Business
കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി കോട്ടയത്തെ വസ്ത്രവ്യാപാരരംഗത്ത് നിറഞ്ഞ് നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സ് നവീകരിച്ച കോട്ടയം ഷോറൂമിന്റെ ഉദ്ഘാടനം 17നു നടക്കും. 40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്.
നാലു നിലകളിലായി നവീകരിച്ച ഷോറൂമിന്റെ താഴത്തെ നിലയില്‍ റണ്ണിംഗ് ഫാബ്രിക്സ്, തയ്യല്‍ ചെയ്യാത്ത സ്യൂട്ടുകള്‍, ലേഡീസ് വെസ്റ്റേണ്‍, ലേഡീസ് എത്നിക് വെയേര്‍സ്, ദുപ്പട്ടകള്‍, ലെയ്സ്, ഹോം ലിനന്‍ ഐറ്റങ്ങളാണുള്ളത്.
ഒന്നാം നിലയില്‍ വിവാഹസാരികള്‍, സില്‍ക്ക് സാരികള്‍, ഡിസൈനര്‍ സാരികള്‍, കേരള സാരികള്‍, സെറ്റ് സാരികള്‍, വിവാഹത്തിനുള്ള ലെഹെംഗകള്, ബ്ലൗസ് തുണികള്‍, അടിവസ്ത്രങ്ങള്‍, ലോഞ്ച് വസ്ത്രങ്ങളും രണ്ടാം നിലയില്‍ പുരുഷന്മാര്ക്കുള്ള വിവാഹവസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, ഷര്‍ട്ട്, സ്യൂട്ട് തുണിത്തരങ്ങളും മൂന്നാം നിലയില്‍ യുവതിയുവാക്കളുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 300 രൂപയുടെ ഗിസ്റ്റ് വൗച്ചര്‍ ലഭ്യമാണ്.
District News
കോഴിക്കോട്: 1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ നവീകരിച്ച മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ സമര്‍പ്പണവും രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ കാരണം മലാപ്പറമ്പ്-വെള്ളിമാട്കുന്ന് നാലുവരിപ്പാത പദ്ധതി ആദ്യം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ നിന്നുള്ള എന്‍ഒസിക്കായി കാത്തുനില്‍ക്കാതെ പദ്ധതിയെ രണ്ട് ഭാഗങ്ങളായി തിരിച്ച് നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഒരു ഭാഗത്ത് പ്രവൃത്തി ആരംഭിക്കുകയും മറുഭാഗത്ത് എന്‍ഒസിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു. തടസങ്ങള്‍ നീങ്ങിയതോടെ മുഴുവന്‍ ദൂരവും നവീകരിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈ റോഡ് നവീകരിക്കുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. നാടിന് ലഭിക്കുന്ന സമയലാഭം വര്‍ഷങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.
1000 കോടിയിലധികം രൂപ വരുന്ന പാരിസ് മോഡല്‍ കനാല്‍ സിറ്റി പദ്ധതിയും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡുകളും നഗരത്തിന്റെ മുഖച്ഛായ മാറ്റും. എന്‍.എച്ച് 66 യാഥാര്‍ഥ്യമാകുന്നതും തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചതും പുതിയ പാലം യാഥാര്‍ഥ്യമായതും ആലപ്പുഴയിലെ പെരുമ്പളം പാലം വന്നതുമെല്ലാം സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ 8.392 കിലോമീറ്ററാണ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതില്‍ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചില്‍ 5.320 കിലോമീറ്റര്‍ നീളത്തില്‍ നാലുവരി പാതയായാണ് ആദ്യഘട്ട വികസനം.
ഡ്രെയിനേജ്, ഡക്ട് എന്നിവയ്ക്ക് സ്ലാബിടല്‍, നടപ്പാതയില്‍ ഇന്റര്‍ലോക്ക് പതിക്കല്‍, ഡിവൈഡറുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് ശേഷിക്കുന്നത്. മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റര്‍ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. നടുവില്‍ മീഡിയനും ഇരുവശങ്ങളിലും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും.
ഒമ്പതോളം ജങ്ഷനുകളുണ്ട്. മലാപറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്. മലാപ്പറമ്പില്‍ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രി ഘോഷയാത്രയായി മാനാഞ്ചിറയിലെത്തി. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ഒ. സദാശിവന്, മുന്‍ മേയര്‍ ബീന ഫിലിപ്പ്, എഡിഎം സി. മുഹമ്മദ് റഫീഖ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കോയമ്പത്തൂർ: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സിഎസ്ആർ പിന്തുണയോടെയും വനിതാ-ശിശു വികസനവകുപ്പുമായി സഹകരിച്ചും യുണൈറ്റഡ് വേ ബെംഗളൂരു കോയമ്പത്തൂർ കോർപറേഷൻ സോണുകളിലുടനീളമുള്ള 10 അങ്കണവാടി കേന്ദ്രങ്ങൾ നവീകരിക്കുന്നതിനായി മോഡൽ അങ്കണവാടി പദ്ധതി ആരംഭിച്ചു.
സുരക്ഷിതവും ശിശു സൗഹൃദപരവുമായ പഠന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് 0-6 വയസ് പ്രായമുള്ള കുട്ടികളുടെ ആദ്യകാല ബാല്യകാല വികസനം ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
നവീകരിച്ച അങ്കണവാടി കേന്ദ്രങ്ങളിൽ പ്രായത്തിനനുസരിച്ചുള്ള പഠന സാമഗ്രികൾ, നവീകരിച്ച ശുചിത്വ സൗകര്യങ്ങൾ, കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭ്യമാക്കുന്നതിനുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവ ഉണ്ടായിരിക്കും. ഏകദേശം 1300 കുട്ടികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നും ഏകദേശം 15,000 പേരുടെ സമൂഹത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സുങ്കം ഗാന്ധിനഗറിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കേന്ദ്രം ഡോ. ഗണപതി രാജ്കുമാർ എംപി, കോർപറേഷൻ കമ്മീഷണർ എം. ശിവഗുരു പ്രഭാകരൻ, കോർപറേഷൻ മേയർ ആർ. രംഗനായകി, ഡെപ്യൂട്ടി മേയർ ആർ. വെട്രിസെൽവൻ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ദേവകുമാരി, ഐസിഡിഎസ് സിഡിപിഒ സന്ധ്യ എന്നിവർ ഉദ്ഘാടനം ചെയ്തു.
District News
ചങ്ങരംകുളം: അഞ്ചര കോടി രൂപ ചെലവിലുള്ള ചങ്ങരംകുളം നഗര സൗന്ദര്യവത്കരണ - നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് മാർച്ച് ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് പി. നന്ദകുമാർ എംഎൽഎ. ഉദ്യോഗസ്ഥർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ച എംഎൽഎ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റോപ്പിന്റെയും ടാക്സി സ്റ്റാൻഡിന്റെയും പ്രവൃത്തികൾ പൂർത്തിയായി. ഹൈവേ ജംഗ്ഷനിലും ടൗണിലും ഡ്രൈനേജിന്റെയും നടപ്പാതയുടെയും നിർമാണ പ്രവൃത്തികളും പൂർത്തിയായതായി എംഎൽഎ പറഞ്ഞു.
ഓട്ടാറിക്ഷകൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യവും ഹൈവേ ജംഗ്ഷനിൽ ഒരുക്കി. പൊതുജനങ്ങൾക്ക് ഒഴിവുസമയങ്ങൾ കുടുംബ സമേതം ഉല്ലാസകരമാക്കാൻ ചെടികളും ലൈറ്റുകളും സ്ഥാപിച്ച് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി വരുന്നതോടെ ചങ്ങരംകുളത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുക.
Kerala
കൊച്ചി: പ്രളയക്കെടുതിയില്‍നിന്നു വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മാതാക്കളായ ഓര്ക്ല ഇന്ത്യ ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഓര്ക്ല ഇന്ത്യയുടെ വണ്‍ വിത്ത് വയനാട് സിഎസ്ആര്‍ പദ്ധതിയിലൂടെ നവീകരിച്ച ജില്ലയിലെ അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു.
ശിശുസൗഹൃദ ശുചിമുറികള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങള്‍ എന്നിവയോടെ 15 അങ്കണവാടികളാണ് ആദ്യഘട്ടത്തില്‍ ഓര്ക്ല സ്മാര്‍ട്ടാക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഓര്‍ക്ലയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഈസ്റ്റണ്‍ സിഇഒ ഗിരീഷ് നായര്‍ പറഞ്ഞു.