ന്യൂഡൽഹി: നീണ്ട കാലത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനം തുടരുന്നത് നിക്ഷേപകരുടെ താത്പ ര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഈ നിർണായക നടപടി എടുത്തത്.
ബാങ്കിന്റെ ഭരണം, പ്രവർത്തന രീതികൾ, ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് ആർബിഐ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നിക്ഷേപകർക്കും പൊതുതാത്പര്യത്തിനും ദോഷകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.
ബാങ്ക് പൂട്ടുന്ന നടപടികൾക്കിടയിൽ നിക്ഷേപകർക്ക് നൽകാനുള്ള പണം മടക്കിനൽകാൻ ആവശ്യമായ ഫണ്ട് ബാങ്കിന്റെ കൈവശമുണ്ടെന്ന് ആർബിഐ അറിയിച്ചു. 2022 മുതൽ തന്നെ പേടിഎം ബാങ്കിനെതിരെ ആർബിഐ നടപടികൾ തുടങ്ങിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് ഇപ്പോൾ ലൈസൻസ് തന്നെ റദ്ദാക്കിയിരിക്കുന്നത്.
ലൈസൻസിലെ നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ഇനി പ്രവർത്തനം തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്നും ആർബിഐ വ്യക്തമാക്കി. ഇതോടെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങൾ പൂർണമായും അവസാനിക്കുകയാണ്.
Tags : RBI Paytm Licence Latest News