണെന്നു മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ.
ആഭ്യന്തര സാന്പത്തികനില ഭദ്രമാണെങ്കിലും ക്രൂഡോയിലിനും ഇതര ഉത്പന്നങ്ങൾക്കും വിലവർധിക്കാനും വിതരണം തടസപ്പെടാനുമുള്ള സാധ്യതയാണ് എംപിസി പരിഗണിച്ചത്. വിലക്കയറ്റനിരക്ക് നിശ്ചിതപരിധിക്കുള്ളിലാണെങ്കിലും മാറുന്ന ആഗോളസ്ഥിതിഗതികൾ നിതാന്തജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
എംപിസി നയം ഭദ്രത ഉറപ്പുതരുന്പോഴും, മാറുന്ന വളർച്ച-വിലക്കയറ്റ സ്ഥിതിഗതികളോടു പ്രതികരിക്കാനുള്ള വഴക്കവും പ്രകടമാണ്.
എംഎസ്എംഇ സ്ഥാപനങ്ങൾക്കുള്ള സാന്പത്തികപിന്തുണ ഉറപ്പാക്കാനും ധനവിപണിയിൽ പങ്കാളിത്തം വ്യാപകമാക്കാനുമുള്ള നടപടികൾ പണലഭ്യത വർധിപ്പിക്കാനും വായ്പാ വളർച്ച നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.
Business
മുംബൈ: ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ പണ, വായ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.
റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. ഇറാൻ യുദ്ധം മൂലമുണ്ടായ ഉൗർജ പ്രതിസന്ധി, അസംസ്കൃത എണ്ണ വിലവർധന, എൽ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് റിസർവ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റ് അഞ്ചു ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റും ബാങ്ക് റേറ്റും 5.50 ശതമാനത്തിലും തുടരും.
2025 ഫെബ്രുവരി മുതൽ ആർബിഐ റിപ്പോ നിരക്കിൽ 125 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതിന് മുന്‍പ് റിപ്പോ നിരക്ക് 5.50 ശതമാനത്തിൽനിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്തുകയെന്നതാണ് ആർബിഐയുടെ ലക്ഷ്യം.
2025-26 സാന്പത്തിക വർഷത്തെ ജിഡിപി വളർച്ച നിഗമനം 7.4ൽനിന്ന് 7.6 ശതമാനമായി ഉയർത്തി.
2026-27ൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളർച്ച പ്രതീക്ഷ 6.9ൽനിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴിൽ നിന്ന് 6.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തിൽ ഏഴും നാലാം പാദത്തിൽ 7.2 ഉം ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
2026-27 സാന്പത്തിക വർഷത്തിൽ ചില്ലറവിലക്കയറ്റം 4.6 ശതമാനത്തിലെത്തുമെന്നാണ് അനുമാനം. ഒന്നാം പാദത്തിൽ നാലും രണ്ടാം പാദത്തിൽ 4.2 ശതമാനത്തിൽനിന്ന് 4.4 ഉം മൂന്നാം പാദത്തിൽ 5.2 ഉം നാലാം പാദത്തിൽ 4.7 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്.
ഉപഭോഗവും നിക്ഷേപവും പിന്തുണയ്ക്കുന്ന ശക്തമായ മുന്നേറ്റം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ പ്രകടിപ്പിക്കുന്നതായി ആർബിഐ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷം സാന്പത്തിക വളർച്ചയെ ബാധിക്കുമെന്നും, ചെലവ് വർധിക്കാനും വിതരണശൃംഖലയിൽ തടസങ്ങൾ ഉണ്ടാകാനും കാരണമാകുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുന്നറിയിപ്പ് നൽകി.
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇറക്കുമതി വഴിയുള്ള പണപ്പെരുപ്പത്തിനും കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിനും കാരണമാകുമെന്ന് ഗവർണർ പറഞ്ഞു.
ഉൗർജ-ധാതു വിപണികളിലെ തടസങ്ങൾ വ്യവസായങ്ങളെയും കൃഷിയെയും ബാധിക്കും. ആഗോളതലത്തിലെ അനശ്ചിതാവസ്ഥ നിക്ഷേപത്തെയും ഉപഭോഗത്തെയും പണലഭ്യതയെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്ലുവിളികൾക്കിടയിലും മുൻപത്തെ പ്രതിസന്ധികളെ അപേക്ഷിച്ച് രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ഭദ്രമാണെന്ന് ഗവർണർ വ്യക്തമാക്കി.
Business
പരവൂര്‍: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 98.45 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മേയ് 19-ന് നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്.
എന്നാല്‍, 2026 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഇതിന്റെ മൂല്യം 5,501 കോടി രൂപയായി കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ക്ക് നിയമസാധുത തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ബാങ്കുകള്‍ വഴി നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി അവസാനിച്ചെങ്കിലും റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറുന്നതിനോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ ഇപ്പോഴും സൗകര്യമുണ്ട്.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ആര്‍ബിഐ ഇഷ്യു ഓഫീസുകളിലേക്ക് അയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ ആര്‍ബിഐ ഓഫീസുകളില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍നിന്ന് നോട്ടുകള്‍ ഭൂരിഭാഗവും തിരിച്ചെത്തിയെങ്കിലും ശേഷിക്കുന്ന നോട്ടുകള്‍ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോവുകയാണ്.
Kerala
പരവൂർ: സഹകരണ ബാങ്കിംഗ് മേഖലയിൽ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി തയാറാക്കിയ പുതിയ കരട് ഭേദഗതി നിർദേശങ്ങൾ ആർബിഐ പുറത്തിറക്കി. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗം ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.
പുതിയ നിർദേശപ്രകാരം, 500 രൂപയിൽ കൂടുതലുള്ള എല്ലാ ഇലക്ട്രോണിക് ഇടപാടുകൾക്കും സഹകരണ ബാങ്കുകൾ നിർബന്ധമായും എസ്എംഎസ് അലേർട്ടുകൾ അയച്ചിരിക്കണം. ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ വഴിയും അറിയിപ്പ് നൽകണം.
സംശയാസ്പദമായ ഇടപാടുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ബാങ്കുകൾ ഒരുക്കണം. ടോൾ ഫ്രീ നമ്പറുകൾ, ഐവിആർ സംവിധാനങ്ങൾ, എസ്എംഎസ്, പ്രത്യേക ഇ-മെയിൽ വിലാസങ്ങൾ എന്നിവ വഴി തടസങ്ങളില്ലാതെ പരാതി നൽകാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.
അനധികൃത ഇടപാടുകളിൽ ഉപഭോക്താവിനുള്ള ബാധ്യത സംബന്ധിച്ചും ചട്ടങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയോ സാങ്കേതികമായ പോരായ്മയോ മൂലമാണ് തട്ടിപ്പ് നടന്നതെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാങ്കിനായിരിക്കും. ഉപഭോക്താവിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. വഞ്ചനാപരമായ ഇടപാട് നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താലും ഉപഭോക്താവ് പിഴവുകൾക്ക് ഉത്തരവാദിയാകില്ല.
ഫിഷിംഗ്, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ തന്ത്രങ്ങളിലൂടെ ക്രെഡൻഷ്യലുകൾ കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളെയും പുതിയ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ പരിഹാരം കാണണമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.
Kerala
പരവൂർ: രാജ്യത്ത് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ ഇനിയും തിരിച്ചെത്താനുള്ളത് 5,551 കോടി രൂപ മൂല്യമുള്ള കറൻസികൾ. റിസർവ് ബാങ്ക് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പ്രചാരത്തിൽ നിന്ന് പിൻവലിച്ചിട്ട് മൂന്ന് വർഷമാകാൻ പോകുന്നു. 2023 മേയ് 19-നാണ് 2,000 രൂപയുടെ കറൻസികൾ പിൻവലിച്ചത്. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്.
2026 മാർച്ച് ഒന്നിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം നോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ട്. 5,551 കോടി രൂപയുടെ കറൻസികൾ ഇനിയും തിരിച്ചെത്താതെ അവശേഷിക്കുന്നു.
റിസർവ് ബാങ്ക് കണക്ക് പ്രകാരം 2,000 രൂപയുടെ 2.78 കോടി കറൻസികൾ ഇപ്പോഴും തിരിച്ചെത്താതെയുണ്ട്. 2025 മാർച്ച് 31 വരെ ഇത് 3.18 കോടിയായിരുന്നു. അതിന് ശേഷമുള്ള 11 മാസത്തിനിടെ തിരിച്ചെത്തിയത് 40 ലക്ഷം നോട്ടുകളാണെന്നും റിസർവ് ബാങ്കിന്റെ കണക്കിൽ സൂചിപ്പിക്കുന്നു.
2,000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ 2023 ഒക്ടോബർ വരെ ബാങ്ക് ശാഖകൾ മുഖാന്തിരം അവസരം നൽകിയിരുന്നു. അതിനു ശേഷം റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ കേന്ദ്രങ്ങൾ വഴി പ്രസ്തുത നോട്ടുകൾ ഇപ്പോഴും മാറി നൽകുന്നുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്താണ് ഇഷ്യൂ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇഷ്യൂ കേന്ദ്രങ്ങളിൽ നേരിട്ട് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തപാൽ വഴി അയച്ച് നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന കറൻസികൾ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇഷ്യൂ ഓഫീസുകളിൽ നിന്ന് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി നൽകുകയാണ് പതിവ്.
ഇതൊക്കെയാണങ്കിലും 2,000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വിപണിയിൽ ഈ കറൻസികൾ ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുകയുമില്ല.
ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ നേരിട്ട് എത്തിയോ തപാൽ മുഖാന്തരമോ 2,000 രൂപ മാറ്റിയെടുക്കാൻ നിലവിൽ അവസരമുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് റിസർവ് ബാങ്ക് ഇപ്പോഴും ആവശ്യപ്പെടുന്നത്.
National
പരവൂർ: രാജ്യത്തു നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാമാറ്റങ്ങള് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 2026ലെ കറൻസി അപ്ഡേറ്റിന്റെ ഭാഗമായാണു നടപടി.
എന്നാല്‍, ഇത് 2016ലേതുപോലുള്ള നോട്ട് നിരോധനമല്ലെന്നും നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കി. നോട്ടുകളുടെ രൂപകല്പനയില് മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്പും വർധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് വരുത്തുന്നത്. നോട്ടുകളുടെ പ്രിന്റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും.
നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നതു തടയാൻ കൂടുതല്‍ കടുപ്പമുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്റെ വ്യക്തത വർധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ചപരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകള്‍ കൂടുതല്‍ വ്യക്തമാക്കും. ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് നൂറും അഞ്ഞൂറും.
കൂടാതെ, കള്ളനോട്ടുകള്‍ നിർമിക്കുന്നതു തടയാൻ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ്.
അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി മാറ്റേണ്ട ആവശ്യമില്ല. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ.
Business
വായ്പയെടുത്തവർക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ നിയമങ്ങൾ പുറപ്പെടുവിച്ചു. വായ്പ തിരിച്ചുപിടിക്കുന്നതിലെ മോശം പ്രവണത തടയുന്നതിനും വായ്പ എടുത്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആർബിഐ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. കൊമേഴ്സ്യൽ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കന്പനികൾക്കും റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് ആർബിഐ നൽകിയിരിക്കുന്നത്. ആർബിഐയുടെ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ബാധകമാണ്.
സമയക്രമവും സന്ദർശനവും
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. രാത്രികാലങ്ങളിൽ റിക്കവറി വിളികൾ നടത്തുന്നത് പൂർണമായും നിരോധിച്ചു. വായ്പ എടുത്ത വ്യക്തിയുമായി ഏജന്റ് നടത്തുന്ന എല്ലാ ഫോണ്‍ സംഭഷണങ്ങളും രേഖപ്പെടുത്തുകയും റിക്കാർഡ് ചെയ്യുകയും വേണം. കുടുംബത്തിലെ മരണം, സമാനമായ മറ്റ് ദുരന്തങ്ങൾ, കല്യാണം, ഉത്സവങ്ങൾ തുടങ്ങിയ അനുചിതമായ സന്ദർഭങ്ങളിൽ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തരുത്. പണമെടുക്കുന്നയാൾ ആവശ്യപ്പെടുന്ന സ്ഥലത്തോ അല്ലെങ്കിൽ അവരുടെ വീട്ടിലോ ജോലിസ്ഥലത്തോ മാത്രമേ ഏജന്റിന് വരാൻ അനുവാദമുള്ളൂ.
സ്വകാര്യത
റിക്കവറി ഏജന്റുമാർ പണമെടുക്കുന്നയാളോടോ ഗ്യാരന്ററോടോ മാത്രമേ സംസാരിക്കാവൂ. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെടുന്നത് ആർബിഐ കർശനമായി വിലക്കി. പരസ്യമായി അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, കുടിശിക തുകയെക്കുറിച്ചോ നിയമനടപടികളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കൽ എന്നിവയും വിലക്കി.
മാന്യത
ബാങ്ക് ജീവനക്കാരോ റിക്കവറി ഏജന്റുമാരോ വായ്പ എടുത്ത വ്യക്തിയോട് മാന്യമായും ആദരവോടും കൂടിയേ ഇടപെടാവൂ. അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ഫോണിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അനുചിയതമായ സന്ദേശങ്ങൾ അയയ്ക്കയോ പാടില്ല.
പരിശീലനം നേടണം
ബാങ്കുകൾ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. റിക്കവറി ഏജന്റുമാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽനിന്ന് വായ്പ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം നേടണം. ബാങ്ക് ഒൗദ്യോഗികമായി അധികാരപ്പെടുത്തിയ വ്യക്തികൾക്ക് മാത്രമേ വായ്പക്കാരെ സമീപിക്കാൻ അനുവാദമുള്ളൂ.
രസീത് നല്‍കണം
പണം കൈപ്പറ്റുന്പോൾ ഉടൻതന്നെ ബാങ്ക് ജീവനക്കാരനോ ഏജന്റോ രസീത് നൽകണം. കൂടാതെ, റിക്കവറി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ബാങ്കുകൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അതിന്റെ വിവരങ്ങൾ വായ്പാ കരാറിൽ ഉൾപ്പെടുത്തണമെന്നും ആർബിഐ നിർദേശിക്കുന്നു.
ബാങ്കുകളുടെ ഉത്തരവാദിത്വം
ബാങ്കുകൾ അവരുടെ ബ്രാഞ്ചുകളിലും വെബ്സൈറ്റുകളിലും ആപ്പുകളിലും എംപാനൽ ചെയ്ത റിക്കവറി ഏജന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റ് വായ്പക്കാരനെ സമീപിക്കും മുന്‍പ് ആ ഏജന്റിന്റെ പേരും വിവരങ്ങളും ബാങ്ക് രേഖാമൂലം നൽകണം. വായ്പ എടുത്ത വ്യക്തി ഒരു പരാതി നൽകിയിട്ടുണ്ടെങ്കിൽ ആ പരാതിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ വായ്പയുമായി ബന്ധപ്പെട്ട റിക്കവറി നടപടികൾ ജീവനക്കാരനോ ഏജന്റിനോ കൈമാറാൻ പാടില്ല. എന്നാൽ, വായ്പാ തിരിച്ചടവ് ഒഴിവാക്കുന്നതിനായിട്ടാണ് പരാതിയെന്ന് ബാങ്കിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ പരാതി നിലനിൽക്കുന്പോഴും ബാങ്കുകൾക്ക് റിക്കവറി നടപടികളുമായി മുന്നോട്ടുപോകാം.
Kerala
തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.
ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.
വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.
തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.
Business
മുംബൈ: അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും. കഴിഞ്ഞ ഡിസംബറിൽ നടന്ന ധന അവലോക യോഗത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു. യൂറോപ്യൻ യൂണിയനും യുഎസുമായി അടുത്തിടെ ഒപ്പുവച്ച വ്യാപാരക്കരാറുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മികച്ച സാന്പത്തികവളർച്ച സാധ്യതകൾ മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി.
2025 ഫെബ്രുവരി മുതൽ നാലു മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിർത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയർത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാന്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നൽകുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്. 2026 സാന്പത്തിക വർഷത്തെ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ആർബിഐ രണ്ടു ശതമാനത്തിൽനിന്ന് 2.1 ശതമാനമാക്കി പുതുക്കി നിശ്ചയിച്ചു. ഈ സാന്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനത്തിൽനിന്നു 3.2 ശതമാനമാകുമെന്നും ബാങ്ക് കരുതുന്നു. അടുത്ത സാന്പത്തിക വർഷത്തിലെ (മാർച്ച്-മേയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം നാലു ശതമാനവും രണ്ടാം പാദത്തിൽ ഇത് 4.2 ശതമാനവും ആയിരിക്കുമെന്ന് പ്രവചിക്കുന്നു.
ഉപഭോക്തൃ സംരക്ഷണത്തിനു പ്രാധാന്യം
ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി ആർബിഐ മൂന്നു കരട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.
1. സാന്പത്തിക ഉതപന്നങ്ങളുടെ തെറ്റായ വിൽപ്പന (മിസ് സെല്ലിംഗ്) തടയുക എന്ന ലക്ഷ്യത്തോടെ അത്തരം ഉതപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം, വിപണനം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സമഗ്രമായ നിർദേശങ്ങൾ നല്‍കുമെന്ന് ആർബിഐ അറിയിച്ചു.
2. വായ്പ തിരിച്ചടവ് മുടങ്ങുന്പോൾ ബാങ്കുകൾ നിയോഗിക്കുന്ന ലോണ്‍ റിക്കവറി നടപടികളിലും റിക്കവറി ഏജന്റുമാരുടെ ഇടപെടലുകളെ സംബന്ധിച്ചുള്ള പെരുമാറ്റവും ചട്ടങ്ങളും നിയന്ത്രിക്കൽ.
3. അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ട്രാൻസാക്ഷനുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നിർദേശം എന്നിങ്ങനെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് കരട് മാർഗനിർദേശങ്ങൾ ആർബിഐ ഉടൻ പുറത്തിറക്കുമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചെറിയ തുകയുടെ ഡിജിറ്റൽ ബാങ്ക് തട്ടിപ്പുകളിൽ ഉപഭോക്താക്കൾക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു നിയമപരമായ ചട്ടക്കൂട് ഉടൻ ആവിഷ്കരിക്കാനും ആർബിഐ നിർദേശിച്ചിട്ടുണ്ട്. അതുപോലെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളിൽ വിശദമായ മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള പ്രത്യേകവിഭാഗം ഉപഭോക്താക്കൾക്കായി ഒടിപിക്ക് പുറമെയുള്ള അധിക ഓഥന്റിഫിക്കേഷൻ നടപടികൾ, അസാധാരണ, ഉയർന്ന തുകയുടെ കൈമാറ്റം വൈകിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളും ആർബിഐ മുന്നോട്ടുവയ്ക്കും.
എംഎസ്എംഇ ഈട് രഹിത വായ്പ പരിധി ഉയർത്തി
രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ഈട് രഹിത (Collateral-free) വായ്പകളുടെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷത്തിലേക്ക് ഉയർത്തി. 16 വർഷങ്ങൾക്കുശേഷമാണ് ഈ വിഭാഗത്തിലെ വായ്പാ പരിധി ഉയർത്തുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള സാന്പത്തിക പിന്തുണ വർധിപ്പിക്കുന്നതിനായി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് REITs) വായ്പ നൽകുന്നതിന് ബാങ്കുകളെ അനുവദിക്കുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
അർബൻ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും
രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ (യുസിബി) ഭരണപരവും സാങ്കേതികവുമായ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഈടില്ലാത്ത വായ്പകൾക്കും നോമിനൽ അംഗങ്ങൾക്കുള്ള വായ്പകൾക്കും ഉയർന്ന സാന്പത്തികപരിധി അനുവധിക്കുന്നത് ഉൾപ്പെടെ നാല് നടപടികൾ ആർബിഐ പ്രഖ്യാപിച്ചു. കൂടാതെ വലിയ യുസിബികൾക്കു നൽകുന്ന ഭവന വായ്പകളുടെ നിബന്ധനകളിൽ ഇളവ് വരുത്താനും നിർദേശമുണ്ട്.
സഹകരണ ബാങ്ക് മേഖലയിലെ ഭരണം, മാനേജ്മെന്റ്, സാങ്കേതിശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് മിഷൻ സക്ഷം (SAKSHAM) പദ്ധതി ഉടൻ അവതരിപ്പിക്കും. അർബൻ സഹകരണ ബാങ്കുകളിലെ 1.4 ലക്ഷത്തിലധികം സഹകാരികളെ പരിശീലിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. അതുപോലെ മൂന്നാം നിര, നാലാം നിര അർബൻ സഹകരണ ബാങ്കുകൾക്ക് ഭവന വായ്പ അനുവദിക്കുന്നതിന് കാലാവധി, മൊറട്ടോറിയം എന്നിവയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിക്കാനും ആർബിഐ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
Business
കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിക്കൊണ്ട് നിഷ്പക്ഷ നിലപാട് തുടരാനുള്ള ആര്‍ബിഐയുടെ തീരുമാനം, അനുകൂലമായ പണപ്പെരുപ്പ പ്രതീക്ഷയിലും സ്ഥിരതയുള്ള സാമ്പത്തിക വളര്‍ച്ചയിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജിഎം ആന്‍ഡ് സിഎഫ്ഒ വിനോദ് ഫ്രാന്‍സിസ് പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയിലെ ഉയര്‍ന്ന പരിഷ്കരണവും ബാങ്കുകളുടെ സിസ്റ്റം-ലെവല്‍ പാരാമീറ്ററുകള്‍ മികച്ചതായി തുടരുന്നു എന്ന ആര്‍ബിഐയുടെ വിലയിരുത്തലും സുസ്ഥിരമായ സാമ്പത്തിക വികാസത്തെ പിന്തുണയ്ക്കാനുള്ള മേഖലയുടെ കഴിവിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു.
ബാങ്കുകളെ സംബന്ധിച്ചിടത്തോളം, നിരക്കുകളിൽ സ്ഥിരതയുള്ള സാഹചര്യം നയനടപടികളുടെ ഫലപ്രദമായ കൈമാറ്റം സാധ്യമാക്കുന്നു. കൂടാതെ അച്ചടക്കമുള്ള ബാലന്‍സ് ഷീറ്റ് മാനേജ്മെന്റ്, പ്രധാന വിഭാഗങ്ങളിലുടനീളം കാലിബ്രേറ്റ് ചെയ്ത ക്രെഡിറ്റ് വളര്‍ച്ച എന്നിവയും പ്രാപ്തമാക്കുന്നു.
കിസാൻ ക്രെഡിറ്റ് കാർഡുകൾക്കായി നിർദേശിച്ചിട്ടുള്ള പുതിയ മാർഗനിർദേശങ്ങളും എംഎസ്എംഇ, ഗ്രാമീണ വായ്പാ മേഖലകൾക്ക് നൽകുന്ന ഊന്നലും ഈ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്കുകൾക്ക് ഗുണകരമാണ്.
വായ്പാ ഗുണനിലവാരവും മൂലധന ശക്തിയും നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് വായ്പാ സേവനങ്ങൾ എത്തിക്കാൻ ഇത് ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Business
കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഏറ്റവും പുതിയ പണനയ പ്രഖ്യാപനം പലിശനിരക്കുകളും നയനിലപാടും ഉള്‍പ്പെടെ വിപണി പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും അനുസൃതമാണെന്ന് കൊട്ടാക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറഞ്ഞു.
റിപ്പോ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യത പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി പണപ്പെരുപ്പം രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എക്കാലത്തെയും കുറഞ്ഞ പണപ്പെരുപ്പമാണ് 2025 സാന്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലുണ്ടായിട്ടുള്ളതെന്ന് 2025-26ലെ സാന്പത്തിക സർവേ റിപ്പോർട്ട്.
2025 ഏപ്രിൽ മുതൽ ഡിസംബർ വരെ രാജ്യത്തിന്റെ ആഭ്യന്തര പണപ്പെരുപ്പം 1.72 ശതമാനം മാത്രമാണെന്ന് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. വരുന്ന സാന്പത്തികവർഷത്തിലും പണപ്പെരുപ്പത്തിൽ ആശങ്കപ്പെടേണ്ടി വരില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പണപ്പെരുപ്പത്തിന്റെ അനുവദനീയമായ പരിധിക്കുള്ളിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐ അടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞ നാല് സാന്പത്തിക വർഷങ്ങളിലും തുടർച്ചയായി കുറയുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ച 2022-23ൽ പണപ്പെരുപ്പം 6.66 ശതമാനമായിരുന്നിടത്തുനിന്നാണ് 2025-26ൽ ശരാശരി പണപ്പെരുപ്പം 1.72 ആയി കുറഞ്ഞത്. ആർബിഐയുടെ അനുവദനീയമായ പണപ്പെരുപ്പം (ടോളറൻസ് ബാൻഡ്) രണ്ടു മുതൽ ആറ് ശതമാനം വരെയായിരിക്കുന്പോൾ ഇതിലും കുറവാണ് രാജ്യത്തെ ശരാശരി പണപ്പെരുപ്പം.
വരുന്ന സാന്പത്തിക വർഷം രാജ്യത്തെ ശരാശരി പണപ്പെരുപ്പം നാല് ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് അന്താരാഷ്ട്ര നാണയനിധി ഫണ്ടും (ഐഎംഎഫ്) ആർബിഐയും പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം 2026ൽ 2.8 ശതമാനവും 2027ന്റെ തുടക്കത്തിൽ നാല് ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചനം.
അതിനിടെ 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിസർവ് ബാങ്കിന്റെ അനുവദനീയ പരിധിയേക്കാൾ മുകളിൽ കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് പണപ്പെരുപ്പമുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ആർബിഐയുടെ ഏറ്റവുമുയർന്ന ടോളറൻസ് ബാൻഡ് ആറ് ശതമാനമായിരിക്കുന്പോൾ കേരളത്തിൽ 8.05 ശതമാനവും ലക്ഷദ്വീപിൽ 6.69 ശതമാനവുമാണ് ഈ സാന്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിലുള്ള പണപ്പെരുപ്പം. 2025 ജനുവരി മുതൽ രാജ്യത്ത് ഏറ്റവും വിലക്കയറ്റത്തോതുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിൽ കേരളം മുന്നിലാണെന്നതും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട വേതനനിരക്കും ജിസിസി രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തോതിൽ പണമെത്തുന്നതും പച്ചക്കറികളടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ പണപ്പെരുപ്പം വർധിക്കാൻ കാരണങ്ങളാണ്.
Kerala
പരവൂർ: ചെറിയ മൂല്യമുള്ള കറൻസികൾ മാത്രം വിതരണം ചെയ്യുന്നതിന് മാത്രം പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നു. ദൈനംദിന ഇടപാടുകൾക്കായി ഇപ്പോഴും ചെറിയ തുകകളെ ആശ്രയിക്കുന്ന വ്യക്തികൾക്ക് 10, 20, 50 രൂപ നോട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷും.
ദിവസ വേതനക്കാർ, തെരുവ് കച്ചവടക്കാർ / ചെറുകിട കടയുടമകൾ, യാത്രക്കാർ തുടങ്ങിയവർ ഇപ്പോഴും പതിവ് വാങ്ങലുകൾക്കും കൊടുക്കലുകൾക്കും ചെറിയ തുകകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ചെറിയ തുകകളുടെ കറൻസികൾ ഇപ്പോൾ എടിഎമ്മുകളിൽ ലഭ്യമല്ല.
ഇപ്പോൾ രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളിൽ 500, 200, 100 രൂപ നോട്ടുകൾ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ തന്നെ കൂടുതലും 500 രൂപ നോട്ടുകൾ മാത്രമാണ് മിക്ക എടിഎമ്മുകളിലുമുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ചെറിയ തുകയ്ക്കുള്ള നോട്ടുകൾ മാത്രം ലഭിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്നത്.
ഇത് കൂടാതെ 500 രൂപ അടക്കമുള്ള വലിയ തുകയുടെ നോട്ടുകൾ ചെറിയ തുകയുടെ നോട്ടുകളായി മാറ്റി വാങ്ങാൻ സൗകര്യമുള്ള ഹൈബ്രിഡ് എടിഎമ്മുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ചെറിയ നോട്ടുകൾ മാത്രം വിതരണം ചെയ്യുന്ന പുതിയ എടിഎമ്മുകൾ മുംബൈയിൽ പൈലറ്റ് പ്രോജക്ടായി പ്രവർത്തനം തുടങ്ങി. പ്രാദേശിക മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് പുതിയ എടിഎമ്മുകൾ പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ചെറിയ മൂല്യമുള്ള നോട്ടുകൾ കൂടുതലായി അച്ചടിക്കുന്ന കാര്യവും റിസർവ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി.
ഇടപാടുകാരെ സംബന്ധിച്ചിടത്തോളം പുതിയ എടിഎമ്മുകൾ ഗുണകരമാണെങ്കിലും പദ്ധതി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ കണക്കുകൂട്ടൽ.
പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനും അവ പരിപാലിക്കുന്നതിനും ഉയർന്ന ചെലവുകൾ വഹിക്കേണ്ടി വന്നേക്കാം എന്നതാണ് ബാങ്കുകളുടെ പ്രധാന ആശങ്ക. മാത്രമല്ല സുരക്ഷാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Business
കൊച്ചി: സംസ്ഥാനത്തു വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 2133 കോടി രൂപ. എറണാകുളം ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടുകളുള്ളതെന്ന് ലീഡ് ബാങ്ക് ഡിസ്ട്രിക്ട് മാനേജര്‍ സി. അജിലേഷ് പറഞ്ഞു.
307 കോടിക്കു മുകളില്‍ രൂപയാണു ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെയുള്ളത്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അതേസമയം, പത്തു വര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളിൽ ഈ തുക നിയമപരമായി അക്കൗണ്ട് ഉടമയോ അവകാശികളോ പിൻവലിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തില്ലെങ്കിലാണ് ആർബിഐയിലേക്കു മാറ്റുക.
ആർബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികൾക്കു നിയമപരമായ നടപടികൾ പൂർത്തിയാക്കി തിരിച്ചുകിട്ടാൻ അവസരമുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
നോമിനിയെ ഉൾപ്പെടുത്തിയിട്ടുള്ള അൺക്ലെയിംഡ് അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാൻ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളിൽ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാൽ തുക ലഭിക്കും.
ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐയിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകൾ വഴിയാണ് തുക തിരിച്ചുകിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.
"നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പ്രമേയവുമായി ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകൾ ജില്ലകൾ തോറും പ്രത്യേക ക്യാന്പുകൾ നടത്തുന്നുണ്ട്.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
പരവൂർ: നവംബറിൽ മാത്രം തിരികെയെതിയത് 74 കോടിയുടെ നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നവംബർ 30 -ലെ കണക്ക് അനുസരിച്ച് ഇനി തിരികെ എത്താനുള്ളത് 5,743 കോടി രൂപയുടെ 2,000 ന്റെ കറൻസികളാണ്. ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം 5,817 കോടി രൂപയുടെ നോട്ടുകളാണ് തിരികെ എത്താൻ ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 5,743 കോടി രൂപയായി കുറഞ്ഞത്.
2023 മേയിലാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അതിനു ശേഷം രാജ്യത്തെ ബാങ്കുകളിൽ ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 2023 ഒക്ടോബർ ഏഴുവരെ അവസരവും നൽകിയിരുന്നു.
2023 ഒക്ടോബർ ഒമ്പത് മുതൽ ഈ നോട്ടുകൾ റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്.
ഇത് കൂടാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2,000 രൂപയുടെ നോട്ടുകൾ പോസ്റ്റ് ഓഫീസുകൾ വഴി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകളിലേക്ക് തപാലിൽ അയച്ചു കൊടുക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അയയ്ക്കുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും.
2023 മേയ് 19ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ രാജ്യത്താകെ പ്രചാരത്തിൽ ഉണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ്.
Business
മുംബൈ: സ്വർണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇപ്പോഴിതാ സ്വർണ പണയം പോലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അനുവദിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പിൽ വരിക. ഇക്കാര്യത്തിൽ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആർബിഐ.
ആർക്കൊക്കെ വായ്പ നൽകാം
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കന്പനികൾ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാൻ അനുമതിയുള്ളത്. പണയമായി വാങ്ങുന്പോൾ കൃത്യമായ പരിശോധന വേണമെന്ന് ആർബിഐ നിർദേശം നല്‍കിയിട്ടുണ്ട്.
വായ്പയ്ക്കായുള്ള വെള്ളി
ഒരു വായ്പക്കാരൻ എടുക്കുന്ന എല്ലാ ലോണുകൾക്കുമായി പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഒരു കിലോഗ്രാമിൽ കൂടരുതെന്നും വെള്ളിയാഭരണങ്ങൾക്ക് 10 കിലോഗ്രാമിൽ കൂടരുതെന്നും സർക്കുലറിൽ പറയുന്നു. സ്വർണ നാണയങ്ങളാണെങ്കിൽ 50 ഗ്രാമും വെള്ളി നാണയങ്ങൾക്ക് ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്.
എത്ര രൂപ വരെ
രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കിൽ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്‍കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കിൽ വിപണി വിലയുടെ 80 ശതമാനം വരെയാകും ഇത്. അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കിൽ 75 ശതമാനം തുകയെ നല്കാൻ പാടുള്ളൂ. വെള്ളിയിൽ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകൾ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഇവയ്ക്കു നൽകില്ല
വെള്ളി ബാറുകൾ, ശുദ്ധമായ രൂപത്തിലുള്ള വെള്ളി ഈട് വച്ച് ലോണ്‍ നൽകാൻ അനുമതിയില്ല. വെള്ളിയിൽ നിക്ഷേപിച്ച ഇടിഎഫുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാൻ സാധിക്കില്ല. ഉടമസ്ഥാവകാശത്തിൽ സംശയപരമായി എന്തെങ്കിലും കണ്ടെത്തിയാൽ വായ്പ നല്‍കില്ല. ഇത് സ്വർണത്തിനും ബാധകമാണ്. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂർത്തിയാക്കണം.
Business
തിരുവനന്തപുരം: റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
അതേസമയം ജിഡിപി അനുമാനം 6.8 ശതമാനമായി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ധനനയ നിലപാട് നിഷ്പക്ഷമായി നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷമാണ് നയപ്രഖ്യാപനം.
2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.