Business
ന്യൂഡൽഹി/കൊച്ചി: ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ).
പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ അസ്ഥിരതയും കാരണം ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ തടസം നേരിട്ടതു ചൂണ്ടിക്കാട്ടിയാണ് സംഘടന ഇറക്കുമതി തീരുവയിൽ ഇളവ് ആവശ്യപ്പെടുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടയർ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. യുദ്ധത്തെ തുടർന്ന് ടയർ നിർമാണച്ചെലവ് 70 ശതമാനം വരെ വർധിച്ചെന്ന് ആത്മ വ്യക്തമാക്കി.
അതേസമയം, സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ ജൂണ്‍ 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്.
ടയർ നിർമ്മാണത്തിന് ആവശ്യമായ മൊത്തം അസംസ്കൃത വസ്തുക്കളുടെ ചെലവിൽ 60 മുതൽ 70 ശതമാനം വരെയും ക്രൂഡ് ഓയിൽ അധിഷ്ഠിത വസ്തുക്കൾക്കാണ്.
ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ തുടങ്ങിയ പ്രധാന കപ്പൽ പാതകളിലെ പ്രതിസന്ധി ചരക്ക് കൂലി വർധിക്കുന്നതിനും ഇൻഷുറൻസ് നിരക്കുകൾ ഉയരുന്നതിനും ഷിപ്പ്മെന്റുകൾ വൈകുന്നതിനും കാരണമായതായി അസോസിയേഷൻ വ്യക്തമാക്കി. ഇത് ഉത്പാദന ചെലവ് കുത്തനെ ഉയർത്തുന്നു.
ടയറുകളുടെ സുരക്ഷയിൽ നിർണായകമായ ബീഡ് വയറുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ടയർ കന്പനികളെ പ്രതിസന്ധിയിലാക്കുന്നു. വ്യാവസായിക വാതകത്തിന്റെയും എൽപിജിയുടെയും ക്ഷാമം കാരണം ആഭ്യന്തര വിതരണക്കാർ ഉത്പാദന പരിമിതികൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബീഡ് വയറുകളുടെ ഇറക്കുമതിക്ക് ക്വാളിറ്റി കണ്ട്രോൾ ഓർഡറിൽനിന്ന് താത്കാലിക ഇളവ് അനുവദിക്കണമെന്നാണ് ആത്മയുടെ ആവശ്യം. കൂടാതെ ടയർ നിർമാണത്തിന് ആവശ്യമായ സൾഫർ, റബർ പ്രോസസ് ഓയിലുകൾ തുടങ്ങിയവയുടെ ഉത്പാദനം നിലനിർത്താൻ റിഫൈനറികളോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണശൃംഖലയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്രസർക്കാർ നയപരമായ പിന്തുണ നൽകണം.
നിലവിലെ പ്രതിസന്ധി മറികടക്കാൻ സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് ജൂൺ 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. എന്നാൽ ടയർ നിർമാണത്തിന് ഒഴിച്ചുകൂടാനാകാത്ത നൈലോൺ ടയർ കോർഡ് ഫാബ്രിക്, ബീഡ് വയർ, സ്റ്റീൽ ടയർ കോർഡ്, കാർബൺ ബ്ലാക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നത് വ്യവസായത്തിനു തിരിച്ചടിയാണെന്ന് ആത്മ ചൂണ്ടിക്കാട്ടി.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 32 വിമാന സർവീസുകൾ ഉണ്ടായിരുന്നു.17 ഫ്ലൈറ്റുകൾ ഗൾഫ് രാജ്യങ്ങളിൽനിന്നു കൊച്ചിയിലേക്ക് വന്നപ്പോൾ 15 എണ്ണം ഇവിടെനിന്ന് അങ്ങോട്ട് പുറപ്പെട്ടു.
Kerala
പെരുമ്പാവൂർ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. തെരഞ്ഞെടുപ്പ്, പെരുന്നാൾ, വോട്ടർപട്ടികയിൽ പേരുചേർക്കൽ എന്നിവയുടെ പശ്ചാത്തലത്തിലാണു തൊഴിലാളികൾ വലിയതോതിൽ തങ്ങളുടെ നാടുകളിലേക്ക് തിരിക്കുന്നത്.
തൊഴിലാളികൾ മടങ്ങുന്നത് കേരളത്തിലെ നിർമാണമേഖലയിലും ഹോട്ടൽ, കൃഷി, വ്യവസായ മേഖലകളിലും പ്രതിസന്ധിയുണ്ടാക്കിയെന്ന് തൊഴിലുടമകൾ ചൂണ്ടിക്കാട്ടി. പലയിടത്തും കെട്ടിടനിർമാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുന്ന അവസ്ഥയാണ്. മാർച്ച് മാസമായതിനാൽ പൊതുമരാമത്തിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും നിർമാണജോലികളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കരാറുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ജോലികൾ മുടങ്ങുന്ന സ്ഥിതിയാണെന്ന് കരാറുകാരും പറയുന്നു.
പെരുമ്പാവൂർ മേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാർ ഉണ്ടെന്നാണു ഔദ്യോഗിക കണക്ക്. അനൗദ്യോഗിക വിവരങ്ങൾപ്രകാരം എണ്ണം ഇതിലും കൂടും. പ്ലൈവുഡ് വ്യവസായത്തിന്റെ പ്രധാന മേഖലയായ പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ആ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും പ്രതിദിന ഉത്പാദനം പകുതിയായി കുറഞ്ഞു. വിവിധ കൃഷികളിൽ വിളവെടുപ്പിനും മറ്റു ജോലികൾക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
അതേസമയം പശ്ചിമബംഗാളിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തൊഴിലാളികൾക്കു മാന്യമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിൽ സർക്കാരുകൾ പുലർത്തുന്ന ശ്രദ്ധയും കേരളത്തിൽനിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ടെന്നും വ്യവസായികൾ ചൂണ്ടിക്കാട്ടി.
District News
ഈരാറ്റുപേട്ട: 33,14,60,153 രൂപ വരവും 33,01,30,744 രൂപ ചെലവും 13,29,450 രൂപ ബാലൻസും പ്രതീക്ഷിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മേഴ്സി മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് ജോയി സ്കറിയ അധ്യക്ഷത വഹിച്ചു. ഭവനനിർമാണം, കാർഷികമേഖല, പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യം, കുടിവെള്ളം, ടൂറിസം, യുവജനങ്ങൾക്കുള്ള തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് ബജറ്റ്.
ഭവന നിർമാണ മേഖലയ്ക്ക് 1,36,32,000 രൂപ ബ്ലോക്ക് വിഹിതം മാത്രമായി വകയിരുത്തി. കർഷകർക്ക് വിവിധ പദ്ധതികളിലായി 23,16,500 രൂപയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപയും സ്വയംതൊഴിൽ സംരംഭകർക്ക് ഡയറി ഫാം ആധുനികവത്കരിക്കുന്നതിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി 1,07,28,000 രൂപ വകയിരുത്തി. ഉത്പാദന മേഖലയിൽ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനു 32 ലക്ഷം രൂപ വകയിരുത്തി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര കിഡ്നി രോഗബാധിതർ, കാൻസർ ബാധിതർ എന്നിവർക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും നൽകുന്നതിനും പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കുമായി 20,03,200 രൂപയും വൃദ്ധർ, കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു നേരിട്ട് പ്രയോജനം ലഭിക്കുന്നതിനായും തുക ബജറ്റിൽ വകയിരുത്തി.
Kerala
കോട്ടയം: തങ്ങളുടെ ഭരണകാലത്ത് പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തു നല്കിയവര് ഇപ്പോള്‍ പാഠപുസ്തകം നേരത്തേ നല്‍കിയതിനെ പരിഹസിക്കുകയും തുഗ്ലക് പരിഷ്കാരമെന്ന് കളിയാക്കുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകായയിരുന്നു മുഖ്യമന്ത്രി.
നമ്മുടെ കുട്ടികള്‍ ആധുനിക കാലത്ത് എങ്ങനെ വിദ്യാലയത്തില്‍ പഠിക്കണമോ ആ തരത്തിലുള്ള വിദ്യാലയങ്ങളായി നമ്മുടെ സ്കൂളുകളെ മാറ്റാന്‍ സാധിച്ചു. അതോടൊപ്പം അക്കാദമിക രംഗത്തും വലിയതോതിലുള്ള ഇടപെടലുണ്ടായി. ഇതിന്റെ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചു. 10 ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. 5000 കോടി രൂപയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്, ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിനു ഏബ്രഹാം നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്ത പ്രകടനവുമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും ടെറ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെണ്ടമേളം കൊട്ടിക്കയറി, മുഖ്യമന്ത്രി അസ്വസ്ഥനായി
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ ചെണ്ടമേളം കൊട്ടിക്കയറിപ്പോള് മുഖ്യമന്ത്രി അസ്വസ്ഥനായി പ്രസംഗം നിര്‍ത്തി.
മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കേ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം മൈതാനത്തേക്ക് കടന്നുവരികയായിരുന്നു. ഇതിനൊപ്പമുള്ള ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഇത് നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ ബഹളമാണോയെന്നു ചോദിച്ച മുഖ്യമന്ത്രി ഗൗരവമുള്ള കാര്യം പറയുമ്പോള്‍ മേളത്തില്‍ അധ്യാപകരുടെ ശ്രദ്ധ മാറിപ്പോകുന്നതായി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി 3.40 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കൃഷി ഡയറക്ടർ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് തുക അനുവദിച്ചത്.
ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാനായി വിപുലമായ ഇടപെടലുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭൂമിയുടെയും മണ്ണിന്റെയും വീണ്ടെടുക്കൽ, വിള ഇൻഷ്വറൻസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം, നൈപുണ്യ വികസനം, കാർഷിക അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, കൃഷി പുനരാരംഭിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നത്. വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മുഖേനയാണ് തുക വിനിയോഗിക്കുക.