Kerala
തിരുവനന്തപുരം: റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റുകൾ തകർക്കുന്നതും ഗേറ്റിനുള്ളിൽ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാൻ കർശന നടപടികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ.
സുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോർ വാഹന വകുപ്പിനോട് റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) ശിപാർശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ 07/2026 നമ്പർ സർക്കുലർ നിലവിൽ വന്നു
മുന്നറിയിപ്പു സിഗ്നലുകൾ അവഗണിച്ചോ, ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാൻ ശ്രമിക്കുന്നതു ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കും. ലൈസൻസ് റദ്ദാക്കലിനു പുറമെ, റെയിൽവേ സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു പിഴയും ശിക്ഷയും നേരിടേണ്ടി വരും. ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നതിനാലാണു കടുത്ത നടപടി.
2025-ൽ തിരുവനന്തപുരം ഡിവിഷനിൽ 104 ഗേറ്റ് തകർക്കൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026-ൽ ഇതുവരെ 27 സംഭവങ്ങളാണുണ്ടായത്. ഇത്തരത്തിലുള്ള ഓരോ സംഭവവും ട്രെയിൻ സർവീസ് വൈകിപ്പിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അക്ഷമയോടെയുള്ള ഡ്രൈവിംഗും അമിതവേഗവുമാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.
മുന്നറിയിപ്പു സിഗ്നൽ ലഭിച്ചാലുടൻ വാഹനം നിർത്തുക, ഗേറ്റ് പൂർണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടക്കുക, ഗേറ്റിനിടയിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ റെയിൽവേ നൽകിയിട്ടുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും പൊതുജനങ്ങൾ സർക്കാർ നിർദേശങ്ങളോടു പൂർണമായി സഹകരിക്കണമെന്ന് ആർപിഎഫ് അഭ്യർഥിച്ചു.
Kerala
പരവൂര്‍: റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്).
ഓടുന്ന ട്രെയിനുകളില്‍ ഓടിക്കയറുന്നവര്‍ക്കും നിര്ത്തുന്നതിനുമുന്പ് ചാടിയിറങ്ങുന്നവര്ക്കും ഇനിമുതല്‍ പ്ലാറ്റ്ഫോമില്‍ വച്ചുതന്നെ 2000 രൂപവരെ പിഴ ചുമത്തും.
ഇതുവരെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ റെയില്‍വേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണു മാറ്റം വരുന്നത്.
തിരുവനന്തപുരം ഡിവിഷനില്‍ ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ക്കു ജീവന് നഷ്ടമാകുകയും 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2025ല്‍ മാത്രം ഡിവിഷനില്‍ ഇത്തരത്തില്‍ 113 അപകടങ്ങളിലായി 31 പേര്‍ക്കു ജീവന് നഷ്ടമായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രില്‍ 30ന് എറണാകുളം ജംഗ്ഷനില്‍ വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയില്‍ വീണ് യുവതി മരിച്ച സംഭവമാണ് കടുത്ത നടപടി സ്വീകരിക്കാൻ റെയില്‍വേയെ പ്രേരിപ്പിച്ചത്.
റെയില്‍വേ ആക്ടിലെ സെക്ഷന്‍ 156 പ്രകാരം അപകടകരമായ ഇത്തരം രീതികളെ ക്രിമിനല്‍ കുറ്റമായാണു കണക്കാക്കുന്നത്. യാത്രക്കാര്‍ക്ക് സെക്കന്‍ഡുകളുടെ ലാഭത്തേക്കാള്‍ ജീവന്റെ വില ബോധ്യപ്പെടുത്തുകയെന്നതാണ് ഉടന്‍ പിഴ ശിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഔദ്യോഗിക സര്‍ക്കുലര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും ട്രെയിനിന്റെ വാതില്ക്കല് നില്ക്കുന്ന യാത്രക്കാരുടെ പ്രവണതയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ട്രെയിന്‍ വളവുകള്‍ തിരിയുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതും ഭാരമേറിയ വാതിലുകള്‍ പെട്ടെന്ന് അടയുന്നതും യാത്രക്കാരെ പുറത്തേക്കു വലിച്ചെറിയാന്‍ കാരണമാകുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
പിടിക്കപ്പെടുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം തിരക്കേറിയ ട്രെയിനുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Kerala
പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനിൽനിന്നു വീണുള്ള അപകടങ്ങൾ ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ആർപിഎഫ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഫുട്ബോർഡ് യാത്രയും വാതിലുകൾക്കരികിൽ നിന്നുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ ഡിവിഷന്റെ വിവിധ ഭാഗങ്ങളിലായി 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പല സംഭവങ്ങളിലും യാത്രക്കാർക്കു ജീവൻ നഷ്ടമാവുകയും നിരവധി പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആർപിഎഫ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലിനടുത്തു നിൽക്കുന്നതും ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങൾ ട്രാക്കിലെ വളവുകൾ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത്, അമിതമായ തിരക്ക് എന്നിവ മൂലം പെട്ടെന്ന് ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്കോ മരണത്തിലേക്കോ നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. അനൗൺസ്മെന്റുകൾ വഴിയും യാത്രക്കാർക്ക് നേരിട്ട് കൗൺസിലിംഗ് നൽകിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും നിരീക്ഷണം ശക്തമാക്കാനും ആർപിഎഫ് തീരുമാനിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് ആർപിഎഫ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
*ഒരു കാരണവശാലും ഫുട്ബോർഡിൽ യാത്ര ചെയ്യരുത്.
*ട്രെയിനിൽ കയറിയാലുടൻ കോച്ചിന്റെ ഉള്ളിലേക്ക് നീങ്ങി നിൽക്കുക.
*ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്.
*ട്രെയിനിന്റെ വാതിലിനു പുറത്തേക്കു ശരീരഭാഗങ്ങൾ നീട്ടി നിൽക്കുന്നത് ഒഴിവാക്കുക.
Kerala
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷ് (27) ആണ് പിടിയിലായത്.
ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് 6.20ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്നാണ് പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് ഇയാൾ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് ഓട്ടോറിക്ഷ ഡ്രൈവറെ എസ്ഐ മർദിച്ചതായി പരാതി. ഓട്ടോ ഡ്രൈവർ അശോകൻ(68) ആണ് പരാതി നൽകിയത്. ഓട്ടോ മാറ്റാൻ വൈകിയതിന് എസ്ഐ മർദിച്ചെന്നാണ് പരാതി.
റെയിൽവേ എസ്ഐ സി. ജയൻ ഓട്ടോ ഡ്രൈവറായ അശോകന്റെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. എസ്ഐ സി. ജയനും ഓട്ടോ ഡ്രൈവർ അശോകനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി പരാതി നൽകിയിട്ടുണ്ട്.
വിഐപി വാഹനം വരുന്നതിന് മുന്‍പ് ഓട്ടോ മാറ്റാൻ വൈകിയതിനാണ് എസ്ഐ മർദിച്ചതെന്നാണ് ആരോപണം. പരാതിക്കാരനായ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ പണിമുടക്കി.
എന്നാൽ റെയിൽവേ ഡിവൈഎസ്പി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറുടെ ആരോപണം തള്ളുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ വാക്കു തർക്കമല്ലാതെ മർദനം നടന്നിട്ടില്ലെന്ന് റെയിൽവേ പോലീസ് പറയുന്നത്.
Kerala
കൊച്ചി: യാത്രക്കാരുടെ സ്വകാര്യതയെ മാനിക്കാതെ ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാർച്ച് നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശൂരിൽ വച്ചായിരുന്നു റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പോലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്.
Viral
തിരക്കേറിയ ട്രെയിൻ കോച്ചിനുള്ളിൽ സഹയാത്രക്കാരുടെ ആരോഗ്യത്തെയും സുരക്ഷയെയും വെല്ലുവിളിച്ച് യുവാവ് പരസ്യമായി പുകവലിക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമാകുകയാണ്.
നിയമവാഴ്ചയെയും പൊതുമര്യാദകളെയും പൂർണമായും അവഗണിച്ചുകൊണ്ട് അപ്പർ ബർത്തിൽ ഇരുന്നാണ് ഇയാൾ സിഗരറ്റ് വലിച്ചത്. തീവണ്ടിയിലെ ഫാനുകൾ പുക മുറിയിലുടനീളം പടർത്തുന്നതും ഇത് സഹയാത്രക്കാർക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനെതിരെ സമീപത്തുണ്ടായിരുന്ന യാത്രക്കാരൻ ശക്തമായി പ്രതികരിക്കുകയും പുകവലിക്കണമെങ്കിൽ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും അയാൾ അത് കേട്ടഭാവം നടിച്ചില്ല.
ഒടുവിൽ സമീപത്തിരുന്ന മറ്റൊരു വ്യക്തി ഇയാളുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് തട്ടിത്തെറിപ്പിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇതോടെ പ്രകോപിതനായ യുവാവ് സഹയാത്രക്കാരെ ശാരീരികമായി ആക്രമിക്കാൻ തുനിയുന്ന സാഹചര്യമാണ് ഉണ്ടായത്.
സംഭവം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണമില്ലെങ്കിലും ചെന്നൈയിലോ ആന്ധ്രാപ്രദേശിലോ വെച്ചാകാം ഇത് ചിത്രീകരിച്ചതെന്ന് പറയപ്പെടുന്നു.
ഫെബ്രുവരി മൂന്നിന് പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
നമ്മുടെ സമൂഹത്തിൽ പൊതുബോധം നശിച്ചുകൊണ്ടിരിക്കുകയാണോ എന്ന ഗൗരവകരമായ ചോദ്യമാണ് ഭൂരിഭാഗം ആളുകളും ഉയർത്തുന്നത്. ഇതിനുമുൻപും സമാനമായ രീതിയിലുള്ള അതിക്രമങ്ങൾ ട്രെയിനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരുവിൽ വെച്ച് താൻ റെയിൽവേ ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് ഒരാൾ പരസ്യമായി പുകവലിച്ചതും വലിയ വിവാദമായിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട റെയിൽവേ പോലീസും ടിടിഇമാരും ഇത്തരം സന്ദർഭങ്ങളിൽ എവിടെയാണെന്നും അധികൃതർ എന്തുകൊണ്ടാണ് കർശന നടപടികൾ സ്വീകരിക്കാത്തതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കണമെന്നും പൊതുസ്ഥലത്തെ നിയമലംഘകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നുമാണ് സാധാരണക്കാരുടെ ആവശ്യം.
നിയമങ്ങൾ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അവ പ്രായോഗികമായി നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
Kerala
പരവൂർ: കൊങ്കൺ റെയിൽവേയിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ രാജ്യത്തിന് മാതൃകയായി ആർപിഎഫ്. 2025 ൽ റെയിൽവേ സംരക്ഷണസേന മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 252 യാത്രക്കാരുടെ 122.48 ലക്ഷം രൂപ വിലമതിക്കുന്ന നഷ്ടപ്പെട്ട സാധനങ്ങൾ വിജയകരമായി കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി.
ബാലവേല അടക്കമുള്ള അനധികൃത നടപടികൾ ലക്ഷ്യമിട്ട് ട്രെയിനുകളിൽ കടത്തി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത 98 കുട്ടികളെ രക്ഷപ്പെടുത്തി. മാത്രമല്ല ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവരുടെ സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുകയും ചെയ്തു. ചില കുട്ടികളെ അവരുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു.
കൊങ്കൺ റെയിൽവേയിൽ ആർപിഎഫിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരുന്നത് സംഘടിതമായ മദ്യക്കടത്ത് ആയിരുന്നു. ഇതിന് ഒരു പരിധിവരെ തടയിടാൻ സേനയുടെ കർക്കശമായ പരിശോധനകൾക്ക് കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന 6,877 കുപ്പി മദ്യം ആർപിഎഫിന് പിടിച്ചെടുക്കാൻ സാധിച്ചു. സ്ഥിരമായി മദ്യക്കടത്തിൽ ഏർപ്പെട്ടിരുന്ന 65 പേരെ അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ജീവൻ രക്ഷയ്ക്ക് കീഴിൽ നാല് യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കാനും സേനയ്ക്ക് സാധിച്ചു. ലഗേജ് മോഷണക്കേസുകളിൽ ഉൾപ്പെട്ട 40 പേരെ അറസ്റ്റ് ചെയ്തു. മോഷ്ടാക്കളിൽ ചിലരെ ഉദ്യോഗസ്ഥ സംഘം അന്യ സംസ്ഥാനങ്ങളിൽ പോയി സാഹസികമായാണ് പിടികൂടിയത്. 48.67 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുവകകൾ വീണ്ടെടുത്തതായും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
പരവൂർ: വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സംയുക്ത പരിശോധന നടത്താൻ ആർപിഎഫ് - റെയിൽവേ പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി അനധികൃത യാത്ര, ഫുട്ബോർഡ് യാത്ര, അതിക്രമിച്ച് കടക്കൽ എന്നിവ തടയുന്നതിന് തീവ്രമായ ഡ്രൈവുകൾക്ക് ഇരുവിഭാഗം സേനകളും കഴിഞ്ഞ ദിവസം മുതൽ തുടക്കമിട്ടു.
ഡിവിഷൻ പരിധിയിലെ ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർപിഎഫിന് അവരുടെ മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. കേവലം പരിശോധകളിൽ മാത്രം ഒതുങ്ങരുതെന്നും ഫലം അടിസ്ഥാനമാക്കിയുള്ള റെയ്ഡുകൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം.
ആർപിഎഫും (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും) ജിആർപിയും (ഗവ. റെയിൽവേ പോലീസ്) ചേർന്ന് രാത്രികാല കോമ്പിംഗ് ഓപ്പറേഷനുകൾ തുടങ്ങിക്കഴിഞ്ഞു. പരിശോധനകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളെയും പ്രശ്നക്കാരെയും കുറിച്ച് ട്രെയിൻ ജീവനക്കാർക്കും ഇനി ജാഗ്രതാ നിർദേശം നൽകും.
മാത്രമല്ല ട്രെയിനുകളിലോ സ്റ്റേഷനുകളിലോ സംശയാസ്പദമായി എന്ത് കണ്ടാലും അടിയന്തരമായി ആർപിഎഫും ജിആർപിയും വിവരം കൊമേഴ്സ്യൽ കൺട്രോൾ റൂമുകളിൽ റിപ്പോർട്ടും ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
സ്ത്രീ യാത്രക്കാർക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ച് സമർപ്പിത "മേരി സഹേലി' ടീമുകൾ ഡിവിഷന് കീഴിൽ പ്രവർതിക്കുന്നുണ്ട്.
നാഗർകോവിൽ, തിരുവനന്തപുരം സൗത്ത് (നേമം), തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ), എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ റെയിൽവ സ്റ്റേഷവകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങളും ഉറപ്പും ഇതര സഹായങ്ങളും നൽകുക എന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനം. ഇവർ 36,000 സ്ത്രീ യാത്രക്കാരുമായി സംവദിച്ചു.
മാത്രമല്ല 2025 ൽ തിരുവനന്തപുരത്തെ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറി. ഇതുകൂടാതെ ഇതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 34 പേരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു.
സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 601 പേരെ ആർപിഎഫ് സംഘം പിടികൂടി കേസെടുത്തു. ഇതുകൂടാതെ റെയിൽവേ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിന് 7193 പേരെയും പിടികൂടി പിഴ ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
ഈ വർഷം ഇതുവരെ യാത്രക്കാരുടെ സുരക്ഷക്കായി ആകെ 2945 ട്രെയിനുകളിൽ 8177 ആർപിഎഫ് ഉദ്യോഗസ്ഥർ അകമ്പടി സേവിച്ചു. ഡിവിഷൻ പരിധിയിലെ 13 സ്റ്റേഷനുകളിൽ 24 മണിക്കൂറും സിസിടിവി കാമറകൾ നിരീക്ഷിക്കുന്നുണ്ട്.
494 കാമറകളിലെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രത്യേക ടീം തത്സമയം പരിശോധിക്കുന്നത്. ട്രെയിനുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പൊതുവായ സുരക്ഷ ഉറപ്പാക്കുന്നത് ഡിവിഷനിൽ ഉടനീളം ശരാശരി 105 ആർപിഎഫ് ഉദ്യോഗസ്ഥരും 57 ജിആർപി ഉദ്യോഗസ്ഥരുമാണ് എല്ലാ ദിവസവും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത്.
യാത്രാ സുരക്ഷ സംബന്ധിച്ച് സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ 425 ക്യാമ്പുകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിടേക്കം 315 കോച്ചുകളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ആർപിഎഫ് നിരീക്ഷിക്കുന്നുണ്ട്.
ഇതുകൂടാതെ പുറപ്പെടുന്ന സ്റ്റേഷനുകളിൽ ജനറൽ കോച്ചുകളുടെ വീഡിയോഗ്രാഫിയും കാമറകളിൽ പകർത്തുന്നുണ്ട്. ഫുട്ബോർഡ് യാത്രക്കാരെ പിടികൂടി കർശന നടപടി സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നേരത്തേ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ താക്കീത് ചെയ്യുക മാത്രമാണ് നടന്നു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ജനറൽ കോച്ചുകളിലും അംഗപരിമിതർക്കായുള്ള കോച്ചുകളിലും വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തും.
യാത്രയ്ക്കിടയിൽ അസാധാരണമായ എന്ത് ശ്രദ്ധയിൽപ്പെട്ടാലും സഹയാത്രികരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായാലും റെയിൽ ഹെൽപ്പ് ലൈൻ നമ്പരായ 139 വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡിവിഷണൽ ആർപിഎഫ് അധികൃതർ അറിയിച്ചു.
Kerala
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാക്ക് കെട്ടിനുള്ളിൽ 20 ൽ പരം ലാപ്ടോപ്പ് ബാഗുകളിലായി പ്ലാസ്റ്റിക് കവറിൽ തയ്ച്ച് പിടിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടശേഷമാണ് സംശയാസ്പദമായ രീതിയിൽ ചാക്ക് കെട്ട് ശ്രദ്ധയിൽപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തിൽപ്പരം രൂപ വിലവരും.
ആർപിഎഫ് ഇൻസ്പെക്ടർ എ.കെ. പ്രിൻസ്, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ .ജിപിൻ, ജിആർപി സബ് ഇൻസ്പെക്ടർ ബിജോയ്, പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ,സിജോ സേവ്യർ, അജിമോൻ, എസ്.വി. ജോസ് ,യേശുദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.